പതിനെട്ടാം പടിയില്‍ മമ്മൂക്കയോടൊപ്പമുളള അനുഭവം ബ്രില്യന്റ്! സിനിമയെക്കുറിച്ച് അശ്വിനും ഹരിണിയും
ശങ്കര്‍ രാമകൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പതിനെട്ടാം പടി തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. മമ്മൂട്ടി, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ആര്യ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം നിരവധി പുതുമുഖ താരങ്ങളും സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചിരുന്നു. കൂട്ടത്തില്‍ പൃഥ്വിരാജിന്റെ ചെറുപ്പകാലം അവതരിപ്പിച്ച അശ്വിന്‍ ഗോപിനാഥും ഹരിണിയും കൈയ്യടി നേടിയിരുന്നു. ഇരുവരുടെയും അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്.
പതിനെട്ടാം പടിയില്‍ മമ്മൂക്കയ്‌ക്കൊപ്പമുളള അനുഭവം ബ്രില്യന്റ് എന്നാണ് ഫില്‍മീബിറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇരുവരും പറഞ്ഞത്. അശ്വിന്‍ വാസുദേവ് എന്ന കഥാപാത്രമായി അശ്വിന്‍ ഗോപിനാഥ് എത്തിയപ്പോള്‍ അന്ന ജോണ്‍സ് എന്ന കഥാപാത്രമായിട്ടാണ് ഹരിണി എത്തിയത്. 18000 എന്‍ട്രീസായിരുന്നു പതിനെട്ടാം പടി ഓഡിഷന്‍ സമയത്ത് വന്നതെന്ന് ഇരുവരും പറയുന്നു. ഒടുവില്‍ 65 പേരായിട്ടാണ് ഇത് ചുരുങ്ങിയത്.

പുതുമുഖ താരങ്ങള്‍ എന്ന നിലയില്‍ നമള്‍ ഭാഗ്യവാന്‍മാരാണെന്ന് അശ്വിന്‍ ഗോപിനാഥ് പറയുന്നു. ആദ്യത്തെ സിനിമയില്‍ മമ്മൂക്ക,പൃഥ്വിരാജ്,ഉണ്ണി മുകുന്ദന്‍, ആര്യ, സുരാജ് വെഞ്ഞാറമൂട്, മനോജ് കെ ജയന്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് അഭിനയിക്കാന്‍ സാധിച്ചത്. തന്റെ ഫസ്റ്റ് ഷോട്ട് കൊച്ചിയില്‍ ആയിരുന്നുവെന്നും രണ്ട് വരി ഡയലോഗാണ് ആ സീനില്‍ ഉണ്ടായിരുന്നതെന്നും അശ്വിന്‍ പറയുന്നു. മമ്മൂക്കയ്‌ക്കൊപ്പമായിരുന്നു അത്. അദ്ദേഹത്തിനൊപ്പമുളള ആ സീനില്‍ പേടി തോന്നിയിരുന്നു.
മമ്മൂക്ക അഭിനയിക്കാന്‍ വന്ന സമയം അദ്ദേഹത്തിന് രണ്ട് പേജ് ഡയലോഗാണ് സംവിധായകന്‍ കൊടുത്തത്. രണ്ട് മിനിറ്റുകൊണ്ട് അദ്ദേഹം അത് പഠിച്ചു. ഡയറക്ടറിനോട് ടേക്കിന് ഒകെയാണെന്ന് പറയുകയും ചെയ്തു. ഇത് കണ്ട് ഞാന്‍ ചെറുതായൊന്ന് ഞെട്ടി. ഫസ്റ്റ് ടേക്കില്‍ തന്നെ അദ്ദേഹം സീന്‍ ഒകെ ആക്കി. എന്നാല്‍ എന്റെ ഫസ്റ്റും സെക്കന്റും തേര്‍ഡ് ടേക്കുമെല്ലാം തെറ്റിപ്പോയി. നാലാമത്തെ ടേക്ക് ആയപ്പോഴേക്കും എനിക്ക് പേടിയായി.
മമ്മൂക്ക എന്തെങ്കിലും പറയുമോയെന്നുളള ഭയംകൊണ്ടായിരുന്നു അത്. നാലാമത്തെതിലും ഞാന്‍ തെറ്റിച്ചെങ്കിലും അദ്ദേഹം ഡയറക്ടറിനോട് പറഞ്ഞ് ഒരു ടേക്ക് കൂടി ചെയ്ത് നോക്കാമെന്ന് പറഞ്ഞു. അപ്പോഴാണ് എനിക്ക് കോണ്‍ഫിഡന്റ് കൂടിയത്, അശ്വിന്‍ ഗോപിനാഥ് പറയുന്നു. തുടര്‍ന്ന് അഞ്ചാമത്തെ ടേക്കില്‍ ഞാന്‍ ഒകെ ആക്കുകയും ചെയ്തു. പതിനെട്ടാം പടി ചിത്രീകരണസമയം മമ്മൂക്കയുടെ സാന്നിദ്ധ്യം വലിയ പ്രചോദനമായിരുന്നുവെന്നും അശ്വിന്‍ ഗോപിനാഥ് പറഞ്ഞു.


Click it and Unblock the Notifications











