മുൻ ഭാര്യ മറ്റൊരു ബന്ധത്തിലേക്ക് കടന്നു; പിന്തുണച്ച് ജോ ജോനാസ്; താര കുടുംബത്തിനുള്ളിൽ നടക്കുന്നത്
അടുത്തിടെ ഹോളിവുഡിൽ വലിയ ചർച്ചയായ വിഷയമാണ് പോപ് ഗായകൻ ജോ ജോനാസും നടി സോഫി ടർണറും തമ്മിലുള്ള വിവാഹമോചനം. നടി പ്രിയങ്ക ചോപ്രയുടെ ഭർത്താവിന്റെ സഹോദരനാണ് ജോ ജോനാസ്. അതിനാൽ തന്നെ ജോനാസ് കുടുംബത്തിലെ വാർത്ത ഇന്ത്യയിലും ജനശ്രദ്ധ നേടി. നാല് വർഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് ജോ ജോനാസും സോഫി ടർണറും വേർപിരിയുന്നത്. രണ്ട് മക്കളും ദമ്പതികൾക്കുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി താരങ്ങൾക്കിടയിൽ അസ്വാരസ്യമുണ്ടായിരുന്നു എന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. 27 കാരിയ സോഫി ടർണർ കരിയറിലേക്ക് ശ്രദ്ധ നൽകുകയാണിപ്പോൾ.
സോഫി ടർണറിനെക്കുറിച്ചുള്ള പുതിയൊരു വിവരം കഴിഞ്ഞ ദിവസം ഹോളിവുഡ് മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. മറ്റൊരു പ്രണയ ബന്ധത്തിലേക്ക് സോഫി കടന്നെന്നാണ് വിവരം. ധനാഢ്യനായ പെരിഗ്രിൻ പിയർസൺ എന്ന വ്യക്തിയുമായി സോഫി പ്രണയത്തിലായെന്നായിരുന്നു റിപ്പോർട്ട്. സോഫിയുടെ തീരുമാനത്തിൽ മുൻ ഭർത്താവ് ജോ ജോനാസിന് എതിർപ്പുകളൊന്നും ഇല്ലെന്ന് ഗായകന്റെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു.

വേർപിരിഞ്ഞ് കുറച്ച് നാളുകൾക്കുളളിൽ സോഫി മറ്റൊരു ബന്ധത്തിലേക്ക് കടന്നതിൽ ജോനാസിന് ആദ്യം നീരസം തോന്നിയിരുന്നു. എന്നാലിപ്പോൾ സോഫിയുടെ തീരുമാനം എന്തായാലും ജോ ജാേനാസിന് പ്രശ്നമില്ല. സോഫി സന്തോഷവതിയാണെങ്കിൽ ജോയും സന്തോഷവാനാണ്. മക്കളോടൊപ്പം സമയം ചെലവഴിക്കാനാണ് ജോനാസ് ഇഷ്ടപ്പെടുന്നതെന്നും ഗായകന്റെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
കുട്ടികളുടെ സംരക്ഷണാവകാശം സംബന്ധിച്ച് ഇരുവർക്കും ഇടയിൽ കുറച്ച് മാസങ്ങളായി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. ഇപ്പോൾ ഈ വിഷയത്തിലും ജോ ജോനാസും സോഫി ടർണറും തമ്മിൽ പരസ്പര ധാരണയിലെത്തി. ഇരുവരും വേർപിരിയാനുള്ള കാരണമെന്താണ് എന്നതിൽ വ്യക്തമായ വിവരം ഇതുവരെ ലഭ്യമായിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം രണ്ട് പേരും ജീവിതത്തിൽ രണ്ട് ദിശയിലേക്ക് നീങ്ങാനാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്. കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകാനാണ് ജോ ജോനാസ് ആഗ്രഹിക്കുന്നത്.

എന്നാൽ ചെറുപ്പകാലം മുഴുവൻ കുടുംബത്തിന് വേണ്ടി മാത്രം നൽകുന്നു എന്ന തോന്നൽ സോഫി ടർണറിനുണ്ട്. 23ാം വയസിലാണ് സോഫി ടർണർ വിവാഹിതയാകുന്നത്. കരിയറിൽ ശ്രദ്ധിക്കപ്പെട്ട് നിൽക്കുന്ന കാലത്തായിരുന്നു വിവാഹം. 27 വയസിനുള്ളിൽ രണ്ട് കുട്ടികളുടെ അമ്മയുമായി. ചെറുപ്രായത്തിൽ തന്നെ കുടുംബിനിയായി മാത്രം ഒതുങ്ങിക്കൂടാൻ സോഫി ടർണർ താൽപര്യപ്പെടുന്നില്ലെന്നാണ് സൂചന. പ്രിയങ്ക ചോപ്രയുമായി വലിയ ആത്മബന്ധം സോഫി ടർണറിനുണ്ടായിരുന്നു.
എന്നാൽ വിവാഹ മോചനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കിടെ ഇരുവരും പരസ്പരം അൺഫോളോ ചെയ്തിട്ടുണ്ട്. പ്രിയങ്കയുടെ ഭർത്താവ് നിക് ജോനാസിന്റെ ജേഷ്ഠനാണ് ജോ ജോനാസ്. 2018 ലാണ് നിക് ജോനാസും പ്രിയങ്ക ചോപ്രയും വിവാഹം കഴിക്കുന്നത്. കഴിഞ്ഞ വർഷം വാടക ഗർഭധാരണത്തിലൂടെ ഒരു കുഞ്ഞിനെയും ഇവർ സ്വീകരിച്ചു. 39ാം വയസ്സിലാണ് പ്രിയങ്ക അമ്മയായത്.
ഇരുവരും സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നു. പ്രിയങ്ക ചോപ്ര കരിയറും കുടുംബവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്നത് ചൂണ്ടിക്കാട്ടി ജോ ജോനാസ് പ്രിയങ്കയെയും സോഫിയെയും താരതമ്യം ചെയ്തെന്ന് ഗോസിപ്പുകൾ പരന്നിരുന്നു. എന്നാൽ ഇവ സത്യമാണോ എന്ന് വ്യക്തമല്ല.


Click it and Unblock the Notifications











