എക്സ്ക്ലൂസിവ്: മഞ്ഞുമ്മൽ ബോയ്സ് പ്രതീക്ഷ നൽകി, നേരറിയും നേരത്ത് ഒരു കൊച്ചു ചിത്രം; അഭിരാം രാധാകൃഷ്ണൻ പറയുന്നു
അഭിരാം രാധാകൃഷ്ണൻ, ഫറ ഷിബില എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന നേരറിയും നേരത്ത്, മെയ് 30ന് തീയറ്ററുകളിൽ എത്തുകയാണ്. രഞ്ജിത്ത് ജി.വി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സണ്ണി വർഗീസ് എന്ന കഥാപാത്രമായാണ് അഭിരാം എത്തുന്നത്. ഈ അടുത്തകാലത്ത് ഫാലിമി, മഞ്ഞുമ്മൽ ബോയ്സ്, സൂക്ഷ്മദർശിനി, തുടങ്ങി അനേകം ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ നടന് നേരറിയും നേരത്ത് കരിയറിലെ ഒരു വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ.
അടുത്തിടെ ഫില്മിബീറ്റ് മലയാളത്തിന് നൽകിയ എക്സ്ക്ലൂസിവ് അഭിമുഖത്തിൽ, നേരറിയും നേരത്തിനെ കുറിച്ചും, മഞ്ഞുമ്മൽ ബോയ്സ് നൽകിയ അനുഭവങ്ങളെക്കുറിച്ചും, തന്റെ കരിയറിനെ കുറിച്ചും അഭിരാം രാധാകൃഷ്ണൻ മനസ്സ് തുറന്നു. തുടർന്ന് വായിക്കുക...
നേരറിയും നേരത്ത് റിലീസിന് ഒരുങ്ങുകയാണ്. എന്താണ് ചിത്രത്തെക്കുറിച്ച് പറയാനുള്ളത്?

നേരറിയും നേരത്ത് ഒരു ചെറിയ സിനിമയാണ്. വളരെ ചെറിയ ബഡ്ജറ്റിൽ, കുറച്ചു ആർട്ടിസ്റ്റുകളും, ചെറിയ ക്രൂവുമൊക്കെയായി ചെയ്ത ഒരു കൊച്ചു ചിത്രമാണ്. നല്ലൊരു കഥയാണ് ഈ സിനിമയുടെ നട്ടെല്ല്. ആ കഥയും, അതിലൂടെ പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളുമാണ് ഈ സിനിമയുടെ പുതുമയും, പ്രസക്തിയും എന്നെനിക്ക് തോന്നുന്നു. നല്ലൊരു സിനിമയാവുമെന്ന് പ്രതീക്ഷിക്കുന്നു.
നേരറിയും നേരത്ത് എന്ന ചിത്രത്തിലെ നായകനാണ്. താങ്കളുടെ കഥാപാത്രത്തെക്കുറിച്ചു പറയാമോ?
അങ്ങനെ പറയാമോ എന്നറിയില്ല. നായകൻ എന്ന കോൺസെപ്റ്റിൽ അല്ല ഞാൻ ഈ സിനിമ ചെയ്തത്. വാർത്തകളിൽ ഒക്കെ നായകൻ എന്ന് സംബോധന ചെയ്തു കണ്ടു. പക്ഷെ ഞാൻ ഒരു സിനിമയെയും സമീപിക്കുന്നത് അങ്ങനെയല്ല. ഈ സിനിമയുടെ പ്രധാന ഘടകം അതിന്റെ കഥയാണ്. ആ കഥ മുന്നോട്ടു നയിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് എന്റേത്. ആ കഥാപാത്രമില്ലെങ്കിൽ ആ കഥയില്ല എന്ന് പറയാം. അങ്ങനെ നോക്കിയാൽ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രമായിരിക്കാം എന്റേത്. ഈ നായകൻ, വില്ലൻ തുടങ്ങിയ വിശേഷങ്ങൾ ഒക്കെ പഴയതായി കഴിഞ്ഞു. ഞാൻ നായക സങ്കൽപ്പങ്ങളിൽ വിശ്വസിക്കുന്ന ഒരാളല്ല.
ഓരോ പുതിയ കഥാപാത്രത്തിലേക്ക് എത്തുമ്പോഴും, എന്തെങ്കിലും ഒരു തയ്യാറെടുപ്പുകൾ അല്ലെങ്കിൽ ഹോം വർക്ക് ഉണ്ടാവാറുണ്ടോ?

