ഗെയിം ഓഫ് ത്രോൺസ് നാഴികക്കല്ല്; ഷൂട്ടിനിടെ സെർസിയുമായി ബ്രേക്കപ്പ്; ചില്ലറക്കാരനല്ല എമ്പുരാനിലെ ജെറോം ഫ്ലിൻ
സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാനിൽ ഹോളിവുഡ് താരം ജെറോം ഫ്ലിൻ പ്രധാന വേഷങ്ങളിലൊന്ന് ചെയ്യുന്നെന്ന വാർത്ത ഇതിനോടം ചർച്ചയായിട്ടുണ്ട്. ഐക്കോണിക് സീരീസായ ഗെയിം ഓഫ് ത്രോൺസിലൂടെയാണ് ജെറോം ഫ്ലിൻ ലോകമെമ്പാടും അറിയപ്പെടുന്നത്. സീരീസിൽ ബ്രൊൻ എന്ന കഥാപാത്രത്തെയായിരുന്നു ജെറോം ഫ്ലിൻ അവതരിപ്പിച്ചത്. എമ്പുരാനിൽ ബോറിസ് ഒലിവർ എന്ന കഥാപാത്രമായാണ് ജെറോം ഫ്ലിൻ എത്തുന്നത്. കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
ഹോളിവുഡ് താരം മലയാള സിനിമയിൽ ഒരു വേഷം ചെയ്യുന്നുണ്ടെങ്കിൽ അത്രത്തോളും കഥാപാത്രവും എമ്പുരാന്റെ കഥയും ഇഷ്ടപ്പെട്ടിരിക്കണമെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായം വരുന്നു. കരിയറിൽ തന്റേതായ ഖ്യാതികളുള്ള നടനാണ് ജെറോം ഫ്ലിൻ. ബ്രിട്ടീഷ് അക്കാദമി ടെലിവിഷൻ അവാർഡ്, സ്ക്രീൻ ആക്ടേർസ് ഗിൽഡ് അവാർഡ് എന്നീ ബഹുമതികൾക്ക് നോമിനേഷൻ ലഭിച്ച ചെയ്യപ്പെട്ട പ്രതിഭ.

കരിയറിൽ ജെറോമിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വർക്ക് ഗെയിം ഓഫ് ത്രോൺസ് ആണ്. റിപ്പർ സ്ട്രീറ്റ്, 1923 തുടങ്ങിയ സീരീസുകളിലും ജെറോം ഫ്ലിൻ ശ്രദ്ധേയ വേഷം ചെയ്തു. നടനെന്നതിനൊപ്പം ഗായകനുമാണ് ജെറോം ഫ്ലിൻ. എൺപതുകളിലാണ് ജെറോം ഫ്ലിൻ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. 2000 ത്തോടെ അഭിനയ രംഗത്ത് നിന്നും ഇദ്ദേഹം മാറി നിന്നു. പത്ത് വർഷത്തോളം നടൻ അഭിനയിച്ചില്ല. ശേഷം ഗെയിം ഓഫ് ത്രോൺസിലൂടെ അഭിനയത്തിലേക്ക് ജെറോം ഫ്ലിൻ തിരിച്ചെത്തി.
9 വർഷം ഗെയിം ഓഫ് ത്രോൺസിലൂടെ ഇദ്ദേഹം പ്രേക്ഷകർക്ക് മുമ്പിലെത്തി. 2019 ലാണ് ഗെയിം ഓഫ് ത്രോൺസിന്റെ അവസാന സീസൺ പുറത്തിറങ്ങിയത്. കൗതുകരമായ മറ്റൊരു കാര്യം ഗെയിം ഓഫ് ത്രോൺസിൽ സെർസി ലാനിസ്റ്റർ എന്ന പ്രധാന കഥാപാത്രം ചെയ്ത നടി ലെന ഹെയ്ഡിയുമായി ജെറോം ഫ്ലിൻ പ്രണയത്തിലായിരുന്നു. എന്നാൽ ഗെയിം ഓഫ് ത്രോൺസ് സെറ്റിൽ വെച്ചായിരുന്നില്ല ഇത്. 1999 ലെ സോൾഡിയർ സോൾഡിയർ എന്ന സീരീസിന്റെ സെറ്റിൽ വെച്ചായിരുന്നു അടുപ്പം.

ഗെയിം ഓഫ് ത്രോൺസിൽ വർക്ക് തുടങ്ങിയ സമയത്ത് ഇരുവരും പ്രണയത്തിലായിരുന്നു. ഷോ മുന്നോട്ട് പോകവെ ഇവർ തമ്മിൽ ബ്രേക്കപ്പായി. 2014 ലായിരുന്നു ബ്രേക്കപ്പ്. ഒരു ഘട്ടത്തിൽ ഇരുവരും പിരിഞ്ഞു. രമ്യമായിരുന്നില്ല ബ്രേക്കപ്പെന്ന് അന്ന് റിപ്പോർട്ടുകൾ വന്നു. ഒരുമിച്ചുള്ള സീനുകളിൽ അഭിനയിക്കാൻ ഇരുവരും തയ്യാറായില്ലെന്ന് അഭ്യൂഹങ്ങൾ വന്നു.
പരസ്പരം കാണുന്നത് പോലും ഇവർക്കിഷ്ടമല്ല, സെറ്റിൽ ഇവർ സംസാരിക്കാറില്ലെന്നും റിപ്പോർട്ടുകൾ പ്രചരിച്ചു. എന്നാൽ ഗോസിപ്പുകൾ ജെറോം ഫ്ലിൻ തള്ളിക്കളഞ്ഞു. ഞങ്ങൾ ഒരുമിച്ച് സീൻ ചെയ്തിട്ടുണ്ട്. വായിക്കുന്നതെല്ലാം വിശ്വസിക്കരുത്. ലെന വളരെ നല്ല വ്യക്തിയും നടിയുമാണെന്ന് ജെറോം ഫ്ലിൻ അന്ന് വ്യക്തമാക്കി. 61 കാരനായ ജെറോം ഫ്ലിൻ അവിവാഹിതനാണ്.


Click it and Unblock the Notifications











