ആ വിശാല ചിന്താഗതികണ്ടിലെന്ന് നടിക്കരുത്! ഐഎഫ്എഫ്‌കെയിലെ സിനിമകളെക്കുറിച്ച് സംവിധായകന്‍!
വീണ്ടുമൊരു ചലച്ചിത്രമേള സമാഗതമായിരിക്കുകയാണ്. ഇത്തവണ പ്രദര്‍ശിപ്പിക്കുന്ന സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. പതിവ് പോലെ തന്നെ ഇത്തവണയും ഐഎഫ്എഫ്‌കെയില്‍ സിനിമ തിരഞ്ഞെടുത്തതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ അരങ്ങേറുന്നുണ്ട്. സിനിമകള്‍ സ്വീകരിക്കുന്നതില്‍ പക്ഷപാതമുണ്ടെന്നായിരുന്നു കൂടുതല്‍ പേരും പറഞ്ഞത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ സ്വന്തം നിലപാട് വ്യക്തമാക്കി എത്തിയിരിക്കുകയാണ് സംവിധായകനായ ഡോക്ടര്‍ ബിജു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. കുറിപ്പ് വായിക്കാം.
തിയറ്ററിൽ റിലീസ് ചെയ്തു സർവ ജനങ്ങളും കണ്ട് , ടി വി യിലും പ്രദർശിപ്പിച്ചു ബാക്കി ജനങ്ങളെയും കാണിച്ച , ഡി വി ഡി യിലും ഓൺലൈനിലും ഒക്കെ ആർക്കും എപ്പോഴും കാണാനാവുന്ന സിനിമകൾ കൊണ്ട് വന്നു ഡംപ് ചെയ്യാനുള്ള ഇടമായി ചലച്ചിത്ര മേളകൾ ലോകത്തൊരിടത്തും മാറാറില്ല ..അതുകൊണ്ട് നമുക്കൊരു വെറൈറ്റി ഒക്കെ വേണ്ടേ .. ഇനി ആർക്കെങ്കിലും എങ്ങാനും തിയറ്ററിലോ , ഡി വി ഡി യിലോ , യൂ ട്യുബിലോ ഓൺലൈനിലോ ഒക്കെ സിനിമ കാണാൻ പറ്റാതെ പോയി എങ്കിൽ അവർക്കും ഒരു അവസരം കൊടുക്കണ്ടേ എന്ന വിശാല ചിന്താഗതി ആണ് നമ്മുടെ ചലച്ചിത്ര അക്കാദമിയെ നയിക്കുന്നവർക്കുള്ളത് .

ആ വിശാല ഹൃദയം നമ്മൾ കാണാതെ പോകരുത് . അതുകൊണ്ടു മാത്രമാണ് കേരള മേളയിൽ ഒരു സിനിമയ്ക്കും കേരളാ പ്രീമിയർ നമ്മൾ നിർബന്ധം ആക്കാത്തത് . റിലീസ് ചെയ്യുന്നത് ഒരു കുറ്റം ആണോ എന്ന മില്യൺ ഡോളർ ചോദ്യം ആണ് അക്കാദമി ചെയർമാനും അക്കാദമി അംഗങ്ങളും ചോദിക്കുന്നത് .. അതെ റിലീസ് ചെയ്തു അൽപ്പം പണം ലഭിക്കുന്നത് അത്ര വലിയ ഒരു കുറ്റം ആണോ ? വയർ നന്നായൊന്നു നിറഞ്ഞു കഴിഞ്ഞാൽ അൽപ്പം പായസം കൂടി ആയാൽ ആരെങ്കിലും വേണ്ടെന്ന് പറയുമോ .. അത്യാവശ്യം റിലീസ് ഒക്കെ ചെയ്തു പണം കിട്ടി കഴിയുമ്പോൾ ഒരു ഫെസ്റ്റിവൽ സിനിമ ലേബലും സർക്കാരിന്റെ വെറുതെ കിട്ടുന്ന രണ്ടു ലക്ഷം രൂപ സബ്‌സിഡിയും ഒരു അഡീഷണൽ ഗ്ലാമറല്ലേ ബ്രോസ് ..മേളയിൽ ആളൊഴിഞ്ഞ തിയറ്ററിൽ സിനിമ കാണിച്ചാലെന്താ ... ആകയാൽ റിലീസ് ചെയ്യുന്നത് ഒരു കുറ്റം ആണോ?


Click it and Unblock the Notifications











