ഞങ്ങളുടെ വല്യേട്ടന്‍!അന്ന് മരണവീട്ടില്‍ പോയപ്പോള്‍ കൂടെക്കൂട്ടി! മമ്മൂട്ടിയെക്കുറിച്ച് ബിജു മേനോന്‍
സഹനടനായും നായകനായും വില്ലനായും തിളങ്ങുകയാണ് ബിജു മേനോന്‍. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്നും താരം ഇതിനോടകം തന്നെ തെളിയിച്ച് കഴിഞ്ഞിരുന്നു. രൂപഭാവത്തില്‍ മാത്രമല്ല ഭാഷാവൈവിധ്യത്തിലും അദ്ദേഹം കൃത്യമായി ശ്രദ്ധിക്കാറുണ്ട്. ഒരുകാലത്ത് പ്രണയ നായകനും നിരാശ കാമുകനുമായി നിറഞ്ഞുനിന്നിരുന്ന താരം ഹാസ്യത്തിലേക്കും വില്ലനിലേക്കും ചുവട് മാറിയതോടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഹാസ്യ പ്രധാനമായ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയ ബിജു മേനോനില്‍ വില്ലന്‍ കഥാപാത്രങ്ങളും സുരക്ഷിതനായിരുന്നു. കഥാപാത്രത്തെ മനോഹരമാക്കുന്നതിനായി ഗംഭീര മേക്കോവറുകളാണ് അദ്ദേഹം നടത്താറുള്ളത്.
ഓണ്‍ സ്‌ക്രീനിലെ മികച്ച ജോഡിയെത്തന്നെയാണ് അദ്ദേഹം ജീവിത സഖിയാക്കിയത്. ഇന്നും പ്രേക്ഷകര്‍ ഈ കുടുംബത്തോട് സംയുക്തയെക്കുറിച്ച് ചോദിക്കാറുണ്ട്. താരപത്‌നിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാലോകം. സംവിധായകരേക്കാള്‍ കൂടുതല്‍ പ്രമേയത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് താരം പറയുന്നു. നല്ല കഥകള്‍ തിരഞ്ഞെടുക്കുന്നതില്‍ മാത്രമല്ല കണ്ട് മടുത്ത കഥകളില്‍ നിന്നും മാറി നില്‍ക്കാനും ശ്രദ്ധിക്കാറുണ്ടെന്നും താരം പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം കാര്യങ്ങള്‍ വിശദീകരിച്ചത്. താരത്തിന്റെ ലേറ്റസ്റ്റ് വിശേഷങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

സീരിയസ് കഥാപാത്രങ്ങളോട് പ്രത്യേക ഇഷ്ടം
ഏത് തരത്തിലുള്ള കഥാപാത്രമായാലും പ്രമേയത്തെക്കുറിച്ചാണ് താന്‍ കൂടുതല്‍ ചിന്തിക്കാറുള്ളത്. സംവിധായകരുടെ പേരിനേക്കാള്‍ കൂടുതല്‍ ശ്രദ്ധ കഥയ്ക്കാണ്. ഗൗരവമാര്‍ന്ന സിനിമകള്‍ ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും അത്തരത്തിലൊരു കഥാപാത്രത്തെ ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ് താനെന്നും ബിജു മേനോന്‍ പറയുന്നു. അത്തരത്തില്‍ സീരിയസ് കഥാപാത്രം തന്നെത്തേടിയെത്തുമ്പോള്‍ മറ്റൊന്നുമാലോചിക്കാതെ സ്വീകരിക്കുമെന്നും വേണ്ടി വന്നാല്‍ ആ സിനിമ നിര്‍മ്മിക്കുമെന്നും അദ്ദേഹം പറയുന്നു.

വില്ലനോടും താല്‍പര്യമാണ്
വില്ലത്തരമുള്ള കഥാപാത്രത്തോടും തനിക്ക് താല്‍പര്യമുണ്ടെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരത്തിലുള്ള കഥാപാത്രമൊന്നും തന്നെത്തേടിയെത്തുന്നില്ലെന്ന് താരം പറയുന്നു. നായക കഥാപാത്രങ്ങളാണ് ഇപ്പോള്‍ തനിക്കരികിലേക്കെത്തുന്നത്. ഇടക്കാലത്ത് പോലീസ് വേഷങ്ങളായിരുന്നു ലഭിച്ചത്. അത് മടുത്തപ്പോഴാണ് അതില്‍ നിന്നും ഇടവേളയെടുത്തത്. പ്രായമുള്ള കഥാപാത്രമാണെങ്കില്‍ക്കൂടിയും അത് വില്ലനാണെങ്കില്‍ താനത് സ്വീകരിക്കുമെന്ന് താരം പറയുന്നു.

