For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മികച്ച സൃഷ്ടി വരാനിരിക്കുന്നേയുള്ളു: കമല്‍

  By എസ്. ബിനുരാജ്
  |

  Kamal
  മലയാള സിനിമാ പ്രേക്ഷകര്‍ക്ക് മുന്നില്‍ കമലിനെ കുറിച്ച് ഒരു മുഖവുര ആവശ്യമില്ല. പെരുവണ്ണാപുരത്തെ വിശേഷങ്ങളും കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികളുമായി ചലിച്ചിത്രാസ്വാദകരുടെ മനസില്‍ നല്ല കഥയുടെ ഉള്ളടക്ക വുമായി കമല്‍ നിറം ചാര്‍ത്താന്‍ തുടങ്ങിയിട്ട് ഒരു ദശകം പിന്നിട്ടിരിക്കുന്നു.

  തന്റെ മികച്ച സൃഷ്ടി ഇനിയും പിറക്കാനിരിക്കുന്നേയുള്ളു എന്ന് കമാലുദ്ദീന്‍ എന്ന കമല്‍ പറയുന്നു. ഇപ്പോഴും ലോക സിനിമയിലും ഇന്ത്യന്‍ സിനിമയിലും ഉണ്ടാകുന്ന മാറ്റങ്ങളും പുതിയ തരംഗങ്ങളും സസൂക്ഷമം നിരീക്ഷിക്കുന്ന കമല്‍ ചലച്ചിത്രോത്സവങ്ങളിലെ നിത്യസാന്നിധ്യമാണ്. സൂര്യയുടെ ഇന്ത്യാ ഫെസ്റിവലിന് തിരുവനന്തപുരത്തെത്തിയ കമല്‍ മലയാളം ഇന്ത്യാ ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്.

  മലയാളസിനിമയില്‍ ഒരു കമല്‍ ശൈലി രൂപം കൊള്ളുകയാണോ?

  അത് ഞാനല്ല തീരുമാനിക്കേണ്ടത്. ഞാന്‍ എന്നും എന്റെ ചലച്ചിത്ര, സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്കുള്ളില്‍ നിന്നേ പ്രവര്‍ത്തിച്ചിട്ടുള്ളു. എന്റെ ഓരോ ചിത്രവും അത് വ്യക്തമാക്കുന്നു, ഇതാണ് കമലിന്റെ രീതി എന്ന്. അത് ഉദാത്തമാണെന്നോ മറ്റുള്ളവയെക്കാള്‍ മികച്ചതെന്നോ എനിക്കഭിപ്രായമില്ല. നിര്‍മാതാവിന് ലാഭമുണ്ടാക്കാനായി ചിത്രമെടുക്കുമ്പോഴും സംവിധായകന്‍ കമലാണെങ്കില്‍ അത് പ്രേക്ഷകര്‍ തിരിച്ചറിയണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. അതിനെ വേണമെങ്കില്‍ കമല്‍ ശൈലി എന്നു വിളിക്കാം. പിന്നെ ഓരോ സംവിധായകര്‍ക്കും ഓരോ ശൈലിയുണ്ടല്ലോ.

  എന്നാലും പൊതുവേ ചില ഘടകങ്ങള്‍ താങ്കളുടെ ചിത്രത്തില്‍ കാണാനുണ്ട്... മുളനാഴിയില്‍ നന്മ മാത്രം അളക്കുന്ന ഒരു ഗ്രാമം, ആരെയും വശീകരിക്കുന്ന സംഗീതവും ഗാനങ്ങളും, ഹൃദയത്തില്‍ തൊടുന്ന പ്രണയം....അങ്ങനെ പലതും..?

  ഗ്രാമങ്ങളുടെ നൈര്‍മല്യം അത് ആരെയും ആകര്‍ഷിക്കുന്ന ഒന്നല്ലേ? നമ്മളൊക്കെ ഒരു തരം ഒളിച്ചോട്ടക്കാരാണ്. നഗരത്തില്‍ താമസിക്കുമ്പോഴും പഴയ നാട്ടിന്‍പുറത്തില്‍ മനസുകൊണ്ട് സഞ്ചാരം നടത്താന്‍ ആഗ്രഹിക്കുന്നവര്‍, എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് സാധ്യമാവുന്നുമില്ല. അത് സിനിമയില്‍ കാണുമ്പോള്‍ ഒരു സുഖവും സുഖമുള്ള ഒരു നഷ്ടബോധവും ഉണ്ടാവുകയും ചെയ്യുന്നു. താങ്കള്‍ പറഞ്ഞത് ശരിയാണ്. ഈ പുഴയും കടന്നില്‍ ഞാനീ ഗ്രാമീണ നൈര്‍മല്യത്തിന്റെ സിമ്പലുകള്‍ ധാരാളം ഉപയോഗിച്ചിരുന്നു. എട്ടരയ്ക്ക് വരുന്ന ഒരു ബസ്. അതു പോയിക്കഴിഞ്ഞാല്‍ പിന്നെ ടൗണിലേക്ക് സമയത്തിന് എത്താന്‍ പറ്റില്ല. പാലം തകര്‍ന്നാല്‍ പുഴ കടക്കാനാവില്ല. പെരുവണ്ണാപുരത്തില്‍ നാട്ടിന്‍പുറത്തുകാരുടെ നിഷ്ക്കളങ്കതയും കൊച്ചുകൊച്ചു വാശികളും നന്നായി ചേര്‍ത്തിരുന്നു, അത് പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുകയും ചെയ്തു.

  സംഗീതം എന്റെ ദൗര്‍ബല്യമാണ്. ഗാനങ്ങള്‍ ഒഴിവാക്കി ഒരു ചിത്രത്തെ കുറിച്ച് ചിന്തിക്കാനേ വയ്യ. പുതിയ ചിത്രമായ മേഘമല്‍ഹാര്‍ സംഗീതാത്മകമായ ഒരു പ്രണയകഥയാണ് പറയുന്നത്. എന്റെ സംഗീത, പ്രണയ സങ്കല്‍പ്പങ്ങള്‍ ആറ്റിക്കുറുക്കിയെടുത്ത സൃഷ്ടി.

  മനസില്‍ എന്നും പ്രണയം സൂക്ഷിക്കുന്നവനാണ് ഞാന്‍. പഠിക്കുന്ന കാലത്ത് ഒരു പെണ്‍കുട്ടിയെ പ്രേമിച്ചിരുന്നു. പ്രണയത്തിന്റെ നഷ്ടങ്ങളും നേട്ടങ്ങളും മതിവരുവോളം അനുഭവിച്ചു. പ്രണയത്തിന്റെ മര്‍മ്മമറിഞ്ഞാല്‍ മാത്രം മതി, അവിടെ തൊട്ടാല്‍ ഏതൊരു പ്രേക്ഷകനും വീണുപോകും. കാരണം ഏത് ദുഷ്ടന്റെ മനസിലും പ്രണയത്തിന്റെ ഒരു ചെറുതരിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

  പക്ഷേ ഇന്നത്തെ ചലച്ചിത്രഗാനങ്ങളുടെ നിലവാരം താഴ്ന്നിട്ടില്ലേ?

  ഹിന്ദിയിലും തമിഴിലും ഉള്ളതിനെ അനുകരിക്കാന്‍ പോയാല്‍ പിന്നെ നിലവാരം താഴാതിരിക്കുമോ? മലയാളിക്ക് വേണ്ട സംഗീതം മാത്രമേ മലയാളിക്ക് നല്‍കാവൂ. എത്ര ആധുനികനായാലും ഓര്‍ക്കാതിരുന്നപ്പോള്‍ ഒരുങ്ങാതിരുന്നപ്പോള്‍ ഓമനേ നീയെന്റെ അരികില്‍ വന്നു എന്ന് പാടിയാല്‍ മലയാളിക്ക് ആ വികാരം മനസിലാകും. ഇപ്പോള്‍ നിര്‍മാതാക്കളുടെ പിടിവാശി കാരണം വളരെ വേഗത്തിലും ആവശ്യമില്ലാത്ത സ്പെഷ്യല്‍ ഇഫക്ടുകളും ചേര്‍ത്ത് ഗാനരംഗം ചിത്രീകരിക്കാന്‍ സംവിധായകര്‍ നിര്‍ബന്ധിതരാകുന്നു.

