»   » മമ്മൂട്ടിയെ സെറ്റില്‍ വെച്ച് സംവിധായകന്‍ വിരട്ടി,അത് എന്തിന് വേണ്ടിയായിരുന്നുവെന്ന് എനിക്ക് അറിയില്ല

മമ്മൂട്ടിയെ സെറ്റില്‍ വെച്ച് സംവിധായകന്‍ വിരട്ടി,അത് എന്തിന് വേണ്ടിയായിരുന്നുവെന്ന് എനിക്ക് അറിയില്ല

Posted By: Sanviya
Subscribe to Filmibeat Malayalam
മമ്മൂട്ടിയും മനോജ് കെ ജയനും ഒത്തിരി ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. 1991ല്‍ പുറത്തിറങ്ങിയ മണിരത്‌നം ചിത്രം ദളപതി എന്ന തമിഴ് ചിത്രത്തിലൂടെയാണ് മമ്മൂട്ടിയും മനോജ് കെ ജയനും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. 1994ല്‍ പുറത്തിറങ്ങിയ സുകൃതം എന്ന ചിത്രത്തിലൂടെ ആദ്യമായി മലയാള സിനിമയിലും ഒന്നിച്ചു. വജ്രം, രാജമാണിക്യം, കാഴ്ച, ചട്ടമ്പിനാട്, വല്ല്യേട്ടന്‍, ഫാന്റം തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.

സിനിമയില്‍ എത്തുന്നതിന് മുമ്പേ താന്‍ ഒരു മമ്മൂട്ടി ഫാനായിരുന്നുവെന്ന് മനോജ് കെ ജയന്‍. പക്ഷേ അദ്ദേഹത്തിന്റെ വലിയ ഫാനായിരുന്നു ഞാനെന്ന കാര്യം ഇപ്പോഴും മമ്മൂട്ടിയ്ക്ക് അറിയില്ലെന്ന് മനോജ് കെ ജയന്‍ പറയുന്നു. മമ്മൂട്ടി കോട്ടയംകാരനായതില്‍ തനിക്ക് ഏറെ അഭിമാനം തോന്നിയിട്ടുണ്ടെന്നും മനോജ് കെ ജയന്‍ പറഞ്ഞു. സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയോടുള്ള കടുത്ത ആരാധനയെ കുറിച്ച് മനോജ് കെ ജയന്‍ തുറന്ന് പറഞ്ഞത്.

ആ സിനിമകളൊക്കെ കണ്ടിട്ടുണ്ട്

മമ്മൂട്ടി സിനിമയില്‍ എത്തുന്ന സമയത്ത് സിനിമാ മോഹവുമായി നടക്കുന്ന ഒരു യുവാവായിരുന്നു മനോജ് കെ ജയന്‍. മുന്നേറ്റം, തൃഷ്ണ എന്നീ ചിത്രങ്ങളൊക്കെ ചെയ്ത് കഴിഞ്ഞ് കൂടെ എവിടെ എന്ന ചിത്രം ചെയ്തപ്പോഴേക്കും മമ്മൂട്ടി മലയാള സിനിമയില്‍ തിളങ്ങി തുടങ്ങി. അക്കാലത്ത് പുറത്തിറങ്ങിയ എല്ലാ മമ്മൂട്ടി ചിത്രങ്ങളൊക്കെ ഞാന്‍ കണ്ടിട്ടുണ്ടെന്ന് മനോജ് കെ ജയന്‍.

കോട്ടയത്ത് ഷൂട്ടിങ് നടന്നപ്പോള്‍

മമ്മൂട്ടിയുടെ കാണാമറയത്ത്, രുഗ്മ, സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ്, നാണയം, പിന്‍നിലാവ്, ആള്‍ക്കൂട്ടത്തില്‍ തനിയെ, ഇതാ ഇന്ന് മുതല്‍ തുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിങ് അന്ന് കോട്ടയത്ത് വെച്ചായിരുന്നു. കോട്ടയം ടൗണില്‍ നാണയം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്താണ് മമ്മൂട്ടിയെ കാണാനായി മോനജ് കെ ജയന്‍ സെറ്റില്‍ എത്തുന്നത്. നല്ല തിരക്കുണ്ടായിരുന്നു. ഒരു ജീപ്പിന് മുകളില്‍ കയറിയിരുന്ന് ഷൂട്ടിങ് കണ്ടു. അന്നാണ് ഞാന്‍ ആദ്യമായി മമ്മൂട്ടിയെ കാണുന്നത്.

നാട്ടുകാരെ കൊണ്ട് പ്രശ്‌നമായപ്പോള്‍

നല്ല തിക്കും തിരക്കുമായപ്പോള്‍ ലൊക്കേഷന്‍ ഷിഫ്റ്റ് ചെയ്ത് മറ്റെവിടേക്കോ പോയി. ഐവി ശശിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ആളുകളെ കൊണ്ട് ഒരു രക്ഷയില്ലാതെ വന്നപ്പോള്‍ ശശിയേട്ടന്‍ എല്ലാവരെയും നല്ല ചീത്ത പറഞ്ഞു. കോട്ടയംക്കാരെ എല്ലാവരെയും കൂടെ അടക്കി ചീത്തവിളിച്ചുവെന്നാണ് എനിക്ക് തോന്നുന്നത്. അവിടെ മാത്രമാല്ല, മമ്മൂട്ടിയെ കാണാന്‍ ഒത്തിരി ലൊക്കേഷനുകളില്‍ അക്കാലത്ത് ഞാന്‍ പോയിട്ടുണ്ട്.

മമ്മൂട്ടിയെ വഴക്ക് പറയുന്നു

ഒരിക്കല്‍ രുഗ്മ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ പോയി. അവിടെ വെച്ചാണ് ആ കാഴ്ച കണ്ടത്. സംവിധായകന്‍ പിജി വിശ്വംബരന്‍ എന്തിന് വേണ്ടിയോ മമ്മൂട്ടിയെ വഴക്ക് പറയുന്നു. പക്ഷേ അത് എന്തിന് വേണ്ടിയായിരുന്നുവെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. പക്ഷേ പിജി വിശ്വംബരന്‍ ഇങ്ങനെ തന്നെയാണ്. എല്ലാം ആര്‍ട്ടിസ്റ്റുകളോടും ഇങ്ങനെ കയര്‍ത്ത് സംസാരിക്കുമെന്ന് ഞാന്‍ പിന്നീട് കേട്ടിട്ടുണ്ട്.

കോട്ടയത്ത് നടന്നത് കാരണം

എന്തായാലും കോട്ടയത്ത് ഷൂട്ടിങ് നടന്നത് കാരണം തനിക്ക് മമ്മൂട്ടിയെ അടുത്ത് കാണാനുള്ള അവസരം ധാരാളമായിരുന്നു. അതോടെ മമ്മൂട്ടി എന്ന നടന്റെ വലിയ ഫാനായി മാറുകയും ചെയ്തു. മമ്മൂട്ടി എന്ന നടന്‍ കോട്ടയംകാരനായതിനാല്‍ താന്‍ അഭിമാനം കൊണ്ടിട്ടുണ്ടെന്നും. പലരോടും മമ്മൂട്ടിയെ ജന്മനാടിനെ കുറിച്ച് പറഞ്ഞ് വാദിച്ചിട്ടുണ്ടെന്നും മനോജ് കെ ജയന്‍ പറയുന്നു.

മമ്മൂട്ടിയ്ക്ക് അറിയില്ല

എന്നാല്‍ അദ്ദേഹത്തിന്റെ ഇത്രയും വലിയ ഫാനാണ് ഞാനെന്ന് മമ്മൂട്ടിയ്ക്ക് ഇപ്പോഴും അറിയില്ലെന്ന് മനോജ് കെ ജയന്‍ പറയുന്നു. സിനിമയില്‍ വന്ന ശേഷം മമ്മൂക്കയുമായി പല കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യങ്ങളൊന്നും ഞാനിതുവരെ സംസാരിച്ചിട്ടില്ലെന്ന് മനോജ് കെ ജയന്‍ പറയുന്നു.

English summary
Actor Manoj K Jayan about Mammootty.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam