പരിമിതികളെ കുറിച്ച് ബോധ്യമുണ്ട്: കുഞ്ചാക്കോ

തന്റെ അഭിനയ ജീവിതത്തെ കുറിച്ച് കുഞ്ചാക്കോ മലയാളം ഇന്ത്യാഇന്‍ഫോയോട് സംസാരിക്കുന്നു:
തിരക്കില്ലാത്ത സമയത്ത് താങ്കള്‍ അഭിനയത്തിനു വേണ്ട ഹോംവര്‍ക്കുകള്‍ ചെയ്യാറുണ്ടോ?
അങ്ങനെ ചിട്ടയായ പ്രവര്‍ത്തനമൊന്നുമില്ല. സിനിമയുടെ തിരക്കില്ലാത്ത സമയങ്ങളില്‍ ഞാന്‍ കസെറ്റുകള്‍ കാണാറുണ്ട്. വിദേശ ചിത്രങ്ങളാണ് കൂടുതലായും കാണാറ്. ഗോഡ്ഫാദര്‍ എന്ന ഇംഗ്ലീഷ്ചിത്രം ഞാന്‍ നേരത്തെ കണ്ടിരുന്നു. ഈയിടെ ആ ചിത്രത്തിന്റെ കസെറ്റ് വീണ്ടും കണ്ടു. രണ്ടാമത് കണ്ടപ്പോള്‍ കുറെ പഠിക്കാന്‍ കഴിഞ്ഞു. ഇങ്ങനെ പലപ്പോഴും ചില ശ്രമങ്ങള്‍ നടത്തും. അത് ഫലവത്താകാറുമുണ്ട്.
താങ്കളുടെ പരിമിതികളെക്കുറിച്ച് ബോധവാനാണോ?
തീര്‍ച്ചയായും. നമ്മുടെ പരിമിതികള്‍ നാമെപ്പോഴും അറിഞ്ഞിരിക്കണം. എനിക്ക് ശ്രീനിവാസനും ജഗതിയും ചെയ്യുന്നതു പോലുള്ള ഹ്യൂമര്‍ ചെയ്യാനാവില്ല. സുരേഷ്ഗോപി ചെയ്യുന്നതുപോലെ ആക്ഷനും പറ്റില്ല. എന്നാല്‍ ഇതൊക്കെ എനിക്ക് എന്റേതായ രീതിയില്‍ ചെയ്യാനാവും. പരിമിതികളെ കുറിച്ച് ബോധമുള്ളതുകൊണ്ട് എടുത്തുചാടാറില്ല.
അടിപൊളി വേഷങ്ങള്‍ മടുക്കാറായില്ലേ?
അതുകൊണ്ടാണല്ലോ ഞാന്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകയില്‍ അഭിനയിച്ചത്. അത് ഒട്ടും അടിപൊളിയായ വേഷമായിരുന്നില്ല. സ്ഥിരം പാറ്റേണിലുള്ള ഒരു കഥാപാത്രവും ആയിരുന്നില്ല. ഓരോ സിനിമയും വ്യത്യസ്തമാവണമെന്ന് ആഗ്രഹിക്കും. പക്ഷേ പലപ്പോഴും അത് നടക്കാറില്ല.
അഭിനയത്തില്‍ സെലക്റ്റീവാണോ? വ്യത്യസ്തതയുള്ള വേഷങ്ങള്‍ ചോദിച്ചുവാങ്ങാറുണ്ടോ?
ഞാന്‍ സ്ഥിരമായി ചെയ്തിരുന്ന കാമ്പസ് പശ്ചാത്തലത്തിലുള്ള കഥകളില്‍ നിന്നൊരു മോചനം വേണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ കഥാപാത്രങ്ങള്‍ വ്യത്യസ്തമാവാന്‍ ഞാന്‍ നിര്‍ദ്ദേശങ്ങളൊന്നും മുന്നോട്ട് വയ്ക്കാറില്ല. കാരണം ഞാന്‍ പറയുന്നതുപോലെ ചെയ്യാന്‍ നിര്‍മാതാവും സംവിധായകനും തയ്യാറാവുമോ?
ഒരു മാറ്റം വേണമെന്ന് ആഗ്രഹിച്ചിരിക്കുമ്പോഴാണ് സത്യന്‍ അന്തിക്കാട് നരേന്ദ്രനില്‍ അഭിനയിക്കാന്‍ ക്ഷണിക്കുന്നത്. ഇതുപോലുള്ള ഭാഗ്യങ്ങള്‍ വല്ലപ്പോഴും വരും.
അടുത്ത ചിത്രം?
എന്റെ പെങ്ങളുടെ വിവാഹം അടുത്തുണ്ട്. ഡിസംബറില്‍ മനസമ്മതം. ജനവരിയില്‍ വിവാഹം. സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയതു മുതല്‍ എനിക്ക് വീട്ടുകാര്യങ്ങള്‍ നോക്കാനുള്ള സമയം കിട്ടിയിട്ടില്ല. പെങ്ങളെയാണെങ്കില്‍ എനിക്ക് വലിയ സ്നേഹവുമാണ്. ഉടനെ ഒരു പ്രൊജക്ട് ഏറ്റെടുത്തിട്ടില്ല. വിവാഹം കഴിയാന്‍ കാത്തിരിക്കുകയാണ്. ഇതിനു ശേഷം ചെയ്യാന്‍ ചിലര്‍ക്കൊക്കെ ഡേറ്റ് കൊടുത്തിട്ടുണ്ട്.


Click it and Unblock the Notifications