എക്സ്ക്ലൂസിവ്: വേർസറ്റൈൽ ആവാനാണ് ആഗ്രഹം; ആഭ്യന്തര കുറ്റവാളി താരം ശ്രേയ രുക്മിണി പറയുന്നു

ആസിഫ് അലി നായകനായ കോമഡി ഡ്രാമ ആഭ്യന്തര കുറ്റവാളി പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. സേതുനാഥ് പത്മകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ സഹദേവൻ എന്ന താത്കാലിക ഗവണ്മെന്റ് ജോലിക്കാരനായാണ് ആസിഫ് അലി വേഷമിട്ടത്. ശ്രേയ രുക്മിണി, തുളസി എന്നിവരാണ് ആഭ്യന്തര കുറ്റവാളിയിൽ നായികമാരായി എത്തിയത്.

ദിലീപ് നായകനായി എത്തിയ പവി കെയർടേക്കറിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച ശ്രേയ രുക്മിണി, ആസിഫ് അലി ചിത്രത്തിൽ അഡ്വ. അനില എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അടുത്തിടെ ഫില്മിബീറ്റ് മലയാളത്തിന് നൽകിയ എക്സ്ക്ലൂസിവ് അഭിമുഖത്തിൽ, ആഭ്യന്തര കുറ്റവാളിയെക്കുറിച്ചും, തന്റെ കരിയർ സ്വപ്നങ്ങളെക്കുറിച്ചും നടി മനസ്സ് തുറന്നു. തുടർന്ന് വായിക്കുക...

എങ്ങനെയാണ് ആഭ്യന്തര കുറ്റവാളി എന്ന സിനിമയുടെ ഭാഗമായത്?

ആഭ്യന്തര കുറ്റവാളിയിലേക്ക് എത്തുന്നത് എന്റെ ആദ്യ ചിത്രമായ പവി കെയർടേക്കർ ഇറങ്ങിയതിന് ശേഷമാണ്. ആ സിനിമ കണ്ട ഡയറക്ടർ സേതുനാഥ് പദ്മകുമാർ ആണ് എന്നെ സമീപിക്കുകയും, കഥ പറയുകയും ചെയ്തു. കഥ കേട്ട് ഇഷ്ടമായ ഉടനെ തന്നെ ഈ സിനിമ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു.

Abhyanthara Kuttavaali poster  Shreya Rukmini
Photo Credit: Shreya Rukmini / Instagram

ഈ സിനിമയിൽ അവതരിപ്പിച്ച അഡ്വ. അനില എന്ന കഥാപാത്രത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട ഘടകങ്ങൾ എന്തൊക്കെയാണ്?

അനില എന്ന കഥാപാത്രം വളരെ സോൾഫുൾ ആയ, ഇന്നസെന്റ് ആയ ഒരു പെൺകുട്ടിയാണ്. പുറത്തേക്ക് നല്ല ബോൾഡ്നെസ്സ് കാണിക്കുമെങ്കിലും ഉള്ളിൽ വളരെ പാവമായ ഒരു പെൺകുട്ടി. ഒരു സാധാരണക്കാരിയാണ്. അത് തന്നെയാണ് എന്നെ ഈ കഥാപാത്രത്തിനോട് അടുപ്പിച്ച പ്രാധാന കാരണവും. അതിന് കാരണം, ഇങ്ങനെ പുറമേക്ക് ബോൾഡ്നെസ്സ് കാണിക്കുകയും, എന്നാൽ ഉള്ളിൽ ഒരു പാവമായിരിക്കുകയും ചെയ്യുന്ന പലരെയും കണ്ടിട്ടുണ്ട്. പുറമേയ്ക്ക് ഭയങ്കര തന്റേടമായിരിക്കും, പക്ഷെ ഉള്ളിൽ ഒരു പാവമായിരിക്കും, പേടി ഉണ്ടായിരിക്കും. അധികം എക്സ്പോഷർ കിട്ടാത്ത, നാടനായ ഒരു കുട്ടിയാണ് അനില. ഈ കഥാപാത്രത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട ഫാക്ടർ അത് തന്നെയാണ്.

ആസിഫ് അലിയോടൊപ്പം അഭിനയിക്കുന്നത് ആദ്യമായിട്ടാണല്ലോ. അദ്ദേഹത്തോടൊപ്പം ജോലി ചെയ്തപ്പോഴുള്ള അനുഭവങ്ങൾ പങ്കു വയ്ക്കാമോ?

ആസിഫ് അലി എന്ന നടന്റെ കൂടെ അഭിനയിക്കാനാവുക എന്നത് തന്നെ ഇന്നൊരു പ്രിവിലേജ് ആണ്. കാരണം അത്രയും നല്ല പ്രോജക്ടുകളുടെ ഭാഗമായിക്കൊണ്ടിരിക്കുന്ന നടനാണ് അദ്ദേഹം. ആദ്യമായി ഒന്നിച്ചു അഭിനയിച്ചപ്പോൾ, ഇത്രയും വലിയൊരു ആക്ടറെ കാണുന്നതിന്റെയും, കൂടെ വർക്ക് ചെയ്യുന്നതിന്റെയും ടെൻഷൻസ് ഒക്കെ എനിക്കും ഉണ്ടായിരുന്നു. പക്ഷെ ആസിഫ് ഇക്ക ഭയങ്കര കംഫർട്ടബിൾ ആക്കി. അദ്ധേഹത്തിന്റെ മെയിൻ ഒരു പ്രത്യേകത എന്താണെന്നു വച്ചാൽ, കൂടെ അഭിനയിക്കുന്നവരെ വളരെ കംഫർട്ടബിൾ ആക്കും.

അങ്ങനെ നമ്മൾ കംഫർട്ടബിൾ ആയതിന് ശേഷം മാത്രമേ ഷൂട്ടിങ്ങിന്റെ ആ ഒരു സോണിലേക്ക് പോവുകയുള്ളു. അതിന് വേണ്ടി വേണമെങ്കിൽ റിഹേഴ്സലുകൾ ചെയ്യാനും, എന്തെങ്കിലും തരത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അത് ക്ലിയർ ചെയ്യാനും ഒക്കെ തയ്യാറായിരുന്നു. ഒരു ഫ്രണ്ട്‌ലി ആയ അന്തരീക്ഷം ഉണ്ടാക്കാറുണ്ട് സെറ്റിൽ. അത് കൊണ്ട് തന്നെ കൂടെ അഭിനയിക്കാൻ വളരെ ഈസി ആയിരുന്നു. പിന്നെ ഒരു കോ-ആക്ടർ തരുന്ന റിയാക്ഷനുകൾ നമ്മുടെ പെർഫോമൻസ് നന്നാക്കാൻ സഹായിക്കും. എനിക്ക് ഈ സിനിമയിൽ നന്നായി പെർഫോം ചെയ്യാൻ പറ്റിയെങ്കിൽ അതിന് ആസിഫ് ഇക്ക കൂടി ഒരു കാരണമാണ്. അദ്ധേഹത്തിന്റെ റിയാക്ഷനുകൾ എന്റെ പെർഫോമൻസ് ബെറ്റർ ആക്കാൻ സഹായിച്ചു.

ആഭ്യന്തര കുറ്റവാളിയിൽ അഭിനയിക്കുമ്പോൾ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി എന്തായിരുന്നു?

ഈ സിനിമയിൽ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി എന്റെ കഥാപാത്രമായ അനില തന്നെയായിരുന്നു. ഞാൻ എന്ന വ്യക്തി അനിലയിൽ നിന്ന് എല്ലാ അർത്ഥത്തിലും വ്യത്യസ്തയാണ്. ശ്രേയ രുക്മിണി എന്നയാളുടെ സ്വഭാവത്തിന്റെ നേരെ വിപരീതമാണ് ഈ സിനിമയിൽ എനിക്ക് ലഭിച്ച കഥാപാത്രം. അത് കൊണ്ട് അനിലയിലേക്ക് എത്തിച്ചേരാൻ എനിക്ക് കുറച്ചു സമയം വേണ്ടി വന്നു. ഷൂട്ടിംഗ് തുടങ്ങിയിട്ടും, പിന്നെയും കുറച്ചു ദിവസങ്ങൾ കഴിഞ്ഞിട്ടാണ് ഞാൻ ആ കാരക്ടറിലേക്ക് ഇറങ്ങി ചെന്നത്. അനില ഒരു പാവമാണ്, ഞാൻ അത്ര പാവമല്ല. അപ്പോൾ ഈയൊരു കാരക്ടർ ഷിഫ്റ്റിന് ഉണ്ടായ ബുദ്ധിമുട്ടാണ് എനിക്ക് ഏറ്റവും ചലഞ്ചിങ് ആയി തോന്നിയത്.

Shreya Rukmini
Photo Credit: Shreya Rukmini / Instagram

പവി കെയർടേക്കർ കഴിഞ്ഞ് ആഭ്യന്തര കുറ്റവാളിയിൽ എത്തിയപ്പോൾ അനുഭവപ്പെട്ട ഏറ്റവും വലിയ മാറ്റം എന്തായിരുന്നു?

പവി കെയർടേക്കറിൽ നിന്ന് ആഭ്യന്തര കുറ്റവാളിയിലേക്ക് എത്തിയപ്പോഴുള്ള പ്രധാന മാറ്റം എന്താണെന്ന് വച്ചാൽ, ആ സിനിമ ചെയ്യുമ്പോൾ എനിക്ക് ഈ കറാഫ്റ്റിനെ കുറിച്ച് വലിയ ധാരണയില്ലായിരുന്നു. സിനിമയേക്കുറിച്ചു വലിയ ഐഡിയ ഒന്നും ഇല്ലാതെയാണ് അഭിനയിക്കുന്നത്. പക്ഷെ ആഭ്യന്തര കുറ്റവാളിയിലേക്ക് എത്തിയപ്പോഴേക്കും സിനിമ കുറച്ചു കൂടി പഠിക്കാൻ പറ്റി. പവി കെയർടേക്കറിൽ നിന്ന് പഠിച്ച കുറെ കാര്യങ്ങൾ ഈ സിനിമയിൽ അഭിനയിക്കുമ്പോൾ പ്രയോഗിക്കാൻ പറ്റി. അതായത്, സിനിമയുടെ പിന്നിൽ പ്രവർത്തിക്കുമ്പോൾ ഉള്ള കാര്യങ്ങൾ ആയാലും, ഒക്കെ വളരെ ഉപകാരപ്പെട്ടു ആ എക്സ്പീരിയൻസ്. ആഭ്യന്തര കുറ്റവാളിയിലെ പെർഫോമൻസ് നോക്കുമ്പോൾ, ഒരു ആക്ടർ എന്ന നിലയ്ക്ക് ഞാൻ കുറേകൂടി ഇവോൾവ് ആയി എന്ന് പേർസണലി എനിക്ക് തോന്നുന്നു.

മലയാള സിനിമയിൽ ഉയർന്നു വരുന്ന ഒരു നായിക എന്ന നിലയ്ക്ക്, എന്തൊക്കെയാണ് ഭാവി പ്രതീക്ഷകൾ?

ഒരുപാട് പ്രതീക്ഷകളിലൂടെയാണ് മുന്നോട്ട് പോവുന്നത്. ഒരു ആക്ടർ എന്ന നിലയ്ക്ക്, ഇതൊരു സ്ഥിരതയില്ലാത്ത ഫീൽഡ് ആണ്. നല്ല ഓഫറുകൾ വരിക, അല്ലെങ്കിൽ നല്ല കഥാപാത്രങ്ങൾ വരിക എന്ന് പറയുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. അത്രയും പേരാണ് ഇന്ന് അഭിനയത്തിലേക്ക് പുതിയതായി വന്നുകൊണ്ടിരിക്കുന്നത്. സിനിമയ്ക്ക് നമ്മളെ വേണ്ടതിനേക്കാൾ കൂടുതൽ നമുക്ക് സിനിമയെ ആണ് വേണ്ടത്. അപ്പൊ നമ്മുടെ ക്രാഫ്റ്റിനെയും, അഭിനയ പാടവത്തെയും എന്നും മോൾഡ് ചെയ്തുകൊണ്ടേയിരിക്കണം.

Shreya Rukmini
Photo Credit: Shreya Rukmini / Instagram

ഫോക്കസ്ഡായി ഇരിക്കുക, മാക്സിമം ശ്രമിച്ചു കൊണ്ടിരിക്കുക, ഓഡിഷനുകളിൽ പങ്കെടുക്കുക ഒക്കെ പ്രധാനമാണ്. രണ്ടു സിനിമ ചെയ്തു, ഇനി എനിക്ക് ഓഫറുകൾ വരും എന്ന് വിചാരിച്ചു ഇരിക്കാതെ, ഇനിയും ഓഡിഷനുകളിൽ പങ്കെടുക്കണം, എന്നൊക്കെയാണ് എനിക്ക് തോന്നിയിട്ടുള്ള കാര്യങ്ങൾ. അങ്ങനെ നല്ല പ്രതീക്ഷകളും പരിശ്രമങ്ങളുമായി മുന്നോട്ട് പോവുക എന്നത് മാത്രമാണ് ചെയ്യാൻ ഉള്ളത്. ഈ ഫീൽഡിൽ ലക്ക് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. അത് കൂടി ഉണ്ടെങ്കിൽ മാത്രമേ വിചാരിച്ച രീതിയിൽ മുന്നോട്ടു പോകാനാവൂ എന്ന് ബോധ്യമുണ്ട്.

ഒരു ഡ്രീം റോൾ ഉണ്ടോ?

ഡ്രീം റോൾ എന്ന് പറയുമ്പോൾ, എനിക്ക് എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യണം എന്നാണ് ആഗ്രഹം. നെഗറ്റീവ് ഷെഡ് ഉള്ള കഥാപാത്രം ചെയ്യാൻ ഇഷ്ടമാണ്. ഒരു ഐറ്റം ഡാൻസ് ഒക്കെ വരുന്നത് പോലുള്ള റോളുകൾ ചെയ്യണമെന്നുണ്ട്. വേർസറ്റൈൽ ആയ റോളുകൾ ചെയ്യണം എന്നതാണ് വലിയ ആഗ്രഹം. പക്ഷെ എനിക്ക് വളരെ പ്രിയപ്പെട്ട ഒരു കഥാപാത്രം എന്താണെന്ന് ചോദിച്ചാൽ, കണ്ണത്തിൽ മുത്തമിട്ടാൽ എന്ന സിനിമയിൽ സിമ്രൻ അവതരിപ്പിച്ചത് പോലെയുള്ള ഒരു കഥാപാത്രം, അത് പോലെ, മഴയെത്തും മുൻപേ എന്ന സിനിമയിൽ ആനി ചേച്ചി ചെയ്ത കഥാപാത്രം - അത് പോലെയൊക്കെ ഉള്ള റോളുകൾ ചെയ്യാൻ വലിയ ആഗ്രഹമാണ്.

പുതിയ പ്രൊജെക്ടുകൾ ഏതൊക്കെയാണ്?

പുതിയൊരു പ്രൊജക്റ്റ് കമ്മിറ്റ് ചെയ്തിട്ടുണ്ട്. അതിന്റെ ഒഫീഷ്യൽ അനൗൺസ്‌മെന്റ് ആയിട്ടില്ല. അതുകൊണ്ട് കൂടുതൽ വിവരങ്ങൾ പുറത്തു പറയാനാവില്ല. അത് പോലെ തമിഴിൽ നിന്നും ചില സ്ക്രിപ്റ്റുകൾ കേൾക്കുണ്ട്,, നല്ല കഥാപാത്രങ്ങൾ വന്നാൽ സ്വീകരിക്കും.

More from Filmibeat

Read more about: asif ali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X