»   » ആക്രമിക്കപ്പെട്ട നടിയുമായി എനിക്ക് പ്രശ്‌നമുണ്ടായിരുന്നു, എന്നാലും ആ മൗനം എന്നെ വേദനിപ്പിച്ചു;ദിലീപ്

ആക്രമിക്കപ്പെട്ട നടിയുമായി എനിക്ക് പ്രശ്‌നമുണ്ടായിരുന്നു, എന്നാലും ആ മൗനം എന്നെ വേദനിപ്പിച്ചു;ദിലീപ്

Posted By: Rohini
Subscribe to Filmibeat Malayalam

വിവാഹ മോചനവും രണ്ടാം വിവാഹവുമൊക്കെ ദിലീപിനെ വേട്ടയാടുമ്പോഴാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലും സാമൂഹ്യ മാധ്യമങ്ങള്‍ ദിലീപിനെ പ്രതിചേര്‍ത്തത്. ദിലീപിന്റെ ഗൂഢാലോചനയാണ് നടി ആക്രമിയ്ക്കപ്പെട്ട സംഭവമെന്നും, ദിലീപിനെ പൊലീസ് ചോദ്യം ചെയ്തു എന്നുമൊക്കെയായിരുന്നു വാര്‍ത്തകള്‍. തനിക്ക് പങ്കില്ല എന്ന് എത്ര ആവര്‍ത്തി ദിലീപ് പറഞ്ഞിട്ടും ആരും വിശ്വസിക്കാന്‍ തയ്യാറായില്ല.

കാവ്യയുടെ അമ്മയ്ക്ക് ഞങ്ങളുടെ വിവാഹത്തില്‍ ഒട്ടും താത്പര്യമില്ലായിരുന്നു എന്ന് ദിലീപ്, പിന്നെ സമ്മതിച്ചത് ?

മനോരമയിലെ മറുപുറം എന്ന പരിപാടിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഒരിക്കല്‍ കൂടെ ദിലീപ് അക്കാര്യം വ്യക്തമാക്കി. ആ ആക്രമിയ്ക്കപ്പെട്ട നടിയുമായി തനിക്ക് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നും എന്നാല്‍ അവരുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തി എന്നും ആക്രമിച്ചു എന്നും പറയുന്നതില്‍ കഴമ്പില്ല എന്നും ദിലീപ് വ്യക്തമാക്കി. ബോംബെ കേന്ദ്രീകരിച്ച് നടത്തുന്ന ഒരു പരസ്യ കമ്പനിയുടെ ഗൂഡാലോചനയാണ് തനിക്കെതിരെ ഉണ്ടായ ആക്രമണം എന്നും ദിലീപ് പറയുന്നു.

ആ വാര്‍ത്ത കേട്ടപ്പോള്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു

എന്റെ ജീവിതത്തില്‍ ഏറ്റവും ഞെട്ടലുളവാക്കിയ സംഭവമായിരുന്നു അത്. ജീവിതം മടുത്തുപോയ അവസ്ഥ എന്നൊക്കെ പറയില്ല. സത്യം പറഞ്ഞാല്‍ എന്നെ പ്രതിച്ചേര്‍ത്തുള്ള അത്തരം ആരോപണങ്ങളൊക്കെ വന്നപ്പോള്‍ ആത്മഹത്യയെ കുറിച്ച് വരെ ഞാന്‍ ചിന്തിച്ചുപോയി. മകളെ ഓര്‍ത്തത് കൊണ്ട് മാത്രമാണ് ഞാന്‍ അങ്ങനെ ഒരു തീരുമാനം എടുക്കാതിരുന്നത്.

ഈ നടിക്ക് അവസരം കൊടുത്തത് ഞാനാണ്

ഈ പ്രമുഖ നടിയ്ക്ക് അവസരങ്ങള്‍ കൊടുത്തത് ഞാനാണ്. തിളക്കം എന്ന ചിത്രത്തില്‍ ഒരു അതിഥി വേഷത്തിന് ഒരു നായികയെ വേണം. പലരെയും നോക്കിയെങ്കിലും കിട്ടിയില്ല. അന്ന് ഈ നടി ഒരു ചിത്രമെങ്ങാന്‍ ചെയ്തു നില്‍ക്കുകയാണ്. നായികയല്ല. ഇങ്ങനെ ഒരു ഗസ്റ്റ് റോളുണ്ട് ചെയ്യാമോ എന്ന് ചോദിച്ചു. ഇതിന് പ്രകരമായി എന്റെ ചിത്രത്തില്‍ നായികയാക്കാം എന്നും പറഞ്ഞു. അവരത് ചെയ്തു. എന്റെ അടുത്ത ചിത്രത്തില്‍ അവരെ നായികയാക്കി. അതിന് പലരും എതിര്‍പ്പ് പറഞ്ഞിരുന്നു. പക്ഷെ ഞാന്‍ അവര്‍ക്ക് കഴിവുണ്ട് എന്ന് തന്നെ പറഞ്ഞു.

