For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്ക് ഷോട്ടുകള്‍ തിരഞ്ഞെടുക്കാന്‍ സ്വാതന്ത്യ്രമില്ലേ..?

  By Staff
  |

  എനിക്ക് ഷോട്ടുകള്‍ തിരഞ്ഞെടുക്കാന്‍ സ്വാതന്ത്യ്രമില്ലേ..?

  ഒരു ട്രെന്‍ഡിലോ പാറ്റേണിലോ പെടാത്ത ചിത്രങ്ങളാണല്ലോ താങ്കളുടേത്. ഓരോ ചിത്രങ്ങളും വ്യത്യസ്തമായവ. ഇതിനെക്കുറിച്ച് താങ്കള്‍ക്ക് പറയാനുള്ളത്...

  ഓരോ ചിത്രങ്ങളിലും വ്യത്യസ്തത കൊണ്ടുവരാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. എന്റെ രണ്ടു ചിത്രങ്ങള്‍ ഒരേപോലെയുള്ളതാകരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്നാലും ചിലപ്പോള്‍ ട്രീറ്റ്മെന്റിന്റെ കാര്യത്തില്‍ സാമ്യങ്ങള്‍ ഉണ്ടായേക്കാം. ഒട്ടേറെ ചിത്രങ്ങള്‍ ചെയ്തിട്ടും ഞാന്‍ ഇപ്പോഴം തുടങ്ങിയേടത്തു തന്നെയാണെന്ന് ഈയിടെ ഒരാള്‍ എന്നോട് പറഞ്ഞു. കുറച്ചാലോചിച്ചപ്പോള്‍ എനിക്കും തോന്നി ഇത് ഭാഗികമായി ശരിയാണെന്ന്.

  എന്റെ ചിത്രങ്ങളില്‍ പൊതുവായ ചില ഘടകങ്ങളുണ്ട്. എങ്കിലും ഓരോ ചിത്രത്തിലും വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിക്കുന്നു. എന്നാല്‍ വ്യത്യസ്തമായ കഥകള്‍ക്കു വേണ്ടി ഞാന്‍ ഓടിനടക്കാറില്ല. അത് കഥകളും പത്രങ്ങളും വായിക്കുമ്പോള്‍ ഉരുത്തിരിയുന്നതാണ്. വായനയ്ക്കിടയില്‍ ചിലത് മനസ്സിനെ ആകര്‍ഷിക്കും... അപ്പോള്‍ ഒരു സിനിമക്കുള്ള പ്രമേയം മനസ്സില്‍ വരും. നഷ്ടപ്പെട്ട നീലാംബരി വായിച്ചപ്പോള്‍ ഉണ്ടായ ഈയൊരു വികാരമാണ് മഴയിലെത്തിയത്.

  എന്നാല്‍ ടൈപ്പ് ചിത്രങ്ങള്‍ സ്വീകരിക്കുന്ന പ്രേക്ഷകര്‍ താങ്കളുള്‍പ്പെടുന്ന സംവിധായകര്‍ നിര്‍മ്മിക്കുന്ന വ്യത്യസ്ത ചിത്രങ്ങളും സ്വീകരിക്കണമെന്ന് താങ്കള്‍ ആഗ്രഹിക്കുന്നുണ്ടോ..?

  തീര്‍ച്ചയായും. സാധാരണ പ്രേക്ഷകന് മനസ്സിലാകുന്ന തരത്തിലാണ് ഞാന്‍ ചിത്രങ്ങള്‍ എടുത്തിട്ടുള്ളത്. എന്നാല്‍ പല ചിത്രങ്ങളിലും കാണുന്ന ഫോര്‍മുലകള്‍ എന്റെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടാകാും. മഴ തന്നെ എടുക്കാം. ഭദ്രയുടെ ഭര്‍ത്താവ് മരിച്ചപ്പോള്‍ അവളുടെ മുഖമോ ഭാവമോ കാണിക്കുകയല്ല ഞാന്‍ ചെയ്തത്. അത് കാണിക്കരുതെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. ഭദ്രയുടെ മുഖമോ ഭാവമോ കാണിക്കേണ്ടിയിരുന്നുവെന്ന് ചിത്രം കണ്ടതിനു ശേഷം ഒട്ടേറെ പേര്‍ എന്നോട് പറഞ്ഞു. പക്ഷെ ഞാന്‍ ചിന്തിച്ചത് മറ്റൊരു വഴിക്കാണ്. അത്തരമൊരു സീനില്‍ കരയുന്ന സ്ത്രീകഥാപാത്രങ്ങളാണ് നമ്മള്‍ക്ക് പരിചയമുള്ളവയെല്ലാം. അത്തരമൊരു സീന്‍ കാണിക്കുന്നതില്‍ എനിക്ക് താല്പര്യമില്ലാത്തപ്പോള്‍ അങ്ങനെ കാണിക്കണമെന്ന് മറ്റുള്ളവര്‍ നിര്‍ബന്ധം പിടിക്കുന്നതെന്തുകൊണ്ടാണ്. എന്തുകൊണ്ട് നിങ്ങളുടെ ഭാവനയ്ക്ക് വിട്ടുകൂടാ.

  അങ്ങനെയാണ് ഞാന്‍ ചിന്തിച്ചത്. പ്രേക്ഷകര്‍ക്കു വേണ്ടി എനിക്ക് ആ സീനില്‍ ഭദ്രയെ കരയിപ്പിക്കാമായിരുന്നു. അത് ചെയ്യാത്തതിന്റെ പേരില്‍ ചില പ്രേക്ഷകരെ എനിക്ക് നഷ്ടപ്പെട്ടേക്കാം. എന്നാലും ഞാന്‍ അത് ചെയ്യില്ല. എനിക്ക് ചില സങ്കല്പങ്ങളുണ്ട്. അതില്‍ കോംപ്രമൈസിന് ഞാന്‍ തയ്യാറല്ല. ഒരു സംവിധായകനെന്ന നിലയില്‍ ഞാനിഷ്ടപ്പെടുന്ന ഷോട്ടുകള്‍ ചിത്രീകരിക്കാന്‍ എനിക്ക് സ്വാതന്ത്യ്രമില്ലേ..? അല്ലാതെ ഒരു സംവിധായകന്‍ എന്നു പറയുന്നതില്‍ എന്തര്‍ത്ഥം..?

  താങ്കള്‍ നായികാപ്രാധാന്യമുള്ള ഒട്ടേറെ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ടല്ലോ. മലയാള സിനിമയിലെ ഇപ്പോഴത്തെ നായികമാരുടെ അവസ്ഥയെക്കുറിച്ച്...

  മിക്കവാറും എല്ലാ സിനിമകളിലും നായിക കെട്ടുകാഴ്ചയാണ്. എന്റെ എല്ലാ ചിത്രത്തിലും ഞാന്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കിയിട്ടുണ്ട്. വിപ്ലവകാരികളുടെ കഥ പറയുന്ന മീനമാസത്തിലെ സൂര്യനില്‍ പോലും. വിപ്ലവവും പ്രേമവും തമ്മില്‍ ഒരു ബന്ധവും കാണാനിഷ്ടമില്ലാത്തപ്പോഴാണ് ഞാന്‍ ഒരു നായികയെ അതിലേക്ക് കണ്ടെത്തിയത്.

  എന്നാല്‍ എന്റെ ചിന്താഗതി നേരെ തിരിച്ചാണ്. ഹൃദയത്തില്‍ കാല്പനികത ഉള്ളതുകൊണ്ടാണ് ഒരാള്‍ വിപ്ലവകാരിയാകുന്നത്. വിപ്ലവത്തില്‍ നിന്നും പ്രേമത്തെ പറിച്ചെറിയുകയാണെങ്കില്‍ ഞാന്‍ എന്റെ തൊഴിലിലനോട് അനീതി കാണിക്കുകയാണ്.

  വേനലിലും ചില്ലിലും സ്ത്രീകഥാപാത്രങ്ങള്‍ക്ക് തന്നെയാണ് പ്രാധാന്യം. ഫ്യൂഡല്‍പ്രഭുക്കളുടെ പീഡനത്തെ ചോദ്യം ചെയ്ത വിപ്ലവകാരിയെയാണ് പുരാവൃത്തത്തില്‍ ചിത്രീകരിച്ചതെങ്കിലും അയാള്‍ക്ക് താങ്ങായി നിന്ന ശക്തമായൊരു സ്ത്രീകഥാപാത്രം അതിലുണ്ട്. സ്വാതിതിരുനാളില്‍ മഹാരാജാവിന്റെ ഭാര്യയും നര്‍ത്തകി സുഗന്ധവല്ലിയും ശക്തമായ കഥാപാത്രങ്ങളാണ്. ഇതുതന്നെയാണ് എന്റെ മറ്റു ചിത്രങ്ങളുടേയും സ്ഥിതി.

  എന്നാല്‍ ഫെമിനിസത്തെ അടിസ്ഥാനമാക്കിയല്ല ഞാന്‍ ചിത്രങ്ങള്‍ ചെയ്യുന്നത്. ചിത്രത്തിന്റെ പ്രവര്‍ത്തനത്തിനിടയില്‍ എനിക്ക് അവരെ ഒഴിവാക്കാന്‍ സാധിക്കാത്തതാണ്.

  താങ്കളുടെ ചിത്രങ്ങളില്‍ ജനപ്രിയതാരങ്ങള്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടല്ലോ. കുലത്തില്‍ സുരേഷ് ഗോപിയുടെ ഭ്രാന്തന്‍ ചാന്നാനും മഴയിലെ ബിജുമേനോന്റെ കഥാപാത്രവും പോലുള്ളവ. താരസങ്കല്പത്തെ എതിര്‍ക്കുന്ന ഒരാളായതുകൊണ്ട് താങ്കള്‍ ബോധപൂര്‍വം ചെയ്യുന്നതാണോ ഇത്..?

  അല്ല. താരനിര്‍ണ്ണയം നടത്തുമ്പോള്‍ സംഭവിക്കുന്ന ഒന്നാണിത്. കഥാപാത്രത്തിനനുയോജ്യമായ ആള്‍, നടീനടന്മാരുടെ സൗകര്യം ഇവയാണ് ഇക്കാര്യത്തില്‍ പ്രധാനമായും സ്വാധീനിക്കുന്നത്. ഒരിക്കലും ഭ്രാന്തന്‍ ചാന്നാന്റെ വേഷത്തില്‍ സുരേഷ് ഗോപിയെ ഞാന്‍ സങ്കല്പിച്ചിരുന്നില്ല. അതങ്ങനെ നടന്നെന്നു മാത്രം. യഥാര്‍ത്ഥത്തില്‍ ആ വേഷം ചെയ്യാന്‍ താല്പര്യമുണ്ടെന്ന് സുരേഷ് ഗോപി തന്നെയാണ് പറഞ്ഞത്. ചിത്രത്തിന് ആധാരമായ മാര്‍ത്താണ്ഡവര്‍മ്മ നോവല്‍ അദ്ദേഹം വായിച്ചിരുന്നു.

  അനന്തപത്മനാഭന്റെ വേഷം ചെയ്യാനാണ് സുരേഷ് ആദ്യം ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാല്‍ അനന്തപത്മനാഭന് തന്റെ ചിത്രത്തില്‍ കാര്യമായ പ്രാധാന്യമില്ലെന്ന് വ്യക്തമാക്കിയ ശേഷം ഭ്രാന്തന്‍ ചാന്നാന്റെ വേഷം ചെയ്യാന്‍ തയ്യാറാണോ എന്ന് ഞാന്‍ ചോദിച്ചു. അങ്ങനെയാണ് സുരേഷ് ഗോപി ആ ചിത്രത്തിലെത്തിയത്.

  താങ്കളുടെ ജനുസ്സില്‍ പെടുന്ന സംവിധായകര്‍ ഇപ്പോള്‍ നിഷ്ക്രിയരാണല്ലോ. വലപ്പോഴും മഴ പൊലുള്ളൊരു ചിത്രം വരും.. അത്രമാത്രം. ഈയവസ്ഥയില്‍ മലയാളസിനിമയുടെ ഭാവിയെക്കുറിച്ച് താങ്കള്‍ക്കെന്താണ് പറയാനുള്ളത്..?

  നല്ല സിനിമകള്‍ക്ക് ഇന്ത്യയിലെന്നല്ല ലോകത്തെവിടെയും ഇത്തരം പ്രതിസന്ധികളെ അതിജീവിക്കേണ്ടിവന്നിട്ടുണ്ട്. സിനിമ ഇന്ന് വാണിജ്യകേന്ദ്രങ്ങളിലൂടെ വിപണനം ചെയ്യപ്പെടുന്ന ഒരു ഉല്പന്നമാണ്. പലപ്പോഴും നല്ലതും അര്‍ത്ഥവത്തും ആയ സിനിമകള്‍ വാണിജ്യപരമായി നേട്ടമുണ്ടാക്കില്ലെന്ന കാരണത്താല്‍ ഇത്തരം വാണിജ്യകേന്ദ്രങ്ങള്‍ വിതരണത്തിന് എടുക്കില്ല. അങ്ങനെയാണ് ഈ പ്രതിസന്ധി ഉണ്ടാകുന്നത്.

  എങ്കിലും ഇപ്പോഴും നല്ല സിനിമകള്‍ ഉണ്ടാകുന്നുണ്ട്. ഇത് സത്യസന്ധമായ ചില സിനിമാപ്രവര്‍ത്തകരുള്ളതുകൊണ്ടാണ്. കലാഹൃദയമുള്ളവര്‍ക്ക് സമൂഹത്തിലും ജീവിതത്തിലും സംഭവിക്കുന്ന കാര്യങ്ങളെ ഏറെക്കാലം കണ്ടില്ലെന്ന് നടിക്കാനാവില്ല. അതുകൊണ്ടാണ് അവര്‍ വീണ്ടും രംഗത്തെത്തുന്നത്. അത് ഇനിയും തുടരുകയും ചെയ്യും.

  2

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X