60 കഴിഞ്ഞവര്‍ക്ക് സെന്‍സര്‍ കത്രിക നല്‍കിയാല്‍...
60 കഴിഞ്ഞവര്‍ക്ക് സെന്‍സര്‍ കത്രിക നല്‍കിയാല്‍...
ഏപ്രില്‍ 05, 2002
തിരുവനന്തപുരം : അറുപതു കഴിഞ്ഞവര്‍ക്ക് സെക്സ് അലര്‍ജിയാണോ? ആണെന്നാണ് ചലച്ചിത്ര മേളയിലെ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. തങ്ങളെക്കൊണ്ടാവാത്തത് ചിന്നപ്പയ്യന്‍മാര്‍ കാണിക്കുന്നതിലെ അസൂയയാണത്രേ, പല രംഗങ്ങളിലും കത്തിവയ്ക്കാനുളള യഥാര്‍ത്ഥ കാരണം. ഷക്കീലയും മറിയയും ചര്‍ച്ചയില്‍ നിറഞ്ഞപ്പോള്‍ ഓപ്പണ്‍ ഫോറം കൊഴുത്തു.
സെന്‍സറിംഗിന്റെ ആവശ്യകതയായിരുന്നു വ്യാഴാഴ്ചത്തെ ഓപ്പണ്‍ ഫോറത്തിന്റെ വിഷയം. ചര്‍ച്ച തുടങ്ങിയത് മുന്‍ സെന്‍സര്‍ ബോര്‍ഡ് അംഗവും എഴുത്തുകാരനുമായ റോസ് കോട്ട് കൃഷ്ണപിളള. സെന്‍സറിംഗ് അത്യാവശ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. താന്‍ പാനലിലുണ്ടായിരുന്നപ്പോള്‍ ബോര്‍ഡിനു മുന്നില്‍ വന്ന ചില ചിത്രങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞു.
ഒരു ചിത്രത്തിന്റെ ടൈറ്റില്‍ എഴുതിക്കാണിക്കുന്നത് കുലുങ്ങിക്കൊണ്ടിരിക്കുന്ന ഒരു സ്ത്രീയുടെ പിന്‍ഭാഗത്തായിരുന്നു. മറ്റൊരു ചിത്രത്തില്‍ സ്ത്രീയും പുരുഷനും കാലു പിണച്ചു കിടക്കുന്നത് താക്കോല്‍ ദ്വാരത്തിലൂടെ ഒരാള്‍ ഒളിഞ്ഞു നോക്കുന്നതായി കാണിച്ചിരിക്കുന്നു. ഇത്തരം രംഗങ്ങള്‍ സെന്‍സര്‍ ചെയ്യപ്പെട്ടേ മതിയാവൂവെന്ന് കൃഷ്ണപിളള ആണയിട്ടു പറഞ്ഞു.
തൂക്കിക്കൊല്ലാന്‍ വിധിക്കുന്നവരുടെ മനോഭാവമാണ് സെന്‍സര്‍ ബോര്‍ഡിനെന്നായിരുന്നു സംവിധായകന്‍ ശ്രീകുമാറിന്റെ പരാതി. ഷക്കീലയുടെ കിന്നാരത്തുമ്പികള്‍ പ്രമുഖ ചാനല്‍ പ്രദര്‍ശിപ്പിക്കുന്ന കാലമാണിത്. ഇതു തിരിച്ചറിയാത്തവരാണ് സെന്‍സര്‍ ബോര്‍ഡിലിരിക്കുന്നത്.
സെക്സ് കുറെയൊക്കെ അനുവദിക്കാമെങ്കിലും സെന്‍സര്‍ ബോര്‍ഡ് എന്ന സ്ഥാപനം അനിവാര്യമാണെന്നായിരുന്നു കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അംഗം മാവേലിക്കര രാമചന്ദ്രന്റെ അഭിപ്രായം.
സദസിലിരുന്ന സംവിധായകന്‍ അമ്പിളി സംസാരം ആരംഭിച്ചതോടെയാണ് ചര്‍ച്ച കൊഴുത്തത്. അമ്പിളിയെ ദീര്‍ഘമായി സംസാരിക്കാന്‍ മോഡറേറ്ററായിരുന്ന സുധ വാര്യര്‍ ആദ്യം അനുവദിച്ചില്ല. എന്നാല്‍ സദസ്യര്‍ ആവശ്യപ്പെട്ടതോടെ അമ്പിളിയെ സംസാരിക്കാന്‍ അനുവദിച്ചു.
60 കഴിഞ്ഞ് വികാരം നഷ്ടപ്പെട്ടവരുടെ കൈയില്‍ സെന്‍സര്‍ കത്രിക നല്‍കുന്നതിനെതിരെ അമ്പിളി ആഞ്ഞടിച്ചു. ഷക്കീലയുടെ ചിത്രങ്ങള്‍ക്ക് അനുമതി നല്‍കുകയും നല്ല ചിത്രങ്ങളിലെ രംഗങ്ങള്‍ അരിഞ്ഞു തളളുകയും ചെയ്യുന്ന സെന്‍സര്‍ ബോര്‍ഡിനെ അമ്പിളി രൂക്ഷമായി വിമര്‍ശിച്ചു. സദസില്‍ നിന്നും ചര്‍ച്ചയില്‍ പങ്കെടുത്തവരും ഈഅഭിപ്രായത്തെ പിന്തുണച്ചപ്പോള്‍ മുന്‍ സെന്‍സര്‍ ബോര്‍ഡംഗത്തിനും ഇപ്പോഴത്തെ അംഗത്തിനും മറുപടിയുണ്ടായില്ല.


Click it and Unblock the Notifications