ആറോളം ചിത്രങ്ങള്‍ ചെയ്തു

തുടര്‍ന്ന് ആറോളം ചിത്രങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചു. ഈ ആറ് സിനിമകളിലും സംവിധായകനോ നിര്‍മാതാവോ ഇവരെ നായികയാക്കണം എന്ന് പറഞ്ഞിട്ടില്ല. എന്റെ ശുപാര്‍ശ കാരണമാണ് നായികയാക്കിയത്. സിനിമയില്‍ ഞാന്‍ അവരെ പിന്തുണച്ചു. ആ നടിയുടെ അച്ഛനെ എനിക്ക് നന്നായി അറിയാം. അവരുടെ ബുദ്ധിമുട്ടും കാര്യങ്ങളുമൊക്കെ അറിയാവുന്നത് കൊണ്ട് ഞാന്‍ എന്നും പിന്തുണച്ചിട്ടേയുള്ളൂ.

അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്ന്

പിന്നീട് ഒരു അവസരത്തില്‍ ആ പ്രമുഖ നടിയുടെ ചില പെരുമാറ്റങ്ങള്‍ എനിക്ക് ഇഷ്ടപ്പെട്ടില്ല. അതോടെ ഞാന്‍ അവരില്‍ നിന്ന് അകന്നു. അത്രയേ സംഭവിച്ചിട്ടുള്ളൂ. അതിന് ശേഷം ഇവിടെയുള്ള പ്രമുഖ മാഗസിനില്‍ വാര്‍ത്ത വന്നു, ഒരു പ്രമുഖ നടന്‍ അവരുടെ അവസരങ്ങള്‍ കുറയ്ക്കുന്നു എന്ന്. എന്റെ പേര് അതിലില്ലാത്തതിനാല്‍ ഞാന്‍ പ്രതികരിക്കാന്‍ പോയില്ല. എന്റെ സിനിമയില്‍ നായികയായി വേണ്ട എന്നതിനപ്പുറം മറ്റൊരു ചിത്രത്തിലും ഞാനവരെ വിലക്കിയിട്ടില്ല. ഇക്കാര്യം ഏത് സംവിധായകനെ വിളിച്ചും നിങ്ങള്‍ക്ക് അന്വേഷിക്കാം. മാത്രമല്ല, തെലുങ്കിലും തമിഴിലുമൊന്നും എനിക്ക് യാതൊരു പിടിയുമില്ല. ആ ഞാന്‍ എങ്ങനെയാണ് അവരുടെ അന്യഭാഷ ചിത്രങ്ങള്‍ മുടക്കുന്നത്.

ആ വാര്‍ത്ത അറിയുന്നത്

ഇതിനിടയിലാണ് കൊച്ചിയില്‍ വച്ച് അവര്‍ ആക്രമിക്കപ്പെടുന്നത്. അന്ന് ഞാന്‍ രാംലീല എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഷൂട്ടിങിനിടെ വൈറല്‍ ഫീവര്‍ വന്നതിനെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവച്ച് വീട്ടിലെത്തി വിശ്രമിയ്ക്കുകയായിരുന്നു. അപ്പോഴാണ് വാര്‍ത്ത അറിയുന്നത്. നടി രമ്യ നമ്പീശന്റെ വീട്ടിലാണ് ഉള്ളത് എന്നറിഞ്ഞ് ഞാന്‍ രമ്യയെ വിളിച്ചു. നടിയുടെ അമ്മ ഫോണെടുത്തു.. അവര്‍ക്ക് ധൈര്യം നല്‍കണമെന്നും ഞങ്ങളെല്ലാം കൂടെയുണ്ട് എന്നും പറഞ്ഞ് ആശ്വസിപ്പിച്ചു.

രണ്ട് ദിവസം കഴിഞ്ഞ് എന്റെ നേരെ

അവിടെ നിന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ സംഭവം എന്റെ നേരെ തിരിഞ്ഞു. ഞാനാണ് സിനിമ ബ്ലോക്ക് ചെയ്തത്. അവരുമായി എനിക്ക് റിയല്‍ എസ്‌റ്റേറ്റ് ബന്ധമുണ്ടായിരുന്നു എന്നും, പിണക്കത്തിലായതോടെ ഇതേ ചൊല്ലി തര്‍ക്കമുണ്ടായി എന്നും ആദ്യ ഭാര്യയുടെ പേരില്‍ കോടിക്കണക്കിന് വരുന്ന സ്ഥലങ്ങള്‍ എഴുതി നല്‍കാം എന്നും പറഞ്ഞതിനെ തുടര്‍ന്നാണ് ഞാന്‍ ക്വട്ടേഷന്‍ നല്‍കിയത് എന്നുമൊക്കെയായിരുന്നു വാര്‍ത്തകള്‍.

എനിക്ക് വിഷമുണ്ട്

രണ്ട് കാര്യത്തില്‍ എനിക്ക് വലിയ വിഷമുണ്ട്. ഒന്ന് എന്റെ സഹപ്രവര്‍ത്തകയ്ക്ക് ഇങ്ങനെ ഒരു അനുഭവം നേരിടേണ്ടി വന്നതില്‍ ആത്മാര്‍ത്ഥമായ വേദനയുണ്ട്. രണ്ട്, ഇങ്ങനെ ഒരു സംഭവം നടന്ന ശേഷം എനിക്കെതിരെ ഇത്രയും ഗുരുതരമായ ആരോപണങ്ങളുണ്ടായിട്ടും, ഫേസ്ബുക്കിലൊക്കെ സജീവമായ അവര്‍ ഒരിക്കല്‍ പോലും എനിക്കും ഈ സംഭവത്തിനും യാതൊരു ബന്ധവുമില്ലെന്ന് പറയാന്‍ തയ്യാറായില്ല. ഒന്നുമില്ലെങ്കില്‍ അവര്‍ക്ക് ആദ്യനായികയായി അഭിനയിക്കാന്‍ അവസരം നല്‍കി ആളല്ലേ ഞാന്‍. അതെനിക്ക് വലിയ വിഷമമായി. പക്ഷെ ഞാനവരെ അഭിനന്ദിക്കുന്നു. ഇത്തരമൊരു അവസ്ഥയില്‍ നിന്ന് രണ്ട് ദിവസം കൊണ്ട് ജീവിതത്തിലേക്ക് മടങ്ങിയെത്തിയതിന്.

എനിക്ക് നേരെയാണ് ഈ ആക്രമണം ഉണ്ടായത്

എന്നിട്ടിപ്പോള്‍ ആ സംഭവം എന്തായി. കേസായി, വഴക്കായി, ഗൂഢാലോചനയാണെന്ന് പറഞ്ഞു, കുറേ ആള്‍ക്കാര്‍ നിരാഹാരം ഇരിക്കാന്‍ പോകുന്നു എന്ന് പറഞ്ഞു, എന്റെ നേരെ ആക്രമണം തിരിഞ്ഞു.. അതിന് ശേഷം എന്താണ് സംഭവിച്ചത്? എന്താ ഉണ്ടായത് എന്ന് വാദിയ്ക്കും പ്രതിയ്ക്കും മാത്രമേ അറിയൂ. ഇപ്പോള്‍ ആരും ഈ കേസിന്റെ പിറകെ ഇല്ല. സത്യം പറഞ്ഞാല്‍ ഈ ക്വട്ടേഷനും ഗൂഢാലോചനയുമൊക്കെ എനിക്ക് നേരയായിരുന്നില്ലേ. എന്റെ ശരീരത്തില്‍ തൊട്ടിട്ടില്ല എന്നേയുള്ളൂ. മാനസികമായി എന്നെ പീഡിപ്പിച്ചു.

പരസ്യ കമ്പനിയാണ് പിന്നില്‍

ഞാന്‍ നടിയെ ആക്രമിച്ചു എന്ന വാര്‍ത്ത ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്നു. ഇതേ വാര്‍ത്ത പിറ്റേ ദിവസം പ്രമുഖ പത്ര മാധ്യമത്തിന്റെ മുന്‍ പേജില്‍ വാര്‍ത്തയായി. കോടികള്‍ കൊടുക്കുന്ന ഒരു പരസ്യ കമ്പനിയ്‌ക്കോ പ്രസ്താനത്തിനോ മാത്രമാണ് ഇത്തരമൊരു വാര്‍ത്തയെ മുന്‍ പേജില്‍ എത്തിക്കാന്‍ കഴിയൂ. ഇവിടെയുള്ള ഒരു പ്രമുഖ പരസ്യ കമ്പനി എന്നെ ഇന്റസ്ട്രിയില്‍ നിന്ന് പുറത്താക്കുമെന്ന് തള്ളുന്നുണ്ട്. പക്ഷെ എനിക്ക് ദൈവത്തില്‍ വിശ്വാസമുണ്ട്. നമ്മള്‍ ഒരാളെ പുറത്താക്കാന്‍ ശ്രമിച്ചാല്‍ നമ്മള്‍ തന്നെ പുറത്താകും എന്നാണ് എന്റെ വിശ്വാസം- ദിലീപ് പറഞ്ഞു.

English summary
Dileep on actress harassment issue

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam