»   »  മുദ്രകള്‍കൊണ്ട് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ സ്‌നേഹ ശ്രീകുമാറിന്റെ സ്‌നേഹ വിശേഷങ്ങള്‍

മുദ്രകള്‍കൊണ്ട് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ സ്‌നേഹ ശ്രീകുമാറിന്റെ സ്‌നേഹ വിശേഷങ്ങള്‍

Posted By: ശ്രീകാന്ത് കൊല്ലം
Subscribe to Filmibeat Malayalam


സകലകലാ വല്ലഭ അല്ലേല്‍ ആള്‍ റൗണ്ടര്‍ എന്നൊരു വാക്ക് കൊണ്ട് ഒരു സിനിമാതാരത്തെ അല്ലേല്‍ ഒരു പ്രതിഭയെ നമ്മള്‍ക്ക് വിശേഷിപ്പിക്കാന്‍ ആകും എങ്കില്‍ സ്‌നേഹ ശ്രീകുമാറിനേയും നമുക്ക് അത്തരത്തില്‍ വിളിക്കാം.

കഥകളി, ഓട്ടന്‍തുള്ളല്‍, കുച്ചിപുടി, മോഹിനിയാട്ടം, ഭരതനാട്യം, നാടകം, മിനി സ്‌ക്രീന്‍, സിനിമ അങ്ങനെ നിരവധി മേഖലകളില്‍ തന്റേതായ കഴിവും വ്യക്തിമുദ്രയും പതിപ്പിച്ച സ്‌നേഹ ശ്രീകുമാറുമായി നടത്തിയ അഭിമുഖം.

നൃത്ത കലകളിലേക്ക്

കലാപരമായി പാരമ്പര്യം ഉള്ള ഒരു കുടുംബം ആയിരുന്നില്ല സ്‌നേഹയുടേത്. ജ്യേഷ്ഠത്തി സൗമ്യയോടൊപ്പം കുഞ്ഞിലേ(രണ്ട് വയസ്സ്) മുതല്‍ നൃത്തക്ലാസുകളില്‍ പോകാറായിരുന്നു പതിവ്. തനിക്ക് നടക്കാതെ പോയ നൃത്ത കലാപഠനം തങ്ങളുടെ മക്കള്‍ നേടുന്നതില്‍ അമ്മ ഗിരിജാ ദേവി അഭിമാനം കൊണ്ടിരുന്നു. ചേച്ചിയുടെ കൈയും പിടിച്ച് ചേച്ചിയുടെ ക്ലാസ്സിന് കൂട്ടുപോയ സ്‌നേഹയ്ക്ക് നൃത്തത്തോട് അതിയായ അഭിരുചി ഉണ്ടായിരുന്നു. അമ്മയുടെ പൂര്‍ണ്ണ പിന്തുണയും മനസ്സിലെ ആഗ്രഹവും കൂടി ഉറച്ചപ്പോള്‍ നൃത്തം പഠിക്കാം എന്ന് സ്‌നേഹയും. അങ്ങനെ മൂന്നാം വയസ്സില്‍ കലാമണ്ഡലം ഗോപിനാഥന്‍ മാഷിന്റെ കീഴില്‍ ഫോക്ക് ഡാന്‍സ് പഠനം ആരംഭിച്ചു. തുടര്‍ന്ന് അഞ്ചാം വയസ്സ് മുതല്‍ ശ്രദ്ധ കഥകളിയിലേക്ക്. കലാമണ്ഡലം വാസുദേവന്‍ മാഷായിരുന്നു കഥകളി ഗുരു. എട്ട് വയസ്സില്‍ എത്തിയപ്പോള്‍ കലാമണ്ഡലം പ്രഭാകരന്‍ മാഷിന്റെ കീഴില്‍ ഓട്ടന്‍തുള്ളല്‍ പഠനം. ഇതെല്ലാം തുടരുമ്പോളും സ്‌കൂള്‍ പഠനം കൂടി മുടങ്ങാതെ കൊണ്ട് പോകുന്നുണ്ടായിരുന്നു, കൂടാതെ ശനി ഞായര്‍ ദിവസങ്ങളില്‍ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയുടെ പഠന ക്ലാസ്സും. നിര്‍മ്മലാ പണിക്കരുടെ കീഴില്‍ ആയിരുന്നു മോഹിനിയാട്ട പഠനം. പ്രാഥമിക പഠനത്തില്‍ ശ്രദ്ധ ചെലുത്തേണ്ട സമയത്ത് നൃത്തത്തിലും, മറ്റും തിരക്കിലാകുന്നത് പലരും ആ ഇടയ്ക്ക് അമ്മയോട് ചോദിച്ചിരുന്നു. ആ സമയത്ത് എല്ലാത്തിനും പിന്തുണയായി ഒത്തിരി സ്‌നേഹം നല്‍കിയത് നൃത്ത അധ്യാപകന്‍ കൂടിയായ RLV വേണുഗോപാല്‍ മാഷായിരുന്നു. കലാ പഠനം എന്നത് ഒരുപാട് ചെലവേറിയതാണ്, എല്ലാത്തിനും കൂടി സാമ്പത്തികമായി തികയാതെ വരുമ്പോള്‍ കലാ പഠനം ഉപേക്ഷിക്കേണ്ടി വരുമെന്ന വിഷമ ഘട്ടം ഉണ്ടായി, അന്ന് കൈത്താങ്ങ് ആയത് മാഷായിരുന്നു. ഒരു രൂപ പോലും പ്രതിഫലം കൈപ്പറ്റാതെ ഒരു മകളെ പോലെയായിരുന്നു വേണുഗോപാല്‍ മാഷിന് അന്നും ഇന്നും സ്‌നേഹ.

അഞ്ചാം വയസ്സില്‍ തുടങ്ങിയ കഥകളിയുടെ അരങ്ങേറ്റം ('പുറപ്പാട്') പതിനൊന്നാം വയസ്സില്‍ ആയിരുന്നു. സ്‌കൂള്‍ തലം മുതലേ പ്രൊഫഷണല്‍ ആയി ഓട്ടന്‍തുള്ളല്‍ ക്ഷേത്രങ്ങളിലും വേദികളിലും കളിച്ച് തുടങ്ങിയിരുന്നു. പക്ഷെ കഥകളി അഭ്യാസം വളരെ ചിട്ടയായി ബുദ്ധിമുട്ടി ചെയ്യേണ്ട ഒന്നാണ് ആ നിര്‍ബന്ധം മാഷിനും ഉണ്ടായിരുന്നു അതുകൊണ്ട് പുറപ്പാട് അരങ്ങേറി സമയം എടുത്തതാണ് മറ്റ് വേഷങ്ങളിലേക്ക് എത്തിയത്. ഏതാണ്ട് പ്ലസ്ടു കാലം മുതല്‍ കഥകളി വേദികളില്‍ വേഷങ്ങള്‍ മാറി മാറി അരങ്ങേറി തുടങ്ങി.

നാടകത്തിലേക്ക്

MA തിയേറ്റര്‍ പഠനത്തിന് ചേരുന്നതിന് ശേഷമാണ് രമേശ് വര്‍മ്മ എന്ന ഒരു അധ്യാപകന്റെ ' ഭഗദജ്ജുകം' എന്ന നാടകത്തില്‍ അഭിനയിച്ചത് . അതിന് ശേഷം നാടകത്തിലേക്കും ഒരു താല്പര്യം വന്ന് ചേര്‍ന്നു. MA തിയേറ്റര്‍ പഠിക്കുന്ന സമയത്തായിരുന്നു 'ഛായാമുഖി' എന്ന നാടകത്തിലേക്ക് ക്ഷണം ലഭിക്കുന്നത്. കോളേജ് സീനിയര്‍ ആയ നവാസ് ആയിരുന്നു ആ നാടകത്തിന്റെ സഹസംവിധായകന്‍. നവാസിന്റെ നിര്‍ദ്ദേശം ആയിരുന്നു ഛായാമുഖിയില്‍ അഭിനയിക്കാന്‍. പ്രശാന്ത് നാരായണന്റെ സംവിധാനത്തില്‍ വന്ന ഈ നാടകത്തില്‍ മോഹന്‍ലാല്‍, മുകേഷ് എന്നിങ്ങനെ മുന്‍നിര താരങ്ങള്‍ ആയിരുന്നു കൂടെ. ഇവരൊക്കെയാണ് ഒപ്പം അഭിനയിക്കുന്നത് എന്നറിഞ്ഞപ്പോള്‍ ശരിക്കും ഉള്ളില്‍ ഒരു ഭയം ഉണ്ടായിരുന്നു. അതിന്റെ മാഷ് പ്രശാന്ത് കഥകളിയുമായി ബന്ധപ്പെട്ട ഒരാളും അറിയാവുന്ന ഒരാള്‍ കൂടി ആയതും അദ്ദേഹത്തിന്റെ പ്രോത്സാഹനവും എല്ലാം മനസ്സിന് ഒരു ധൈര്യം പകര്‍ന്നു. ലാലേട്ടന്‍ ചെയ്തത് ഭീമന്‍ വേഷം ആയിരുന്നു, ഭീമന്റെ കാമുകിയായ ഹിഡുംബി വേഷമായിരുന്നു സ്‌നേഹയുടേത്. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യം ഉള്ള ഛായാമുഖിയില്‍ മോഹന്‍ലാലുമായി മാത്രം മൂന്ന് നാല് ഭാഗങ്ങളില്‍ സ്‌നേഹ എത്തി. അതിനു ശേഷം കാലടി യൂണിവേഴ്‌സിറ്റിയുടെ പ്രൊഡക്ഷന്‍ നാടകങ്ങള്‍ ചെയ്തു. ദീപന്‍ ശിവരാമന്‍ ചെയ്ത 'സ്‌പൈനല്‍ കോര്‍ഡ്' നാടകം, ഈ നാടകത്തിന് മേത്ത അവാര്‍ഡ് ലഭിച്ചിരുന്നു. അക്കാദമി അവാര്‍ഡ് നേടിയ നാടകമായ യക്ഷികഥയും നാട്ടുവര്‍ത്തമാനങ്ങളും, പ്രണയ സൗഗന്ധികം, പൂവന്‍ പഴം, ദ പ്രപ്പോസല്‍, ഹയവദന, ബ്ലാക്ക് ഫ്രൈഡേ, പ്ലേ ബോയ്, മറിമാന്‍ കണ്ണി ഉവ്വാവു എന്നീ നാടകങ്ങളും ചെയ്തു. ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റിയിലെ 2007ലെ മികച്ച അഭിനയത്രി എന്ന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ഓട്ടന്‍തുള്ളലിലെ പ്രതിഭ

ഓട്ടന്‍തുള്ളല്‍ പഠിക്കുന്നത് CCERT സ്‌കോളര്‍ഷിപ്പോട് (19982006) കൂടിയാണ്. അതിനു ശേഷം ഓട്ടന്‍തുള്ളലില്‍ ജൂനിയര്‍ ഫെലോഷിപ് നല്‍കി ആദരിച്ചു. കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം അമ്പലപ്പുഴയും സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ തഞ്ചാവൂറും ചേര്‍ന്ന് 'യുവ തുള്ളല്‍ പ്രതിഭാ പുരസ്‌കാരം' നല്‍കിയിരുന്നു. സ്‌കൂള്‍ഹയര്‍ സെക്കണ്ടറി യൂത്ത് ഫെസ്റ്റിവലുകളിലും നിരവധി തവണ ഒന്നാമതെത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നേതൃത്വത്തില്‍ ഗോവയില്‍ വച്ച് നടന്ന ഓട്ടന്‍തുള്ളല്‍ ഫെസ്റ്റിവല്‍ വര്‍ക്ഷോപ്പിലും സ്‌നേഹയെ തിരഞ്ഞെടുക്കുകയുണ്ടായി. 'തുള്ളല്‍ കൃതികളിലെ താള സംസ്‌കൃതി' എന്ന വിഷയത്തിന് അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകവും സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററും ചേര്‍ന്ന് പ്രബന്ധമത്സരം നടത്തിയിരുന്നു. അതില്‍ ഏറ്റവും നല്ല പ്രബന്ധമായി തിരഞ്ഞെടുത്തത് സ്‌നേഹയുടെ പ്രബന്ധത്തെയാണ്. സ്‌കൂള്‍ തലത്തിലും മറ്റും മത്സരഇനമായി പത്ത് മിനിറ്റ് ദൈര്‍ഘ്യത്തില്‍ ആയിരുന്നു ആദ്യം ഓട്ടന്‍ തുള്ളല്‍ അവതരണം. പിന്നീടത് മുഴുവന്‍ കഥയും വേദിയില്‍ കളിക്കുന്ന പോലെ ആയി മാറി. അത്തരത്തില്‍ രാമാനുചരിതം, കല്യാണസൗഗന്ധികം, സന്താന ഗോപാലം എന്നിവയും ഓട്ടന്‍തുള്ളല്‍ വേദികളില്‍ അരങ്ങേറി.

ഇപ്പോളും സ്‌നേഹ പഠിച്ച് കൊണ്ടിരിക്കുന്നു

പതിനൊന്നാം വയസ്സില്‍ അരങ്ങേറിയ കഥകളി ഇപ്പോളും സ്‌നേഹ പഠിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനോടകം പല വേദികളിലായി നിരവധി തവണ കഥകളി വേഷം കെട്ടിയാടിയിട്ടുണ്ട്. ദക്ഷയാഗത്തിലെ ശിവന്‍, പൂതനാമോക്ഷം അതില്‍ പൂതന, ഇന്ദ്രന്‍, ഭീമന്‍, പാഞ്ചാലി തുടങ്ങിയ നിരവധി വേഷ പകര്‍ച്ചകള്‍ ചെയ്തിട്ടുണ്ട്. പൊതുവെ പുരുഷവേഷം കെട്ടിയാടുന്നതിലാണ് കൂടുതല്‍ താല്പര്യം. 199899 കാലയളവില്‍ സ്‌കൂള്‍ തലത്തിലും 200103 ഹയര്‍ സെക്കണ്ടറി തലത്തിലും യുവജനോത്സവ വേദികളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പള്ളിപ്പുറം ഗോപാലന്‍ നായര്‍ സ്മാരക കേന്ദ്രം വക സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.

മോഹിനിയാട്ടത്തെ കുറിച്ച്

നിര്‍മ്മല പണിക്കര്‍ ടീച്ചറില്‍ നിന്ന് അഭ്യസിച്ച മോഹിനിയാട്ടം അനായാസം ഹൃദ്ദിസ്ഥമാക്കാന്‍ സ്‌നേഹയ്ക്കായി. MAയ്ക്ക് പഠിക്കുമ്പോള്‍ ആ ഗുരുവിനൊപ്പം തന്നെ മെക്‌സിക്കോ ഗണേശ ഫെസ്റ്റിവലില്‍ പെര്‍ഫോമിംഗും അഭ്യസനവും ആയും പോകാന്‍ കഴിഞ്ഞിട്ടുണ്ട്. ഒത്തിരി കാര്യങ്ങള്‍ അറിയാനും എല്ലാം കഴിഞ്ഞതായിരുന്നു ഒരു മാസത്തെ ആ മെക്‌സിക്കന്‍ ഫെസ്റ്റിവല്‍. കൂടാതെ മോഹിനിയാട്ടത്തിനായി സൂര്യ ഫെസ്റ്റിവല്‍, മൈസൂര്‍ ഡാന്‍സ് ഫെസ്റ്റിവല്‍, തഞ്ചാവൂര്‍ കള്‍ച്ചറല്‍ സെന്റര്‍ ഫെസ്റ്റിവല്‍, മൈസൂര്‍ പാലസില്‍ വച്ച് നടന്ന പല്ലവോത്സവം, കുമാരസംഭവം സപ്തം എന്ന് പറയുന്ന നടന കൈശുകിയുടെ നിര്‍മാണത്തിലെ മോഹിനിയാട്ടം അങ്ങനെ നിരവധി വേദികളില്‍ ചിലങ്കയണിയാനും സ്‌നേഹയ്ക്ക് ആയി. നിരവധി തവണ യൂത്ത് ഫെസ്റ്റിവലില്‍ ഒന്നാമത് എത്താന്‍ സ്‌നേഹയ്ക്കായി. ഇപ്പോള്‍ ഇരിഞ്ഞാലക്കുട നടനകൈരളിയിലാണ് മോഹിനിയാട്ട പഠനം. നടന കൈരളി മോഹിനിയാട്ടം ഫെസ്റ്റിവലിലും അരങ്ങേറിയിട്ടുണ്ട്.

മിനി സ്‌ക്രീനിലേക്ക്

സംവിധായകനും ഏറ്റവും അടുത്ത് സുഹൃത്തുമായ സിദ്ധാര്‍ഥ് ശിവയാണ് ശരിക്കും ഒരു വഴി ഈ മേഖലയിലോട്ട് തിരിച്ച് വിട്ടത്. സിദ്ദുവായിരുന്നു സ്‌നേഹയ്ക്ക് മറിമായത്തിന്റെ സംവിധായകന്‍ ആയ ഉണ്ണികൃഷ്ണനെ പരിചയപ്പെടുത്തുന്നത്. മഴവില്‍ മനോരമ എന്ന ചാനലിന്റെ വരവും അവരുടെ പരമ്പരയായ മറിമായത്തിലേക്കുള്ള ക്ഷണവും എല്ലാം ഒരുമിച്ചായിരുന്നു. സിദ്ദുവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഒരു എപ്പിസോഡ് മാത്രം ചെയ്യാം എന്നായിരുന്നു മനസ്സില്‍. പക്ഷെ ആ ഒരു എപ്പിസോഡ് തന്നെ സ്‌നേഹയെ വേറൊരു ലെവലില്‍ എത്തിച്ചു. അതില്‍ തീര്‍ത്താല്‍ തീരാത്ത അത്ര കടപ്പാടും നന്ദിയും അതിന്റെ സംവിധായകന്‍ ആയ ഉണ്ണികൃഷ്ണന്‍ സാറിനോട് സ്‌നേഹയ്ക്ക് ഇന്നും ഉണ്ട്. സദസ്സിന് മുന്നില്‍ നിന്ന് ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയ സ്‌നേഹയ്ക്ക് ക്യാമറയ്ക്ക് മുന്നില്‍ എങ്ങനെ അഭിനയിക്കണം എന്നെല്ലാം പഠിപ്പിച്ചത് ഉണ്ണി സാര്‍ തന്നെയാണ്. അദ്ദേഹം തന്നെയാണ് ശരിക്കും ഈ മേഖലയിലെ ഗുരു. ഉണ്ണികൃഷ്ണന്‍ സാറിന്റെ ആ നല്ല മനസ്സും പ്രോത്സാഹനവും കൊണ്ട് മറിമായം വീണ്ടും തുടര്‍ന്നു. ഇന്നും തുടരുന്ന ഈ പരമ്പര ഏതാണ്ട് മുന്നൂറില്‍ കൂടുതല്‍ എപ്പിസോഡുകള്‍ പിന്നിട്ടു. മണ്ഡോദരി എന്നാണ് സ്‌നേഹയുടെ മറിമായത്തിലെ പേര്. ശരിക്കും കരിയര്‍ മാറ്റി മറിച്ചത് മറിമായം തന്നെയാണ്.

ഗോസിപ്പുമായി വന്ന സല്‍പ്പേര് സുസീല

മറിമായത്തിന് ശേഷമാണ് കൈരളി ചാനലില്‍ 'ലൗഡ് സ്പീക്കര്‍' എന്നൊരു പ്രോഗ്രാം ചെയ്യാന്‍ അവസരം ലഭിച്ചത്. ഓണ്‍ലൈന്‍ മീഡിയകളിലും സോഷ്യല്‍ മീഡിയകളിലും മറ്റും വരുന്ന സിനിമാ സംബന്ധിയായ ഗോസിപ്പ് വാര്‍ത്തകള്‍ ഹാസ്യ രൂപേണ അവതരിപ്പിക്കുന്ന ലൗഡ് സ്പീക്കറില്‍ സുശീല ആയ സ്‌നേഹ ചിരിയിലും, വര്‍ത്തമാന ശൈലിയിലും എല്ലാം പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി. കൂടാതെ ഇടയ്ക്ക് അലുവയും മത്തിക്കറിയും എന്ന ഏഷ്യാനെറ്റ് പ്ലസ്സിന്റെ ഒരു കോമഡി പരമ്പരയിലും സ്‌നേഹ എത്തിയിരുന്നു, പുതുതായി ഫഌവഴ്‌സ് ചാനലില്‍ ആരംഭിച്ച കോമഡി ഉത്സവ് എന്ന പരിപാടിയിലെ ഒരു പ്രധാന വേഷത്തിലും സ്‌നേഹ ഇന്ന് മിനിസ്‌ക്രീനില്‍ ഉണ്ട്.

മിനി സ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലേക്ക്

മറിമായം ആയിരുന്നു സ്‌നേഹ ശ്രീകുമാറിന്റെ ജീവിത വഴിത്തിരുവ്. മറിമായം ടീം ഒരുക്കിയ മിലന്‍ ജലീല്‍ നിര്‍മ്മിച്ച 'വല്ലാത്ത പഹയന്‍' ആയിരുന്നു ആദ്യ സിനിമ. 2013 മെയ് 17ആണ് ചിത്രം റിലീസ് ചെയ്തത്. അതിന് ശേഷം രാജമ്മ @ യാഹൂ, ബെന്‍, ഉട്ടോപ്യയിലെ രാജാവ്, നീന, കാറ്റും മഴയും, സക്കറിയായുടെ ഗര്‍ഭിണികള്‍, ടു നൂറ വിത്ത് ലൗ, കളര്‍ ബലൂണ്‍, കാരണവര്‍, യു കാന്‍ ടു, ഇത് താന്‍ടാ പോലീസ്, മരുഭൂമിയിലെ ആന, ജെമിനി, ഒരേ മുഖം മുതലായ ചിത്രങ്ങളില്‍ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വേഷങ്ങള്‍ ചെയ്തു. ക്യാന്റീന്‍ നടത്തിപ്പ്കാരി തങ്കമായി എത്തിയ ഒരേ മുഖമാണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ത്യശ്ശൂവപ്പേരൂര്‍ ക്ലിപ്തം എന്ന ആസിഫ് അലി ചിത്രമാണ് ഇനി വരാന്‍ ഇരിക്കുന്നത്. കൂടാതെ രണ്ട് മൂന്ന് പുതിയ പ്രോജക്ടിലേക്ക് ക്ഷണവും ഉണ്ട്.

ഒരാഗ്രഹമുണ്ട്

വളരെയേറെ ബഹുമാനം വച്ച് പുലര്‍ത്തുന്ന കമല്‍ സാര്‍, ലാല്‍ ജോസ് സാര്‍ എന്നിവരുടെ സിനിമകളില്‍ വേഷമിടാന്‍ സ്‌നേഹയ്ക്കായി. അതേ പോലെ ഇഷ്ട സംവിധായകരില്‍ ഒരാളാണ് സത്യന്‍ അന്തിക്കാട്, ഒരു ഇത്തിരി ഇഷ്ടവും ബഹുമാനവും അദ്ദേഹത്തിനോട് കൂടുതല്‍ ഉണ്ട്, അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഒരു ചിത്രത്തില്‍ അഭിനയിക്കണം എന്ന അതിയായ ആഗ്രഹവും മനസ്സില്‍ ഉണ്ട്. എന്ത് തരം വേഷം ലഭിച്ചാലും ചെയ്യാന്‍ സ്‌നേഹ തയ്യാറാണ്. എന്ന് വച്ച് ഗ്ലാമറസ്സ് ആകാനൊന്നും താനില്ല. സിനിമ പോലെ തന്നെ പഠിച്ച അല്ലേല്‍ പഠിച്ച് കൊണ്ടിരിക്കുന്ന എല്ലാ നൃത്ത കലകളും ജീവിതാവസാനം വരെ തുടര്‍ന്ന് കൊണ്ട് പോകുക എന്നും സ്‌നേഹയ്ക്കുണ്ട്. നൃത്തത്തിന്റെ ഇനിയും പഠിക്കാത്ത ചുവടുകള്‍ കൂടുതല്‍ പഠിക്കാനും മനസ്സിന് കൊതിയാണെന്നും കൂട്ടിച്ചേര്‍ത്തു.

കുടുംബം

എറണാകുളം കുമ്പളം ആണ് ജന്മദേശം. വാട്ടര്‍ അതോറിറ്റിയിലെ ജീവനക്കാരനായ പരേതനായ ശ്രീകുമാറിന്റെയും കണക്ക് അധ്യാപികയായ ഗിരിജാ ദേവിയുടേയും രണ്ടാമത്തെ മകളാണ് സ്‌നേഹ. സൗമ്യ മൂത്ത സഹോദരിയാണ്.

പഠനം

സെന്റ് മേരീസ് കുമ്പളം സ്‌കൂളിലും, സെന്റ് ആന്റണീസ് കച്ചേരിപ്പടിയിലും ആയി പ്രാഥമിക വിദ്യാഭാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് മഹാരാജാസ് കോളേജില്‍ മലയാളത്തില്‍ ബിരുദം. പിന്നീട് കലാപരമായ പഠനത്തിലേക്ക് തിരിഞ്ഞു കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റിയില്‍ 'തിയേറ്റര്‍'ല്‍ MA പഠനം. പിന്നീട് 'പെര്‍ഫോമിംഗ് ആര്‍ട്‌സ്' ല്‍ MPhil. ഇപ്പോള്‍ ഇതില്‍ തന്നെ ഡോക്ടറേറ്റ് നേടാനുള്ള ശ്രമത്തിലാണ്.

English summary
Actress Sneha Sreekumar about her film career.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more