ചലച്ചിത്രമേള; ഉദ്ഘാടകന്‍ സയ്യിദ് മിര്‍സ
ചലച്ചിത്രമേള; ഉദ്ഘാടകന്‍ സയ്യിദ് മിര്‍സ
ഡിസംബര്‍ 11, 2003
തിരുവനന്തപുരം: എട്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനം ഡിസംബര്‍ 12 ന് വൈകീട്ട് ആറിന് തിരുവനന്തപുരം കനകകുന്ന് നിശാഗന്ധി ആഡിറ്റോറിയത്തില്‍ സംവിധായകന്‍ സയ്യിദ് മിര്‍സ നിര്‍വഹിക്കും.
എട്ടുദിവസം നീളുന്ന മേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സാംസ്കാരികമന്ത്രി ജി. കാര്‍ത്തികേയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മത്സരവിഭാഗത്തില്‍ 20 ചലച്ചിത്രങ്ങളും പ്രദര്‍ശനവിഭാഗത്തില്‍ 140 ചിത്രങ്ങളുമാണ് മേളയിലുണ്ടാവുക. മലയാള സിനിമയുടെ 75-ാം വാര്‍ഷികം പ്രമാണിച്ച് ഡിസംബര്‍ 13 മുതല്‍ 28 മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ജി. അരവിന്ദന്റെ ചിത്രങ്ങളുടെ പ്രത്യേക പ്രദര്‍ശനവും മേളയിലുണ്ടാവും.
ഇതുവരെ 3000 പ്രതിനിധികള്‍ക്ക് പാസ് നല്‍കിക്കഴിഞ്ഞതായി മന്ത്രി പറഞ്ഞു. പ്രതിനിധി പാസ്സുള്ളവര്‍ക്ക് മാത്രമായിരിക്കും മേളയില്‍ പ്രവേശനം. പൊതുജനങ്ങള്‍ക്കായി എല്ലാ ദിവസവും വൈകീട്ട് നിശാഗന്ധിയില്‍ പ്രദര്‍ശനമുണ്ടാവും. ഡിജിറ്റല്‍ സിനിമാ നിര്‍മ്മാണത്തെക്കുറിച്ചുള്ള ശില്‍പശാലകളും മേളയുടെ ഭാഗമായി നടക്കും. എല്ലാ ദിവസവും ഓപ്പണ്‍ ഫോറവും മുഖാമുഖം പരിപാടിയും ഉണ്ടാവും. 85 ലക്ഷം രൂപയാണ് മേളയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. 19 ന് നടക്കുന്ന സമാപനസമ്മേളനത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി അവാര്‍ഡുകള്‍ സമ്മാനിക്കുമെന്നും മന്ത്രി കാര്‍ത്തികേയന്‍ പറഞ്ഞു.


Click it and Unblock the Notifications