For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നല്ല വേഷം ചെയ്ത് രംഗം വിട്ടാലും സങ്കടമില്ല: കാവ്യ...2

  By ഭവാനി ശങ്കര്‍
  |

  പക്ഷേ നായികമാര്‍ അധികകാലം സിനിമയില്‍ നില്‍ക്കുന്നില്ലല്ലോ. ചിലര്‍ വിവാഹത്തോടെ അഭിനയം നിര്‍ത്തുന്നു. ചിലര്‍ക്ക് അവസരങ്ങള്‍ കിട്ടാതാവുന്നു. കാവ്യയ്ക്ക് ആശങ്കയുണ്ടോ?

  ശരിയാണ്. ഞാന്‍ അതേ കുറിച്ച് ആലോചിച്ചിട്ടുണ്ട്. മുമ്പൊക്കെ ഷീലയെയും ശാരദയെയും ജയഭാരതിയെയും പോലുള്ള നടിമാര്‍ ഏറെ കാലം സിനിമയിലുണ്ടായിരുന്നു. പക്ഷേ ഇപ്പോഴുള്ള നടിമാര്‍ക്ക് അങ്ങനെ കഴിയുന്നില്ല. പ്രേംനസീറും ഷീലയും 107 ചിത്രങ്ങളില്‍ ജോടിയായി അഭിനയിച്ചിട്ടുണ്ടെന്ന് കേട്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു പോയിട്ടുണ്ട്. അക്കാലത്തെ പ്രേക്ഷകര്‍ അവരെ തുടര്‍ച്ചയായി ജോടിയായി കാണുന്നത് മടുപ്പുണ്ടാക്കിയിട്ടുണ്ടാവില്ല. ഞാന്‍ ദിലീപ് ചേട്ടന്റെ കൂടെ ആറ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വീണ്ടും ഞങ്ങള്‍ നായികാ നായകന്മാരായി അഭിനയിക്കുന്നത് ഇപ്പോഴത്തെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമോയെന്ന് തീര്‍ച്ചയില്ല.

  പിന്നെ എനിക്ക് പിടിച്ചുനില്ക്കാനാവുന്ന കാലത്തോളം ഞാന്‍ സിനിമയിലുണ്ടാവും. മഞ്ജു വാര്യര്‍ ചെയ്തതുപോലെയുള്ള ശക്തമായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ മനസില്‍ തങ്ങിനില്‍ക്കണം എന്നാണ് എന്റെ ആഗ്രഹം. മഞ്ജു വാര്യര്‍ ഇപ്പോഴും പ്രേക്ഷകരുടെ മനസിലുണ്ട്. അത് മഞ്ജു വാര്യര്‍ ചെയ്ത കുറെ നല്ല കഥാപാത്രങ്ങളിലൂടെയാണ്. ചില നല്ല കഥാപാത്രങ്ങള്‍ ചെയ്ത് സിനിമാരംഗം വിടേണ്ടിവരികയാണെങ്കില്‍ എനിക്ക് സങ്കടമുണ്ടാവില്ല.

  മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയും നായികയായി അഭിനയിച്ചിട്ടില്ലല്ലോ...

  അത് ഒരു കൗമാരപ്രായക്കാരിയായ നായിക എന്ന എന്റെ ഇമേജ് മൂലമാണ്. അവരുടെ നായികയായി ഞാന്‍ അഭിനയിക്കുന്നത് പ്രേക്ഷകര്‍ സ്വീകരിക്കില്ലായിരിക്കും. ഒരു നടിയെന്ന നിലയില്‍ അവരുടെ നായികയായി അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത് എനിക്കും തീര്‍ത്തും സന്തോഷകരമായിരിക്കും. ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞാല്‍ എനിക്ക് അതിനുള്ള അവസരം ലഭിച്ചേക്കാമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ നായികയായിട്ടല്ലെങ്കിലും മമ്മൂട്ടിയോടൊപ്പം രാക്ഷസരാജാവ്, ഒരാള്‍ മാത്രം എന്നീ ചിത്രങ്ങളിലും മോഹന്‍ലാലിനോടൊപ്പം ഒന്നാമനിലും അഭിനയിച്ചിട്ടുണ്ട്.

  എന്തിനാണ് അത്തരം വേഷങ്ങള്‍ ചെയ്തത്? അവയൊന്നും പ്രധാന കഥാപാത്രങ്ങളായിരുന്നില്ല. കാവ്യ ആ ചിത്രങ്ങളിലൊന്നും അത്ര ശ്രദ്ധിക്കപ്പെട്ടുമില്ല....

  പലരും എന്നോട് ഈ ചോദ്യം ചോദിച്ചിട്ടുണ്ട്. ഒന്നാമത്തെ കാര്യം രണ്ട് വലിയ നടന്മാരുടെ ചിത്രങ്ങളാണവ. രണ്ടാമത് വലിയ സംവിധായകരാണ് ആ ചിത്രങ്ങളെടുത്തത്. കഥാപാത്രങ്ങള്‍ അത്ര പ്രധാനമായിരുന്നില്ലെന്നത് ശരിതന്നെ. പ്രധാനപ്പെട്ട വേഷം തന്നെയാണെന്നാണ് ആദ്യം എന്നെ അറിയിച്ചിരുന്നത്. പിന്നീടത് മാറി.

  രാക്ഷസരാജാവിലെ ചില ഭാഗങ്ങള്‍ വെട്ടിമാറ്റി. ഞാനതില്‍ ദിലീപേട്ടന്റെ ജോടിയായിട്ടാണ്. ഞങ്ങള്‍ രണ്ടു പേരും വരുന്ന ഒരു ഗാന രംഗമുണ്ടായിരുന്നു. അത് വെട്ടിമാറ്റിയതില്‍ ഞാന്‍ വിനയന്‍ സാറിനോട് പരാതിപ്പെട്ടിരുന്നു. ഭാവിയില്‍ നല്ല കഥാപാത്രം നല്‍കാമെന്നാണ് വിനയന്‍ സാര്‍ അപ്പോള്‍ പറഞ്ഞത്. കാശിയിലെ വേഷം അദ്ദേഹം എനിക്ക് തന്നു. ഇപ്പോള്‍ തമിഴ്നാട് മുഴുവനും എന്നെയറിയാം.

  ഒരു കൗമാരതാരമായിട്ടും ജീവന്‍ മശായിയില്‍ നെടുമുടി വേണുവിന്റെ കാമുകിയായി അഭിനയിച്ചിട്ടുണ്ടല്ലോ....

  ആ കഥാപാത്രത്തിന്റെ മൂന്ന് ഘട്ടങ്ങളാണ് ഞാന്‍ ചെയ്തത്. വളരെ നല്ല കഥാപാത്രമായിരുന്നു. പിംഗളകേശിനിയെന്നാല്‍ മരണദേവതയാണ്. ചിത്രം റിലീസ് ചെയ്യാത്തത് കഷ്ടമായി. ടിവിയില്‍ വരുമായിരിക്കും.

  കൊച്ചിയില്‍ തന്നെ തുടരാനാണോ ഉദ്ദേശ്യം?

  ഒരിക്കലുമില്ല. ഈ ലോകത്ത് എവിടെയായിരുന്നാലും നീലേശ്വരത്തുകാരി പെണ്‍കുട്ടിയായിരിക്കാനാണ് എനിക്ക് ഇഷ്ടം. സിനിമകളില്‍ അഭിനയിക്കുന്നത് നിര്‍ത്തിയാല്‍ ഞാന്‍ നീലേശ്വരത്തേക്ക് മടങ്ങും.

  വിദ്യാര്‍ഥിയിരിക്കുമ്പോഴാണല്ലോ സിനിമയില്‍ നായികയായെത്തിയത്. പിന്നെ സിനിമയില്‍ തിരക്കായി. ഇതിനിടയില്‍ പഠനം തുടരാനാവുന്നുണ്ടോ?

  ഓപ്പണ്‍ സര്‍വകലാശാലയില്‍ പ്ലസ് ടുവിന് ഞാന്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്. സിനിമകളുടെ തിരക്ക് കാരണം ഏപ്രിലില്‍ പരീക്ഷയെഴുതാനായില്ല. സപ്തംബറില്‍ പരീക്ഷയെഴുതണം. അതിനുള്ള ഒരുക്കത്തിലാണ്.

  പഠിക്കാന്‍ ഞാന്‍ അത്ര മിടുക്കിയൊന്നുമല്ല. പക്ഷേ പാസാവാനുള്ള മാര്‍ക്ക് കിട്ടുമെന്ന് തീര്‍ച്ചയുണ്ട്. ഞാനെന്തായും വലിയ ജോലിയിലൊന്നും എത്താന്‍ പോവുന്നില്ല. അതുകൊണ്ടുതന്നെ ഒരു ബിരുദമെടുക്കണം എന്നേയുള്ളൂ. എന്തായാലും അത് വരെ പഠിത്തം നിര്‍ത്തില്ല.

  Read more about: kavya madhavan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X