  ഹിറ്റുകളോടൊപ്പം പരാജയങ്ങളും താങ്കളുടെ ചിത്രങ്ങള്‍ക്കുണ്ടായിട്ടുണ്ട്. ഉദാഹരണമായി ഗസല്‍, മധുരനൊമ്പരക്കാറ്റ് എന്നിവ. അപ്പോള്‍ ആ ചിത്രം സംവിധാനം ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ?

  ഒരിക്കലുമില്ല. ഞാന്‍ പറഞ്ഞില്ലേ എന്റെ സിനിമാ സങ്കല്‍പ്പങ്ങള്‍ക്കുള്ളില്‍ നിന്നും വ്യതിചലിക്കാന്‍ ഞാന്‍ തയാറല്ല. മലയാള സിനിമ ഹിറ്റുകളില്ലാതെ വ്യവസായം തന്നെ തകരുന്നു എന്ന അവസ്ഥയിലാണ് ഞാന്‍ നിറം എടുത്തത്. ഇന്നത്തെ കൗമാരക്കാരുടെ പള്‍സ് അറിയാന്‍ കഴിഞ്ഞു എന്നതായിരുന്നു എന്റെ വിജയം. എന്റെ കൗമാരമല്ല ഇന്നത്തെ തലമുറയുടേത്. നിറത്തിന്റെ വന്‍ വിജയത്തിന് ശേഷം എനിക്ക് എന്റെ സങ്കല്‍പ്പത്തിലുള്ള എന്നെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രമെടുക്കണമെന്ന് തോന്നി, അതാണ് മധുരനൊമ്പരക്കാറ്റ്. അല്‍പം കാശ് നഷ്ടമായി എങ്കിലും വരുംകാലത്ത് പലരും പറയും കമലിന്റെ മികച്ച ചിത്രങ്ങളിലൊന്ന് മധുരനൊമ്പരക്കാറ്റാണെന്ന്. ഗസല്‍ എനിക്കിഷ്ടപ്പെട്ട ഒരു സബ്ജകടായിരുന്നു. എന്റെ ചുറ്റുപാടുകളുമായി വളരെ ബന്ധമുള്ള ഒന്ന്. ആ കാലത്തോട് നീതി കാട്ടി എന്നു തന്നെയാണ് എന്റെ വിശ്വാസം.

  മലയാള സിനിമ പ്രതിസന്ധിയിലേക്ക് പോവുമ്പോള്‍ സംവിധായകര്‍ക്ക് എന്താണ് ചെയ്യാന്‍ കഴിയുക?

  പരമാവധി ചെലവ് ചുരുക്കുക മാത്രമേ മാര്‍ഗമുള്ളു. ഇന്ന് കുടുംബങ്ങള്‍ തിയേറ്ററിലെത്താന്‍ മടിക്കുന്നു. എന്തോ ഒന്നാണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്. അതെന്താണെന്ന് കണ്ടുപിടിക്കാനാവില്ലല്ലോ. പുതിയ ചിത്രമായ മേഘമല്‍ഹാര്‍ സൂപ്പര്‍ 16 എന്ന വില കുറഞ്ഞ ഫിലിമിലാണ് ചിത്രീകരിച്ചത്. ചെലവ് പകുതിയോളം കുറയ്ക്കാന്‍ ഇതുകൊണ്ട് കഴിഞ്ഞു. നഷ്ടത്തെക്കുറിച്ച് ചിന്തിക്കാതെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് പിന്നാലെ പോയതാണ് പ്രശ്നം.

  Read more about: kamal cinema
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X