twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമ സ്വാതന്ത്യ്രവും സുഖവും തന്നു

    By ഭവാനി ശങ്കര്‍
    |

    Benny P. Nayarambalam
    മലയാളത്തിലെ തിരക്കുള്ള രചയിതാവാണ് ബെന്നി പി. നായരമ്പലം. ജോഷിയുടെ വാഴുന്നോര്‍, വിനയന്റെ ആകാശഗംഗ എന്നീ ചിത്രങ്ങളിലൂടെയാണ് ഈ ചെറുപ്പക്കാരന്‍ ശ്രദ്ധിക്കപ്പെട്ടത്. നാറാണത്തു തമ്പുരാന്‍ എന്ന ജയറാം ചിത്രം റിലീസായതോടെ ബെന്നിക്ക് ഇപ്പോള്‍ തിരക്കു കൂടിയിരിക്കുന്നു.

    നാടകരചനയിലൂടെ സിനിമയിലേക്കെത്തിയ ഈ മുപ്പത്തഞ്ചുകാരന്‍ ഇതുവരെ 38 പ്രൊഫഷണല്‍ നാടകങ്ങളെഴുതിയിട്ടുണ്ട്. ഇത്ര ചെറിയ പ്രായത്തില്‍ ഇത്രയും നാടകങ്ങള്‍ എഴുതിയത് ഒരു റെക്കോര്‍ഡാണ്. തന്റെ തിരക്കഥാരചനയെയും സിനിമാജീവിതത്തെയും കുറിച്ച് ബെന്നി മലയാളം ഇന്ത്യാഇന്‍ഫോയോട് മനസ്സു തുറക്കുന്നു.

    എങ്ങനെയാണ് സിനിമയിലെത്തിയത്?

    നാടകത്തിലൂടെയാണ് ഞാന്‍ സിനിമയിലെത്തിയതെന്ന് അറിയാമല്ലോ. 1988ല്‍ രാജന്‍ പി. ദേവ് അഭിനയിച്ച അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി എന്ന നാടകമായിരുന്നു അദ്യത്തേത്. സിനിമയില്‍ ഫസ്റ് ബെല്‍ എന്ന ജയറാം ചിത്രത്തിലൂടെയായിരുന്നു രംഗപ്രവേശം. ആ ചിത്രത്തിന്റെ സംവിധായകന്‍ പി.ജി. വിശ്വംഭരനായിരുന്നു.

    ഹാസ്യചിത്രങ്ങളാണല്ലോ കൂടുതല്‍. എന്താണ് ഹാസ്യത്തോടിത്ര പ്രിയം?

    പറയുന്ന കാര്യം സരസമായി പറയണമെന്നാണ് എന്റെ ആഗ്രഹം. നര്‍മ്മം വളരെ വേഗം ജനം സ്വീകരിക്കും എന്ന മെച്ചവുമുണ്ട്. കയ്പുള്ള ഒരു മരുന്ന് നല്‍കാന്‍ തേനിന്റെ സഹായം സ്വീകരിക്കുന്നതുപോലെയാണ് ഞാന്‍ ഗൗരവമേറിയ ഒരു വിഷയം പറയാന്‍ നര്‍മ്മത്തിന്റെ സഹായം തേടുന്നത്.

    ഗൗരവമേറിയ വിഷയങ്ങള്‍ പറയുന്നുവെന്നാണോ?

    തീര്‍ച്ചയായും. മികച്ച രചനയ്ക്കുള്ള സംസ്ഥാന അവാര്‍ഡു ലഭിച്ച തായമ്പക എന്ന നാടകം കൈകാര്യം ചെയ്തത് വളരെ ഗൗരവമേറിയ വിഷയമായിരുന്നു. കലാകാരന് ജാതി കല്‍പ്പിക്കരുത് എന്ന സന്ദേശമാണ് ആ നാടകം നല്‍കിയത്.

    സിനിമയിലോ?

    പ്രമേയം അര്‍ഹിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും ട്രീറ്റ്മെന്റില്‍ ഗൗരവസമീപനത്തിന് ഞാന്‍ ശ്രമിക്കും. നിര്‍ഭാഗ്യകരമെന്നു പറയട്ടെ ഇതുവരെ അത്ര ഗൗരവമേറിയ വിഷയം എനിക്ക് സിനിമയില്‍ കൈകാര്യം ചെയ്യേണ്ടിവന്നിട്ടില്ല.

    സിനിമയില്‍ താങ്കളുടെ നാടകപരിചയം എത്രത്തോളം സഹായിച്ചു?

    ഒരു പാട് സഹായിച്ചു. 38 പ്രൊഫഷണല്‍ നാടകങ്ങള്‍ ഞാനെഴുതി. അനുഭവത്തിന്റെ ഒരു വിശാലലോകമാണ് നാടകമെനിക്കു തന്നത്. നാടകമാണ് എന്നെ ഇന്നത്തെ ഞാനാക്കിയത്.

    എന്തുകൊണ്ടാണ് സിനിമയിലേക്ക് ശക്തരായ പുതിയ എഴുത്തുകാര്‍ വരാത്തത്?

    അതിനു കാരണം കാമ്പുള്ള എഴുത്തുകാരില്ലാത്തതാണെന്ന് തോന്നുന്നു. കഴിവുള്ളവന്‍ ഏതു കാലത്തു വന്നാലും സ്വീകരിക്കപ്പെടും.

    സിനിമയുടെയും നാടകത്തിന്റെയും എഴുത്ത് സമീപനം വ്യത്യസ്തമാണോ?

    24 അടി സ്റേജില്‍ അഞ്ച് ആണുങ്ങളേയും മൂന്ന് പെണ്ണുങ്ങളേയും വച്ചുവേണം നാടകത്തില്‍ ഒരു കഥ പറയാന്‍. ഒരു എഴുത്തുകാരന്‍ അന്നേരം അനുഭവിക്കുന്ന ബുദ്ധിമുട്ട് ഊഹിക്കാമല്ലോ. സിനിമയില്‍ ഇത്തരം അസ്വാതന്ത്യ്രങ്ങളുടെ പ്രശ്നമൊന്നുമില്ല. ഒരു ചിത്രകാരന് തന്റെ ചിത്രം വരയ്ക്കാന്‍ ലഭിക്കുന്ന തീപ്പെട്ടിയാണ് നാടകമെങ്കില്‍ അതേ ചിത്രകാരന് തന്റെ സര്‍ഗസൃഷ്ടി നടത്താന്‍ ലഭിക്കുന്ന വിശാലമായ ചുമരാണ് സിനിമ. സിനിമ എനിക്ക് സ്വാതന്ത്യ്രവും സുഖവും നല്‍കുന്നു.

    മലയാള സിനിമയില്‍ വ്യത്യസ്ത കഥകള്‍ ഉണ്ടാവാത്തതിനുകാരണം നിങ്ങള്‍ എഴുത്തുകാരല്ലേ?

    അല്ല. പ്രേക്ഷകന്‍ മാറിപ്പോയതാണ് കാരണം. ആവര്‍ത്തനവിരസമെങ്കിലും അതു കണ്ട് രസിക്കാനാണ് അവന് താല്പര്യം. ടി.വി. നമ്മുടെ പ്രേക്ഷകരെ ഒരുപാട് മാറ്റിയിരിക്കുന്നു. പരീക്ഷണങ്ങള്‍ പലപ്പോഴും ഗുണകരമായി ഭവിക്കുന്നില്ല എന്നാണനുഭവം. വിജയിച്ച ഒരു സിനിമ കാണാന്‍ മാത്രമേ ജനം ഇപ്പോള്‍ തിയേറ്ററിലെത്തുന്നുള്ളൂ. ആ വിജയസിനിമ നിര്‍മ്മിക്കാന്‍ എല്ലാവരും എല്ലാവിധത്തിലും കോംപ്രമൈസ് ചെയ്യുകയാണ്.

    സിനിമയില്‍ സജീവമായ താങ്കള്‍ ഇനി നാടകം എഴുതുമോ?

    തീര്‍ച്ചയായും. ഈ വര്‍ഷം ഞാനൊരു നാടകമെഴുതുന്നുണ്ട്. സ്വര്‍ഗത്തേക്കാള്‍ സുന്ദരം എന്നാണ് പേരിട്ടിരിക്കുന്നത്.

    വീണ്ടും നാടകമെഴുതുന്നത് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതുകൊണ്ടാണോ?

    അല്ല. സിനിമയില്‍ എനിക്ക് ഒരുപാട് തിരക്കുണ്ട്. ശശിശങ്കറിനു വേണ്ടി ദിലീപ് ഡബിള്‍ റോളില്‍ അഭിനയിക്കുന്ന കുഞ്ഞിക്കൂനനാണ് അടുത്ത ചിത്രം. അതിനു ശേഷം അനില്‍ബാബുവിനു വേണ്ടിയുള്ള ജയറാം ചിത്രം, സുന്ദര്‍ദാസ് ചിത്രം എന്നിവയ്ക്കും ഞാനെഴുതുന്നു. ഈ തിരക്കിനിടയിലും ഞാന്‍ നാടകമെഴുതുന്നത് എന്റെ സുഹൃത്തുക്കളുടെ നിര്‍ബന്ധം മൂലമാണ്.

    Read more about: benny p nayarambalam cinema
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X