65-ാമത് ജിയോ ഫിലിം ഫെയര്‍ അവാര്‍ഡ്! പട്ടികയിലുള്ളത് 4 സിനിമകള്‍, മത്സരത്തില്‍ കുമ്പളം ബ്രദേഴ്‌സും..!
പുതിയ വര്‍ഷം തുടങ്ങി ആറ് മാസം ആയപ്പോഴെക്കും നിരവധി സിനിമകളാണ് തിയറ്ററുകളിലേക്ക് എത്തിയത്. നല്ല സിനിമകള്‍ ഉണ്ടെങ്കിലും കാര്യമായി പ്രേക്ഷകരെ സ്വാധീനിക്കാന്‍ പല സിനിമകള്‍ക്കും കഴിഞ്ഞിട്ടില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇക്കാര്യത്തില്‍ മലയാള സിനിമാ ഇന്‍ഡസ്ട്രിക്ക് അനുഗ്രഹീതമായ വര്‍ഷമായിരുന്നു.
കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ സിനിമകളെല്ലാം തന്നെ മികച്ച പ്രതികരണം നേടിയവയായിരുന്നു. അതില്‍ ചില സിനിമകള്‍ നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയവയുമായിരുന്നു. ഇപ്പോഴിതാ 65-ാമത് ജിയോ ഫിലിം ഫെയര്‍ പുസ്‌കാരങ്ങള്‍ പ്രഖ്യാപിക്കാന്‍ പോവുകയാണ്.

ജിയോ ഫിലിം ഫെയര്‍ അവാര്‍ഡ്
65-ാമത് ജിയോ ഫിലിം ഫെയര്‍ അവാര്‍ഡ് പ്രഖ്യാപിക്കാന്‍ പോവുകയാണ്. ജൂണ്‍ 16 ന് ഹൈദരാബാദില്‍ നിന്നുമാണ് പ്രഖ്യാപനം നടക്കുന്നത്. തെന്നിന്ത്യന്‍ സിനിമാ ലോകത്തെ മികച്ച സിനിമക്കുള്ള നോമിനേഷന്‍ പട്ടികയില്‍ മലയാളത്തില്‍ നിന്നും നാല് സിനിമകളുമുണ്ട്. മായാനദി, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ടേക്ക് ഓഫ്, അങ്കമാലി ഡയറീസ് എന്നീ സിനിമകളാണ് നോമിനിഷേനില്‍ ഉള്ളത്. ഈ നാല് സിനിമകള്‍ക്കൊപ്പം രക്ഷാധികാരി ബൈജുവും ഉണ്ട്.

മായാനദി
2017 ഡിസംബറില്‍ തിയറ്ററുകളിലേക്ക് എത്തിയ സിനിമയായിരുന്നു മായാനദി. ആഷിക് അബു സംവിധാനം ചെയ്ത സിനിമയില്‍ ടൊവിനോ തോമസ് ആയിരുന്നു നായകനായി അഭിനയിച്ചത്. ഐശ്വര്യ ലക്ഷ്മിയായിരുന്നു നായിക. പ്രണയം ഇതിവൃത്തമാക്കിയ സിനിമയും 7 കാറ്റഗറികളിലായി ജിയോ ഫിലിം ഫെയര്‍ അവാര്‍ഡ് നോമിനേഷനിലുണ്ട്. മികച്ച സിനിമ, മികച്ച നടന്‍ (ടൊവിനോ തോമസ്), മികച്ച നടി (ഐശ്വര്യ ലക്ഷ്മി), സംഗീതം (റെക്‌സ് വിജയന്‍), മികച്ച ലിറിക്‌സ് ആന്‍ഡ് പിന്നണി ഗായകന്‍ (ഷബാസ് അമാന്‍) എന്നിവരാണ് നോമിനേഷനില്‍ ഇടം നേടിയിരിക്കുന്നത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും
ദിലീഷ് പോത്തന്റെ സംവിധാനത്തിലെത്തിയ രണ്ടാമത്തെ സിനിമയായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയും.ഇത്തവണ ദേശീയ പുരസ്‌കാരം നേടിയ സിനിമയും ജിയോ ഫിലിം ഫെയര്‍ പുരസ്‌കാര നോമിനേഷനില്‍ 5 കാറ്റഗറികളിലായി സ്ഥാനം പിടിച്ചിട്ടുണ്ട്. മികച്ച സിനിമ, മികച്ച സംവിധായകന്‍ മികച്ച നടന്‍ (ഫഹദ് ഫാസില്‍), മികച്ച നടി (നിമിഷ സജയന്‍), മികച്ച സഹനടന്‍ (അലന്‍സിയര്‍) എന്നിവരാണ് നോമിനേഷന്‍ പട്ടികയിലുള്ളത്.

അങ്കമാലി ഡയറീസ്
പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് സൂപ്പര്‍ ഹിറ്റായിരുന്നു. അഞ്ച് കാറ്റഗറികളിലായി സിനിമയും ജിയോ ഫിലിം ഫെയര്‍ പുരസ്‌കാരത്തിലുണ്ട്. മികച്ച സിനിമ, മികച്ച സംവിധായകന്‍, മികച്ച സഹനടന്‍ (ശരത്), മികച്ച സഹനടി (അന്ന രാജന്‍) എന്നിവയാണ് അത്.

ടേക്ക് ഓഫ്
കഴിഞ്ഞ വര്‍ഷം മലയാളത്തിലേക്ക് ഏറ്റവുമധികം അവാര്‍ഡുകള്‍ എത്തിച്ച സിനിമയായിരുന്നു ടേക്ക് ഓഫ്. ജിയോ ഫിലിം ഫെയര്‍ പുരസ്‌കാരത്തില്‍ നാല് വിഭാഗങ്ങളിലായിട്ടാണ് സിനിമ നോമിനേഷനിലുള്ളത്. മികച്ച സിനിമ, മികച്ച സംവിധായകന്‍, മികച്ച നടി (പാര്‍വ്വതി), മികച്ച സപ്പോര്‍ട്ടിംഗ് റോള്‍ (കുഞ്ചാക്കോ ബോബന്‍) എന്നിവരാണ് ലിസ്റ്റിലുള്ളത്.


Click it and Unblock the Notifications











