For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ പരാജയം ഞാന്‍ പ്രതീക്ഷിച്ചില്ല: ഷാജി കൈലാസ്

  By Super
  |

  Shaji Kailas
  മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകന്‍. കുറേ നാളായി ആ വിശേഷണം മലയാളത്തില്‍ ഷാജി കൈലാസിനുള്ളതാണ്.

  13 വര്‍ഷം മുമ്പ് ന്യൂസ് എന്ന കുറഞ്ഞ ചെലവിലുള്ള ആക്ഷന്‍ ചിത്രവുമായാണ് ഷാജി കൈലാസ് സിനിമാ രംഗത്ത് പ്രവേശനം നടത്തുന്നത്. പിന്നീട് സണ്‍ഡെ സെവന്‍ പി എം, സൗഹൃദം, നീലക്കുറുക്കന്‍, ഡോ. പശുപതി തുടങ്ങി ഏതാനും ചിത്രങ്ങള്‍ കൂടി ചെയ്തെങ്കിലും ഷാജി കൈലാസ് എന്ന സംവിധായകനെ പ്രേക്ഷകര്‍ അംഗീകരിക്കുന്നത് തലസ്ഥാനം എന്ന ചിത്രത്തോടെയാണ്. ഏകലവ്യന്‍, മാഫിയ, കമ്മിഷണര്‍, ദി കിംഗ്, മഹാത്മ, ദി ട്രൂത്ത് തുടങ്ങിയ തിയേറ്ററുകളില്‍ തകര്‍ത്തോടിയ ചിത്രങ്ങളുടെ നിര തന്നെയായിരുന്നു പിന്നെ. ബോക്സോഫീസില്‍ റിക്കോഡിട്ട ആറാം തമ്പുരാന്‍, നരസിംഹം, വല്യേട്ടന്‍ എന്നീ ചിത്രങ്ങളും ഷാജിയുടെ ക്രെഡിറ്റിലുണ്ട്.

  എന്നാല്‍ ഏറ്റവും ഒടുവിലിറങ്ങിയ ശിവവും താണ്ഡവവും ഈ ക്രൗഡ് പുള്ളര്‍ സംവിധായകന്റെ പേരിന് അല്പം മങ്ങലേല്പിച്ചിരിക്കുന്നു. ആദ്യദിവസങ്ങളില്‍ തന്നെ ജനക്കൂട്ടത്തെ ആകര്‍ഷിച്ചുവെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ രണ്ട് ചിത്രങ്ങളും പ്രേക്ഷകര്‍ നിരാകരിച്ചു.

  ഇത്രയും വലിയൊരു പരാജയം ഞാന്‍ പ്രതീക്ഷിച്ചതല്ല. താണ്ഡവത്തിന്റെ വീഴ്ചയയെ കുറിച്ച് ഷാജി പറയുന്നു. താണ്ഡവത്തിന്റെ വിധിയെഴുത്ത് പൂര്‍ത്തിയായിട്ട് ആഴ്ചകളായെങ്കിലും ചിത്രത്തിന്റെ പരാജയം വരുത്തിയ ആഘാതത്തില്‍ നിന്ന് ഷാജി ഇതുവരെ മോചിതനായിട്ടില്ല. താണ്ഡവത്തിന്റെ പരാജയ കാരണങ്ങളെ കുറിച്ചും മറ്റും ഷാജി ദാറ്റ്സ് മലയാളത്തോട് സംസാരിക്കുന്നു.

  താണ്ഡവത്തിന്റെ പരാജയ കാരണങ്ങളെന്താണ്?

  പ്രജ, ഒന്നാമന്‍ തുടങ്ങി മോഹന്‍ലാലിനെ ആക്ഷന്‍ ഹീറോയാക്കി അവതരിപ്പിച്ച ചിത്രങ്ങളുടെ പിന്നാലെ വന്നതാവാം താണ്ഡവത്തിന്റെ പരാജയ കാരണങ്ങളിലൊന്ന്. ആ ചിത്രങ്ങളിലേതു പോലെ താണ്ഡവത്തിലും മോഹന്‍ലാലിന്റേത് ആക്ഷന്‍ ഹീറോയുടെ വേഷമായിരുന്നു. ഒരു പക്ഷേ മോഹന്‍ലാല്‍ ഒന്നുരണ്ട് ലൈറ്റ് വേഷങ്ങള്‍ ചെയ്ത ചിത്രങ്ങളുടെ പിന്നാലെയാണ് താണ്ഡവം ഇറങ്ങിയിരുന്നതെങ്കില്‍ അത് സൂപ്പര്‍ ഹിറ്റായേനെ.

  താണ്ഡവത്തില്‍ അശ്ലീല സംഭാഷണങ്ങളും ആഭാസ നൃത്തങ്ങളും കൂടിപ്പോയെന്ന ആക്ഷേപത്തെ പറ്റി എന്താണ് പറയാനുള്ളത്?

  കച്ചവട സിനിമയ്ക്ക് വേണ്ട ചില സ്ഥിരം ചേരുവകളുണ്ട്. അതിലൊന്നായാണ് നൃത്തം ഉള്‍പ്പെടുത്തിയത്. അതിന്റെ പ്ലാനിംഗിന്റെയോ ചിത്രീകരണത്തിന്റെയോ ഒടുവില്‍ പ്രിവ്യൂവിന്റെയോ ഘട്ടങ്ങളില്‍ താണ്ഡവം അശ്ലീല ചിത്രമാണെന്ന പ്രചാരം ആരും നടത്തിയിട്ടില്ല. പക്ഷേ ഒന്നാം ദിവസത്തെ പ്രദര്‍ശനം കഴിയുമ്പോഴേക്കും താണ്ഡവം ഒരശ്ലീല ചിത്രമാണെന്ന പ്രചാരം ആരൊക്കെയോ നടത്തിക്കഴിഞ്ഞിരുന്നു.

  മുംതാസിനെ പോലെ വിലപിടിപ്പുള്ള ഒരു നടിയെ താണ്ഡവത്തിലേക്ക് കാസ്റ് ചെയ്യണമായിരുന്നോ? അത് ചിത്രത്തിനൊട്ടും ഗുണം ചെയ്തില്ലല്ലോ.

  മുംതാസിനെ കാസ്റ് ചെയ്യണമെന്നത് എന്റെ നിര്‍ബന്ധമായിരുന്നില്ല. അത് പ്രൊഡ്യൂസര്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ്. മുംതാസ് അഭിനയിക്കുന്നുവെന്ന പബ്ലിസിറ്റി അദ്ദേഹം നേരത്തെ നല്‍കിയിരുന്നു. അതിനാല്‍ മുംതാസിനെ ഉള്‍പ്പെടുത്തിയേ പറ്റൂ എന്ന് വന്നു. അല്ലെങ്കില്‍ നെഗറ്റീവ് പബ്ലിസിറ്റിയായാലോ എന്നദ്ദേഹം ഭയന്നു.

  ഹീറോയിസം ഉള്ള കഥയാണല്ലോ എന്നും സിനിമയാക്കുന്നത്.

  നമുക്ക് പ്രതികരിക്കാന്‍ കഴിയാത്തിടത്ത് ശക്തമായ പ്രതികരിക്കുന്ന ഒരാളെ സ്ക്രീനിലെങ്കിലും കണ്ടാല്‍ അത് നമുക്ക് ഏറെയിഷ്ടപ്പെടും. അതുകൊണ്ടാണ്അത്തരം ഹീറോയിസമുള്ള കഥ തിരഞ്ഞെടുക്കുന്നത്.

  പക്ഷേ വല്യേട്ടന്‍, ശിവം എന്നീ ചിത്രങ്ങളില്‍ നായകന്മാരേക്കാള്‍ ശോഭിച്ചത് വില്ലന്‍ കഥാപാത്രങ്ങളാണ്...

  പ്രതിനായകന്‍ ശക്തനാണെങ്കിലേ നായകന് പ്രസക്തിയുള്ളൂ. ആ നിലയ്ക്ക് വില്ലന്‍ കഥാപാത്രങ്ങളെ രൂപപ്പെടുത്തിയതു കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. പിന്നെ നമ്മുടെ ഇന്നത്തെ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ വീരപരിവേഷം കല്പിക്കപ്പെടുന്നത് വില്ലന്‍മാര്‍ക്കാണ്. ആഗോള തലത്തില്‍ വീരപ്പന് കിട്ടുന്ന പ്രാധാന്യം നോക്കൂ. ഇവിടെ വീരപ്പന് മാധ്യമങ്ങള്‍ എന്തുമാത്രം പ്രധാന്യമാണ് നല്‍കുന്നത്...

  ആദ്യകാല ചിത്രങ്ങളില്‍ വില്ലന്‍മാര്‍ ക്ലൈമാക്സില്‍ കൊല്ലപ്പെടുന്നതായി ചിത്രീകരിച്ച താങ്കള്‍ അടുത്തിടെ ചെയ്ത പല ചിത്രങ്ങളിലും വില്ലന്‍മാര്‍ വധാര്‍ഹരാണെങ്കില്‍ പോലും വെറുതെ വിടുന്നു...

  കണ്ണൂരിലെ പാനൂരിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളെ തുടര്‍ന്നാണ് അങ്ങനെയൊരു മാറ്റമുണ്ടായത്. സിനിമയിലെ കൊലപാതകങ്ങള്‍ ജീവിതത്തില്‍ ആരെയും സ്വാധീനിക്കരുത് എന്ന് കരുതി.

  1

  Read more about: shaji kailas
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X