'കുടുംബപ്പേര് ഉപയോഗിക്കരുത്; അഭിഷേകിന്റെ അച്ഛൻ വിളിച്ചു; ആര് ഉപേക്ഷിച്ചാലും എന്റെ മകൻ എനിക്ക് വലുതാണ്'
ബിഗ് ബോസ് ആറാം സീസണിൽ ഇക്കഴിഞ്ഞ ആഴ്ചയാണ് അഭിഷേക് ജയ്ദീപ് പുറത്തായത്. വൈൽഡ് കാർഡ് എൻട്രിയായെത്തിയ അഭിഷേകിന് അധിക നാൾ ഷോയിൽ തുടരാനായില്ല. അധികം ഹേറ്റേഴ്സ് ഇല്ലാത്ത മത്സരാർത്ഥിയായിരുന്നു അഭിഷേക്. താൻ ഗേ ആണെന്ന കാര്യം ബിഗ് ബോസിലൂടെയാണ് തന്റെ വീട്ടുകാർ അറിയാൻ പോകുന്നതെന്ന് അഭിഷേക് പറഞ്ഞിരുന്നു. അഭിഷേകിന്റെ ഐഡന്റിറ്റിയെ അംഗീകരിക്കാൻ അമ്മയും സഹോദരിയും തയ്യാറായി.
ഇപ്പോഴിതാ മകനെക്കുറിച്ച് ഫിൽമിബീറ്റ് മലയാളവുമായി സംസാരിക്കുകയാണ് അഭിഷേകിന്റെ അമ്മ. അഭിഷേകിന് ഇക്കാര്യം തന്നോട് നേരത്തെ പറയാമായിരുന്നെന്ന് അമ്മ പറയുന്നു. വളരെ നല്ല കുട്ടിയാണ് അവൻ. അവൻ എന്നോട് ഇക്കാര്യം പറഞ്ഞില്ലല്ലോ എന്ന വിഷമം ഇപ്പോളുമുണ്ട്. ഉള്ളിലിട്ട് സഹിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല. അതൊക്കെ ആലോചിച്ച് വിഷമമായിരുന്നു. എന്നോട് പറയാൻ പേടിയെന്തിനായിരുന്നെന്ന് മനസിലാകുന്നില്ല. ഞങ്ങൾ സുഹൃത്തുക്കളെ പോലെയാണ്.

പക്ഷെ ഇക്കാര്യം ഒരു ആൺകുട്ടിക്ക് തുറന്ന് പറയാൻ പറ്റില്ലായിരുന്നു. മാത്രവുമല്ല അച്ഛനുമായി ഞാനുമായുള്ള അത്ര അടുപ്പം ഇല്ല. ചേച്ചിയോടെങ്കിലും പറയാമായിരുന്നു. അംഗീകരിക്കില്ലെന്ന് കരുതിക്കാണും. പക്ഷെ നമ്മുടെ മകൻ നമ്മുടേത് തന്നെയല്ലേയെന്നും അഭിഷേകിന്റെ അമ്മ ചൂണ്ടിക്കാട്ടി. നമ്മുടെ കുട്ടികളെ നമ്മൾ തന്നെ ചേർത്ത് പിടിക്കണം. അതിന് ശേഷമേ സമൂഹത്തിന് വിട്ടുകൊടുക്കേണ്ട ആവശ്യമുള്ളൂ. സമൂഹം എന്ത് പറയുന്നു എന്ന് അറിയേണ്ട ആവശ്യമില്ല.
അങ്ങനെയുള്ള കുട്ടികളെ ഒരിക്കലും ഒറ്റപ്പെടുത്തരുതെന്നും അമ്മ പറയുന്നു. മകൻ ഗേ ആണെന്ന് തുറന്ന് പറഞ്ഞതിന് ശേഷം അഭിഷേകിന്റെ അച്ഛൻ വിളിച്ചതിനെക്കുറിച്ചും സംസാരിച്ചു. കുറച്ച് നാളായി ഞാൻ മകളുടെ കൂടെയാണ്. കുടുംബ പ്രശ്നങ്ങൾ കാരണമാണ്. ഇത് അറിഞ്ഞ ശേഷം എന്നെ വിളിച്ചു. ഭയങ്കര മോശമായാണ് എന്നോട് സംസാരിച്ചത്. ഞാൻ ഫോൺ കട്ട് ചെയ്തു. അവനൊരു ഷോയിൽ പോയിരിക്കുമ്പോൾ എനിക്കവനെക്കുറിച്ച് നെഗറ്റീവ് കേൾക്കാൻ താൽപര്യം ഉണ്ടായിരുന്നില്ല.

അതുകൊണ്ട് തന്നെ ഞാൻ ഫോൺ കട്ട് ചെയ്തു. അവരുടെ കുടുംബ പേര് ഉപയോഗിക്കരുതെന്ന് പോലും പറഞ്ഞു. അവരുടെ വീട്ടുകാരെല്ലാം അങ്ങേരെ വിളിച്ച് ചീത്ത പറഞ്ഞു. അങ്ങേര് കരയുകയായിരുന്നു. ഒരുപാട് നെഗറ്റീവ് പറഞ്ഞപ്പോൾ ആരെന്ത് ഉപേക്ഷിച്ചാലും എന്റെ മകൻ എനിക്ക് വലുതാണെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യുകയാണ് ചെയ്തതെന്നും അമ്മ പറഞ്ഞു. ഞാൻ മുമ്പ് വർക്ക് ചെയ്ത സ്ഥാപനത്തിലെ ഒരുപാട് പേർ മകന്റെ കാര്യമറിഞ്ഞ് വിളിച്ചു.
പക്ഷെ അത്രത്തോളം തന്നെ എന്നെ വിളിക്കാതായവരും ഉണ്ടെന്ന് അഭിഷേകിന്റെ അമ്മ പറയുന്നു. ചെറുപ്പം തൊട്ടേ വീട്ടിൽ പ്രശ്നങ്ങൾ ആയത് കാരണം ഞാൻ കുട്ടികളുമായി ഭയങ്കര അറ്റാച്ച്ഡ് ആയിരുന്നു. അമ്മ മാത്രമല്ല, സുഹൃത്തായിരുന്നു. ഒരുമിച്ചിരുന്ന് കളിക്കുക വരെ ചെയ്തിരുന്നു. ഇക്കാര്യം ഇവൻ മനസിൽ വെച്ച് വിഷമിച്ചല്ലോ എന്നായിരുന്നു എനിക്ക്.
അല്ലാതെ അവന്റെ ഐഡന്റിറ്റി എനിക്കൊരു പ്രശ്നമല്ല. അവനെന്റെ ചെറിയ അപ്പുക്കുട്ടൻ തന്നെയാണ്. ഇപ്പോഴും റോഡിൽ കൂടെ പോകുമ്പോൾ അവനോട് നീങ്ങി നടക്കാൻ പറയാറുണ്ട്. ഇങ്ങനെ ഓവർ കെയറിംഗ് ആകരുതെന്ന് ഇവൻ പറയും. പക്ഷെ ഞാൻ അങ്ങനെയാണ്. അതിൽ ഒരു കണിക പോലും മാറ്റം വന്നിട്ടില്ലെന്നും അഭിഷേക് വ്യക്തമാക്കി.


Click it and Unblock the Notifications