വെല്ലുവിളികള്‍ സ്വീകരിച്ചതാണ് എന്റെ വിജയം: വിനയന്‍....2
സിനിമ നിര്‍മിക്കുന്നതിന് ഒന്നര കോടിയിലേറെ ചെലവ് വരരുതെന്ന് ഫിലിം ചേംബര്‍ നിര്‍ദേശിച്ചിട്ടുണ്ടല്ലോ. ഈ നിര്‍ദേശം പ്രായോഗികമാണോ?
വളരെ ബാലിശമായ ഒരു നിര്‍ദേശമാണിത്. സിനിമയുടെ വിഷയത്തെ ആശ്രയിച്ചുനില്‍ക്കുന്നു അതിന്റെ ബഡ്ജറ്റ്. എന്റെ വാസന്തിയ്ക്ക് തീര്‍ച്ചയായും ഒന്നര കോടിയുടെ ചെലവ് വേണ്ട. പക്ഷേ വാര്‍ ആന്റ് ലൗവിന് ഒന്നര കോടിയില്‍ കൂടാതെ ചെലവ് ക്രമീകരിക്കാന്‍ എനിക്കാവില്ല. അതിന്റെ ചെലവ് ഒന്നര കോടിയില്‍ കൂടും. തീര്‍ച്ചയായും ലോ ബഡ്ജറ്റ് ചിത്രം വേണോ ബിഗ് ബഡ്ജറ്റ് ചിത്രം വേണോ എന്ന് തീരുമാനിക്കാന്‍ നിര്‍മാതാവിന് അവകാശമുണ്ട്. അതേ സമയം തന്നെ ചിത്രത്തിന്റെ സ്വഭാവത്തിന് അനുസരിച്ച് ബഡ്ജറ്റിനെ കുറിച്ച് സംവിധായകന് വ്യക്തമായ ചിത്രമുണ്ടായിരിക്കണം.
ആകാശഗംഗയില്‍ റിയാസിനെയും ഊമപ്പെണ്ണില്‍ ജയസൂര്യയെയും താങ്കള്‍ പരിചയപ്പെടുത്തി. ഇവരില്‍ ജയസൂര്യ മാത്രമേ ശ്രദ്ധേയനായുള്ളൂ. എന്തുപറ്റി? റിയാസിനെ നായകനാക്കിയത് തെറ്റായ തീരുമാനമായിപ്പോയതാണോ?
ഊമപ്പെണ്ണില്‍ കഥയും ജയസൂര്യയുടെ കഥാപാത്രവും ഒരു പോലെ പ്രധാനപ്പെട്ടതായിരുന്നു. അതേ സമയം ആകാശഗംഗയില്‍ കഥയ്ക്കായിരുന്നു പ്രാധാന്യം. താരത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നില്ല. ആകാശഗംഗയില്‍ കുഞ്ചാക്കോ ബോബനെ അഭിനയിപ്പിക്കണമെന്നാണ് ആദ്യം കരുതിയിരുന്നത്. കുഞ്ചാക്കോയെ കിട്ടിയില്ല. അങ്ങനെയാണ് കുഞ്ചാക്കോയെ പോലെ ചോക്ലേറ്റ് മുഖമുള്ള വേറൊരു നടനെ കാസ്റ് ചെയ്തത്. റിയാസിനെ ഞാന്‍ നേരിട്ട് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഊമപ്പെണ്ണിലെ നായകന് വേണ്ടി ഞാന്‍ പലരെയും നോക്കിയിരുന്നു.
ഊമപ്പെണ്ണിന്റെ തമിഴ് റീമേക്കില്‍ നായകനും നായികയും വില്ലനും നായികയും അഛനുമെല്ലാം മലയാള താരങ്ങളാണല്ലോ. എങ്കില്‍ പിന്നെ റീമേക്കിന്റെ ആവശ്യമുണ്ടായിരുന്നോ? ഡബ് ചെയ്താല്‍ പോരായിരുന്നോ?
അങ്ങനെയല്ല. താരങ്ങള്‍ മാത്രമല്ല കാര്യം. കേരളത്തിന്റെ തൊട്ടടുത്ത് കിടക്കുന്ന സംസ്ഥാനമാണെങ്കിലും വ്യത്യസ്തമായ സാംസ്കാരവും ജീവിതവുമാണ് തമിഴ്നാട്ടിലേത്. ചിത്രം വെറുതെ ഡബ് ചെയ്താല്‍ അത് കേരള പശ്ചാത്തലത്തിലുള്ള ചിത്രം മാത്രമായിരിക്കും. തമിഴ് സിനിമയ്ക്കിണങ്ങുന്ന മാറ്റം വേണ്ടതുകൊണ്ടാണ് റീമേക്ക് ചെയ്തത്.
ചില രംഗങ്ങള്‍ താങ്കളുടെ സിനിമകളില്‍ ആവര്‍ത്തിക്കുന്നല്ലോ. ബലാത്സംഗം, പുഴയില്‍ പെണ്‍കുട്ടികള്‍ കുളിക്കുന്ന സീനുകള്‍. ഇതാണോ വിജയത്തിന്റെ വിനയന്‍ ഫോര്‍മുല?
സമൂഹത്തിലെ ജീവിതത്തിന് സമാനമായാണ് സിനിമയിലും ഞാന്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. അവയെല്ലാം ഞാനെന്തിന് ഒഴിവാക്കണം. പ്രസക്തമെങ്കില്‍ അവയൊന്നും ഒഴിവാക്കേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
നേരത്തെ താങ്കള്‍ അഭിനയത്തില്‍ താത്പര്യം കാണിച്ചിരുന്നല്ലോ. ലെനിന്‍ രാജേന്ദ്രന്റെ മീനമാസത്തിലെ സൂര്യനിലും ഐ. വി. ശശിയുടെ ഇടനിലങ്ങളിലും താങ്കള്‍ അഭിനയിച്ചു. പിന്നെയെന്താണ് അഭിനയത്തില്‍ നിന്ന് സംവിധാനത്തിലേക്ക് തിരിഞ്ഞത്?
ഓ, അതൊരു കമ്പം മാത്രമായികുന്നു. കൂടുതല്‍ നന്നായി അഭിനയിക്കാന്‍ കഴിയുന്നവര്‍ ഇവിടെയുണ്ടെന്ന് മനസിലാക്കിയപ്പോഴാണ് അഭിനയത്തോടുള്ള കമ്പം വിട്ടത്. പിന്നെ സിനിമാ സംവിധാനത്തില്‍ പലതും ചെയ്യാനാവുമെന്ന് തോന്നിയതുകൊണ്ട് അതിലേക്ക് തിരിഞ്ഞു.
താങ്കള്‍ സിനിമാ ഗാനങ്ങളെഴുതാനും തുടങ്ങിയിട്ടുണ്ടല്ലോ. കവിതകളോ ഗാനങ്ങളോ എഴുതാറുണ്ടായിരുന്നോ നേരത്തെ?
സിനിമയില്‍ വരുന്നതിന് മുമ്പ് പല മാസികകളിലും ഞാന്‍ കവിതകളെഴുതിയിട്ടുണ്ട്. വിനയന്‍ അമ്പലപ്പുഴ എന്ന പേരിലായിരുന്നു അത്. സ്വന്തമായ ചില പ്രൊഫണല്‍ നാടക ട്രൂപ്പുകള്‍ സംഘടിപ്പിച്ചപ്പോള്‍ അവയ്ക്കു വേണ്ടി ഗാനങ്ങളെഴുതിയിട്ടുണ്ട്. അതു പോലെ സിനിമകള്‍ക്കും ഗാനങ്ങളെഴുതാന്‍ കഴിയുമെന്ന് തോന്നി. അങ്ങനെ രാക്ഷസരാജാവിനും ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനും വേണ്ടി പാട്ടുകളെഴുതി.


Click it and Unblock the Notifications











