ചലച്ചിത്രമേള: സുവര്‍ണചകോരം അബൗനയ്ക്ക്
ചലച്ചിത്രമേള: സുവര്‍ണചകോരം അബൗനയ്ക്ക്
ഡിസംബര്‍ 20, 2003
തിരുവനന്തപുരം: എട്ടാമത് രാജ്യാന്തരചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം ആഫ്രിക്കന്‍ ചിത്രമായ അബൗന നേടി. ഫിപ്രസി പുരസ്കാരവും ഈ ചിത്രത്തിന് തന്നെയാണ്.
ആഫ്രിക്കന്‍ രാജ്യമായ ചാഡ് റിപ്പബ്ലിക്കില്‍ നിന്നുള്ള മൊഹമ്മദ് സാലേ ഹാരോണ്‍ സംവിധാനം ചെയ്ത ഈ ചിത്രം അച്ഛനെ തേടി അലയുന്ന രണ്ടു മക്കളുടെ കഥ പറയുന്നു. പത്തുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയ അവാര്‍ഡ് മൊഹമ്മദ് സാലേ ഹാരോണ്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയില്‍ നിന്ന് ഏറ്റുവാങ്ങി.
മികച്ച സംവിധായകനുള്ള രജതചകോരം ബ്രസീലില്‍ നിന്നുള്ള ചിത്രമായ ദി മേന്‍ ഹു കോപ്പീഡ് സംവിധാനം ചെയ്ത ജോര്‍ഗെ ഫെര്‍ട്ടാഡോ നേടി. ഇദ്ദേഹത്തിന് മൂന്ന് ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും ലഭിച്ചു. നവാഗത സംവിധായകനുള്ള രജതചകോരം സെനഗല്‍ സംവിധായകന്‍ മന്‍സൂര്‍ സോര വാദേയ്ക്കാണ്. ചിത്രം പ്രൈസ് ഓഫ് ഫോര്‍ഗിവ്നെസ്. ഇദ്ദേഹത്തിന് രണ്ട് ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും ലഭിച്ചു.
പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രം അഫ്ഗാനില്‍ നിന്നുള്ള ഒസാമയാണ്. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണത്തിന്റെ ഭീകരത വരച്ചുകാട്ടുന്ന ഈ ചിത്രം ഏറെ ശ്രദ്ധ പിടിച്ചുപറ്റി. സിദ്ദിഖ് ബര്‍മാക് ആണ് സംവിധായകന്‍. മലയാളിയായ രാജീവ് വിജയരാഘവന്‍ സംവിധാനം ചെയ്ത മാര്‍ഗ്ഗം എന്ന ചിത്രം ജൂറിയുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി.


Click it and Unblock the Notifications