»   » ബെന്നിയും സംവിധായകനാകുന്നു

ബെന്നിയും സംവിധായകനാകുന്നു

Posted By: നിര്‍മല്‍
Subscribe to Filmibeat Malayalam
Benny-P-Nayarambalam
കോമഡി സംവിധായകരുടെ പ്രിയപ്പെട്ട തിരക്കഥാകൃത്തായിരുന്നു ബെന്നി പി.നായരമ്പലം. കല്യാണരാമന്‍, തൊമ്മനും മക്കളും, ചോട്ടാ മുംബൈ, മേരിക്കുണ്ടൊരു കുഞ്ഞാട്, ചട്ടമ്പിനാട് എന്നിവയെല്ലാം ഈ തൊപ്പിയിലെ ചില പൊന്‍തൂവലുകള്‍ മാത്രം. സംവിധായകന്‍ ഷാഫിയുടെ മിക്ക ഹിറ്റ് ചിത്രങ്ങള്‍ക്കും തിരക്കഥയൊരുക്കിയത് ബെന്നിയായിരുന്നു. ചാന്ത്‌പൊട്ട്, സ്പാനിഷ് മസാല എന്നീ ലാല്‍ജോസ് ചിത്രങ്ങള്‍ക്കും തിരക്കഥയൊരുക്കിയ ബെന്നിയുട പേര് ഇനി മലയാളികള്‍ ചേര്‍ത്തു വായിക്കുക സത്യന്‍ അന്തിക്കാടിന്റെ കൂടെയായിരിക്കും. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്ന ബെന്നി പി. നായരമ്പലം പുതിയ ചിത്രത്തെക്കുറിച്ച് വിശദീകരിക്കുന്നു.

മലയാളിക്കു പ്രതീക്ഷ നല്‍കുന്ന പുതിയൊരു കൂട്ടുകെട്ടാണല്ലോ?
ബെന്നി: സ്‌നേഹവീട് എന്ന ചിത്രം റിലീസ് ചെയ്ത ശേഷമാണ് സത്യേട്ടന്‍ എന്നോട് കഥയെഴുതാമോ എന്നു ചോദിച്ചത്. കുറച്ചുകാലമായി സത്യേട്ടന്‍ തന്നെയായിരുന്നു സ്വന്തം സിനിമയ്ക്കുള്ള കഥയും തിരക്കഥയും രചിച്ചിരുന്നത്. ഒരു മാറ്റം വേണമെന്നു തോന്നിയപ്പോള്‍ എന്നോടു സംസാരിച്ചു. അങ്ങനെയാണ് കടലിന്റെ പശ്ചാത്തലത്തിലുള്ള സ്‌നേഹബന്ധത്തിന്റെ കഥ ഞാന്‍ പറയുന്നത്. അത് ഇഷ്ടമായി. പിന്നീട് ചര്‍ച്ചയ്ക്കുശേഷം ഞാന്‍ പൂതിയ രചന തുടങ്ങി. അടുത്തമാസം ചിത്രീകരണം തുടങ്ങും. സിനിമയ്ക്കു പേരിട്ടിട്ടില്ല. സാധാരണ സത്യേട്ടന്റെ ചിത്രങ്ങള്‍ക്കെല്ലാം ചിത്രീകരണം തുടങ്ങിയശേഷമേ പേരിടാറുള്ളൂ. ചിത്രീകരണത്തിനിടെയായിരിക്കും അദ്ദേഹം പേരു സ്വീകരിക്കുക. ഇതിന്റെ പേരും അങ്ങനെതന്നെയായിരിക്കും സംഭവിക്കുക.

വലിയ താരങ്ങളൊന്നുമില്ലാത്ത ചിത്രമാണല്ലോ?
ബെന്നി: പ്രായമായ ഒരാളും യുവതിയും തമ്മിലുള്ള അടുപ്പത്തിന്റെ കഥയാണിത്. നെടുമുടിവേണുവാണ് പ്രായമായ ആളുടെ വേഷം ചെയ്യുന്നത്. യുവതിയുടെ റോളില്‍ നമിത പോള്‍ എന്ന പുതുമുഖവും. യുവനടന്‍ നിവിന്‍പോളിയും നല്ലൊരു വേഷത്തിലുണ്ട്. സത്യേട്ടന്റെ ചിത്രത്തില്‍ സ്ഥിരം അഭിനയിക്കാറുള്ള മലയാളത്തിലെ പ്രിയതാരങ്ങളും ചിത്രത്തിലുണ്ടാകും.

