For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗ്ലാമറും അഭിനയവും ഒരുമിച്ചു കൊണ്ടുപോകും - ദിവ്യാ ഉണ്ണി

  By Super
  |

  Divya Unni
  നീ എത്ര ധന്യ എന്ന ചിത്രത്തില്‍ ബാലതാരമായാണ് ദിവ്യാ ഉണ്ണി ചലച്ചിത്രലോകത്തെത്തുന്നത്. സ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ കല്യാണ സൗഗന്ധികത്തിലും വര്‍ണ്ണച്ചെപ്പിലും നായികയായി അഭിനയിച്ച ദിവ്യ പെട്ടെന്നാണ് മലയാളത്തിലെ മുന്‍നിര നായികമാരുടെ പട്ടികയിലേക്കുയര്‍ന്നത്. മലയാളത്തിലെ മിക്ക നായകരുടെയും ജോഡിയായി അഭിനയിച്ച ദിവ്യ ഇതിനകം തന്നെ 23 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി. ദിവ്യ ഇപ്പോള്‍ തമിഴ് സിനിമയിലും ഒന്നു പയറ്റിനോക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കണ്ണന്‍ വരുവാന്‍ എന്ന സിനിമയില്‍ ഇപ്പോള്‍ കാര്‍ത്തികിന്റെ നായികയായി അഭിനയിക്കുന്ന ദിവ്യയുടെ മറ്റു തമിഴ് സിനിമകള്‍ സഭാഷ്, അന്തന്‍ അടിമൈ, സുഖം, പാളയത്തെ അമ്മന്‍ എന്നിവയാണ്.

  ചലച്ചിത്രവുമായി ബന്ധമുള്ള കുടുംബത്തില്‍ നിന്നാണോ ദിവ്യ വരുന്നത്?

  അല്ലേയല്ല. എന്റെ അച്ഛന്‍ ഉണ്ണിക്കൃഷ്ണന്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിലെ ഉദ്യോഗസ്ഥനാണ്. അമ്മ ഭാരതീയ വിദ്യാഭവനിലെ അധ്യാപികയും. നാലാം ക്ലാസിലായിരുന്നപ്പോഴാണ് നീയെത്ര ധന്യയില്‍ അഭിനയിക്കുന്നത്. പിന്നീട് കമലിന്റെ പൂക്കാലം വരവായി, ശ്രീക്കുട്ടന്റെ ഓ ഫാബി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. വിനയന്‍ സംവിധാനം ചെയ്ത ഒു ടി.വി. സീരിയലിലും അഭിനയിച്ചു.

  ആദ്യമായി നായികയാകുന്നത് കല്യാണ സൗഗന്ധികത്തിലാണ്. പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ഇത്. പല വേദികളില്‍ അവതരിപ്പിച്ച ശാസ്ത്രീയ നൃത്തത്തിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ഈ അവസരങ്ങള്‍ കൈവന്നത്. സ്കൂള്‍ കലോത്സവങ്ങളില്‍ കലാതിലകം, ഭവന്‍ ജ്യോതി എന്നീ പുരസ്കാരങ്ങള്‍ എനിക്ക് ലഭിച്ചതോടെയാണ് കൊച്ചിയിലെ സംവിധായകരുടെ ശ്രദ്ധയില്‍ പെടാനിടയാകുന്നത്.

  മലയാളത്തില്‍ അവസരം കുറവായതുകൊണ്ടാണോ തമിഴ് ചിത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്?

  (ചിരിക്കുന്നു) യഥാര്‍ത്ഥത്തില്‍ സൂര്യവംശം, ഉന്നിടത്തില്‍ എന്നെ കൊടുത്തേന്‍ എന്നീ ചിത്രങ്ങളില്‍ നായികയായി അഭിനയിക്കാനുള്ള അവസരം എനിക്ക് കൈവന്നതാണ്. എന്നാല്‍ പരീക്ഷയുടെ സമയമായതുകൊണ്ട് എനിക്ക് സ്വീകരിക്കാനായില്ല. സംവിധാനയകന്‍ പാണ്ഡു എന്റെ അച്ഛന്റെ സുഹൃത്തായതുകൊണ്ടാണ് ഞാന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. സി. സുന്ദറിന്റെ ചിത്രമാണ് ആദ്യം പുറത്തിറങ്ങുക. മലയാളത്തില്‍ ഇപ്പോള്‍ എനിക്ക് നാലു ചിത്രങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്.

  തമിഴില്‍ ഗ്ലാമര്‍ റോളുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വിഷമമില്ലേ?

  എന്തിന് വിഷമിക്കണം? തമിഴ് ചിത്രങ്ങളിലെ ഗാനരംഗങ്ങളില്‍ ഗ്രാമറസായ വസ്ത്രങ്ങള്‍ ധരിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ തമിഴ് നിര്‍മാതാക്കള്‍ പണം തന്നാല്‍ ഞാന്‍ എന്തും ചെയ്യുമെന്നല്ല ഇതര്‍ത്ഥമാക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം പണത്തേക്കാളേറെ വേഷമാണ് പ്രധാനം. ഗ്ലാമറും അഭിനയവും ഒന്നിച്ചുചേര്‍ത്ത ശ്രീദേവിയെ പോലെയുള്ള ഒരു നല്ല നടിയായി തമിഴില്‍ അറിയപ്പെടാനാണ് എന്റെ ആഗ്രഹം.

  വിദ്യാഭ്യാസത്തെക്കുറിച്ച്....?

  എറണാകുളത്തെ സെന്റ് തെരേസാസ് കോളേജില്‍ ബി.എക്കു പഠിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. കാമ്പസ് ജീവിതത്തിന്റെ സുഖം നഷ്ടപ്പെടരുതെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവിടെയുള്ള എന്റെ സുഹൃത്തുക്കളുടെ അടുത്തെത്തുമ്പോള്‍ എനിക്ക് കൂടുതല്‍ ആശ്വാസം അനുഭവപ്പെടുന്നു. ഒരു സിനിമാതാരമെന്നതിനേക്കാളേറെ ഒരു കൂട്ടുകാരിയായാണ് എന്നെ സുഹൃത്തുക്കള്‍ കാണുന്നത്.

  Read more about: actress divya unni
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X