ഞങ്ങൾ തമ്മിൽ അടിയുണ്ടാകുന്നതിന് കാരണം ഇത് തന്നെയാണ്; ഭർത്താവിനെക്കുറിച്ച് അമല പോൾ
കുടുംബ ജീവിതവും കരിയറും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകുകയാണ് നടി അമല പോൾ. അടുത്തിടെയാണ് അമലയ്ക്കും ഭർത്താവ് ജഗത് ദേശായിക്കും ആൺകുഞ്ഞ് പിറന്നത്. ഗർഭിണിയായപ്പോഴും അമ്മയായ ശേഷവും തന്റെ സിനിമകളുടെ പ്രൊമോഷന് അമല പോൾ മുടങ്ങാതെ എത്താറുണ്ട്. ലെവൽക്രോസ് ആണ് നടിയുടെ പുതിയ സിനിമ. സിനിമയുടെ പ്രൊമോഷനും നടി സജീവമായി പങ്കെടുക്കുന്നു. ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് സംസാരിക്കുകയാണ് അമല പോൾ.
ഗർഭിണിയായപ്പോൾ ആടുജീവിതം സിനിമയുടെ പ്രൊമോഷന് എത്തിയതിനെക്കുറിച്ച് അമല പോൾ സംസാരിച്ചു. നല്ല എനർജിയുള്ള സമയമായിരുന്നു അത്. പ്രെഗ്നൻസി നമുക്ക് വളരെ എനർജിയുള്ള സമയമായിരിക്കും. ഭാഗ്യത്തിന് എനിക്ക് വേറെ കോംപ്ലിക്കേഷനുകൾ ഉണ്ടായിരുന്നില്ല. എത്രത്തോളം ആക്ടീവ് ആകുന്നോ അത്രത്തോളം ഹെൽത്തി ആയിരിക്കും എന്റെ ബേബിയെന്ന് അറിയാമായിരുന്നു. പിന്നെ ഇതൊക്കെ ഒരു ഭാഗ്യമല്ലേ. ഇത്രയും കാലത്തിന് ശേഷം ആടുജീവിതം ആ സമയത്ത് തന്നെ റിലീസ് ചെയ്യുന്നു.

പ്രൊമോഷന് എനിക്ക് കൂടാൻ പറ്റുന്നു. അത്രയും ഇഷ്ടപ്പെട്ട് ചെയ്യുന്ന പടങ്ങൾ പ്രൊമോട്ട് ചെയ്യാനും ഭയങ്കര എക്സൈറ്റ്മെന്റായിരിക്കും. ഞാൻ ആസ്വദിച്ചു. ചിലപ്പോൾ പറ്റില്ലെന്ന് തോന്നും. പിന്നെ എന്റെ കംഫർട്ട് സോണിൽ നിന്നും എന്നെ പുഷ് ചെയ്ത ശേഷം കിട്ടുന്ന സന്തോഷമുണ്ടെന്നും അമല പോൾ പറയുന്നു. ആ സമയത്ത് എല്ലാവരും ഭയങ്കര കെയറിംഗ് ആണ്. പൊതുവെ കിട്ടാത്ത കരുതലും സ്നേഹവും ബഹുമാനവുമുണ്ട്. അതൊക്കെ എന്തിനാണ് വീട്ടിൽ ഇരുന്ന് മിസ് ചെയ്യുന്നതെന്നും അമല പോൾ ചോദിക്കുന്നു.
തന്റെ ഭർത്താവ് ജഗത് ദേശായിയെക്കുറിച്ചും അമല പോൾ സംസാരിച്ചു. സോഷ്യൽ മീഡിയയിൽ റീലുകൾ ഇടാൻ ജഗത്തിന് ഇഷ്‌ടമാണെന്ന് അമല പറയുന്നു. ഞങ്ങൾ തമ്മിൽ അടിയുണ്ടാകുന്നതിന് കാരണം ഇത് തന്നെയാണ്. ആൾ ഒരു ഇൻസ്റ്റഗ്രാമർ പോലെയാണ്. വൈബ് ഗൈ ആണ്. ഞാൻ സോഷ്യൽ മീഡിയയിൽ അത്ര ആക്ടീവ് അല്ല. സിനിമയുടെ സമയത്തും യാത്ര ചെയ്യുമ്പോഴുമാണ് ഞാൻ പോസ്റ്റുകളിടുന്നത്.

പക്ഷെ ജഗ് ദിവസവും ആളുടെ ഒരു സ്റ്റോറിയിട്ട് കൊണ്ടിരിക്കും. അത് കൊണ്ട് ഞാൻ ഹാപ്പിയായി. ജഗ് അക്കാര്യങ്ങൾ ശ്രദ്ധിച്ചോളും. ആൾക്ക് അതാണ് ഇഷ്ടമെന്നും അമല പോൾ വ്യക്തമാക്കി. ഗർഭിണിയായപ്പോഴും അമ്മയായപ്പോഴും സോഷ്യൽ മീഡിയയിൽ നിന്നും തനിക്ക് ലഭിച്ച സ്നേഹത്തെക്കുറിച്ചും അമല പോൾ സംസാരിച്ചു. ഒരുപാട് പെൺകുട്ടികളുടെ കമന്റ് കണ്ടിട്ടുണ്ട്. എന്റെ ഈ യാത്രയിൽ അവർ വളരെ എക്സൈറ്റഡാണ്.
മെസേജുകളും മെയിലുകളും വരാറുണ്ട്. സ്നേഹിക്കപ്പെടുന്നത് നല്ലതാണ്. അത്യന്തികമായി നമുക്ക് അതാണല്ലോ വേണ്ടത്. എന്റെ സന്തോഷത്തിൽ മറ്റുള്ളവർ ഇത്രയും സന്തോഷിക്കുന്നതും ആരെങ്കിലും എന്നെക്കുറിച്ച് നെഗറ്റീവ് കമന്റിടുമ്പോൾ അവർക്കെതിരെ നമ്മളെ സപ്പോർട്ട് ചെയ്ത് ഇവർ പ്രതികരിക്കുന്നതും കാണുമ്പോൾ സന്തോഷം തോന്നാറുണ്ടെന്നും അമല പോൾ വ്യക്തമാക്കി. അർഫാസ് അയൂബ് ആണ് അമല പോളിന്റെ പുതിയ ചിത്രം ലെവൽ ക്രോസിന്റെ സംവിധായകൻ. അമലയ്ക്കൊപ്പം ആസിഫ് അലി, ഷറഫുദ്ദീൻ എന്നിവരും പ്രധാന വേഷം ചെയ്യുന്നു.


Click it and Unblock the Notifications











