twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭാവഗംഭീരം, ഈ നടനപൗരുഷം

    By ബിനുരാജ്.എസ്
    |

    Murali
    കെ. മുരളീധരന്‍ പിളളയെ മലയാളിയ്ക്ക് അത്ര പരിചയമില്ല. എന്നാല്‍ ചലച്ചിത്ര നടന്‍ മുരളി എന്നു കേട്ടാല്‍ ഗാംഭീര്യമുളള ശബ്ദവും ഭാവങ്ങള്‍ തിരതല്ലുന്ന വലിയ മുഖവും പ്രേക്ഷകന്റെ മനസില്‍ ഓടിയെത്തും.

    ഭരത് ഗോപി സംവിധാനം ചെയ്ത ഞാറ്റടി എന്ന ചിത്രത്തിലൂടെയാണ് മുരളി ചലച്ചിത്ര രംഗത്തെത്തുന്നത്. എന്നാല്‍ ആ ചിത്രം പുറത്തിറങ്ങിയില്ല. 160ല്‍ അധികം ചിത്രങ്ങളില്‍ പിന്നീട് വേഷമിട്ട മുരളിയ്ക്ക് ഒട്ടേറെ പുരസ്ക്കാരങ്ങളും ലഭിച്ചു. 2001ലെ ഏറ്റവും മികച്ച നടനുളള പുരസ്ക്കാരമാണ് ഇതില്‍ ഏറ്റവും ഒടുവിലത്തേത്.

    നരേന്ദ്രപ്രസാദിന്റെ നാട്യഗൃഹം, കാവാലത്തിന്റെ സോപാനം എന്നീ നാടകക്കളരികളില്‍ നിന്നും ലഭിച്ച പരിശീലനത്തിന്റെയും അനുഭവത്തിന്റെയും പിന്‍ബലവുമായെത്തിയ മുരളി ചലച്ചിത്ര വേദിയിലും കരുത്ത് കാട്ടി. ശബ്ദ നിയന്ത്രണവും കഥാപാത്രത്തിന് യോജിക്കുന്ന അംഗചലനവും സംയോജിപ്പിയ്ക്കാന്‍ മുരളിയെ സഹായിച്ചത് നാടകവേദിയാണ്. ഇന്നും നാടകം ഒരു ലഹരിയായി കാണുന്ന മുരളി അടുത്ത കാലത്ത് ശ്രീകണ്ഠന്‍ നായരുടെ ലങ്കാലക്ഷ്മി എന്ന നാടകത്തിലെ രാവണനെ അവതരിപ്പിച്ച് തന്റെ അഭിനയസിദ്ധി ഒരിയ്ക്കല്‍ കൂടി തെളിയിക്കുകയും ചെയ്തു.

    നല്ല നടനായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷം മുരളി ദാറ്റ്സ് മലയാളവുമായി പങ്കുവയ്ക്കുന്നു.

    പുരസ്ക്കാരങ്ങള്‍ താങ്കള്‍ക്ക് പുതുമയല്ലാതായി മാറുകയാണല്ലോ?

    എന്നു പറയാന്‍ കഴിയില്ല. പ്രത്യേകിച്ച് അഭിനയത്തെക്കുറിച്ച് അറിവുളളവര്‍ അത് നിശ്ചയിക്കുമ്പോള്‍. എങ്കിലും പുരസ്ക്കാരം നല്‍കുന്ന ആഹ്ലാദം താല്‍ക്കാലികമാണ്.

    നെയ്ത്തുകാരനിലെ വേഷത്തെക്കുറിച്ച്?

    അപ്പമേസ്തിരി എന്ന കഥാപാത്രം ഭാവനാത്മകമല്ല. കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിന് വേണ്ടി ത്യാഗങ്ങള്‍ സഹിച്ചയാള്‍. ഇ.എം.എസിനെ ദൈവമായി കണ്ട വ്യക്തി. ഇ.എം.എസിനോട് അടുപ്പമുണ്ടായിരുന്ന എനിയ്ക്ക് അപ്പമേസ്തിരിയെ അവതരിപ്പിയ്ക്കുന്നതില്‍ സന്തോഷം തോന്നി. വര്‍ഗശത്രുവിനോട് നിരന്തരയുദ്ധം പ്രഖ്യാപിച്ച് അതിനായി ജീവിതം മറക്കുന്നയാളിന്റെ മനസ് എനിക്ക് നന്നായി മനസിലാകും.

    ഇത് മുരളിയുടെ മികച്ച വേഷമായിരുന്നോ?

    എന്റെ മികച്ച വേഷം വരാനിരിക്കുന്നതേയുളളൂ. ചലചിത്ര സംവിധാന രംഗത്ത് പ്രിയനന്ദനന്‍ കന്നിക്കാരനാണെങ്കിലും നാടകവേദിയിലെ ദീര്‍ഘനാളത്തെ പരിചയം പ്രിയനുണ്ട്. നാടകവേദിയെ മനസിലാക്കിയിട്ടുളള എനിക്ക് പ്രിയനുമൊത്ത് പ്രവര്‍ത്തിയ്ക്കുന്നതും എളുപ്പമായി. അതാണ് ആ റോള്‍ ഭംഗിയായത്.

    കച്ചവടസിനിമയുടെ ദൂഷ്യവശങ്ങള്‍ മുരളി എന്ന നാടക നടനെയും ബാധിച്ചിട്ടില്ലേ?

    അഭിനയം നാടകത്തിലും സിനിമയിലും അഭിനയമാണ്. സംവിധായകന്‍ അല്ലെങ്കില്‍ സൂത്രധാരന്‍ കൂടി ശ്രമിച്ചാലേ ഒരു നടന്റെ കഴിവുകളെ പുറത്തെടുക്കാന്‍ കഴിയുകയുളളൂ. നിര്‍ഭാഗ്യവശാല്‍ അഭിനേതാവിനെ പൂര്‍ണമായി ഉപയോഗിക്കാനറിയുന്ന സംവിധായകന്‍ മലയാളത്തില്‍ കുറവാണ്. എന്നാല്‍ ലോകത്തിലെ ഏറ്റവും മികച്ച അഭിനേതാക്കളും മലയാളത്തിലുണ്ട്. ഓരോ അഭിനേതാവിന്റെയും വ്യത്യസ്ത സംവിധായകരുടെ കീഴിലുളള പ്രകടനം പരിശോധിച്ചാല്‍ അത് നിങ്ങള്‍ക്ക് മനസിലാകും. ഇത് എനിയ്ക്കും ബാധകമാണ്.

    തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് തെറ്റാണെന്ന് തോന്നുന്നുണ്ടോ?

    കലാകാരന് രാഷ്ട്രീയം പാടില്ലെന്നുണ്ടോ? എനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. അത് പ്രകടിപ്പിയ്ക്കുന്നതില്‍ മടിയുമില്ല. രാഷ്ട്രീയം നോക്കിയാണോ ജനങ്ങള്‍ എന്റെ സിനിമ കാണുന്നത്. രാഷ്ട്രീയം നോക്കി എന്നിലെ നടനെ ആരും വിലയിരുത്തിയിട്ടുമില്ല. അതിനു തെളിവാണ് ഈ അവാര്‍ഡ്.

    Read more about: murali actor cinema
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X