ടൊവിനോയെ ശ്രദ്ധിച്ചില്ല, ശകലം അഹങ്കാരം അന്നെനിക്കുണ്ട്; നടനെ പിന്നീട് വിളിച്ചപ്പോൾ; പ്രകാശ് പോൾ
കടമറ്റത്ത് കത്തനാർ എന്ന് കേട്ടാൽ ഏവരുടെയും മനസിൽ ആദ്യം ഓടിയെത്തുന്നത് നടൻ പ്രകാശ് പോളിന്റെ പേരാണ്. സൂപ്പർ ഹിറ്റായ പരമ്പരയിലെ വേഷം അനശ്വരമാക്കിയ പ്രകാശ് പോളിനെ വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകർ മറന്നിട്ടില്ല. വീണ്ടും ഈ കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് മുമ്പിലെത്താനുള്ള ഒരുക്കത്തിലാണ് പ്രകാശ് പോൾ. പുതിയ രൂപത്തിൽ കത്തനാറിനെ കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഫിൽമബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ നടൻ ടൊവിനോ തോമസിനൊപ്പമുള്ള അനുഭവം പങ്കുവെക്കുകയാണ് പ്രകാശ് പോൾ.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇവർ ഒരുമിച്ച് സ്നേഹപൂർവം എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചിട്ടുണ്ട്. ഈ അനുഭവമാണ് പ്രകാശ് പോൾ പങ്കുവെച്ചത്. എന്നെ അഭിനയിക്കാൻ വിളിച്ചപ്പോൾ ഞാൻ പോയി അഭിനയിച്ചു. എല്ലാം ചെറുപ്പക്കാരാണ്. ഇവരൊക്കെ എന്നോട് വളരെ ബഹുമാനത്തോടെയാണ് സംസാരിക്കുന്നത്. ഞാൻ സൂപ്പർസ്റ്റാറാണ്. മമ്മൂട്ടി ലൊക്കേഷനിൽ വന്നാൽ കിട്ടുന്ന സ്വീകരണമാണ് ഇവരുടെ ടെലിഫിലിമിന്റെ ലൊക്കേഷനിൽ എനിക്ക് കിട്ടുന്നത്. പലരും വന്ന് കണ്ടു. കൂടെ അഭിനയിച്ച ചെറുപ്പക്കാരനെ ഞാൻ ശ്രദ്ധിച്ചതുമില്ല.

കാരണം അയാൾ മുമ്പ് അഭിനയിച്ചിട്ടില്ല. മലയാളികൾക്കെല്ലാം എന്നെ അറിയാം എന്ന ശകലം അഹങ്കാരം അന്നെനിക്കുണ്ട്. ഒരുപാട് നാളുകൾക്ക് ശേഷം എന്റെ സുഹൃത്തിന്റെ സിനിമയിൽ അഭിനയിക്കാൻ ടൊവിനോയെ വിളിച്ചു. ടൊവിനോ അന്ന് എന്ന് നിന്റെ മൊയ്തീൻ ഒക്കെ കഴിഞ്ഞ് കുറച്ച് കൂടെ മെച്ചപ്പെട്ട അവസ്ഥയിലാണ്.
ജാഡയില്ലാതെ വിനയത്തിൽ എന്റെ പേര് പ്രകാശ് പോൾ, കടമുറ്റത്ത് കത്തനാരായി അഭിനയിച്ച ആളാണെന്ന് പറഞ്ഞു. അവിടെ നിന്ന് ഇങ്ങോട്ട് ചേട്ടാ എന്ന വിളി. ചേട്ടനെന്നെ മനസിലായില്ലേ, നമ്മൾ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഞാൻ കൺഫ്യസ്ഡ് ആയി. അവസാനം ടൊവിനോ പറഞ്ഞു. കളമശേരി വെച്ച് ഷോട്ട് ഫിലിം ചെയ്തിരുന്നെന്ന്. ഞാൻ നോക്കിയപ്പോൾ സംഭവം ശരിയാണ്. മനോഹരമായാണ് ടൊവിനോ അഭിനയിച്ചത്. താൻ മസിൽ പിടിച്ച് ഇരിക്കുകയായിരുന്നെന്നും പ്രകാശ് പോൾ ഓർത്തു.
ടൊവിനോ തോമസിന്റെ വളർച്ചയിൽ തനിക്ക് വളരെ സന്തോഷമുണ്ടെന്നും പ്രകാശ് പോൾ പറയുന്നു. മറ്റാരുടെ വളർച്ചയിൽ സന്തോഷിക്കുന്നതിനേക്കാളും ഞാൻ ടൊവിനോയുടെ വളർച്ചയിൽ സന്തോഷിക്കുന്നു. എന്റെ കൂടെ അഭിനയിച്ച ആളെന്ന നിലയ്ക്ക്. അത് തന്റെ സ്വകാര്യ സന്തോഷമാണെന്നും പ്രകാള് പോൾ വ്യക്തമാക്കി. കടമറ്റത്ത് കത്തനാർ സീരിയലിന്റെ ഓർമകളും ഇദ്ദേഹം പങ്കുവെക്കുന്നുണ്ട്. അക്കാലത്ത് പലരും തന്നെ യഥാർത്ഥ വൈദികനായാണ് കണ്ടതെന്ന് പ്രകാശ് പോൾ ഓർത്തു.
തന്നെ ഭക്തിയോടെ കാണാൻ വന്ന ഒരുപാട് പേരുണ്ടായിരുന്നു. അവരുടെ വിശ്വാസമാണത്. തനിക്ക് അമാനുഷികമായ ചില കഴിവുകളുണ്ടെന്ന് പോലും അവർ കരുതിയെന്ന് പ്രകാശ് പോൾ ചൂണ്ടിക്കാട്ടി. കടമറ്റത്ത് കത്തനാർ രണ്ടാമത് ജയ്ഹിന്ദ് ചാനലിൽ സംപ്രേഷണം ചെയ്ത് തുടങ്ങിയ ശേഷം തനിക്ക് സാമ്പത്തിക പ്രതിസന്ധികളുണ്ടായെന്നും നടൻ തുറന്ന് പറഞ്ഞു. വീണ്ടും കത്തനാരായി എത്തുമ്പോൾ അത്തരം ആശങ്കയൊന്നും ഇല്ലെന്നും പ്രകാശ് പോൾ വ്യക്തമാക്കി.


Click it and Unblock the Notifications