കടല്‍ പശ്ചാത്തലത്തില്‍ രണ്ടാമത്തെ ചിത്രമാണല്ലോ?
ബെന്നി: ദിലീപ് നായകനായ ചാന്തുപൊട്ട് ആയിരുന്നു കടലിന്റെ പശ്ചാത്തലത്തില്‍ ആദ്യം തിരക്കഥയെഴുതിയ ചിത്രം. അതും പുതിയ ചിത്രവും ഒരു സാമ്യവുമുണ്ടാകില്ല. പെണ്‍ജീവിതം നയിക്കേണ്ടി വന്ന രാധാകൃഷ്ണന്റെ ദയനീയ ജീവിതം കടല്‍പശ്ചാത്തലത്തില്‍ എഴുതുകയായിരുന്നു. അതില്‍ കടല്‍ നിര്‍ണായക ഘടകമായിരുന്നില്ല. എന്നാല്‍ പുതിയ ചിത്രത്തില്‍ കടല്‍ വളരെ നിര്‍ണായകമാണ്. ഇളയരാജയാണ് ചിത്രത്തില്‍ സംഗീതമൊരുക്കുന്നത്.

മിക്ക തിരക്കഥാകൃത്തുക്കളും സംവിധായകരായി. അങ്ങനെയുള്ള ആഗ്രഹമൊന്നുമില്ലേ?
ബെന്നി: തീര്‍ച്ചയായും. സംവിധായകനാകുക എന്നത് എന്റെയൊരു തീരുമാനമാണ്. അധികം വൈകാതെ അതുണ്ടാകും. അതിനു മുന്‍പ് കരാര്‍ ആയ ചിത്രങ്ങള്‍ തീര്‍ക്കണം. വൈശാഖിനു വേണ്ടിയാണ് പുതിയ തിരക്കഥയെഴുതുന്നത്. ദിലീപാണ് നായകന്‍. അതിനുശേഷം മമ്മൂട്ടിയുടെ ചിത്രമായിരിക്കും. പുതുമുഖമാണ് സംവിധായകന്‍. ഇതുരണ്ടും കഴിഞ്ഞ ശേഷമേ സംവിധാനത്തെക്കുറിച്ച് ചിന്തിക്കുകയുള്ളൂ.

എല്ലാം കോമഡി ചിത്രങ്ങളാണല്ലോ. പുതിയ ചിത്രവും കോമഡി തന്നെയാണോ?
ബെന്നി: സത്യേട്ടന്റെ ചിത്രങ്ങളില്‍ കോമഡി നിര്‍ബന്ധമാണ്. കുടുംബപ്രേക്ഷകര്‍ ഏറ്റവും അറിഞ്ഞാസ്വദിക്കുന്നത് സത്യേട്ടനൊക്കെ ചെയ്യുന്ന ചിത്രങ്ങളുടെ കോമഡിയാണ്. ഞാനെഴുതുന്ന ചിത്രങ്ങളും കോമഡി ട്രാക്കില്‍ തന്നെയുള്ളതാണ്. സീരിയസ് വിഷയമാണെങ്കിലും കോമഡി പശ്ചാത്തലമുണ്ടാകും. ചാന്തുപൊട്ട് തന്നെ ഏറ്റവും വലിയ ഉദാഹരണം. ദിലീപിന്റെ കുറേചേഷ്ടകള്‍ തമാശയായിട്ടാണ് പ്രേക്ഷകര്‍ക്കു തോന്നിയത്. ആ തമാശയിലൂടെയാണ് പെണ്‍ജീവിതമുള്ള ആണിനെക്കുറിച്ചു പറയുന്നത്. ഒടുവില്‍ ചെയ്ത സ്പാനിഷ് മസാലയും കോമഡി തന്നെയായിരുന്നു. സത്യേട്ടന്റെ കൂടെയുള്ള ചിത്രത്തിലും കോമഡി ധാരാളമുണ്ടാകും.

English summary
Exclusive interview with Benny P Nayarambalam, the famous script writer. His hits include ‘Thommanum Makkalum', ‘Marykkundoru Kunjadu', ‘Chattambi Naadu', Anwar Rashid's ‘Chotta Mumbai', the Vinayan-directed ‘Akasha Ganga' and ‘Pothan Vava', Chanthupottu,Spanish Masala, Kalyana Raman,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam