For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുടുംബ ചിത്രങ്ങള്‍ എന്റെ ഉപജീവനം - ജയറാം

  By Staff
  |

  കുടുംബ ചിത്രങ്ങള്‍ എന്റെ ഉപജീവനം - ജയറാം

  ജയറാം... മലയാളിക്ക് മുഖവുര വേണ്ടാത്ത നടന്‍. മലയാളത്തില്‍ മിനിമം ഗ്യാരണ്ടിയുള്ള നടന്‍ എന്ന പേരിലാണ് ജയറാം ഏറെയും അറിയപ്പെടുന്നത്. മിക്കവാറും എല്ലാ ഭാവങ്ങളും ഉള്ള കഥാപാത്രങ്ങളെയും അവതരിപ്പിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിലും ശുദ്ധമായ ഹാസ്യത്തിന്റെ അവതാരകനായാണ് ജയറാം ഇന്നും മലയാളി മനസ്സുകളില്‍ ജീവിക്കുന്നത്.

  മലയാളത്തിലെന്ന പോലെ തമിഴിലും ഈ നടന്‍ തന്റേതായ ഒരു പദവി നേടിക്കഴിഞ്ഞു. കുടുംബ പ്രേക്ഷകരുടെ ഇഷ്ടനായകനായാണ് ജയറാം അവിടെ അറിയപ്പെടുന്നത്. കഴിഞ്ഞ ദീപാവലിക്ക് കേരളത്തിലും തമിഴ്നാട്ടിലും ഒരുമിച്ച് റിലീസായ തെനാലിയില്‍ കമലഹാസനൊപ്പം മിന്നുന്ന അഭിനയമാണ് ജയറാം കാഴ്ചവെച്ചത്. ക്രിസ്മസിന് കേരളത്തിലെ തിയേറ്ററുകളില്‍ എത്തുന്ന ചിത്രങ്ങളിലും ജയറാം ഉണ്ട് - ഉത്തമന്‍.

  ഇന്ത്യാഇന്‍ഫോയുമായി ജയറാം സംസാരിച്ചപ്പോള്‍....

  കുടുംബകഥകളിലെ സ്ഥിരം നായകനെന്ന ടൈപ്പ് കഥാപാത്രമായി ഒതുങ്ങിപ്പോകുന്ന തായി താങ്കള്‍ക്ക് തോന്നിയിട്ടില്ലേ..?

  ശരിയാണ്. രാജസേനനും ഞാനും ഒരുമിച്ചപ്പോള്‍ ഒട്ടേറെ കുടുംബചിത്രങ്ങള്‍ വന്നിട്ടുണ്ട്. കുറച്ച് ഹാസ്യകഥാപാത്രങ്ങള്‍, ഒരു നായിക, കുടുംബപ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഒരു കഥ... ഇതായിരുന്നു ഞങ്ങളുടെ സ്ഥിരം ഫോര്‍മുല. രാജസേനനും ജയറാമും ഒന്നിക്കുന്ന ചിത്രങ്ങളെല്ലാം ഹിറ്റുകളായിരുന്ന കാലം. ഈ ചിത്രങ്ങളാണ് എന്നെ ഒരു കുടുംബനായകനെന്ന റെടപ്പാക്കിയത്. അതുകൊണ്ടാണ് രാജസേനന്റെ ചിത്രങ്ങളില്‍ നിന്ന് തല്‍ക്കാലം വിട്ടുനില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചതും. പക്ഷെ സത്യം പറഞ്ഞാല്‍ ഈ കുടുംബചിത്രങ്ങളാണ് എന്റെ ഉപജീവനമാര്‍ഗ്ഗം. ഇവയില്‍ അഭിനയിക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ല. എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രം ചെയ്യണമെങ്കില്‍ ഞാന്‍ തന്നെ സിനിമ നിര്‍മ്മിക്കേണ്ടിവരും (ചിരിക്കുന്നു).

  അങ്ങനെ വല്ല പദ്ധതിയും...

  (പൊട്ടിച്ചിരിക്കുന്നു) അഭിനയിക്കാനല്ലാതെ മറ്റൊന്നും എനിക്കറിയില്ല. പിന്നെ... ആരെങ്കിലും പാടാന്‍ പറഞ്ഞാല്‍ അതും.

  ജയരാജിന്റെ ചിത്രത്തില്‍ താങ്കള്‍ കുഞ്ചന്‍ നമ്പ്യാരെ അവതരിപ്പിക്കുന്നുണ്ടല്ലോ...

  യഥാര്‍ത്ഥത്തില്‍ ഈ ചിത്രത്തെക്കുറിച്ച് ആലോചിച്ചത് ഭരതനായിരുന്നു. അദ്ദേഹത്തിന്റ മരണശേഷം ശിഷ്യന്‍ അതേറ്റെടുത്തു. കുഞ്ചന്‍ നമ്പ്യാരെക്കുറിച്ച് ഒരുപാട് അറിയുന്നവരാണ് മലയാളികള്‍. അതിനാല്‍ അദ്ദേഹത്തെ അവതരിപ്പിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കണം.

  തെനാലിയുടെ വിജയത്തിനു ശേഷം ഇനിയും തമിഴ് ചിത്രങ്ങളുണ്ടോ..?

  തമിഴ് ചിത്രങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ഞാന്‍ ആലോചിക്കുന്നത്. ഈ ചിത്രങ്ങള്‍ക്ക് കൂടുതല്‍ സമയം വേണം. മാത്രമല്ല കേരളത്തിലുള്ള പ്രേക്ഷകര്‍ ജയറാം തമിഴിലേക്ക് കുടിയേറിയെന്ന് പരാതി പറയുകയും ചെയ്യും. എന്റെ ഒരു തമിഴ് ചിത്രം പരാജയപ്പെട്ടാല്‍ ഒരു മലയാളിയുടെ ചിത്രം പരാജയപ്പെട്ടു എന്നായിരിക്കും ചെന്നൈയിലെ സംസാരം. എന്തിനാണ് ഇത്രയും സാഹസപ്പെടുന്നത്. തനിക്ക് ഉറച്ച മാര്‍ക്കറ്റുള്ളിടത്ത് കഴിയുന്നത് ചെയ്യുക... അത്രമാത്രം.

  ഇനി വരാനുള്ള ചിത്രങ്ങള്‍...?

  അനില്‍ ബാബുവിന്റെ ഉത്തമന്‍ തീര്‍ന്നു. കുടുംബനായകനെന്ന ഇമേജില്‍ നിന്ന് പുറത്തുവരാന്‍ ഈ ചിത്രം സഹായിക്കുമെന്ന് തോന്നുന്നു. രാജീവ് കുമാറിന്റെ വക്കാലത്ത് നാരായണന്‍കുട്ടിയാണ് പിന്നെയൊരു ചിത്രം. ബാക്കിയുള്ളവയെല്ലാം ഇനിയും തുടങ്ങേണ്ടിയിരിക്കുന്നു.

  അടുത്തിടെ മലയാളചിത്രങ്ങളെല്ലാം പരാജയപ്പെടുകയാണല്ലോ...?

  ബിഗ് സ്ക്രീനില്‍ ലഭിക്കുന്നതെല്ലാം ഇപ്പോള്‍ മിനി സ്ക്രീനിലും ലഭിക്കുന്നുണ്ട്. പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് കൊണ്ടുവരണമെങ്കില്‍ സിനിമ വലുതാവുകയും മേന്മയുള്ളതാവുകയും വേണം. രണ്ടാമത്, പുതിയ എന്തെങ്കിലും കൊണ്ടുവരാന്‍ പാകത്തിലുള്ള തിരക്കഥാകൃത്തുക്കള്‍ നമുക്കില്ല. മൂന്നാമത്, സിനിമയെ വിദഗ്ധമായ മാര്‍ക്കറ്റ് ചെയ്യാന്‍ കഴിയുന്നില്ല. മൊത്തത്തില്‍ മലയാള സിനിമാരംഗത്ത് ഒരു മാന്ദ്യമാണ്.

  ചിലപ്പോള്‍ താങ്കളുടെ മാനറിസങ്ങള്‍ പ്രേംനസീറിനെ ഓര്‍മ്മിപ്പിക്കുന്നുവല്ലോ..?

  (ചിരിക്കുന്നു). ശരിയാണ്. മിമിക്രി ചെയ്തു കൊണ്ടിരുന്നപ്പോള്‍ നസീര്‍ സാറിനെ ഒരുപാട് അനുകരിച്ചിട്ടുണ്ട്. സിനിമയില്‍ വന്നപ്പോഴും ചിലപ്പോള്‍ ആ മാനറിസം പുറത്തുവരുന്നുണ്ടാകാം.

  താങ്കളുടെ മകന്‍ (കാളിദാസന്‍) ഇനിയും അഭിനയിക്കുമോ..?

  കൊച്ചു കൊച്ചു സന്തോഷങ്ങളില്‍ അവന്‍ അഭിനയിച്ച കാര്യം നിങ്ങള്‍ക്കറിയാമല്ലോ. ഫലം എന്താണെന്നോ... രണ്ടാം റാങ്കുകാരന്‍ ഇരുപതിലേക്ക് വീണു. തല്‍ക്കാലം അവന്റെ അഭിനയം നിര്‍ത്താന്‍ പാര്‍വതി തന്നെയാ പറഞ്ഞത്.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X