For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ പരാജയം ഞാന്‍ പ്രതീക്ഷിച്ചില്ല: ഷാജി കൈലാസ്

  By ഭവാനി ശങ്കര്‍
  |

  ശിവം സമകാലീന രാഷ്ട്രീയ സംബന്ധമായ പരാമര്‍ശങ്ങള്‍ ഏറെയുള്ള ചിത്രമാണ്. ശിവത്തിന് മുമ്പള്ള അഞ്ച് വര്‍ഷം താങ്കള്‍ അത്തരം ചിത്രം ചെയ്തിട്ടേയില്ല. എന്നാല്‍ അതിനു മുമ്പ് സമകാലീന രാഷ്ട്രീയം തന്നെയായിരുന്നു താങ്കളുടെ ചിത്രത്തിലെ പ്രധാന പ്രതിപാദ്യവിഷയം. എന്നുവെച്ചാല്‍ യു ഡി എഫ് അധികാരത്തിലിരിക്കുമ്പോള്‍ മാത്രമാണ് താങ്കള്‍ അത്തരം ചിത്രങ്ങളെടുക്കുന്നത്. എല്‍ ഡി എഫ് ഭരിക്കുമ്പോള്‍ രാഷ്ട്രീയം സ്പര്‍ശിക്കുന്നേയില്ല.

  രഞ്ജി പണിക്കരുടെ കൂടെ സിനിമ ചെയ്തപ്പോഴാണ് സമകാലീന രാഷ്ട്രീയവുമായി ബന്ധമുള്ള പ്രമേയങ്ങള്‍ സ്വീകരിച്ചത്. പിന്നീട് രഞ്ജിത്തിന്റെ കൂടെ സിനിമ ചെയ്തപ്പോള്‍ അത് മാറി. എഴുത്തുകാര്‍ മാറിയപ്പോള്‍ സംഭവിച്ചതാണ് ഈ മാറ്റം. ശിവത്തില്‍ സമകാലീന രാഷ്ട്രീയം വിഷയമായത് ബി. ഉണ്ണിക്കൃഷ്ണന്‍ അത്തരമൊരു സബ്ജക്ടുമായി വന്നതുകൊണ്ടാണ്. പിന്നെ എല്‍ ഡി എഫ് ഭരണകാലത്തേക്കാള്‍ രാഷ്ട്രീയമായ തമ്മില്‍തല്ല് യു ഡി എഫ് കാലത്താണ് എന്നതും ഒരു കാരണമാണ്.

  രഞ്ജി പണിക്കരും രഞ്ജിത്തും മാറിയപ്പോള്‍ താങ്കള്‍ക്ക് അത് ക്ഷീണമായി എന്ന് എന്ന് ശിവം, താണ്ഡവം എന്നീ ചിത്രങ്ങളുടെ പരാജയത്തില്‍ നിന്ന് തോന്നുന്നുണ്ടോ?

  ഒരു പരിധി വരെ. രഞ്ജി പണിക്കരും രഞ്ജിത്തും എനിക്ക് ഏറെ കമ്യൂണിക്കേറ്റ് ചെയ്യാവുന്ന എഴുത്തുകാരാണ്. അതിന്റെ മെച്ചം അവരോടൊത്ത് ചെയ്ത ചിത്രങ്ങളില്‍ കാണാം.

  ശിവത്തിലൂടെ ബിജു മേനോനെ സൂപ്പര്‍ സ്റാറാക്കാം എന്ന കണക്കുകൂട്ടല്‍ പിഴച്ചോ?

  സൂപ്പര്‍ സ്റാറാവാന്‍ വേണ്ട യോഗ്യതയുള്ള നടനാണ് ബിജു. പക്ഷേ ഭാഗ്യദോഷം കൊണ്ടാവാം ബിജു ഇതുവരെ ആ പദവിയിലെത്താഞ്ഞത്.

  താണ്ഡവത്തില്‍ ബാബു ആന്റണി അഭിനയിച്ചെങ്കിലും സ്ക്രീനില്‍ ആ ഭാഗം വന്നില്ല...

  ചിത്രത്തിന്റെ ടോട്ടാലിറ്റിയില്‍ ബാബു ആന്റണിയുടെ കഥാപാത്രം മുഴച്ചുനില്‍ക്കുന്ന എന്നു തോന്നിയതു കൊണ്ടാണ് ആ ഭാഗം എഡിറ്റ് ചെയ്തു കളഞ്ഞത്. ആ ഭാഗം കൂടി ചേര്‍ത്തിരുന്നെങ്കില്‍ ചിത്രം ഏറെ നീണ്ടുപോയേനെ.

  ഒട്ടേറെ പ്രോജക്ടുകള്‍ താങ്കള്‍ അനൗണ്‍സ് ചെയ്യാറുണ്ടല്ലോ. പക്ഷേ അവയില്‍ വളരെ കുറച്ചേ നടക്കുന്നുള്ളൂ.

  ഓരോ സിനിമാ പദ്ധതിയും ചര്‍ച്ചാ വേളയില്‍ മറ്റുള്ളവര്‍ അത് മാധ്യമങ്ങളെ വിളിച്ചറിയിക്കുന്നതുകൊണ്ടു വരുന്ന കുഴപ്പമാണത്. ഒട്ടേറെ ആലോചനകള്‍ക്ക് ശേഷമാണ് ഒരു പ്രോജക്ട് ചെയ്യാമെന്ന് തീരുമാനിക്കുക. ഇനി അങ്ങനെ നടക്കും എന്ന സിനിമകളെക്കുറിച്ച് മാത്രമേ വാര്‍ത്തകള്‍ നല്‍കൂ.

  ആദ്യകാലത്ത് സൗഹൃദം, പശുപതി, നീലക്കുറുക്കന്‍ തുടങ്ങിയ ചില ഹാസ്യ സിനിമകള്‍ താങ്കള്‍ ചെയ്തിരുന്നു. ഇനി അത്തരം സിനിമകള്‍ ചെയ്യുമോ?

  ഇല്ല. ഇപ്പോള്‍ പ്രേക്ഷകര്‍ എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ആക്ഷന്‍ സ്വഭാവമുള്ള ചിത്രങ്ങളാണ്. അവരുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി ഒരു ചിത്രമെടുത്താല്‍ സ്വീകരിക്കപ്പെടണമെന്നില്ല. അതിലുപരി എന്നെക്കൊണ്ട് ചിത്രം ചെയ്യിക്കാന്‍ വരുന്നവര്‍ ആക്ഷന്‍ ചിത്രം ചെയ്യാനാണ് പറയുന്നതും.

  സുരേഷ് ഗോപിയെ വെച്ച് ചില ഹിറ്റുകള്‍ തീര്‍ത്തിരുന്ന സംവിധായകനാണ് താങ്കള്‍. ഇപ്പോള്‍ സുരേഷ് ഗോപിയുമായി ഒന്നിച്ചുള്ള ചിത്രങ്ങള്‍ കാണുന്നില്ല.

  അടുപ്പിച്ച് ഞങ്ങള്‍ കുറെ ചിത്രങ്ങള്‍ ചെയ്തിരുന്നു. അത് ഇനിയും തുടര്‍ന്നാല്‍ പ്രേക്ഷകര്‍ക്ക് മടുത്താലോ എന്ന് കരുതി മന:പൂര്‍വം ഞങ്ങള്‍ വിട്ടുനിന്നതാണ്. സമീപഭാവിയില്‍ ഒന്നിച്ച് ചിത്രങ്ങള്‍ ചെയ്യാനും മതി.

  പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി ഡയല്‍ 100 എന്നൊരു ചിത്രം പ്ലാന്‍ ചെയ്ത് പിന്നീട് ഉപേക്ഷിച്ചല്ലോ....

  കേരളീയ നഗരങ്ങളില്‍ ഗുണ്ടകളായ യുവാക്കള്‍ കൂടിവരുന്നതിനെ പറ്റിയുള്ള ഒരു വിഷയമായിരുന്നു. പക്ഷേ അതിലെ കഥാപാത്രങ്ങള്‍ക്ക് യോജിച്ച പുതുമുഖങ്ങളെ കിട്ടാത്തതുകൊണ്ട് ആ പ്രോജക്ട് മാറ്റിവെച്ചു. അതിന്റെ സ്ഥാനത്താണ് ശിവം ചെയ്തത്. ഇപ്പോള്‍ വയലന്‍സ് എന്ന ചിത്രം വന്നതിനാല്‍ ഡയല്‍ 100 ചെയ്യാന്‍ ഉദ്ദേശ്യവുമില്ല.

  തമിഴ് ചിത്രമായ ചാണക്യയില്‍ നിന്ന് പിന്മാറിയത്?

  സബ്ജക്ടിന്റെ കാര്യത്തില്‍ ഞാനും അര്‍ജുനും തമ്മില്‍ യോജിപ്പിലെത്താത്തതുകൊണ്ട് പിന്മാറുകയായിരുന്നു. അതില്‍ കുറെ തീവ്രവാദി സംഭവങ്ങള്‍ വേണമായിരുന്നു അര്‍ജുന്. മറ്റ് ചിത്രങ്ങളില്‍ അത്തരം എലിമെന്റ് വന്നുപോയതിനാല്‍ ഞാനതില്‍ താത്പര്യം കാണിച്ചില്ല. വിഷയത്തില്‍ താത്പര്യമില്ലാതെ ചിത്രം ചെയ്യാന്‍ വയ്യെന്നതുകൊണ്ട് പിന്മാറുകയായിരുന്നു.

  പുതിയ പ്രോജക്ടുകള്‍?

  രഞ്ജി പണിക്കര്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വ്യാഘ്രം എന്ന ചിത്രമായിരുന്നു മനസില്‍. പക്ഷേ താണ്ഡവത്തിന്റെ പരാജയത്തെ തുടര്‍ന്ന് അത് കുറച്ചുകാലം കഴിഞ്ഞ് ചെയ്യാമെന്ന് കരുതി മാറ്റിവെച്ചിരിക്കുകയാണ്. രഞ്ജി പണിക്കര്‍-മമ്മൂട്ടി കൂട്ടുകെട്ടിലും ഒരു ചിത്രത്തിന് പ്ലാനുണ്ട്. ചിലപ്പോള്‍ സംവിധായകന്‍ വിനയന്റെ തിരക്കഥയിലും ഒരു ചിത്രം ചെയ്തേക്കാം. പക്ഷേ ഏത് പ്രോജക്ടായാലും ഇനി ഭാര്യയുടെ പ്രസവത്തിന് ശേഷമേയുള്ളൂ.

  Read more about: shaji kailas
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X