ആനയും കടുവയുമൊക്കെ എന്ത്! മാസ് ലുക്കിൽ തലൈവർ, മാൻ വേഴ്സസ് വൈൽഡ്’ ട്രെയിലർ പുറത്ത്
ഇന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ഡിസ്കവറി ചാനാൽ സംപ്രേക്ഷണം ചെയ്യുന്ന മാൻ വേഴ്സസ് വൈൽഡിന്റെ പുതിയ എപ്പിസോഡിനായി കാത്തിരിക്കുന്നത്. ഇത്തവണ ബെയർ ഗ്രിൽസിന്റെ ഷോയിൽ അതിഥിയായി എത്തുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ രജിനികാന്താണ്. തലൈവർ ഷോയിൽ എത്തുന്നു എന്ന് അറിഞ്ഞപ്പോൾ മുതൽ പ്രേക്ഷകർ ആവേശത്തിലാണ്. ഇപ്പോഴിത മാൻ വേഴ്സസ് വൈൽഡിന്റെ ട്രെയിലർ പുറത്ത്.
മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പുറത്തു വന്ന ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. തലൈവരുടെ സിനിമകൾ പോലെ തന്നെ ആവേശകരവും അതിസാഹസികവുമായ രംഗങ്ങൾ പരിപാടിയിലുണ്ട്. കടുവ,ആന തുടങ്ങിയ വന്യജീവികളുടെ സാന്നിധ്യം പുറത്തു വന്ന ട്രെയിലറിലുണ്ട്. ബന്ദിപ്പൂര്‍ കാട്ടിലാണ് ഇരുവരും ചേര്‍ന്നുള്ള ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. രജിനയുടെ സ്റ്റൈലൻ എൻട്രിയും കാട്ടിലൂടെയുള്ള സാഹസിക യാത്രയുമാണ് ട്രെയിലറിലെ ഹൈലൈറ്റ്. ട്രെയിലർ സോഷ്യൽ മീഡിയയിൽ വൻ തരംഗമായിരിക്കുകയാണ്. മാർച്ച് 23 നാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്.

കർണ്ണാടക-മൈസൂർ വനത്തിലായിരുന്നു പരിപാടിയുടെ ചിത്രീകരണം. ഷൂട്ടിങ്ങിനിടെ രജനിയ്ക്ക് പരിക്ക് പറ്റിയിരുന്നു. കണങ്കാലിനും തോളിലുമായിരുന്നു പരിക്ക്. തുടർന്ന് ചിത്രീകരണം കുറച്ച് ദിവസത്തേയ്ക്ക് നിർത്തി വെച്ചിരുന്നു. താരത്തിന്റ പരിക്ക് ഭേദപ്പെട്ടതിന് ശേഷമാണ് ചിത്രീകരണം വീണ്ടും ആരംഭിച്ചത്.
വനസ്രോതസ്സുകളെയോ വന്യജീവികളെയോ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ ഷൂട്ടിങ് ടീമിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്നുളള കർശന നിർദ്ദേശത്തോടെയായിരുന്നു ചിത്രീകരണം നടന്നത്. രജനിക്ക് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പരിപാടിയിൽ അതിഥിയായി എത്തിയിരുന്നു.ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് പാർക്കിലായിരുന്നു ചിത്രീകരണം. ഹോളിവുഡ് താരങ്ങളും ലോക നേതാക്കളുമാണ് അധികവും ബെയർ ഗ്രിൽസിന്റെ ഷോയിൽ എത്തുന്നത്. ഇത് ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ താരം അതും തെന്നിന്ത്യൻ താരം പരിപാടിയിൽ എത്തുന്നത്.


Click it and Unblock the Notifications