കോവിഡ് 19: ഹോളിവുഡ് ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ റിലീസ് നീട്ടി അണിയറക്കാര്‍
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് സിനിമാ മേഖലയും നിശ്ചലമായിരിക്കുകയാണ്. പല ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെയും റിലീസ് നേരത്തെ മാറ്റിവെച്ചിരുന്നു. മലയാളത്തില്‍ മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിഹം റിലീസ് മാറ്റിയത് ആരാധകരില്‍ നിരാശയുണ്ടാക്കിയിരുന്നു. റിലീസ് മാറ്റിവെച്ചതിനാപ്പം പുതിയ റിലീസ് ഡേറ്റും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നില്ല.
കൊവിഡ് കാരണം ഹോളിവുഡ് ബിഗ് ബഡ്ജറ്റ് സിനിമകളുടെയും റിലീസ് പ്രതിസന്ധിയിലാണ്. കൊറോണ കാരണം നിരവധി സിനിമകളുടെ റിലീസാണ് മാറ്റിവെച്ചിരിക്കുന്നത്. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ഫ്രാഞ്ചൈസിയിലെ എഫ് 9 റിലീസ് അടുത്ത വര്‍ഷത്തേക്കാണ് അണിയറക്കാര്‍ മാറ്റിയത്. നേരത്തെ മെയ് 20ന് റിലീസ് പ്രഖ്യാപിച്ച ചിത്രം 2021 എപ്രിലിലാകും ഇനി തിയ്യേറ്ററുകളിലേക്ക് എത്തുക.

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിനൊപ്പം ജെയിംസ് ബോണ്ട് പരമ്പരയിലെ പുതിയ ചിത്രവും റിലീസ് മാറ്റി. എജിഎംഎസിന്റെ ജെയിംസ് ബോണ്ട് ചിത്രമായ നോ ടൈം ടു ഡൈ നവംബറിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുക. മാര്‍വലിന്റെ ബ്ലാക്ക് വിഡോ മെയ് മാസമായിരുന്നു എത്തേണ്ടിയിരുന്നത്. എന്നാല്‍ ഈ ചിത്രവും റിലീസ് മാറ്റിയിരിക്കുകയാണ്.

കൊവിഡ് കാരണം ഡിസ്‌നിയുടെ പുതിയ പതിപ്പുകളായ ദി ലിറ്റില്‍ മെര്‍മെയ്ഡ്, പീറ്റര്‍ പാന്‍, ഹോം അലോണ്‍, യൂണിവേഴ്‌സലിന്റെ ജുറാസിക് വേള്‍ഡ്: ഡൊമിനിയന്‍ എന്നീ ചിത്രങ്ങളുടെ റിലീസും മാറ്റിയിരുന്നു. പൗരമൗണ്ട് പിക്‌ചേഴ്‌സിന്റെ കോമഡി ചിത്രമായ ദ ലവ് ബേര്‍ഡ്‌സിന്റെ റിലീസും മാറ്റിയിരുന്നു. നേരത്തെ എപ്രില്‍ മൂന്നിന് സിനിമ തിയ്യേറ്ററുകളിലെത്തുമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരുന്നത്.

എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ റിലീസ് മാറ്റിയിരിക്കുകയാണ്. പുതിയ റിലീസ് ഡേറ്റ് പുറത്തുവന്നിട്ടില്ല. പാരമൗണ്ടിന്റെ തന്നെ എ ക്വയറ്റ് പ്ലെസ് പാര്‍ട്ട് 2 റിലീസും പ്രതിസന്ധിയിലാണ്. ആനിമേഷന്‍ ചിത്രമായ പീറ്റര്‍ റാബിറ്റ് 2: ദ റണ്ണവെയുടെ റിലീസ് എപ്രില്‍ 17ല്‍ നിന്നും ആഗസ്റ്റ് ഏഴിലേക്ക് മാറ്റിയിരുന്നു. സൂപ്പര്‍ഹീറോ ചിത്രമായ വണ്ടര്‍ വുമെണ്‍ 1984 റിലീസ് ആഗസ്റ്റ് 14ലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്.

റിലീസ് മാറ്റിവെച്ചതിനൊപ്പം നിരവധി സിനിമകളുടെ ഷൂട്ടിംഗും കൊറോണ കാരണം മുടങ്ങിയിരിക്കുകയാണ്. ഇറ്റലിയില്‍ നടന്ന പാരമൗണ്ട് പിക്‌ചേഴ്‌സിന്റെ മിഷന്‍ ഇംപോസിബിള്‍ പുതിയ ഭാഗം ഷൂട്ടിംഗ് നേരത്തെ നിര്‍ത്തിവെച്ചിരുന്നു. ജുറാസിക്ക് വേള്‍ഡ് ഡൊമിനിയന്റെ ഷൂട്ടിംഗ് യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സും നിര്‍ത്തിവെച്ചിരുന്നു. ദ ലിറ്റില്‍ മെര്‍മെയ്ഡ്, പീറ്റര്‍ പാന്‍ ആന്‍ഡ് വെന്‍ഡി, നൈറ്റ്‌മെയര്‍ അലെയ്, ഷ്രങ്ക് എന്നിവയുടെ ഷൂട്ടിംഗ് ഡിസ്‌നി നിര്‍ത്തിവെച്ചു. ദ ബാറ്റ്മാന്റെ ഷൂട്ടിംഗ് വാര്‍ണര്‍ ബ്രോസും ദ നൈറ്റിങ്കേലിന്റെ ഷൂട്ടിംഗ് സോണിയും മാറ്റിവെച്ചു.


Click it and Unblock the Notifications