കേരളരാജ്യാന്തര ചലച്ചിത്രമേളയ്ക്ക് 6ന് തുടക്കമാവും! മുഖ്യാതിഥിയായി നടി ശാരദ!
ഡിസംബര്‍ 6 മുതല്‍ 13 വരെയാണ് ഇത്തവണ കേരള രാജ്യാന്തര ചലച്ചിത്രമേള (IFFK) നടത്തുന്നത്. തുര്‍ക്കി ചിത്രമായ പാസ്ഡ് ബൈ സെന്‍സറാണ് ഉദ്ഘാടന ചിത്രം. മുഖ്യമന്ത്രി പിണറായി വിജയനാണ് ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യുന്നത്. ചടങ്ങില്‍ മുഖ്യാതിഥിയായി പഴയകാല നടിയായ ശാരദയും പങ്കെടുക്കും. നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് പ്രധാനചടങ്ങുകള്‍ നടക്കുന്നത്. ഈ വര്‍ഷത്തെ 53 ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശന വേദി കൂടിയാണ് ഇക്കുറി ഐ.എഫ്.എഫ്.കെ.
ചലച്ചിത്രലോകത്ത് ശ്രദ്ധേയ സാന്നിധ്യങ്ങളായ 27 വനിതകളുടെ ചിത്രങ്ങൾ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദര്‍ശിപ്പിക്കുന്നുണ്ട്. വിഭജനാനന്തര യൂഗോസ്ലാവിയയിലെ സ്ത്രീകളുടെ അരക്ഷിതജീവിതം അഭ്രപാളിയിലെത്തിച്ച ബോസ്നിയൻ സംവിധായിക ഐഡ ബെഗിച്ച്, ടിയോണ, 'നേർവസ് ട്രാന്‍സ്ലേഷൻ' എന്ന ചിത്രത്തിലൂടെ അംഗീകാരങ്ങൾ സ്വന്തമാക്കിയ ഷിറിൻ സെനോ തുടങ്ങിയവരുടെ ചിത്രങ്ങളും ഇന്ത്യൻ സംവിധായകരായ, സീമ പഹ്വ, ഗീതാഞ്ജലി റാവു, അപര്‍ണാ സെൻ തുടങ്ങിയവരുടെ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും. മലയാളി സംവിധായിക ഗീതു മോഹൻദാസിന്‍റെ മൂത്തോനും മേളയിലുണ്ട്.

ലോക സിനിമാ വിഭാഗത്തിലാണ് ഏറ്റവുമധികം വനിതാ സംവിധായകരുൾപ്പെട്ടിട്ടുള്ളത്. മരിയം തുസാനിയുടെ 'ആദം', മാറ്റി ഡോയുടെ 'ദി ലോങ്ങ് വാക്ക്', സഹിറാ കരീമിയുടെ 'ഹവാ മറിയം ആയിഷ', മറീനാ ഡി വാനിന്റെ 'മൈ നൂഡിറ്റി മീൻസ് നത്തിങ്' തുടങ്ങിയ ചിത്രങ്ങൾ ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കും.ഇവാ അയണെസ്‌കോ, സെലിൻ സ്‌കിയമ, അപോളിൻ ട്രവോർ, ശില്പകൃഷ്ണൻ ശുക്ല, റബേക്ക സ്ലോറ്റോവ്സ്കി തുടങ്ങി 15 പേരുടെ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.
'ഇന്ത്യൻ സിനിമ ഇന്ന്' എന്ന വിഭാഗത്തിൽ സീമ പഹ്വ സംവിധാനം ചെയ്ത 'ദി ഫ്യൂണറൽ' പ്രദര്‍ശിപ്പിക്കും. 'കാലിഡോസ്കോപ്പി'ൽ അപർണ സെന്നിന്‍റെ 'ദി ഹോം ആന്ഡ് ദി വേൾഡ് ടുഡേ', ഗീതാഞ്ജലി റാവുവിന്‍റെ 'ബോംബേ റോസ്' എന്നീ ചിത്രങ്ങൾ പ്രദര്‍ശിപ്പിക്കും.വിഭജനാന്തര യൂഗോസ്ളാവ്യയുടെ പരിച്ഛേദമായ ഐഡ ബെജിക് ചിത്രം 'സ്നോ', ടിയോണയുടെ 'ഗോഡ് എക്സിസ്റ്റ്സ്, ഹെർ നെയിം ഈസ് പെട്രൂണ്യ' എന്നിവയും വനിതാ സംവിധായകരുടെ ചിത്രങ്ങളിൽ ഉൾപ്പെടും.


Click it and Unblock the Notifications