മമ്മൂട്ടിയെക്കുറിച്ച് പറയുമ്പോള്‍
മമ്മൂട്ടിയുമായി ഒരു പ്രത്യേക ബന്ധമുണ്ട് ബിജു മേനോന്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട സബോര്‍ഡിനേറ്റായും സഹോദരനായും അഭിനയിക്കാനുള്ള ഭാഗ്യം താരത്തിന് ലഭിച്ചിട്ടുണ്ട്. ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിനെക്കുറിച്ചും വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമൊക്കെ അദ്ദേഹം തന്നോട് സംസാരിക്കാറുണ്ടെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. തന്‍രെ മടിയെക്കുറിച്ചും അദ്ദേഹത്തിന് കൃത്യമായി അറിയാം. അത് മാറ്റാനായി അദ്ദേഹവും ശ്രമിച്ചിരുന്നു. മടിയെക്കുറിച്ച് കൃത്യമായി അറിയാവുന്നതിനാല്‍ സംയുക്ത ഒന്നിനും നിര്‍ബന്ധിക്കാറില്ലെന്നും അന്ന് താരം പറഞ്ഞിരുന്നു.

അടുപ്പത്തിന് കാരണമെന്താണെന്നറിയില്ല
വിഷ്ണു എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് മമ്മൂട്ടിയെ ആദ്യം കണ്ടത്. അഴകുയ രാവണന്‍ ചിത്രീകരണത്തിനിടയിലായിരുന്നു അടുത്ത കൂടിക്കാഴ്ച. തുടക്കത്തില്‍ അദ്ദേഹത്തോട് അടുക്കാന്‍ പേടിയായിരുന്നു. സംസാരിക്കാനും പേടിച്ചിരുന്നു. അദ്ദേഹത്തോട് ആദ്യമായി സംസാരിച്ച അന്നായിരുന്നു എന്‍എന്‍ പിള്ളയുടെ മരണം. തന്നെയും കൂട്ടിയാണ് അദ്ദേഹം ആ വീട്ടിലേക്ക് പോയതെന്നും അദ്ദേഹത്തോടുള്ള അടുപ്പത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് അറിയില്ലെന്നും താരം പറയുന്നു.

വെള്ളിമൂങ്ങയുടെ വിജയം
ബിജു മേനോന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് വെള്ളിമൂങ്ങ. സ്വഭാവികത നിറഞ്ഞ നര്‍മ്മ മുഹൂര്‍ത്തങ്ങളുമായെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇന്നും പലരും പറയാറുണ്ട് ആ സിനിമ തങ്ങള്‍ക്കേറെ ഇഷ്ടമാണെന്ന്. അതിന് മുന്‍പ് നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും വെള്ളിമൂങ്ങ വലിയൊരു മൈലേജാണ് തനിക്ക് തന്നതെന്നും താരം പറയുന്നു. ഇന്നിപ്പോള്‍ അത് വലിയൊരു ബാധ്യത കൂടിയാണ്.

ദക്ഷിന്റെ കാര്യങ്ങള്‍ നോക്കുന്നു
ഏഴാം ക്ലാസുകാരനാണ് ദക്ഷ് ധാര്‍മ്മിക്ക്. അവന്റെ കാര്യങ്ങളും കുടുംബത്തിലെ മറ്റ് കാര്യങ്ങളുമൊക്കെയായി തിരക്കിലാണ് സംയുക്ത. മികച്ച അവസരം ലഭിച്ചാല്‍ സിനിമയിലേക്ക് തിരിച്ചെത്തുമെന്ന് ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ടെങ്കിലും എന്നായിരിക്കും അത് സംഭവിക്കുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് സിനിമാലോകം. ഭാര്യ അഭിനയിക്കുന്നതില്‍ തനിക്ക് വിരോധമൊന്നുമില്ലെന്ന് ബിജു മേനോന്‍ നേരത്തെ പറഞ്ഞിരുന്നു.


Click it and Unblock the Notifications











