'ഇത്ര പ്രായം ഉണ്ടോ; മമ്മൂക്കയെ ആദ്യമായി കണ്ടപ്പോൾ; എന്റെ സിനിമയുടെ ടിക്കറ്റിന് അപേക്ഷിക്കേണ്ടി വന്നപ്പോൾ'
മലയാള സിനിമാ ലോകത്ത് ഒരു ഘട്ടത്തിൽ സെൻസേഷനായി മാറിയ നടിയാണ് റായ് ലക്ഷ്മി. ഹിറ്റ് സിനിമകളുടെ ഒരു നിര തന്നെ റായ് ലക്ഷ്മിയെ തേടി വന്നു. മോഹൻലാൽ, മമ്മൂട്ടി എന്നീ സൂപ്പർതാരങ്ങൾക്കൊപ്പം മികച്ച കഥാപാത്രങ്ങൾ റായ് ലക്ഷ്മിക്ക് ലഭിച്ചു. പിന്നീട് നടി മലയാള സിനിമകളിൽ നിന്നും അകന്നു. ഏറെക്കാലത്തിന് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് റായ് ലക്ഷ്മി. ഡിഎൻഎയാണ് നടിയുടെ പുതിയ ചിത്രം. ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ കരിയറിലെ അനുഭവങ്ങളും വിശേഷങ്ങളും പങ്കുവെക്കുകയാണ് റായ് ലക്ഷ്മി.
മലയാളത്തിൽ വന്ന ഇടവേളയെക്കുറിച്ച് നടി സംസാരിച്ചു. മൂന്ന് വർഷം മഹാമാരി കാരണം സിനിമ ചെയ്തിട്ടില്ല. അതിന് ശേഷം മറ്റ് ഭാഷകളിൽ തിരക്കായി. മലയാളത്തിൽ എന്റെ അവസാന ചിത്രം മമ്മൂക്കയ്ക്കൊപ്പമായിരുന്നു. ഒരു കുട്ടനാടൻ വ്ലോഗ്. പിന്നീട് മലയാള സിനിമകൾ വന്നെങ്കിലും മറ്റ് സിനിമകളുടെ കമ്മിറ്റ്മെന്റുള്ളതിനാൽ ചെയ്യാൻ പറ്റിയില്ല. പുതിയ ചിത്രം ഡിഎൻഎയിൽ മികച്ച കഥാപാത്രമാണ് തനിക്ക് ലഭിച്ചതെന്നും റായ് ലക്ഷ്മി വ്യക്തമാക്കി.

മുമ്പത്തേതിൽ നിന്നും സിനിമകളിൽ ഇപ്പോൾ മാറ്റം വന്നിട്ടുണ്ടെന്ന് റായ് ലക്ഷ്മി പറയുന്നു. ഇന്ന് സ്ത്രീ കേന്ദ്രീകൃത സിനിമകൾ വരുന്നു. നേരത്തെ ഞങ്ങൾ ഹീറോകൾക്കൊപ്പമാണ് ഞങ്ങൾ സിനിമ ചെയ്തിരുന്നത്. ഞങ്ങളുടെ പാർട്ട് കുറവായിരിക്കും. 20 ദിവസം ഒരു സിനിമയിൽ അഭിനയിച്ച് അടുത്ത സിനിമയിലേക്ക് പോകും. അതുകൊണ്ടാണ് ഞങ്ങൾക്ക് അഞ്ചും ആറും സിനിമകൾ ചെയ്യാൻ പറ്റിയത്.
പക്ഷെ ഇന്ന് ഒരു സിനിമ പൂർണമായും നമ്മുടെ തോളിലാവുമ്പോൾ സമയമെടുക്കും. ഇന്ന് എല്ലാ തരത്തിലുള്ള സിനിമകൾക്കും മാർക്കറ്റുണ്ടെന്നും റായ് ലക്ഷ്മി ചൂണ്ടിക്കാട്ടി. നടൻ മമ്മൂട്ടിയെക്കുറിച്ചും റായ് ലക്ഷ്മി സംസാരിച്ചു. ഇദ്ദേഹത്തിന് ഇത്ര പ്രായമുണ്ടോ എന്ന് തോന്നി. അദ്ദേഹം എപ്പോഴും തന്റെ പ്രായത്തേക്കാൾ ചെറുപ്പമാണ് കാഴ്ചയിൽ. അദ്ദേഹത്തെ പരിചയപ്പെട്ടപ്പോൾ വളരെ ഫ്രണ്ട്ലിയായി സംസാരിച്ചു.

ഇത്രയും വലിയ താരം എന്നോട് വിനീതമായി സംസാരിക്കുന്നല്ലോ എന്ന് തോന്നിയെന്നും റായ് ലക്ഷ്മി വ്യക്തമാക്കി. 2 ഹരിഹർ നഗർ റിലീസ് ചെയ്തപ്പോൾ തനിക്ക് ടിക്കറ്റ് കിട്ടിയിരുന്നില്ലെന്ന് റായ് ലക്ഷ്മി പറയുന്നു. ബാംഗ്ലൂരിൽ ഞാൻ ഷൂട്ടിലായിരുന്നു. റിലീസ് ചെയ്തപ്പോൾ കാണണമെന്ന് തോന്നി. നാല് ടിക്കറ്റിന് മാനേജരെ അറിയിച്ചു. ടിക്കറ്റില്ല, പൊയ്ക്കോ എന്ന് അവർ. ഞാനാണ് നായിക എന്ന് പറഞ്ഞിട്ടും അവർ കേട്ടില്ല. നുണ പറയുകയാണെന്ന് പറഞ്ഞു.
ഞാൻ തന്നെ തിയറ്ററിലേക്ക് കടന്ന് രണ്ട് സീറ്റെങ്കിലും തരുമോ എന്ന് ചോദിച്ചു. തന്നെ കണ്ടപ്പോഴാണ് അവർ ടിക്കറ്റ് തന്നത്. സ്വന്തം സിനിമയുടെ ടിക്കറ്റിന് തനിക്ക് അപേക്ഷിക്കേണ്ടി വന്നെന്നും റായ് ലക്ഷ്മി ചിരിച്ച് കൊണ്ട് പറഞ്ഞു. നടൻ അഷ്കർ സൗദാനാണ് റായ് ലക്ഷ്മിയുടെ പുതിയ ചിത്രം ഡിഎൻഎയിലെ നായകൻ. ജൂൺ 14 ന് ചിത്രം റിലീസ് ചെയ്യും.


Click it and Unblock the Notifications











