എക്സ്ക്ലൂസീവ്: ഖാലിദ് റഹ്മാൻ ചിത്രങ്ങളുടെ ഭാഗമാവാൻ എന്നും ഇഷ്ടമാണ്; ആലപ്പുഴ ജിംഖാന താരം ലുക്മാൻ പറയുന്നു
ഖാലിദ് റഹ്മാൻ രചനയും സംവിധാനവും നിർവഹിച്ച ആലപ്പുഴ ജിംഖാന തീയറ്ററുകളിൽ എത്തിയത് ഏപ്രിളിലാണ്. വിജയകരമായ തീയറ്റർ യാത്രയ്ക്ക് ശേഷം നസ്ലെൻ കെ ഗഫൂർ നായകനായ ചിത്രം ഒ.ടി.ടി.യിൽ റിലീസ് ചെയ്തിരിക്കുകകയാണ്. നസ്ലെനോപ്പം ലുക്മാൻ അവറാൻ, ഗണപതി, സന്ദീപ് പ്രദീപ്, തുടങ്ങിയ ഒരു മികച്ച താരനിര തന്നെ ആലപ്പുഴ ജിംഖാനയിൽ അണിനിരക്കുന്നുണ്ട്.
അടുത്തിടെ ഫില്മിബീറ്റ് മലയാളത്തിന് നൽകിയ എക്സ്ക്ലൂസിവ് അഭിമുഖത്തിൽ ആലപ്പുഴ ജിംഖാന താരം ലുക്മാൻ ചിത്രത്തെക്കുറിച്ചും, സംവിധായകൻ ഖാലിദ് റഹ്മാനുമായുള്ള സൗഹൃദത്തെ കുറിച്ചുമൊക്കെ മനസ്സ് തുറന്നു. തുടർന്ന് വായിക്കുക.
എങ്ങനെയാണ് ആലപ്പുഴ ജിംഖാനയുടെ ഭാഗമാകുന്നത്?
ഡയറക്ടർ ഖാലിദ് റഹ്മാൻ എന്റെ സുഹൃത്തുത്താണ്. അവൻ അടുത്ത സിനിമ ചെയ്യാൻ പോകുന്നു എന്ന് എന്നോട് പറഞ്ഞു. "എടാ, ഞാൻ ഒരു ബോക്സിങ് പടമാണ് ചെയ്യുന്നത്. നെസ്ലിനെ വെച്ച് ചെയ്താലോ എന്ന് ആലോചിക്കുകയാണ്," എന്ന് പറഞ്ഞു. അപ്പോൾ ഞാൻ എന്താ ചെയ്യേണ്ടത് എന്ന് ഞാൻ ചോദിച്ചു. പക്ഷെ, "നീ ഒന്നും ചെയ്യണ്ട, അത് പിള്ളേരെ വെച്ചിട്ടുള്ള പരിപാടിയാണ്," എന്നാണ് റഹ്മാൻ പറഞ്ഞത്. ഞാൻ വേണമെങ്കിൽ പിള്ളേരെ പോലെ ആവാം, അവർക്കൊപ്പം എത്താം എന്ന് പറഞ്ഞപ്പോൾ, "ഇല്ലടാ നടക്കില്ല നീ വിട്ടേക്ക്" എന്നാണ് സംവിധായകൻ ആദ്യം പറഞ്ഞത്.

പക്ഷെ, ഖാലിദ് റഹ്മാൻ പിന്നീട് എന്നെ വിളിച്ചിട്ട്, നിനക്ക് ഒരു വേഷമുണ്ട്, എത്ര വെയിറ്റ് കുറയ്ക്കാൻ പറ്റും എന്ന് ചോദിച്ചു. അപ്പോ ഞാൻ പറഞ്ഞു എത്ര വേണമെങ്കിലും കുറയ്ക്കാം എന്ന്. അപ്പോൾ, ഒരു 10-12 കിലോ കുറയ്ക്കേണ്ടി വരും, പരിപാടി തുടങ്ങാം, കൊച്ചിയിലേക്ക് വാ, എന്ന് അവൻ പറഞ്ഞു. അങ്ങനെയാണ് ഞാൻ ആലപ്പുഴ ജിംഖാനയിൽ എത്തുന്നത്.
ഉണ്ടയ്ക്കും തല്ലുമാലയ്ക്കും ശേഷം ഖാലിദ് റഹ്മാനോടൊപ്പം പ്രവർത്തിക്കുന്ന ചിത്രമാണ് ആലപ്പുഴ ജിംഖാന. ഈ പ്രോജെക്ടിലേക്ക് വന്നപ്പോൾ ഉള്ള എക്സ്പീരിയൻസ് എങ്ങനെയായിരുന്നു?
ഖാലിദ് റഹ്മാന്റെ പടം എന്നുള്ളത് തന്നെ ഏറ്റവും സ്പെഷ്യലാണ്. റഹ്മാന്റെ പടത്തിൽ, എന്ത് വേഷമായാലും, അതിന്റെ ഒരു ഭാഗമാവുക എന്നുള്ളതാണ് പ്രധാനം. ഒരു ആർട്ടിസ്റ്റ്, ഒരു ആക്ടർ എന്ന നിലയ്ക്ക് ഭയങ്കര എക്സൈറ്റ്മെന്റ് അത് തന്നെയായിരുന്നു. എന്തായാലും റഹ്മാൻ പ്ലേസ് ചെയ്യുന്നത് - ഉണ്ടയിൽ ആണെങ്കിലും തല്ലുമാലയിൽ ആണെങ്കിലും എന്നെ പ്ലേസ് ചെയ്ത ഒരു രീതിയുണ്ടല്ലോ - അത് അങ്ങനെ നല്ല രീതിയിൽ തന്നെ ആയിരിക്കും എന്നുള്ള വിശ്വാസം എനിക്കുണ്ട്.
അങ്ങനെ ഒരു വേഷമില്ലാതെ റഹ്മാൻ എന്നെ വിളിക്കില്ല. അത് കൊണ്ട് എനിക്ക് ഭയങ്കര സന്തോഷമായിരുന്നു റഹ്മാന്റെ പടത്തിൽ അഭിനയിക്കുക എന്നുള്ളത്. പിന്നെ ആ ഒരു എക്സ്പീരിയൻസ് - എല്ലാവർക്കും അറിയാം ഖാലിദ് റഹ്മാന്റെ സിനിമകൾ എപ്പോഴും പ്രേക്ഷകർക്കും ഭയങ്കര പ്രതീക്ഷയുള്ള സിനിമകളാണ്. നമുക്ക് അഭിനയിക്കാൻ എളുപ്പമാണ്. അഭിനേതാക്കൾ നിന്ന് കൊടുത്താൽ മതി, ബാക്കി റഹ്മാൻ നമ്മളെക്കൊണ്ട് അഭിനയിപ്പിച്ചെടുക്കും.

ആന്റണി ജോഷ്വ എന്ന കഥാപാത്രത്തിന് വേണ്ടി എന്തെങ്കിലും പ്രത്യേകമായിട്ടുള്ള തയ്യാറെടുപ്പുകൾ ഉണ്ടായിരുന്നോ?
ഈ കഥാപാത്രത്തിന് വേണ്ടി ഫിസിക്കലി കുറച്ച് തയ്യാറെടുപ്പുകൾ ഉണ്ടായിരുന്നു. ബോക്സിങ് പഠിക്കലും, വെയിറ്റ് ട്രെയിനിങ്ങും ഒക്കെ ആയിട്ട് ഒരു മൂന്നുമാസം. ബോക്സിങ്ങിന് കോച്ചായിട്ട് ജോഫിലും, വെയിറ്റ് ട്രെയിനിങ്ങിന് അലി ഷിഫാസും ആണ് കൂടെ ഉണ്ടായിരുന്നത്. എല്ലാ ആർട്ടിസ്റ്റുകളും ഒന്നിച്ചു വന്നു, ഒപ്പം ഡയറക്ടറും ഡി.ഒ.പി.യും. എല്ലാവരും ഒരുമിച്ച് വർക്ക്ഔട്ടും ഡിസ്കഷനും ഒക്കെ ആയിട്ടാണ് ഈ സിനിമയുടെ ഒരു പ്രോസസ്സ് നടന്നത്.
ആ സമയത്ത് നമ്മളോട് ക്യാരക്ടർസിനെ കുറിച്ച് ഇങ്ങനെ ഓരോ ദിവസവും സംസാരിച്ച്, മെല്ലെ മെല്ലെ നമ്മൾ അതിലേക്ക് കടക്കുകയായിരുന്നു. പിന്നെ ഷൂട്ട് തുടങ്ങാൻ നേരത്ത് എല്ലാവരും ഫിറ്റ് ആയിരുന്നു. എല്ലാവരുടെയും ബോഡി ഫിറ്റ്, ഫുൾ മെന്റലി നമ്മൾ സെറ്റ്. അത് ഗുണമായി, സത്യത്തിൽ ഈ സിനിമ കൊണ്ട് ഉണ്ടായ ഏറ്റവും വലിയ മറ്റൊരു ഗുണം അതായിരുന്നു, എല്ലാവരും ഫിസിക്കലി ഭയങ്കര ഫിറ്റ് ആയി.
ആലപ്പുഴ ജിംഖാന ഫിസിക്കലി ഡിമാൻഡിങ് ആയിട്ടുള്ള ഒരു സിനിമ ആയിരുന്നു എന്ന് പറഞ്ഞു. അത് ഷൂട്ട് ചെയ്യുമ്പോൾ ഏറ്റവും ചലഞ്ചിങ് ആയിട്ടുള്ള കാര്യം എന്തായിരുന്നു?
ഷൂട്ട് ചെയ്യുമ്പോൾ നമുക്ക് അത്ര വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടില്ല. റോളിന് വേണ്ടി പ്രിപ്പയർ ചെയ്യുന്ന സമയമായിരുന്നു എല്ലാവർക്കും കുറച്ച് ചലഞ്ചിങ് ആയത്. നമ്മൾ ആരും അങ്ങനത്തെ ഒരു ലൈഫ് സ്റ്റൈൽ പിന്തുടരുന്നവരല്ല. അവിടുന്ന് നിന്ന് നേരെ, നമ്മൾ കറക്റ്റ് ഡയറ്റും, പിന്നെ വർക്ക് ഔട്ടിലേക്കും ട്രെയിനിങ്ങിലേക്കും ഇറങ്ങി. ഉറക്കം കറക്റ്റ് ആക്കണം, അതായിരുന്നു ഏറ്റവും വലിയ ബുദ്ധിമുട്ട്. നേരത്തെ കിടന്നുറങ്ങണം, നേരത്തെ എണീക്കണം, രാത്രി വേറെ പരിപാടികൾക്കോ, ഫ്രണ്ട്സിന്റെ അടുത്തേക്കോ, അങ്ങനെ ഒന്നിനും പോകാൻ പറ്റില്ല.
ഭക്ഷണം ഒക്കെ വളരെ ചിട്ടയിലാണ് കഴിച്ചിരുന്നത്. പിന്നെ ഒരു രണ്ടു മണിക്കൂർ വെയിറ്റ് ട്രെയിനിങ് ഉണ്ടാവും, അത് കഴിഞ്ഞ് റെസ്റ്റ് കഴിഞ്ഞാൽ പിന്നെ ഒരു മൂന്ന് മണിക്കൂർ ബോക്സിങ് ഉണ്ടാവും. അപ്പൊ അതിന് അതിലേക്ക് ഒന്ന് പൊരുത്തപ്പെട്ടു വരാൻ കുറച്ചു സമയം വേണ്ടി വന്നു. പിന്നീടാണ് തോന്നിയത് "ഇത് കുറച്ച് വലിയ പരിപാടി ആണല്ലോ" എന്ന്. പിന്നെ നമ്മൾ ആ റൂട്ടിലേക്ക് ഇറങ്ങിയപ്പോൾ അത് ഭയങ്കരമായി എൻജോയ് ചെയ്യാൻ തുടങ്ങി. പിന്നെ ഭയങ്കര രസമായിരുന്നു. അവിടുന്ന് അങ്ങോട്ട് നമുക്ക് ഷൂട്ടും പോസ്റ്റ് പ്രൊഡക്ഷനും ഒക്കെ ഭയങ്കര സന്തോഷമുള്ള സമയമായിരുന്നു.
ആലപ്പുഴ ജിംഖാനയിൽ നസ്ലൻ, ഗണപതി, തുടങ്ങി ഒരു വലിയ താരനിര തന്നെയുണ്ട്. ചിത്രം ഷൂട്ട് ചെയ്തപ്പോൾ ഉണ്ടായിട്ടുള്ള രസകരമായ എന്തെങ്കിലും ഒരു ഓർമ്മകൾ പങ്കു വയ്ക്കാമോ?
നമ്മൾ എല്ലാവരും ഒരേ പ്രായക്കാരായതുകൊണ്ട് ഭയങ്കര രസമായിരുന്നു ഷൂട്ടിംഗ്. ഇത്രയും കാലം ഒരുമിച്ച് ഉണ്ടായിരുന്നതിന്റെ ഒരു സുഖമുണ്ടല്ലോ. എന്നും തമാശകളൊക്കെ ആയിട്ടാണ് ഷൂട്ട് പോയത്. അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കലുകൾ ഒക്കെ തന്നെ ആയിരുന്നു. നമുക്ക് അങ്ങനെ ആരോടും ഒന്നും പറയാനൊന്നും ഒരു മടിയുണ്ടായിട്ടില്ല. ട്രെയിനിങ്ങും ഷൂട്ടുമൊക്കെയായി എല്ലാവരും തമ്മിൽ അത്രയും അടുപ്പത്തിലായി. ഏറ്റവും രസകരമായ സംഭവം എന്ന് പറഞ്ഞാൽ, അത് ഇടി കിട്ടുന്നതൊക്കെ തന്നെ ആയിരിക്കും.
ബോക്സിങ്ങില് ഒരു ഇടി എന്ന് പറഞ്ഞാൽ... ആ പഞ്ചൊക്കെ എല്ലാവരും ഏകദേശം ശരിക്ക് വാങ്ങിയിട്ടുണ്ടായിരുന്നു. അപ്പൊ ഓരോ ദിവസവും ഓരോരുത്തർക്കായിരിക്കും മാർക്ക് വീഴുക - ഇന്ന് നിന്റെ അടിയാണ്, നീ കൊള്ളാൻ റെഡിയായിക്കോ എന്നും പറഞ്ഞു മറ്റുള്ളവർ പറഞ്ഞു വിടും. അപ്പൊൾ എന്തെങ്കിലും ചെറിയ പരിക്ക് പറ്റും, അപ്പൊ ആ നടന് രണ്ട് ദിവസം റെസ്റ്റ്. അത് കഴിഞ്ഞ ഉടനെ അടുത്ത ആൾക്ക് അടി, അങ്ങനെ അങ്ങനെ ആയിരുന്നു ഈ സിനിമയുടെ ഷൂട്ട് പോയിരുന്നത്.
ലുക്മാന് ആലപ്പുഴ ജിംഖാനയിൽ ഏറ്റവും ഇഷ്ടപ്പെട്ട മറ്റൊരു ആർട്ടിസ്റ്റിന്റെ പ്രകടനം ഏതാണ്?
അങ്ങനെ ഏതെങ്കിലും ഒരാളുടെ പ്രകടനം പ്രിയപ്പെട്ടതാണെന്ന് പറയാൻ ആവില്ല. ഈ സിനിമയ്ക്ക് ഒരു പ്രത്യേകതയുണ്ട്. അത് എന്താണെന്ന് വെച്ചാൽ, എല്ലാ കഥാപാത്രങ്ങൾക്കും ഭയങ്കര കറക്റ്റ് ആയിട്ടുള്ള പ്ലേസിങ് ആണ്. എല്ലാ ക്യാരക്ടേഴ്സിനും ഒരു ഹൈ പോയിന്റ് ഉണ്ട്, ഒരു ആർക്കുണ്ട്. അപ്പൊ നമുക്ക് സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ കുറച്ചു സമയം നമ്മൾ ഒരു ക്യാരക്ടറിനോട് ഇഷ്ടം തോന്നിയാൽ - ഇപ്പൊ ചെറുതിനോട് ആദ്യം ഇഷ്ടം തോന്നിയാൽ പിന്നെ വലുതിനോട് ഇഷ്ടം തോന്നും, നസ്ലിന്റെ കഥാപാത്രത്തിനോട്, ഗണപതിയുടെ കഥാപാത്രത്തിനോട്, അങ്ങനെ മാറി വരും. ആ സിനിമ കണ്ടവർക്ക് തന്നെ അറിയാം. അത് കൊണ്ട് ഒരാളെ പിക്ക് ചെയ്യാൻ എളുപ്പമല്ല.
ആലപ്പുഴ ജിംഖാന ഒടിടിയിൽ എത്തുമ്പോൾ എന്തൊക്കെയാണ് പ്രതീക്ഷകൾ? പ്രേക്ഷകരോട് എന്തൊക്കെയാണ് പറയാനുള്ളത്?
ഇത് ശരിക്കും തിയേറ്ററിൽ റിലീസിങ് പോലെ തന്നെയാണ്. ആദ്യം അങ്ങനെ ഉണ്ടായിരുന്നില്ലല്ലോ. ഒടിടിയിൽ ഒരു ദിവസം വരുന്നു എന്നൊന്നുമില്ല. ഇപ്പൊൾ അത് സോണി ലിവ് പോലത്തെ വലിയൊരു പ്ലാറ്റ്ഫോമിൽ വരുന്നു. അത്രയും ആളുകൾ കൂടി ഈ സിനിമ കാണും. നമുക്ക് സിനിമ ഒന്നുകൂടി ഡീറ്റെയിൽ ആയിട്ട് കാണാൻ പറ്റും. ഡീറ്റെയിൽ ആയിട്ട് അറിയാൻ പറ്റും. അപ്പോ ആ ഫസ്റ്റ് ഡേ റിലീസിന്റെ അതേ ടെൻഷൻ തന്നെയാണ്, ഭയങ്കര എക്സൈറ്റഡും ആണ്.
ആളുകൾ വീണ്ടും നമ്മുടെ വർക്ക് കാണുന്നു, നമ്മൾ വീണ്ടും കാണുന്നു, എന്നുള്ളത് സന്തോഷം. പിന്നെ നല്ല രീതിയിൽ ആളുകൾ ഇതിന് വെയിറ്റ് ചെയ്തിരുന്നു എന്ന് അറിയുന്നതും ഭയങ്കര സന്തോഷം തരുന്ന കാര്യമാണ്. എനിക്ക് തോന്നുന്നു ഇനി ആയിരിക്കും സോഷ്യൽ മീഡിയയിലും മറ്റും ഈ സിനിമയേക്കുറിച്ചു കൂടുതൽ സംസാരിക്കുക എന്ന്.
ലുക്മാന്റെ വരാനിരിക്കുന്ന പുതിയ പ്രോജക്ടുകൾ ഏതൊക്കെയാണ്?
മലയാളത്തിൽ ഇപ്പൊ ഇനി നെക്സ്റ്റ് റിലീസിനുള്ളത് കഠിന കഠോരമീ അണ്ഡകടാഹം എന്ന സിനിമയാണ്. മുഹ്‌സിൻ, ഹർഷദ് ടീമിന്റെ വാളാ എന്ന് സിനിമയുടെ അനൗൺസ്മെന്റ് ഉടനെയുണ്ട്. ഇപ്പൊ ഷൂട്ട് കഴിഞ്ഞത് കൊറോണ ദവാൻ എന്ന സിനിമയ്ക്ക് ശേഷം സിസി നിതിൻ സംവിധാനം ചെയ്യുന്ന അതിഭീകര കാമുകനാണ്. ഇപ്പൊ ഷൂട്ട് നടക്കുന്ന ചിത്രം ടിക്കി ടാക്കയാണ് - ആസിഫ് അലിയോടൊപ്പം ഞാൻ അഭിനയിക്കുന്ന രോഹിത് വി. എസിന്റെ സിനിമ.


Click it and Unblock the Notifications