അങ്ങനെ അപൂർവ്വമായി മാത്രമേ ഉണ്ടായിട്ടുള്ളൂ. ഉദാഹരണത്തിന്, പോലീസ് കഥാപാത്രങ്ങളാണ് ചെയ്യുന്നതെങ്കിൽ, ശരീരം അതിനനുസരിച്ചു ഒരുക്കിയെടുക്കാൻ ശ്രമിക്കാറുണ്ട്. പക്ഷെ അതൊരു ശ്രമം മാത്രമാണ്. അഭിനയിക്കാനായി എങ്ങനെ തയ്യാറെടുത്തലും, ലൊക്കേഷനിൽ ചെല്ലുമ്പോൾ എന്താണ് സംഭവിക്കുക എന്ന് പറയാനാവില്ല. അത് കൊണ്ട് ഞാൻ അധികം തയ്യാറെടുപ്പുകൾ നടത്താറില്ല. ലൊക്കേഷനിലെ ആ ഒരു അന്തരീക്ഷത്തിൽ, ആ കോസ്റ്റ്യൂമിലേക്കും, ആ കാരക്ടറിലേക്കും, ഇറങ്ങുന്ന സമയത്ത് ആലോചിച്ചാണ് എങ്ങനെ പെർഫോം ചെയ്യണം എന്ന ധാരണയിൽ എത്താറുള്ളത്. മുൻകൂട്ടി ഒന്നും പ്ലാൻ ചെയ്യാറില്ല.
താങ്കൾ സിനിമയിലെത്തിയിട്ട് 10 വർഷങ്ങളായി. മഞ്ഞുമ്മൽ ബോയ്സ്, സൂക്ഷ്മദർശിനി പോലെ ഒരുപാട് വലിയ ഹിറ്റുകളുടെ ഭാഗമാവാൻ കഴിഞ്ഞു. ഒരു നടനെന്ന നിലയിൽ ഏറ്റവും വലിയ പാഠം എന്തായിരുന്നു?
നടനെന്ന നിലയിൽ ഇന്നും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ എല്ലാ ദിവസവും പുതിയ എന്തെങ്കിലും കാര്യം നമ്മൾ പഠിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞാൻ സിനിമയിലെത്തുന്നത് അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടാണ്. സിനിമയോടുള്ള പാഷനാണ് ഇതുവരെ എത്തിച്ചത്. അങ്ങനെ നോക്കിയാൽ, എന്റെ പാഠം, സിനിമ നമുക്ക് അവസരങ്ങൾ വച്ചു നീട്ടുമ്പോൾ അത് കൃത്യമായി ഉപയോഗിക്കണം എന്നതാണ്. വളരെയധികം കോമ്പറ്റിഷൻ ഉള്ള ഫീൽഡ് ആണ് സിനിമ, ഒരുപാട് പുതിയ ടാലെന്റ്സ് വരുന്നുണ്ട്. അപ്പൊൾ, ഇവിടെ സർവൈവ് ചെയ്യണമെങ്കിൽ കഠിനാധ്വാനം തന്നെ വേണം എന്ന് ഞാൻ പഠിച്ചു.
മലയാളത്തിൽ ഏറ്റവും സെലിബ്രേറ്റ് ചെയ്യപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് മഞ്ഞുമ്മൽ ബോയ്സ്. ആ ചിത്രത്തിൽ ഭാഗമായി പ്രവർത്തിച്ചപ്പോൾ ഉണ്ടായിട്ടുള്ള, ഏറ്റവും മറക്കാനാവാത്ത അനുഭവം എന്താണ്?

മഞ്ഞുമ്മൽ ബോയ്സിന്റെ ചർച്ചകൾ തുടങ്ങിയ കാലം മുതൽ ഞാൻ ആ ടീമിനൊപ്പം ഉണ്ടായിരുന്നു. എന്നാൽ ആ സമയത്ത് ഞാൻ ആ സിനിമയിലുണ്ടാകുമോ എന്ന് അറിയില്ലായിരുന്നു. പക്ഷെ ഇങ്ങനെയൊരു സിനിമ നടക്കുമെന്നും, എന്റെ സുഹൃത്തുക്കളായ ഷോണും സൗബിനും പ്രൊഡ്യൂസ് ചെയ്യുമെന്നും, ബന്ധുവായ ചിദംബരം സംവിധാനം ചെയ്യുമെന്നും എല്ലാം എനിക്കറിയാം. അതിൽ കൊടൈക്കനാലിലേക്ക് ട്രിപ്പ് പോവുന്ന 11 പേരിൽ ഒരാളായി അവരെന്നെ കാസറ്റ് ചെയ്തു, അത് അവരുടെ മാത്രം തീരുമാനമാണ്. ഒരു സിനിമയിൽ വർക്ക് ചെയ്യുന്നു എന്നതിനപ്പുറത്തേക്ക്, നമ്മുടെ ഫാമിലിയും ഫ്രണ്ട്സുമായി നമ്മളൊരു ട്രിപ്പ് പോകുന്ന ഫീൽ ആയിരുന്നു ആ ഷൂട്ടിങ്ങിന്.
ആ സിനിമയുടെ ഷൂട്ടിങ് അത്ര എളുപ്പമായിരുന്നില്ല. കൊടൈക്കനാലിലെ ക്ലൈമറ്റ് കഠിനമായിരുന്നു. പിന്നെ യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സ് അനുഭവിച്ച കഷ്ടതകകളുടെ ഒരു ശതമാനം എങ്കിലും നമ്മൾ പെർഫോം ചെയ്ത് ജനങ്ങളിലേക്ക് എത്തിക്കുക എന്നത് ചാലഞ്ചിങ് ആയിരുന്നു. ഓരോ സീൻസ് ചെയ്യുമ്പോഴും, പലപ്പോഴും ചിദംബരം ഞങ്ങളോട് കുറച്ചുകൂടി അഭിനയം തരാൻ പറയുമായിരുന്നു. മഞ്ഞുമ്മൽ ബോയ്സിന് തീയറ്ററുകളിൽ കിട്ടിയ വരവേൽപ്പ് ആ പ്രയത്നങ്ങളുടെ ഫലമാണ്. ആ സിനിമ ഷൂട്ട് ചെയ്യുമ്പോൾ തന്നെ, ഇതൊരുപാട് പ്രത്യേകതകൾ ഉള്ളൊരു ചിത്രമാകും എന്ന് തോന്നിയിരുന്നു. അതുകൊണ്ട് തന്നെ മഞ്ഞുമ്മൽ ബോയ്സ് ഷൂട്ട് ചെയ്തത് ഒരുപാട് പ്രതീക്ഷകളോടെയാണ്.
ഇത്രയും കാലത്തിനിടെ അഭിനയിച്ചവയിൽ, ഒരു നടനെന്ന നിലയിൽ തൃപ്തി നൽകിയ ഒരു കഥാപാത്രം ഉണ്ടായിട്ടുണ്ടോ?
അങ്ങനെ അതീവ സംതൃപ്തി നൽകിയൊരു കഥാപാത്രം ഇതുവരെയില്ല. ഞാൻ അങ്ങനെ ചിന്തിക്കുന്ന ഒരാളല്ല ഒരാളുമല്ല. എല്ലാ കഥാപാത്രങ്ങളും ചെയ്യുമ്പോൾ സന്തോഷം തന്നെയാണ്. സിനിമ ജനങ്ങളിലേക്ക് എത്തുക എന്നതാണ് പ്രധാനം. അതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാം, ചില സിനിമകൾ ഒരുപാട് പേർ കാണും, ചിലത് അധികമാരും കാണില്ല. പക്ഷെ അവയിലൂടെ ജനങ്ങൾക്ക് മുന്നിലേക്ക് എത്തുന്നതാണ് വലിയ കാര്യം. അത് കൊണ്ട് തന്നെ എല്ലാ കഥാപാത്രങ്ങളും ഇഷ്ടത്തോടെയാണ് ചെയ്യാറ്. ഞാൻ ഈ ഇൻഡസ്ട്രിയുടെ ഭാഗമാണ്, ഓരോ കഥാപാത്രവും ഇത്രയും പേർക്കിടയിൽ എന്നെ തേടിയെത്തി എന്നത് തന്നെയാണ് സന്തോഷം.
സ്റ്റാർഡം ഞാൻ ചുറ്റിലും കാണുന്നുണ്ട്. ഒരു നടനെന്ന നിലയിൽ ഇൻഡസ്ട്രിയിൽ എന്റെ സ്ഥാനം എവിടെയാണെന്ന് നല്ല ബോധ്യമുണ്ട്. ഇതിനെ റിയലിസ്റ്റിക് കാണാനായി ഇഷ്ടം. റാഫി സർ, റോഷൻ ആൻഡ്രൂസ്, ജീത്തു ജോസഫ് തുടങ്ങിയ സീനിയർ സംവിധായകർ മുതൽ, ചിദംബരം, സൗബിൻ ഷാഹിർ, സക്കറിയ തുടങ്ങിയ യങ് ടാലെന്റ്‌സിന്റെ ഒപ്പം വരെ വർക്ക് ചെയ്യാൻ സാധിച്ചു. ഇപ്പോൾ ഒരു നടനെന്ന നിലയിൽ ഞാൻ ഭാഗ്യവാനാണെന്ന് വിശ്വസിക്കുന്നു.
നേരറിയും നേരത്ത് തീയറ്ററിലെത്തുമ്പോൾ എന്തൊക്കെയാണ് പ്രതീക്ഷകൾ?
മലയാള സിനിമ പല ജോണറുകൾ എക്സ്പ്ലോർ ചെയ്യാനുള്ള സാഹചര്യവും സ്വാതന്ത്ര്യവും ഉണ്ടാക്കിത്തന്നിട്ടുള്ള ഒരു ഇന്ഡസ്ട്രിയാണ്. നേരറിയും നേരത്ത്, അതിന്റെ ആശയത്തോടും, സിനിമയെന്ന മാധ്യമത്തോടും വളരെയധികം ആത്മാർത്ഥതയുള്ള ഒരുപറ്റം ആളുകൾ ചെയ്തൊരു ചിത്രമാണ്. രഞ്ജിത്തേട്ടൻ (സംവിധായകൻ രഞ്ജിത്ത് ജി.വി) വളരെ വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന സിനിമയാണ്. അദ്ദേഹം ഒരു സാമൂഹിക പ്രതിബദ്ധതയുള്ള ഫിലിംമേക്കർ ആണെന്നാണ് തോന്നിയിട്ടുള്ളത്.
അത് തീയറ്ററുകളിൽ എത്തുമ്പോൾ, ജനങ്ങൾ ടിക്കറ്റ് എടുത്ത് അത് കാണുകയും അഭിപ്രായം പറയുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. ഇത് ഞങ്ങൾ സിനിമാക്കാർക്ക് അടുത്ത പ്രോജെക്ടിലേക്ക് കടക്കുമ്പോൾ അങ്ങേറ്റം ഗുണം ചെയ്യും. അതല്ലാതെ ഒരു നെഗറ്റീവ് സ്പേസിലേക്ക്, ഒരു മത്സരബുദ്ധിയോടെ സിനിമയെ കൊണ്ട് പോവുന്നതിനോട് യോജിപ്പില്ല. ഞാൻ എല്ലാ സിനിമയും കാണാൻ ശ്രമിക്കുന്നൊരാളാണ്.
പുതിയ പ്രൊജെക്ടുകൾ ഏതൊക്കയാണ്?
ഞാൻ അഭിനയിച്ച ആസാദി എന്ന ചിത്രം അടുത്തിടെ തീയറ്ററിൽ എത്തിയിരുന്നു. അതിൽ അത്യാവശ്യം സ്ക്രീൻസ്പേസ് ഉള്ള, പെർഫോം ചെയ്യാനുള്ള ഒരു കഥാപാത്രമായിരുന്നു. പിന്നെയുള്ളത് മാത്യു തോമസ് നായകവുന്ന ഉടുമ്പിൻചോല വിഷൻ, ദേവദത്ത് ഷാജി സംവിധാനം ചെയ്യുന്ന ധീരൻ, എന്നിവയാണ്.
അഭിനയത്തോടൊപ്പം, സിനിമ സംവിധാനത്തിലേക്ക് കൂടി ശ്രദ്ധ തിരിക്കാൻ പദ്ധതികൾ ഉണ്ടോ?
അത്തരം ആലോചനകൾ ഉണ്ട്, എന്നാൽ പദ്ധതി ആയിട്ടില്ല. സംവിധാനം ചെയ്യാൻ തീർച്ചയായും ആഗ്രഹമുണ്ട്. അത് വൈകാതെ യാഥാർഥ്യം ആകുമെന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications











