For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചക്രം തിരുത്തിയെഴുതും: ലോഹിതദാസ്

  By ഭവാനി ശങ്കര്‍
  |

  Lohithadas
  ഹൃദയസ്പര്‍ശികളായ കഥകളായിരുന്നു ലോഹിതദാസ് ചിത്രങ്ങളുടെ മുഖമുദ്ര. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും വേദനകളുടെയും ദു:ഖങ്ങളുടെയും ഉല്ക്കണ്ഠകളുടെയും ആഴങ്ങളിലേക്ക് പോകുന്ന കഥാപാത്രങ്ങളെ ലോഹിതദാസ് തന്റെ തിരക്കഥകളിലൂടെ സൃഷ്ടിച്ചു. അവയിലധികവും മലയാളിപ്രേക്ഷകന്റെ മനസില്‍ എന്നും ഓര്‍മിക്കുന്ന സിനിമകളായി.

  ഭൂതക്കണ്ണാടിയിലൂടെ സംവിധാനരംഗത്തേക്ക് കടന്ന ലോഹി വ്യത്യസ്തമായ കഥകളാണ് തന്റെ ചിത്രങ്ങള്‍ക്ക് പ്രമേയമാക്കിയത്. മനുഷ്യന്റെ നൊമ്പരങ്ങളുടെയും ആര്‍ദ്രതയുടെയും കഥകള്‍ പറയുന്ന സിനിമ നശിച്ചിട്ടില്ല എന്ന് ഏറ്റവുമൊടുവില്‍ ജോക്കറിലൂടെ തെളിയിച്ചു. ജോക്കറിന്റ വിജയത്തിനു ശേഷം സൂത്രധാരന്റെ ചിത്രീകരണത്തിനിടയിലാണ് ലോഹി ഇപ്പോള്‍. തമിഴ്നാട്ടിലെ തെങ്കാശിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. സൂത്രധാരന്റ ലൊക്കേഷനില്‍ വച്ച് ലോഹി മലയാളം ഇന്ത്യാഇന്‍ഫോയോട് സംസാരിക്കുന്നു.

  സൂത്രധാരനിലൂടെ താങ്കള്‍ എന്താണ് പറയാന്‍ ശ്രമിക്കുന്നത്?

  സമൂഹത്തില്‍ നിന്ന് വേഗത്തില്‍ ഇല്ലാതായികൊണ്ടിരിക്കുന്ന സ്നേഹത്തിന്റെയും അടുപ്പത്തിന്റെയും കഥ. ഒരു പക്ഷേ മാതാ അമൃതാനന്ദമയി പറയുന്നത് ശ്രദ്ധിക്കുകയാണെങ്കില്‍ ഞാന്‍ ഈ പറഞ്ഞത് നിങ്ങള്‍ക്ക് എളുപ്പം ദഹിക്കും. അവര്‍ സ്നേഹത്തോടെ നമ്മെ തൊടുമ്പോള്‍ പ്രകാശത്തിന്റെ ഒരു പ്രവാഹം നമ്മിലൂടെ കടന്നുപോവുന്നതായി തോന്നും. കൈയില്‍ സ്നേഹം നിറച്ച് ഒരാളെ നാം സ്പര്‍ശിക്കുമ്പോള്‍ സ്നേഹത്തിന്റെ വ്യാപ്തി നാം അറിയുന്നു.

  അത്തരം ആഴമേറിയ സ്നേഹം വ്യക്തിബന്ധങ്ങളില്‍ ഇല്ലാതായികൊണ്ടിരിക്കുകയാണ്. സൂത്രധാരനിലെ രമേശന് സ്നേഹിക്കാനറിയാം. ജീവിക്കാനായി അച്ചാറും മറ്റുമുണ്ടാക്കി ജീവിക്കുകയാണ് രമേശന്‍. അയാള്‍ ഉണ്ടാക്കുന്നതിനെല്ലാം ഒരു പ്രത്യേക രുചിയുണ്ട്. അമ്മമാരുടെ സ്നേഹം നിറഞ്ഞ കൈകള്‍ ഉണ്ടാക്കുന്ന സ്വാദേറിയ ഭക്ഷണം പോലെയാണ് അതും. രമേശന്റെ ഈ ഗുണം അയാളുടെ ജീവിതത്തില്‍ ഒട്ടേറെ വഴിത്തിരിവുകള്‍ സൃഷ്ടിച്ചു. ഈ വഴിത്തിരിവുകളാണ് ചിത്രത്തിന്റെ പ്രമേയം.

  താങ്കള്‍ തിരക്കഥയെഴുതിയ ചക്രത്തിന് എന്തുപറ്റി? തിരക്കഥയില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ?

  കമലും മോഹന്‍ലാലും നിര്‍മാതാവ് ജോണിയുമെല്ലാം എന്റെ അടുത്ത സുഹൃത്തുക്കളാണ്. അവര്‍ക്കു വേണ്ടിയെന്നല്ല ആര്‍ക്കു വേണ്ടിയും ഞാനൊരിക്കലും ഒരു മോശപ്പെട്ട കഥയെഴുതില്ല. തിരക്കഥയില്‍ കമലിന് ചില മാറ്റങ്ങള്‍ വേണമെന്ന് പറയുന്നു. കമല്‍ ഇതുവരെ എന്നോടൊന്നും ആവശ്യപ്പെട്ടിട്ടില്ല. ഞാനതിന് തയ്യാറാണ്. ഒരു മോഹന്‍ലാല്‍ ചിത്രം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ ഞാനിടവരുത്തില്ല.

  ദിലീപ് പറക്കുതളികയടക്കമുള്ള മിക്ക ചിത്രങ്ങളിലും കോമഡി വേഷമാണ് ചെയ്തത്. സൂത്രധാരനിലെ ഗൗരവമുള്ള കഥാപാത്രം ചെയ്യാന്‍ ദിലീപിനെ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണ്?

  ഈ ചിത്രത്തില്‍ തമാശയില്ലെന്ന് ആരുപറഞ്ഞു? സാധാരണരീതിയിലുള്ള കോമഡി ഒരു പക്ഷേ ഈ ചിത്രത്തില്‍ കാണാന്‍ പറ്റിയില്ലെന്നു വരാം. രമേശന്‍ നിങ്ങളെ ചിരിപ്പിക്കും. അടുത്ത നിമിഷം തന്നെ ചിന്തിപ്പിക്കുകയും ചെയ്യും.

  താങ്കള്‍ എപ്പോഴും പൊതുധാരയ്ക്കെതിരാണ്. തമാശചിത്രങ്ങള്‍ക്ക് കൂടുതല്‍ താല്പര്യം നിലനില്‍ക്കുന്ന വേളയില്‍ ഗൗരവമുള്ള ചിത്രങ്ങളെടുത്ത് വിജയിപ്പിക്കുന്നതെങ്ങിനെയാണ്?

  ഞാനൊരു തമാശക്കാരനല്ല. എനിക്ക് തമാശ പറയാനറിയില്ല. ചിലര്‍ക്ക് ഗൗരവമുള്ള വിഷയങ്ങള്‍ തമാശയിലൂടെ പറയാന്‍ കഴിയും. എനിക്ക് അതിന് കഴിയില്ല. ഞാന്‍ എന്റെ അനുഭവങ്ങളും ഭാവനയും കലര്‍ത്തിയാണ് ചിത്രങ്ങളുണ്ടാക്കുന്നത്. എന്റെ ഓരോ ചിത്രവും ജീവിതത്തെ ആവിഷ്കരിക്കാനാണ് ശ്രമിക്കുന്നത്. ഞാന്‍ ട്രെന്റുകള്‍കനുസരിച്ചല്ല ചിന്തിക്കുന്നത്.

  പുതിയ നായികയെയാണ് താങ്കള്‍ പുതിയ ചിത്രത്തില്‍ പരിചയപ്പെടുത്തുന്നത്. പൊതുവേ മലയാളത്തില്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലേ? അതുകൊണ്ടാണോ നല്ല നടിമാരെ നമുക്ക് കിട്ടാത്തത്?

  നമ്മുടെ ചിത്രങ്ങള്‍ നായകന്മാരെ കേന്ദ്രീകരിച്ചുള്ളതാണെന്നത് ശരിതന്നെ. നല്ല സ്ത്രീ കഥാപാത്രങ്ങള്‍ ഇവിടെ വേണ്ടത്ര ഉണ്ടാവുന്നില്ല. എന്റെ സിനിമകളില്‍ പുരുഷനുള്ളതുപോലെ തന്നെ പ്രാധാന്യം സ്ത്രീകള്‍ക്കുമുണ്ട്. സൂത്രധാരനിലെ നായികയുടെ കാര്യമെടുക്കാം. ചേറ്റില്‍ വളരുന്ന താമര പോലെയുള്ള ഒരു പെണ്‍കുട്ടിയാണ് ഇതിലെ നായിക. ദിലീപിനുള്ള പ്രാധാന്യം ജാസ്മിനും ഈ ചിത്രത്തിലുണ്ട്.

  Read more about: lohithadas
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X