ഞാന്‍ നൃത്തം ചെയ്യുമ്പോള്‍ മലയാളികള്‍ക്ക് അത്ഭുതം - ജയറാം
ഞാന്‍ നൃത്തം ചെയ്യുമ്പോള്‍ മലയാളികള്‍ക്ക് അത്ഭുതം - ജയറാം
അപരന്‍ എന്ന ചിത്രത്തിലൂടെ പത്മരാജന്‍ മലയാള സിനിമക്ക് പരിചയപ്പെടുത്തിയ നടനാണ് ജയറാം. അതിനു ശേഷം ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ട് ജയറാം മലയാളത്തിലെ മുന്‍നിര നടന്മാരുടെ നിരയിലെത്തി.
ഇപ്പോള്‍ മലയാളത്തില്‍ മിനിമം ഗ്യാരന്റിയുള്ള ഏക നടനെന്ന് വിമര്‍ശകര്‍ പോലും അംഗീകരിക്കുന്ന നടനാണ് ജയറാം. ഹ്യൂമറും സെന്റിമെന്റ്സും മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന ജയറാം ആക്ഷന്‍ റോളുകളും അവതരിപ്പിച്ചിട്ടുണ്ട്.
വിക്രമന്‍ സംവിധാനം ചെയ്ത ഗോകുലം എന്ന ചിത്രത്തിലൂടെയാണ് ജയറാം തമിഴിലെത്തിയത്. കമലഹാസന്‍ നായകനായ തെനാലിയില്‍ ശക്തമായ ഒരു കഥാപാത്രത്തെ ജയറാം അവതരിപ്പിക്കുന്നു. ഉപനായകവേഷമെങ്കിലും ചിത്രത്തിന്റെ ഗതിയെ അങ്ങേയറ്റം സ്വാധീനിക്കുന്ന ഒരു കഥാപാത്രം.
ജയറാം ഇന്ത്യാ ഇന്‍ഫോയുടെ സംസാരിച്ചപ്പോള്‍...
മലയാളത്തിലും തമിഴിലും താങ്കള്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ തമ്മിലുള്ള വ്യത്യാസമെന്താണ്..?
മലയാളത്തില്‍ ഞാന്‍ ഇപ്പോള്‍ ആക്ഷനും കോമഡിയുമാണ് ചെയ്തു വരുന്നത്. തമിഴില്‍ ആക്ഷനും കോമഡിക്കും പുറമെ പാട്ടുപാടി നൃത്തവും ചെയ്യുന്നു. തമിഴില്‍ ഞാന്‍ നൃത്തം ചെയ്യുന്നുവെന്നത് എന്റെ മലയാളി ആരാധകര്‍ക്കു പോലും വിശ്വസിക്കാന്‍ കഴിയുന്നില്ല. അടുത്തിടെ തമിഴ്നാട്ടില്‍ വെച്ച് കുറച്ച് മലയാളി ആരാധകരെ കണ്ടപ്പോള്‍ താങ്കള്‍ തമിഴില്‍ നൃത്തം ചെയ്യുന്നല്ലോ എന്നു പറഞ്ഞ് അവര്‍ അത്ഭുതപ്പെടുകയുണ്ടായി.
മലയാളത്തിലെയും തമിഴിലെയും അഭിനയം എങ്ങനെ ഒരുമിച്ചു കൊണ്ടുപോകുന്നു..?
മലയാളത്തില്‍ ഒരു ചിത്രം പൂര്‍ത്തീകരിക്കാന്‍ കുറഞ്ഞ ദിവസങ്ങള്‍ മതി. തമിഴില്‍ ഒരു ശരാശരി ചിത്രത്തിന് വേണ്ടത് 62-70 ദിവസങ്ങളാണ്. ഇടയ്ക്ക് ഷെഡ്യൂള്‍ മാറുമ്പോള്‍ 10-20 ദിവസങ്ങള്‍ ഒഴിവ് ലഭിക്കും. ആ അവസരത്തില്‍ ഞാന്‍ സാധാരണഗതിയില്‍ രണ്ടോ മൂന്നോ ചിത്രങ്ങള്‍ ചെയ്തു തീര്‍ക്കും. നിലായില്‍ അഭിനയിച്ചു കൊണ്ടിരുന്നപ്പോള്‍ തന്നെ ഞാന്‍ അഞ്ചു മലയാള ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്.
നിങ്ങളെ തമിഴിലേക്ക് നിര്‍ദ്ദേശിച്ചത് ഖുശ്ബുവാണ് എന്ന് പ്രചരണമുണ്ടല്ലോ... അത് ശരിയാണോ..?
അത് ശരിയല്ല. ഖുശ്ബുവുമൊത്ത് കൂടുതല്‍ തമിഴ് ചിത്രങ്ങല്‍ അഭിനയിച്ചതുകൊണ്ട് ചിലര്‍ പറഞ്ഞുണ്ടാക്കുന്നതാണ് ഇത്. എന്റേത് ഒരു പ്രേമവിവാഹമാണ്. പാര്‍വതിയെ (ഭാര്യ) ഞാന്‍ വളരെയേറെ സ്നേഹിക്കുന്നു. അവള്‍ക്കെന്നെ അറിയാം. എനിക്ക് അവളെയും. യഥാര്‍ത്ഥത്തില്‍ അവളുടെ ഒരു കടുത്ത ആരാധകന്‍ കൂടിയാണ് ഞാന്‍. ഖുശ്ബു എന്റെ അടുത്ത സ്നേഹിതയാണ്. ഇപ്പോള്‍ അവര്‍ സംവിധായകന്‍ സുന്ദറിനെ വിവാഹം കഴിച്ചു ഒരു കുട്ടിയും പിറന്നുകഴിഞ്ഞു.
തെനാലിയിലെ വേഷത്തെക്കുറിച്ച്...
നല്ല വേഷമാണ്. കമലഹാസനുമൊത്ത് അഭിനയിക്കാന്‍ സാധിച്ചതിലാണ് ഏറെ സന്തോഷം. മുമ്പ് സതിലീലാവതിയില്‍ അഭിനയിക്കാന്‍ കമല്‍ എന്നെ ക്ഷണിച്ചിരുന്നു. എന്നാല്‍ അന്ന് എനിക്ക് കാള്‍ഷീറ്റ് നല്‍കാന്‍ കഴിഞ്ഞില്ല. അതിനാല്‍ ആ അവസരം നഷ്ടപ്പെട്ടു. അന്നത്തെ ദുഃഖം ഇപ്പോള്‍ സന്തോഷമായിരിക്കുകയാണ്. കമലിനോടൊപ്പമുള്ള ദിവസങ്ങള്‍ ഞാന്‍ ശരിക്കും ആഘോഷിച്ചു.


Click it and Unblock the Notifications