നിര്‍മ്മാതാവിന്റെ ലാഭത്തിന് പ്രഥമപരിഗണന - ഷാജി കൈലാസ്
നിര്‍മ്മാതാവിന്റെ ലാഭത്തിന് പ്രഥമപരിഗണന - ഷാജി കൈലാസ്
മലയാള സിനിമയുടെ ഇന്നിന്റെ ആവശ്യകതയാണ് ഷാജി കൈലാസ് എന്ന ടിപ്പിക്കല്‍ കൊമേഴ്സ്യല്‍ സംവിധായകന്‍. പുറത്തിറങ്ങുന്ന ഓരോ മലയാള സിനിമയും തിയേറ്ററുകളില്‍ പൊട്ടിത്തകരുമ്പോള്‍ ഈ സംവിധായകന്‍ പുറത്തിറക്കിയ രണ്ടു ചിത്രങ്ങള്‍ - നരസിംഹവും വല്ല്യേട്ടനും - തിയേറ്ററുകള്‍ തകര്‍ത്തോടുകയാണ് ചെയ്തത്.
മലയാളത്തില്‍ ആക്ഷന്‍ ചിത്രങ്ങള്‍ക്ക് പുതിയ മാനവും പരിവേഷവും നല്‍കിയ ഷാജിയുടെ ആദ്യത്തെ ചിത്രം പക്ഷേ ആക്ഷന്‍ സ്വഭാവമുള്ളതായിരുന്നു. ഡോ. പശുപതി എന്ന ഒരു കോമഡി ചിത്രം. പിന്നീടാണ് രഞ്ജി പണിക്കരും സുരേഷ് ഗോപിയുമൊത്ത് ആക്ഷന്‍ തരംഗം സൃഷ്ടിച്ച ഏകലവ്യനും കമ്മീഷണറും വരുന്നത്.
സുരേഷ് ഗോപിയെ സൂപ്പര്‍ സ്റാര്‍ സ്ഥാനത്തേക്കുയര്‍ത്തിയ ഷാജി പിന്നീട് മെഗാ സ്റാറുകളായ മമ്മൂട്ടി, മോഹന്‍ ലാല്‍ എന്നിവരിലേക്ക് തിരിഞ്ഞു. അങ്ങനെയാണ് ദി കിംഗ്, ദി ട്രൂത്ത്, വല്ല്യേട്ടന്‍, ആറാം തമ്പുരാന്‍, നരസിംഹം എന്നീ ചിത്രങ്ങള്‍ പിറക്കുന്നത്. വാഞ്ചിനാഥനിലൂടെ ഇപ്പോള്‍ തമിഴിലും ഒരു ചുവടു വെക്കാനുള്ള ശ്രമത്തിലാണ് ഷാജി.
ആറാം തമ്പുരാനും നരസിംഹവും വല്ല്യേട്ടനും വന്‍ വിജയങ്ങളാകുമ്പോള്‍ തന്നെ ഷാജിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കും കുറവില്ല. ഇന്ത്യാഇന്‍ഫോയുമായി ചെലവഴിച്ച കുറച്ചു നിമിഷങ്ങളില്‍ ഷാജി അവയ്ക്കു മറുപടി പറയുന്നു.
താങ്കളുടെ പുതിയ ചിത്രങ്ങളെല്ലാം വിജയമാവുകയാണല്ലോ..? എന്താണിതിന്റെ ഫോര്‍മുല..?
നമ്മള്‍ കലിയുഗത്തിലാണ് ജീവിക്കുന്നത്. സമൂഹത്തിന്റെ കണ്ണാടിയായിരിക്കേണ്ട മാധ്യമങ്ങള്‍ വീരപ്പനെപ്പോലുള്ള കൊള്ളക്കാരെ നായകന്മാരാക്കുന്നു. ഇപ്പോള്‍ നായകനേക്കാള്‍ (രാജ്കുമാര്‍) ഏറെ വില്ലനെ (വീരപ്പന്‍) കുറിച്ചാണ് സംസാരം. വല്ല്യേട്ടനില്‍ തന്നെ നോക്കാം. മമ്മൂട്ടിയുടെ അറയ്ക്കല്‍ മാധവനുണ്ണിയേക്കാള്‍ വില്ലനായ സായികുമാറിന്റെ ശിവരാമനെയാണ് പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടത്.
നരസിംഹം ചെയ്യുമ്പോള്‍ എനിക്ക് ചെറിയ ഭയമുണ്ടായിരുന്നു. ഒരു സൂപ്പര്‍സ്റാറിനെ ദുസ്സ്വഭാവമുള്ള ഒരാളായാണ് ചിത്രീകരിക്കുന്നത്. പകയാണ് ചിത്രത്തിന്റെ പ്രേമയമെങ്കിലും നായകന്‍ ഒരിക്കലും നല്ലവനായിരുന്നില്ല. പക്ഷെ തനിക്ക് യൗവനം നിഷേധിച്ചതിനെതിരെയാണ് അയാള്‍ പോരാടുന്നത് എന്ന കാര്യം മാത്രമേ എനിക്ക് ശക്തിയായി ഉണ്ടായിരുന്നുള്ളൂ. പക്ഷെ അയാളുടെ പ്രവൃത്തികളെ പ്രേക്ഷകന്‍ കൈയടിച്ച് സ്വീകരിച്ചു. അങ്ങനെയാണ് ഞാന്‍ മനസ്സിലാക്കിയത് പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നത് ലേശം അക്രമ സ്വഭാവമുള്ള നായകനെയാണെന്ന്. അതു തന്നെയാണ് എന്റെ ഫോര്‍മുലയും.
നരസിംഹത്തിനു ശേഷം പ്രേക്ഷകര്‍ താങ്കളില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിച്ചതു കൊണ്ട് ടെന്‍ഷന്‍ അനുഭവപ്പെട്ടിരുന്നില്ലേ...?
തീര്‍ച്ചയായും. നരസിംഹത്തിനുശേഷം എനിക്ക് പുറത്തിറങ്ങി നടക്കാന്‍ പോലും കഴിയില്ലായിരുന്നു. അടുത്ത സിനിമയിലും ഇതുപോലുള്ള തകര്‍പ്പന്‍ ഡയലോഗുകള്‍ ഞങ്ങള്‍ക്ക് തരൂ എന്നായിരുന്നു എല്ലാവരുടെയും ആവശ്യം. അടുത്ത ചിത്രത്തിന് നരസിംഹവുമായി എന്തെങ്കിലും താരതമ്യം വേണമെന്ന് അങ്ങനെയാണ് ഞാന്‍ തീരുമാനിച്ചത്. സാധാരണ പ്രേക്ഷകന്റെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുക എന്നതാണ് എനിക്ക് മുഖ്യം.
ചെറുപ്പകാലത്ത് ലഭിച്ച പീഡനങ്ങള്‍ക്ക് പ്രതികാരം ചെയ്യുന്ന നായകനെയാണല്ലോ ആറാം തമ്പുരാന്‍ മുതലുള്ള താങ്കളുടെ ചിത്രങ്ങളില്‍ കാണുന്നത്. എന്തുകൊണ്ടാണിങ്ങനെ..?
(ചിരിക്കുന്നു) എന്റെ ചിത്രത്തിന്റെ നിര്‍മ്മാതാവിനെ രക്ഷിക്കുക എന്നതിനാണ് എന്റെ പ്രഥമ പരിഗണന. വല്ല്യേട്ടന്റെ നിര്‍മ്മാതാവിന് ചെലവാക്കിയ രണ്ടു കോടിക്ക് പകരം ഏഴു കോടിയെങ്കിലും തിരിച്ചു ലഭിക്കും. രണ്ടാമത്തേത്, എന്റെ ചിത്രം കാണുന്ന പ്രേക്ഷകന് കാശ് മുതലാകണം. നരസിംഹത്തില്‍ ലാലിന്റെ വണ്‍മാന്‍ ഷോ ആയിരുന്നു. വല്ല്യേട്ടനില്‍ നഷ്ടപ്പെട്ട വീട് തിരിച്ചു പിടിക്കാന്‍ മൂത്ത സഹോദരന്റെ പിന്നില്‍ അണി നിരക്കുന്ന കുടുംബമാണ് നായകസ്ഥാനത്ത്. നരസിംഹത്തില്‍ ലാലിന്റെ ഇമേജ് ഒരു പരിധിവരെ വിജയഘടകമായിരുന്നെങ്കില്‍ വല്ല്യേട്ടനില്‍ അങ്ങനെയല്ല. അതൊരു കൂട്ടായ യജ്ഞമാണ്.
ഞാന്‍ കോമഡിയും മെലോഡ്രാമയും പ്രേമകഥകളും ഉപയോഗിക്കുന്നുണ്ടെന്ന് എന്റെ ചത്രം ശരിക്കു പരിശോധിച്ചാല്‍ നിങ്ങള്‍ക്കു മനസ്സിലാകും. ഹിന്ദു ഫ്യൂഡലിസം എനിക്ക് വേണ്ടത്ര പരിചയവും ഉള്ള വിഷയമായതിനാല്‍ സ്വാതന്ത്യ്രം എടുക്കാനും സാധിക്കും. കൂടാതെ ഒരു ക്ഷേത്രത്തില്‍ വെച്ച് എനിക്ക് സംഘട്ടന രംഗങ്ങളും മറ്റും ചിത്രീകരിക്കാം. പക്ഷെ നായകന്‍ ഒരു മുസ്ലിമാണെങ്കില്‍ പള്ളിയില്‍ വെച്ച് അത് സാധ്യമാവില്ല. അതിനാലാണ് എന്റെ നായകന്മാര്‍ ഹിന്ദു ഫ്യൂഡല്‍ കുടുംബവ്യവസ്ഥയില്‍ നിന്നാവുന്നത്. വാസ്തവം പറയട്ടെ... ഇന്ന് ഭൂരിപക്ഷമാണ് വേദന അനുഭവിച്ചുവരുന്നത്.
1


Click it and Unblock the Notifications