കടമറ്റത്ത് കത്തനാർ എനിക്ക് കടബാധ്യതയുണ്ടാക്കിയതിങ്ങനെ; ആ തീരുമാനം തെറ്റായിപ്പോയി; പ്രകാശ് പോൾ
കടമറ്റത്ത് കത്തനാർ എന്ന പരമ്പരയിലൂടെ വൻ ജനപ്രീതി നേടിയ നടനാണ് പ്രകാശ് പോൾ. 2004 ൽ സംപ്രേഷണം ആരംഭിച്ച കടമുറ്റത്ത് കത്തനാർ ഒരു വർഷത്തോളം റേറ്റിംഗിൽ മുൻപന്തിയിൽ നിന്നു. ആലപ്പുഴക്കാരനായ പ്രകാശ് പോളിന്റെ ജീവിതത്തിൽ കടമറ്റത്ത് കത്തനാർ എന്ന സീരിയലിന് വലിയ പ്രാധാന്യമുണ്ട്. ഫിൽമിബീറ്റിന് നൽകിയ അഭിമുഖത്തിൽ സീരിയലിന്റെ ഓർമകൾ പങ്കുവെക്കുകയാണ് പ്രകാശ് പോൾ.
കടമറ്റത്ത് കത്തനാർ ആണ് ഇന്നും പലർക്കും തന്റെ മേൽവിലാസമെന്ന് പ്രകാശ് പോൾ പറയുന്നു. ഈ സീരിയലിലേക്ക് എത്തുന്നത് എങ്ങനെയെന്നും നടൻ ഓർത്തെടുത്തു. കത്തനാരായിട്ട് അഭിനയിക്കാനല്ല എന്നെ അവർ വിളിച്ചത്. കത്തനാരായി അഭിനയിക്കാൻ തീരുമാനിച്ച നടന്റെ രൂപമുളള ഒരാളെ ഡ്യൂപ്പായി വേണമായിരുന്നു. ഒറ്റ ദിവസത്തെ ഷോട്ടിന് എന്നെ വിളിച്ചു. ടൈറ്റിൽ സോങിന് വേണ്ടിയുള്ള ഷൂട്ടായിരുന്നു. സീനില്ല. അങ്ങോട്ടും ഇങ്ങോട്ടും നടക്കണം.

മൂന്നോ നാലോ മാസങ്ങൾക്ക് ശേഷമാണ് എന്നെ വീണ്ടും വിളിച്ചത്. ഡ്യൂപ്പായി അഭിനയിച്ചയാളെ കത്തനാരായി അഭിനയിപ്പിക്കാം എന്ന തീരുമാനം വന്നു. അങ്ങനെ യാദൃശ്ചികമായി കത്തനാരായ ആളാണ് താനെന്നും പ്രകാശ് പോൾ വ്യക്തമാക്കി. കത്തനാറിൽ അഭിനയിക്കുന്ന കാലത്ത് സാധാരണ നടന് കിട്ടുന്ന അംഗീകാരമല്ല തനിക്ക് കിട്ടിയതെന്ന് പ്രകാശ് പോൾ പറയുന്നു. അതിന് പ്രധാന കാരണം നടനെന്ന നിലയിൽ എന്നെ അതിന് മുമ്പ് അധികം കണ്ടിട്ടില്ല.
എല്ലാവരും കരുതിയത് താൻ പുരോഹിതൻ തന്നെയാണെന്നാണ്. കടമറ്റത്ത് കത്തനാരായി അഭിനയിക്കാൻ ഒരാളെ സഭയിൽ നിന്ന് ഒരാളെ ഡെപ്യൂട്ടേഷനിൽ അയച്ചതാണ് എന്ന ധാരണ ഉണ്ടായിരുന്നു. ഞാനാണ് കടമുറ്റത്ത് കത്തനാർ എന്ന നിലയിലാണ് ആളുകൾ അംഗീകരിച്ചത്. ആദ്യം എനിക്കത് ബുദ്ധിമുട്ടായാണ് തോന്നിയത്. അഭിനയിച്ച് വീട്ടിൽ വന്നിട്ടും ഞാൻ കത്തനാരായി ജീവിക്കേണ്ടി വരുന്നത് ബുദ്ധിമുട്ട് തന്നെയാണ്. പ്രകാശ് പോൾ എന്ന പേരിൽ അറിയപ്പെടാനായിരുന്നു എനിക്കിഷ്ടം.
പക്ഷെ ഈ സീരിയലിൽ അഭിനയിച്ച ശേഷം പ്രകാശ് പോൾ എന്ന പേര് മെല്ലെ അപ്രത്യക്ഷമാവുകയും കത്തനാർ എന്ന് പേര് വരികയും ചെയ്തു. സുഹൃത്തുക്കളിൽ പലരും തന്റെ പേര് ഇപ്പോഴും ഫോണിൽ സേവ് ചെയ്തിരിക്കുന്നത് കത്തനാർ എന്നാണ്. ആ സമയത്ത് തന്നെ കാണാൻ ഭക്തിയോടെ വരുന്ന ഒരുപാട് പേരുണ്ടായിരുന്നു. അവരുടെ വിശ്വാസമാണത്. കാരണം എനിക്ക് അമാനുഷികമായ ചില കഴിവുകളുണ്ടെന്ന് അവർ കരുതിയെന്നും പ്രകാശ് പോൾ പറയുന്നു.
കടമുറ്റത്ത് കത്തനാർ സീരിയൽ സംപ്രേഷണം ചെയ്തിരുന്ന ചാനൽ ഒരു ഘട്ടത്തിൽ സംപ്രേഷണം നിർത്തിയിരുന്നു. പിന്നീട് ജയ്ഹിന്ദ് ചാനലിൽ ഈ സീരിയൽ വന്നു. എന്നാൽ ഇത് തനിക്ക് വലിയ കടബാധ്യതയുണ്ടാക്കിയെന്ന് പ്രകാശ് പോൾ പറയുന്നു. പ്രധാന കാരണം ആ ചാനൽ ആളുകൾ അന്ന് കണ്ട് തുടങ്ങിയിട്ടില്ല. ഇങ്ങനെയൊരു ചാനൽ ഉണ്ടെന്ന് ആളുകൾ അറിയുന്നതേയുള്ളൂ. രമേശ് ചെന്നിത്തലയുമായി സംസാരിച്ചപ്പോൾ കത്തനാർ ജയ്ഹിന്ദിന് വേണ്ടി ചെയ്യാം എന്ന തീരുമാനത്തിലെത്തി. ആ തീരുമാനത്തിൽ വന്ന പാകപ്പിഴയാണ്.
അവർക്ക് ഒരു ചാനൽ നടത്തേണ്ടത് എങ്ങനെയെന്നോ വിജയകരമായി കൊണ്ട് പോകേണ്ടത് എങ്ങനെയെന്നോ അറിയില്ല. ആദ്യം പൈസ തരുന്നതിലൊക്കെ അവർ വളരെ ലിബറലായിരുന്നു. ഞാൻ ചോദിക്കാതെ തന്നെ പൈസ തരുമായിരുന്നു. ഷൂട്ട് തുടങ്ങും മുമ്പേ പൈസ തന്നു. ഇവരുടെ കൈയിൽ പൈസയുണ്ടെന്ന് ഞാൻ കരുതി.
പക്ഷെ അവരുടെ കൈയിൽ കുറച്ച് പൈസയായിരുന്നു ഉണ്ടായിരുന്നത്. അത് തീർന്നതോടെ എല്ലാം അവതാളത്തിലായി. പിന്നെ തരാൻ പൈസയില്ല. ഞാൻ ഷൂട്ട് തുടർന്ന് കൊണ്ടിരുന്നു. നിർത്തിയാൽ അബദ്ധമാകുമെന്ന് അന്ന് കരുതിയെന്നും പ്രകാശ് പോൾ തുറന്ന് പറഞ്ഞു. സാമ്പത്തിക ബാധ്യത വലിയ പ്രശ്നമാണ്. ഇപ്പോൾ അതിൽ നിന്നും ഏകദേശം ഒന്ന് ഒഴിവായി നിൽക്കുകയാണെന്നും പ്രകാശ് പോൾ വ്യക്തമാക്കി.


Click it and Unblock the Notifications











