ശ്രീദേവിയ്ക്ക് ഹൃദ്രോഗമുണ്ടായിരുന്നില്ല! ബോണി കപൂറിന്റെ സഹോദരൻ സഞ്ജയ് കപൂറിന്റെ വെളിപ്പെടുത്തൽ
ശ്രീദേവിയ്ക്ക് മുമ്പൊരിക്കലും ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ
സിനിമ താരം ശ്രീദേവിയുടെ മരണത്തെ കുറിച്ചു വ്യത്യസ്തമായ റിപ്പോർട്ടുകളാണ് ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ആദ്യം ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. പിന്നെ നടത്തിയ പരിശോധനയിൽ താരത്തിന്റേത് മുങ്ങി മരണമാണെന്നും കണ്ടെത്തിയത്.

രണ്ടാമത്തെ റിപ്പോർട്ട് ശരിയ്ക്കും വിധത്തിലുള്ള വെളിപ്പെടുത്തലുമായാണ് സഹോരൻ സഞ്ജയ് കപൂർ രംഗത്തെത്തിയിട്ടുള്ളത്. ശ്രീദേവിയ്ക്ക് മുമ്പൊരിക്കലും ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഖലീജ് ടൈംസിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തീരാദുഃഖം
ശ്രീദേവിയുടെ മരണം ഇതുവരെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലെന്നും സഞ്ജയ് കപൂർ പറഞ്ഞു. തങ്ങളുടെ കുടുംബത്തിനേറ്റ ഏറ്റവും വലിയ ആഘാതവും തീരാദുഃഖവുമാണ് ശ്രീദേവിയുടെ മരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപകട മരണം
ശ്രീദേവിയുടേത് അപകട മരണമാണെന്ന് ഫോറൻസിക് വകുപ്പ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിനു ശേഷമുള്ള പരിശോധനയിലാണ് താരത്തിന്റേത് അപകടമരണാണെന്ന് കണ്ടെത്തിയത്. ബാത്ത് ടബ്ബിൽ വീണ് മുങ്ങി മരിച്ചുവെന്നാണ് പുറത്തു വന്നിരിക്കുന്ന റിപ്പോർട്ട്.

മരണ സമയത്ത് മദ്യപിച്ചിരുന്നു
ഫോറൻസിക് പരിശോധനയിൽ താരത്തിന്റെ ശരീരത്തിൽ നിന്ന് മദ്യത്തിന്റെ അംശം കണ്ടെത്തിയിരുന്നു. എങ്കിലും മരണത്തിൽ ദുരൂഹതയില്ലെന്നാണ് പുറത്തു പ്രചരിച്ച റിപ്പോർട്ടുകൾ. മദ്യ ലഹരിയിൽ ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെട്ട് ബാത്ത് ടബ്ബിൽ വീണതാകുമെന്നാണ് അധികൃതരുടെ നിഗമനം. എന്നാൽ ഇതിനു ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഹൃദയാഘാതമല്ല
ആദ്യം പുറത്തു വന്ന റിപ്പോർട്ടിൽ ഹൃദയാഘാതമെന്ന് പറഞ്ഞിരുന്നുവെങ്കിൽ പിന്നീട് പുറത്തുവന്ന റിപ്പോർട്ടിൽ അതിനെ കുറിച്ച് ഒരിടത്തും പരാമർശിച്ചിട്ടുമില്ല. മുങ്ങി മരണം തന്നെയാണെന്നാണ് റിപ്പോർട്ട്. ദുബായ് അധികൃതർ പുറത്തു വിട്ട മരണ സർട്ടിഫിക്കറ്റിലും അപകട മരണമെന്നാണ് പറഞ്ഞിരിക്കുന്നത്.

മരുമകന്റെ വിവാഹം
ബോണി കപൂറിന്റെ മരുമകൻ മോഹിത് മർവയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ശ്രീദേവിയും കുടുംബവും ദുബായിൽ എത്തിയത്. വിവാഹ ശേഷം മകളും ഭർത്താവ് ബോണി കപൂറും ഇന്ത്യയിലേയ്ക്ക് മടങ്ങിയിരുന്നു. സഹോദരി ശ്രീലതയോടൊപ്പം കുറച്ചു ദിവസം താമസിക്കാനായി താരം ദുബായിൽ തങ്ങുകയായിരുന്നു.

ബോണി കപൂർ വീണ്ടും തിരിച്ചു പോയി
ഇന്ത്യയിലെത്തിയ ശേഷം പ്രിയപത്നിയ്ക്ക് സർപ്രൈസ് നൽകാൻ ബോണി കപൂർ ദുബായിയിൽ തിരിച്ചു പോയിരുന്നു. സർപ്രൈസ് ഡിന്നറായിരുന്നു പ്ലാൻ ചെയ്തത്. എന്നാൽ അവിടെ അദ്ദേഹത്തെ കാത്തിരുന്നത് വൻ ദുരന്തമായിരുന്നു.


Click it and Unblock the Notifications