ഞാന്‍ ആ വണ്ടിയില്‍ ഓടിച്ചെന്ന് കയറുകയായിരുന്നു: ലാല്‍ ജോസ്
കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് റോഡിലൂടെ 27 രാജ്യങ്ങള്‍താണ്ടി ലണ്ടനിലേക്ക് ഒരു യാത്ര. അല്ലറ പിണക്കങ്ങളും കാര്യവുമൊക്കെ ഉണ്ടായെങ്കിലും ബൈജു എന്‍ നായരും സുരേഷ് ജോസഫും ലാല്‍ ജോസും യാത്ര പൂര്‍ത്തിയാക്കി ചരിത്രത്തിന്റെ ഭാഗമായി. സുരേഷ് ജോസഫ് തീരുമാനിച്ച ഒരു യാത്രയായിരുന്നു അത്. ലാല്‍ ജോസ് ആ വണ്ടിയിലേക്ക് ഓടിക്കയറുകയായിരുന്നത്രെ. എന്നിട്ടും ആ യാത്ര അറിയപ്പെട്ടത് ലാല്‍ജോസിന്റെ ലണ്ടന്‍ യാത്ര എന്നപേരിലാണ്.

സ്വാഭാവികമായും അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചിതമായ ഒരാളുടെ പേരില്‍ യാത്ര അറിയപ്പെട്ടു എന്ന് മാത്രം. അല്ലെങ്കില്‍ ഈ കൂട്ടത്തില്‍ ആരുടെ പേര് കേട്ടാലാണ് കേള്‍വിക്കാര്‍ കാത് കൊടുക്കുന്നതെന്ന് ചിന്തിച്ചാല്‍ മതി. ഞാന്‍ പോലുമറിയാതെ സംഭവിച്ച കാര്യമാണതെന്നാണ് ലാല്‍ജോസ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

ബൈജു എന്‍ നായര്‍ക്കാപ്പം, അദ്ദേഹത്തിന്റെ മാഗസിന് ഒരു അഭിമുഖം എടുക്കാന്‍ കാറില്‍ പോകുമ്പോഴാണ് സുരേഷ് ജോസഫ് ലണ്ടനിലേക്ക് കരമാര്‍ഗം ഒരു യാത്ര പ്ലാന്‍ ചെയ്യുന്നു എന്ന് ലാല്‍ജോസ് അറിയുന്നത്. ഡ്രൈവ് ചെയ്തുകൊണ്ടിരുന്ന ലാല്‍ജോസ് പെട്ടന്ന് വണ്ടി നിര്‍ത്തി, കാര്യം വ്യക്തമായി ചോദിച്ചു. യാത്രയില്‍ ബൈജുവും സുരേഷ് ജോസഫിനൊപ്പം കൂടുന്നുണ്ടെന്നറിഞ്ഞു.

അങ്ങനെയെങ്കില്‍ തന്നെയും കൂടെ കൂട്ടില്ലെങ്കില്‍ ഈ വണ്ടി ഇവിടെ നിന്ന് ഒരടി മുന്നോട്ട് നീങ്ങില്ലെന്ന് ലാല്‍ജോസ് വാശിപിടിച്ചത്രെ. ഒരു കാടിന്റെ നടുവില്‍ കാര്‍ നിര്‍ത്തിയാണ് ലാല്‍ജോസ് തന്നെയും യാത്രയില്‍ കൂട്ടണമെന്ന് പറഞ്ഞത്. അങ്ങനെ ബൈജു എന്‍ നായര്‍ യാത്രയില്‍ ലാല്‍ജോസിനെയും പങ്കാളിയാക്കുകയായിരുന്നു. വാര്‍ത്താ പ്രാധാന്യത്തെ കുറിച്ചോ അതു കഴിഞ്ഞുള്ള കോലാഹലത്തെ കുറിച്ചോ ചിന്തിച്ചിരുന്നില്ലെന്നും യാത്രയെ കുറിച്ചുള്ള എക്‌സൈറ്റ്‌മെന്റ് മാത്രമേ തനിക്കുണ്ടായിരുന്നുള്ളൂവെന്നും ലാല്‍ജോസ് പറഞ്ഞു.

യാത്രയില്‍ നല്ലതും ചീത്തയുമായി ഒരുപാട് അനുഭവങ്ങളുണ്ടായി. ഒരുപാട് സ്ഥലങ്ങള്‍ കാണാന്‍ സാധിച്ചു. ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. പക്ഷെ എത്ര തന്നെ ചോദിച്ചിട്ടും മൂവര്‍സംഘം രണ്ടായി പിരിയാനുണ്ടായ കാരണത്തെ കുറിച്ച് ലാല്‍ജോസ് കൂടുതലൊന്നും പറഞ്ഞില്ല. എങ്കിലും മൂന്ന്‌പേരായിട്ട് തുടങ്ങിയ യാത്ര മൂന്ന് പേരായി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ സങ്കടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications











