»   »  മരണവീട്ടില്‍ പോയാല്‍ നിങ്ങളെങ്ങനെയാണ്, അങ്ങനെയാണ് 'ശവം'

മരണവീട്ടില്‍ പോയാല്‍ നിങ്ങളെങ്ങനെയാണ്, അങ്ങനെയാണ് 'ശവം'

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ഒരു മരണവീട്ടില്‍ പോയാല്‍ നമ്മള്‍ എന്തൊക്കെയാണ് ശ്രദ്ധിയ്ക്കുക. അലമുറയിട്ടും മുക്കിയും മൂളിയുമുള്ള കരച്ചിലുകളുണ്ടാവും. ആള്‍ക്കാര്‍ വന്നു പോകുന്നതിന്റെയും ചടങ്ങുകള്‍ക്ക് സജ്ജമാകുന്നതിന്റെയും അടക്കിപ്പിടിച്ചുള്ള ശബ്ദകോലാഹലങ്ങളുണ്ടാവും. പ്രാര്‍ത്ഥനകളുണ്ടാവും... അങ്ങനെ ഒരുപാട് ഒരുപാട് കാര്യങ്ങള്‍. കരച്ചിലിനെക്കാള്‍ ചിരിപ്പിയ്ക്കുന്ന അര്‍ത്ഥശൂന്യമായ കാഴ്ചകളും മരണവീട്ടില്‍ കാണാം.

  താന്‍ കണ്ടുശീലിച്ച മരണവീടുകളിലെ അനുഭവത്തെ ഒരു സിനിമയാക്കി മാറ്റുകയാണ് ഡോണ്‍ പാലാത്തറ എന്ന യുവ സംവിധായകന്‍. ശവം എന്നാണ് ചിത്രത്തിന്റെ പേര്. സിഡ്‌നി ഇന്റര്‍നാഷണല്‍ സിനിമാ സ്‌കൂളില്‍ നിന്നും സിനിമാ സംവിധാനത്തെ കുറിച്ച് പഠിച്ച ഡോണ്‍ ആദ്യമായി സംവിധാനം ചെയ്ത ഫീച്ചര്‍ ഫിലിമിനെ കുറിച്ച് ഫില്‍മിബീറ്റിനോട് സംസാരിക്കുന്നു.

  don-palathara

  ചിത്രം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്?
  ഷൂട്ടിങ് ഒക്കെ പൂര്‍ത്തിയാക്കി. എറണാകുളത്തെ ചില്‍ഡ്രന്‍സ് പാര്‍ക്ക് തിയേറ്ററില്‍ സിനിമയുടെ ആദ്യ പ്രിവ്യു നടത്തിയിരുന്നു. ഒരു കൊമേര്‍ഷ്യല്‍ റിലീസ് സാധ്യമാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഫിലിം സൊസൈറ്റികളിലും കോളേജുകളിലുമൊക്കെ സിനിമാ വണ്ടി എന്ന ആശയവുമായി എത്തിക്കാനാണ് പദ്ധതി. അതിനു ചില സാങ്കേതിക തടസ്സങ്ങളാണ് ഇപ്പോഴത്തെ കണ്‍ഫ്യൂഷന്‍

  ശവം എന്ന് കേള്‍ക്കുമ്പോള്‍ ആള്‍ക്കാര്‍ക്ക് ഒരു നെഗറ്റീവ് ഫീലാണ് വരുന്നത്. ഒരു മരണ വീട്ടില്‍ നടക്കുന്ന രംഗങ്ങള്‍ എന്ന ആശയത്തില്‍ എത്തിയതെങ്ങനെയാണ്.?
  നമുക്കിടയില്‍ പലതരത്തിലുള്ള ആള്‍ക്കാരാണുള്ളത്. ക്രൗഡ് ആയിട്ടുള്ള സ്ഥലങ്ങളിലെത്തുമ്പോള്‍ മലയാളികളുടെ ചില സവിശേഷമായ സ്വഭാവങ്ങള്‍ കാണാം. പലപ്പോഴും അത് നമ്മുടെ സംസ്‌കാരത്തിന്റെ കൂടെ ഭാഗമാണ്. നമ്മള്‍ എങ്ങനെയാണ് എന്ന് സ്വയം തിരിച്ചറിയുക പലപ്പോഴും ഇത്തരം ചില സന്ദര്‍ഭങ്ങളിലാണ്. നമുക്ക് ചുറ്റും ഇങ്ങനെയൊക്കെയാണ് എന്ന് പറഞ്ഞുവയ്ക്കാന്‍ ശ്രമിക്കുകയാണ് സിനിമ. കേരളത്തിലെ ഒരു ഇടത്തരം കത്തോലിക്ക കുടുംബത്തില്‍ ഒരു മരണ ദിവസം കാണുന്ന കാഴ്ചകളാണ്. മരണവീട്ടിലെ ബന്ധുക്കള്‍ അടക്കമുള്ളവരുടെ മദ്യപാനം മുതല്‍ മരിച്ചയാള്‍ തിരിച്ചുതരാനുള്ള പണത്തിന്റെ കണക്ക് തന്ത്രപരമായി അവതരിപ്പിയ്ക്കുന്ന സുഹൃത്തിനെയും ഇവിടെ കാണാം.

  ബ്ലാക്ക് ആന്റ് വൈറ്റ് മൂഡിലാണല്ലോ സിനിമ ചിത്രീകരിച്ചിരിയ്ക്കുന്നത്. ഇത് പേരുമായി ബന്ധിപ്പിക്കാനോ അതോ പഴയൊരു കാലത്തിലേക്കുള്ള തിരിച്ചുപോക്കോ?
  ബ്ലാക്ക് ആന്റ് വൈറ്റ് സിനിമകള്‍ ഒരുപാട് കണ്ടതുകൊണ്ടാവാം വ്യക്തിപരമായി എന്നിക്ക് ആ മൂഡ് വളരെ ഇഷ്ടമാണ്. പക്ഷെ ശവം അത്തരമൊരു ഉദ്ദേശത്തോടെയുമല്ല ബ്ലാക്ക് ആന്റ് വൈറ്റ് ആക്കിയത്. ആദ്യം കളര്‍ ടോണില്‍ തന്നെ ചിത്രീകരിക്കാനായിരുന്നു ഉദ്ദേശിച്ചത്. ഇതിനായി ഞാനും ക്യാമറമാന്‍ പ്രതാപ് ജോസഫും ലൊക്കേഷനുകള്‍ നോക്കിയിരുന്നു. സാമ്പിള്‍ നോക്കിയപ്പോള്‍ സ്‌ക്രീനില്‍ ആവശ്യമില്ലാത്ത കളറുകള്‍ കടന്നുവന്നു. അനാവശ്യമായി പ്രേക്ഷകരുടെ ശ്രദ്ധ അങ്ങോട്ട് തിരിയേണ്ടല്ലോ എന്നോര്‍ത്താണ് ബ്ലാക്ക് ആന്റ് വൈറ്റ് എന്ന ആശയത്തിലെത്തിയത്.

  don-palathara

  ശവമാണ് പ്രധാന കഥാപാത്രം. എല്ലാവരും പുതുമുഖങ്ങള്‍. എങ്ങനെയായിരുന്നു പാത്രസൃഷ്ടി?
  നാല്‍പതോളം കഥാപാത്രങ്ങള്‍ ചിത്രത്തില്‍ വന്നു പോകുന്നുണ്ട്. ഒരു കേന്ദ്ര കഥാപാത്രമില്ലെങ്കില്‍ കൂടെ എല്ലാവരിലും പ്രേക്ഷകന്റെ കാഴ്ച എത്തും. ഒരു മണിക്കൂര്‍ നാല് സെക്കന്റ് ചിത്രത്തില്‍ ശവമായി കിടക്കുന്ന ആള്‍ എന്റെ ഫേസ്ബുക്ക് സുഹൃത്താണ്. ഇങ്ങനെ ഒരു സിനിമ ഒരുക്കുന്നു എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം എന്ത് സഹായവും വാഗ്ദാനം ചെയ്തു. അങ്ങനെ തമാശയിലാണ് ഈ കഥാപാത്രത്തെ കുറിച്ച് പറഞ്ഞത്. അദ്ദേഹമത് സന്തോഷത്തോടെ സ്വീകരിച്ചു.

  ഒരു പുതിയ സംവിധായകന് നിര്‍മാതാവിനെ കണ്ടെത്തുക പ്രയാസമാണ്. ആരാണ് നിര്‍മാതാവ്, മറ്റ് അണിയറപ്രവര്‍ത്തകര്‍?
  അനീഷ് ചാക്കോ ഷിജോ കെ ജോര്‍ജ്ജ് എന്നിവരാണ് ചിത്രം നിര്‍മിയ്ക്കുന്നത്. രണ്ടുപേരും എന്റെ സുഹൃത്തുക്കളാണ്. ഇങ്ങനെ ഒരു സിനിമയെ കുറിച്ച് പറഞ്ഞപ്പോള്‍ ഫണ്ടിന്റെ കാര്യത്തില്‍ വിഷമിക്കേണ്ടതില്ലെന്ന് പറഞ്ഞവര്‍ മുന്നോട്ട് വന്നു. നാരാണിപ്പുഴ ഷാനവാസാണ് എഡിറ്റിങ്. അദ്ദേഹം കരി എന്നൊരു ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. പ്രതാപ് ജോസഫാണ് ഛായാഗ്രഹണം. പശ്ചാത്തല സംഗീതം എന്ന ചേരുവ ചിത്രത്തിലില്ല. സംസ്ഥാന പുരസ്‌കാര ജേതാവായ സന്ദീപ് കുരിശേരിയും ജിജി ജോസഫും ചേര്‍ന്നാണ് സൗണ്ട് സെറ്റിങ് നിര്‍വ്വഹിച്ചിരിയ്ക്കുന്നത്.

  ഡോണ്‍ എന്ന വ്യക്തിയിലെത്തുമ്പോള്‍, എങ്ങനെയാണ് സിനിമാ ലോകത്ത് എത്തുന്നത്?
  പഠിക്കുന്ന കാലത്ത് ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്തിട്ടുണ്ട്. കാഴ്ചയ്‌ക്കൊപ്പം സമാന്തര സിനിമകളെ കുറിച്ച് പഠനം നടത്തിയിരുന്നു. അങ്ങനെയാണ് ഒരാള്‍പ്പൊക്കത്തിന്റെ സിനിമാ വണ്ടി ആശയത്തിനൊപ്പമൊക്കെ പ്രവൃത്തിക്കാന്‍ അവസരം ലഭിച്ചത്.

  don-palathara

  ഇപ്പോള്‍ ഒരാള്‍പ്പൊക്കം പോലുള്ള സിനിമകള്‍ക്ക് വേണ്ടി സിനിമാ വണ്ടി എന്നൊരു ആശയം കൊണ്ടുവരേണ്ടി വന്നു. ആര്‍ട്ട് ഫിലിമുകള്‍ക്ക് മാര്‍ക്കറ്റില്ല എന്ന് തോന്നുന്നുണ്ടോ?

  അങ്ങനെയില്ല. ഇവിടെ തിയേറ്ററുകള്‍ കിട്ടുന്നുണ്ട്. ഡിസ്ട്രിബ്യൂട്ടേഴ്‌സും സര്‍ക്കാരും അതിന് വേണ്ടി ശ്രമിയ്ക്കുന്നുണ്ട്. പക്ഷെ നാല് ദിവസത്തില്‍ കൂടുതല്‍ അത്തരം സിനിമകള്‍ നില്‍ക്കുന്നില്ല. ആര്‍ട്ട് സിനിമകളിലെ ബിസിനസിനെ കുറിച്ച് പലര്‍ക്കും അറിയില്ല. പ്രേക്ഷകരുടെ അഭിരുചി മുഖ്യ ഘടകമാണ്. അതേ സമയം കൊമേര്‍ഷ്യല്‍ ചിത്രങ്ങള്‍ എടുക്കുന്നവര്‍ക്ക് അത്രത്തോളം ആര്‍ട്ടിസ്റ്റ് മെന്റാലിറ്റി ഉണ്ടാവണം എന്നില്ല. അത് രണ്ടിനെയും ഒരുമിച്ച് കൊണ്ടുപോകുക എന്നതാണ് പ്രധാനം.

  ഭാവി പരിപാടികള്‍
  ഈ സിനിമയുടെ റിസള്‍ട്ട് എങ്ങനെയാണെന്നറിഞ്ഞിട്ടാണ് ബാക്കി കാര്യം. ഒരു ഫീച്ചര്‍ സിനിമ സംവിധാനം ചെയ്യണം എന്നു തന്നെയായിരുന്നു ആഗ്രഹം. ഇനി എന്തായാലും വിദേശത്ത് പോയി എന്തെങ്കിലുമൊക്കെ ജോലി ചെയ്ത് തിരിച്ചുവന്ന് ഒന്ന് രണ്ട് സിനിമകള്‍ ചെയ്യാം എന്നാണ് കരുതുന്നത്.

  English summary
  An exclusive interview with Don Palathara the director of Savam (The Corpse)

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more