തുടക്കം മമ്മൂട്ടിക്കൊപ്പം! മോഹന്‍ലാലിന്റെ മകളായും വേഷമിട്ടു! നൃത്തവും അഭിനയവും ജീവവായു: സിന്ധു ശ്യാം
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമാണ് സിന്ധു ശ്യാം. മികച്ച നര്‍ത്തകി കൂടിയായ സിന്ധു അഭിനയത്തില്‍ നിന്നും ഇടവേള എടുത്തപ്പോഴും നൃത്തത്തെ കൂടെക്കൂട്ടിയിരുന്നു. ഭൂതക്കണ്ണാടിയിലെ മിനിക്കുട്ടിയും വാവയിലെ ഗാഥയേയും പറഞ്ഞാല്‍ സിന്ധു ആരാണെന്നും, ആ മുഖവും പ്രേക്ഷക മനസിലേക്ക് ഓടിയെത്തും. സൂര്യ ഫെസ്റ്റിവലിന് ശേഷമായി പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സഹോദരി സൗമ്യയ്‌ക്കൊപ്പം ഭരതനാട്യം പെര്‍ഫോം ചെയ്യാനുള്ള ഒരുക്കത്തിലാണ് സിന്ധു. പിറന്നാള്‍ ദിനമായ ഡിസംബര്‍ രണ്ടിനാണ് നൃത്തം അവതരിപ്പിക്കുന്നത്. പെര്‍ഫോമന്‍സിന് മുന്നോടിയായി ഫില്‍മിബീറ്റ് മലയാളവുമായി സംവദിച്ചിരുന്നു.
ഭരതനാട്യത്തിലാണ് ഞാന്‍ ഫോക്കസ് ചെയ്യുന്നത്. അനിയത്തി സൗമ്യ മോഹിനിയാട്ടത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. ചെറുപ്പത്തില്‍ ഞങ്ങള്‍ ഒത്തിരി വേദികളില്‍ ഒന്നിച്ച് പെര്‍ഫോം ചെയ്തിരുന്നു. കാലങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഞങ്ങള്‍ ഒന്നിച്ച് നൃത്തം ചെയ്യുന്നത്. പുള്ളിക്കാരി ഹൈദരാബാദില്‍ സെറ്റില്‍ഡാണ്. കുഞ്ഞായിരുന്ന സമയത്ത് രണ്ട് സിനിമകളില്‍ അഭിനയിച്ചിരുന്നു. ബീന പ്രസാദ് ടീച്ചറിന്റെ കീഴിലാണ് നൃത്തം പഠിക്കുന്നത്. ഞാന്‍ കലാമണ്ഡലത്തിലായിരുന്നു പഠിച്ചത്. അന്ന് നിറയെ പരിപാടികള്‍ ചെയ്തിരുന്നു. സ്‌കൂളിലും കോളേജിലും കലാപരിപാടികളിലെല്ലാം പങ്കെടുക്കുമായിരുന്നു. അങ്ങനെയാണ് സിനിമയില്‍ നിന്നുള്ള അവസരം ലഭിക്കുന്നത്. വിവാഹത്തോടെയാണ് ചെന്നൈയിലേക്ക് വന്നത്. ഇവിടെ വന്നപ്പോള്‍ ഡാന്‍സ് സ്‌കൂള്‍ തുടങ്ങി. ഡാന്‍സില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയായിരുന്നു അഭിനയം കുറച്ചത്. നിലവില്‍ തമിഴ് പ്രൊജക്ടുകളിലാണ് കൂടുതലും ശ്രദ്ധിക്കുന്നത്. ഒരുപാട് ദിവസമൊന്നും ഇവിടെ നിന്നും മാറി നില്‍ക്കാന്‍ പറ്റാത്ത സിറ്റുവേഷനാണ്.

ഭൂതക്കണ്ണാടിയായിരുന്നു ആദ്യം അഭിനയിച്ച സിനിമ. ഇന്നും ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ സിന്ധുവിനെ തേടിയെത്താറുണ്ട്. അന്നത്തെ അനുഭവങ്ങളെക്കുറിച്ചും അവര്‍ വാചാലയായിരുന്നു. കലോത്സവത്തിലെ ഫോട്ടോ പത്രങ്ങളില്‍ വന്നിട്ടുണ്ടായിരുന്നു. ഭൂതക്കണ്ണാടിയിലേക്ക് താരങ്ങളെ നോക്കിയിരുന്ന സമയം കൂടിയായിരുന്നു അത്. അങ്ങനെയാണ് മിനിക്കുട്ടിയെന്ന ക്യാരക്ടര്‍ എന്നിലേക്ക് എത്തുന്നത്. നല്ലൊരു സിനിമയില്‍, നല്ലൊരു ക്യാരക്ടര്‍ ചെയ്യാന്‍ പറ്റി തുടക്കത്തില്‍ തന്നെ. മമ്മൂട്ടി സാറിന്റെ കൂടെ കോമ്പിനേഷന്‍ സീനുകളൊക്കെയുണ്ടായിരുന്നു.
കലാമൂല്യമുള്ളൊരു ചിത്രമായിരുന്നു അത്. എല്ലാം ശ്രദ്ധിക്കപ്പെടുന്ന ക്യാരക്ടറുകളായിരുന്നു. അതിന് ശേഷമായിരുന്നു വാനപ്രസ്ഥത്തിലേക്ക് അവസരം ലഭിക്കുന്നത്. കഥകളി അറിയുന്ന കുട്ടിയെ വേണമായിരുന്നു അവര്‍ക്ക്. അങ്ങനെയാണ് മോഹന്‍ലാല്‍ സാറിന്റെ മകളായി അഭിനയിച്ചത്. പിന്നെ ലെനിന്‍ രാജേന്ദ്രന്‍ സാറിന്റെ മഴ എന്ന ചിത്രത്തില്‍ ബിജു മേനോന്റെ മുറപ്പെണ്ണായി അഭിനയിച്ചു. നഷ്ടപ്പെട്ട നീലാംബരി എന്ന നോവലായിരുന്നു മഴയ്ക്ക് അടിസ്ഥാനം. രസമുള്ളൊരു ക്യാരക്ടറായിരുന്നു അത്.
സങ്കീര്‍ത്തനം പോലെയായിരുന്നു ആദ്യ സീരിയല്‍. വാവയിലൂടെയായിരുന്നു ശ്രദ്ധിക്കപ്പെട്ടത്. അതിന് ശേഷമായിരുന്നു വിവാഹം. അങ്ങനെ ചെന്നൈയില്‍ സെറ്റിലായി. ആ സമയത്താണ് ആയുധഎഴുത്തില്‍ സൂര്യയുടെ സഹോദരിയായി അഭിനയിച്ചത്. വിക്രമിനൊപ്പമായി കോബ്രയിലായിരുന്നു ഒടുവിലായി അഭിനയിച്ചത്. സിനിമയില്‍ മാത്രമല്ല തമിഴ് പരമ്പരകളിലും സിന്ധു അഭിനയിച്ചിട്ടുണ്ട്. ഭാഷാപ്രശ്‌നങ്ങളൊന്നും തനിക്കൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലെന്നും സിന്ധു പറഞ്ഞിരുന്നു.


Click it and Unblock the Notifications











