twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എനിക്ക് ഷോട്ടുകള്‍ തിരഞ്ഞെടുക്കാന്‍ സ്വാതന്ത്യ്രമില്ലേ..?

    By Staff
    |

    എനിക്ക് ഷോട്ടുകള്‍ തിരഞ്ഞെടുക്കാന്‍ സ്വാതന്ത്യ്രമില്ലേ..?

    മലയാളത്തില്‍ കോംപ്രമൈസുകള്‍ക്ക് തയ്യാറാകാത്ത ചുരുക്കം ചില സംവിധായകരില്‍ ഒരാളാണ് ലെനിന്‍ രാജേന്ദ്രന്‍. ആദ്യചിത്രമായ വേനല്‍ മുതല്‍ പുതിയ ചിത്രമായ മഴ വരെ സിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റേതായ ആദര്‍ശങ്ങളും സങ്കല്പങ്ങളുമാണ് തിളങ്ങി നില്‍ക്കുന്നത്. കച്ചവടതാല്പര്യങ്ങള്‍ക്കു വേണ്ടി ഒരിക്കലും തന്റെ ചിത്രത്തില്‍ വെള്ളം ചേര്‍ക്കാന്‍ ലെനിന്‍ രാജേന്ദ്രന്‍ തയ്യാറായിരുന്നില്ല.

    വേനല്‍, ചില്ല്, മീനമാസത്തിലെ സൂര്യന്‍, സ്വാതിതിരുനാള്‍, പുരാവൃത്തം, വചനം, ദൈവത്തിന്റെ മകന്‍, കുലം, മഴ തുടങ്ങിയ ചിത്രങ്ങളില്‍ ലെനിന്റേതായ ഒരു കരവിരുത് കാണാന്‍ സാധിക്കും. അപ്പോഴും ഈ ചിത്രങ്ങളിലെല്ലാം വ്യത്യസ്തത പുലര്‍ത്താനും അദ്ദേഹം ശ്രമിച്ചു. പ്രമേയത്തിലും അവതരണത്തിലും മാത്രമല്ല താരങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ പോലും വ്യത്യസ്തതക്ക് ശ്രമിക്കാനുള്ള ധൈര്യം പലപ്പോഴും അദ്ദേഹം കാണിച്ചിട്ടുണ്ട്.

    പുരാവൃത്തത്തില്‍ ഓംപുരിയെ പരിചയപ്പെടുത്തിയ ലെനിന്‍ സ്വാതിതിരുനാളിന്റെ വേഷത്തിനു വേണ്ടി കന്നഡയില്‍ നിന്നും അനന്ത് നാഗിനെ കൊണ്ടുവന്നു. മുകുന്ദന്റെ ദൈവത്തിന്റെ വികൃതികളുടെ ചലച്ചിത്രാവിഷ്കാരം ശ്രീവിദ്യയുടെയും രഘുവരന്റെയും മികച്ച അഭിനയം കൊണ്ടുകൂടി ശ്രദ്ധേയമായി. മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരിയെ ആധാരമാക്കി നിര്‍മ്മിച്ച മഴയില്‍ സംയുക്താവര്‍മ്മ തന്റെ കരിയറിലെതന്നെ മികച്ച വേഷം ചെയ്തു.

    സിനിമയെക്കുറിച്ചുള്ള തന്റെ അടിയുറച്ച വിശ്വാസങ്ങളും മറ്റും ലെനിന്‍ രാജേന്ദ്രന്‍ മലയാളം ഇന്ത്യാഇന്‍ഫോ വായനക്കാരുമായി പങ്കുവെക്കുന്നു.

    മഴയില്‍ നിന്നു തന്നെ തുടങ്ങാം. ആ ചിത്രത്തിന്റെ കഥ നിങ്ങളെ എന്തുകൊണ്ടാണ് സ്വാധീനിച്ചത്..? ഭദ്രയുടെ കഥയ്ക്ക് ഇന്നത്തെ കാലത്ത് എന്താണ് പ്രസക്തി..?

    ഭദ്ര വെറുമൊരു കഥാപാത്രമോ അവളുടെ കഥ വെറുമൊരു കഥയോ അല്ല. നിങ്ങളുടെ ചുറ്റുപാടുകള്‍ നിരീക്ഷിച്ചാല്‍ മിക്കവാറും എല്ലാ വീട്ടിലും നിങ്ങള്‍ക്ക് ഭദ്രമാരെ കാണാന്‍ കഴിയും. ജീവിതത്തെക്കുറിച്ച് സ്വപ്നങ്ങള്‍ നെയ്തു നടന്നാലും തീര്‍ത്തും വിരുദ്ധമായ വാസ്തവങ്ങളായിരിക്കും ഒരാളുടെ ജീവിതത്തില്‍ സംഭവിക്കുക. അതോടെ ഒരു സംഘര്‍ഷത്തിനുള്ള തുടക്കമായി. നമ്മള്‍ വര്‍ത്തമാനത്തിലാണ് ജീവിക്കുന്നതെങ്കിലും ഭൂതകാലം പലപ്പോഴും നമ്മെ വേട്ടയാടും.

    ഭദ്രയുടെ കഥയില്‍ അവളും ഭര്‍ത്താവും അന്യോന്യം സ്നേഹിക്കുന്നുണ്ട്. എന്നാല്‍ വര്‍ത്തമാനവുമായി പൊരുത്തപ്പെട്ടുപോകാന്‍ ബുദ്ധിമുട്ടുമ്പോള്‍ കണക്കുകള്‍ പലതും തെറ്റുന്നു. ഒരിക്കല്‍ ഭദ്ര ഭര്‍ത്താവിനോടു പറയുന്നു: അതെ. ഒരിക്കല്‍ ഞാനൊരാളെ സ്നേഹിച്ചിരുന്നു. അയാളെ വിവാഹം കഴിക്കണമെന്നും ആഗ്രഹിച്ചിരുന്നു. പക്ഷെ കഴിഞ്ഞില്ല. അത് ഇപ്പോഴും എന്നെ വേദനിപ്പിക്കുന്നു.

    പക്ഷെ ഈ വെളിപ്പെടുത്തല്‍ അവളുടെ ഭര്‍ത്താവിന് താങ്ങാനാവുന്നതിനും അപ്പുറമായിരുന്നു. അവള്‍ കഴിഞ്ഞകാലത്തു നിന്നും മോചിതയായി തന്നില്‍ അണയാത്തതെന്തെന്നായിരുന്നു അയാളുടെ ചിന്ത. കുറ്റസമ്മതത്തിനു പിന്നിലുള്ള വാസ്തവങ്ങളെ അംഗീകരിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. തന്റെ ആഗ്രഹങ്ങള്‍ക്കനുസരിച്ചായിരിക്കണം ഭാര്യ ജീവിക്കേണ്ടതെന്ന് അയാള്‍ വിചാരിച്ചു.

    അതേ സമയം ഭദ്ര ഒരു സ്വപ്നലോകത്തായിരുന്നു. വര്‍ത്തമാനത്തിലെ വാസ്തവങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാത്ത ലോകത്ത്. ശിവപുരം ഗ്രാമവുമായുള്ള അവളുടെ ഹൃദയബന്ധം, അവള്‍ അവിടെ പരിചയപ്പെട്ട യുവപുരോഹിതന്‍, അയാളുമൊത്തുണ്ടാകാമായിരുന്ന ജീവിതത്തിലെ സന്തോഷനിമിഷങ്ങള്‍... ഈ ചിന്തകളായിരുന്നു അവളെ ഭരിച്ചത്. എന്നാല്‍ ഭര്‍ത്താവുമൊത്തുള്ള ജീവിതത്തില്‍ നിന്നും എത്രയോ അകലത്താണ് ഈ സ്വപ്നലോകമെന്ന് അവള്‍ക്ക് മനസ്സിലാക്കാനായില്ല.

    ഈ കഥയ്ക്ക് ഒരു ആഗോള പ്രാതിനിധ്യമുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് ഞാന്‍ ചിത്രത്തില്‍ ഈ കഥ തന്നെ സ്വീകരിച്ചത്.

    മഴയില്‍ ദൃശ്യാവിഷ്കാരത്തിനും സംഗീതത്തിനും താങ്കള്‍ നല്ല പ്രാധാന്യം കൊടുത്തിട്ടുണ്ടല്ലോ. എന്തുകൊണ്ടാണത്...?

    ചിത്രത്തില്‍ കാല്പനികലോകം സൃഷ്ടിക്കേണ്ടത് ആവശ്യമായിരുന്നു. കവിതയില്‍ ജീവിച്ച ഭദ്രയുടെ ചിന്തകളെല്ലാം പൂവ്, പുഴ, മഴ തുടങ്ങിയയെക്കുറിച്ചാണ്. അങ്ങനെയൊരു മനസ്സിനെ സ്ക്രീനിലെത്തിക്കണമെങ്കില്‍ മനോഹരമായ ദൃശ്യങ്ങള്‍ വേണ്ടിവരും.

    എന്നാല്‍ രണ്ടാം പകുതിയില്‍ സ്ഥിതി മാറുന്നു. വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിച്ച കഥാപാത്രങ്ങള്‍ വരുന്നു. അവിടെ കാല്പനികതയെയും സൗന്ദര്യത്തേക്കാളും ഉപരി സമൃദ്ധിക്കാണ് പ്രാധാന്യം. അതിനനുഗുണമായ ലൈറ്റിംഗ് ടെക്നിക്കാണ് പിന്നീട് ഞാന്‍ ഉപയോഗിച്ചത്.

    ആദ്യപകുതിയില്‍ വീട് പ്രകൃതിയുമായി ഇഴുകി ചേര്‍ന്നായിരുന്നു. വീടിനുള്ളില്‍ നീണ്ട നിഴലുകള്‍ ഇല്ലായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ വീട്ടിനുള്ളില്‍ നിഴലുകള്‍ വരാന്‍ തുടങ്ങി. ഇത് കഥാപാത്രങ്ങളുടെ മാനസികാവസ്ഥയെയാണ് പ്രതിനിധീകരിച്ചത്.

    സംഗീതത്തിന്റെ കാര്യവും ഇതുതന്നെ. ആദ്യപകുതിയിലെ ഗാനങ്ങളെല്ലാം സന്തോഷത്തെയാണ് പ്രതിനിധീകരിച്ചത്. രണ്ടാം പകുതിയിലെ ദു:ഖങ്ങളും വേദനയും ഉള്‍ക്കൊള്ളാനായി ലളിതഗാനങ്ങളുടെ ഗണത്തില്‍ പെട്ട പാട്ടുകളും.

    1

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X