എക്സ്ക്ലൂസീവ്: വെല്ലുവിളിയായത് കാസ്റ്റിംഗ്; നേരറിയും നേരത്ത് സംവിധായകൻ രഞ്ജിത് ജി.വി പറയുന്നു
ഫറ ഷിബില, അഭിരാം രാധാകൃഷ്ണൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന നേരറിയും നേരത്ത്, ജൂൺ 13ന് തീയറ്ററുകളിൽ എത്തുകയാണ്. മമ്മൂട്ടി നായകനായ ഫയർമാൻ ഉൾപ്പെടെ നിരവധി ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ സീനിയർ എഴുത്തുകാരൻ രഞ്ജിത് ജി.വി. ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും നേരറിയും നേരത്തിന് ഉണ്ട്. ഏറെ പ്രസക്തമായ ഒരു വിഷയം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ ട്രൈലെർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.
അടുത്തിടെ, ഫില്മിബീറ്റ് മലയാളത്തിന് നൽകിയ എക്സ്ക്ലൂസീവ് അഭിമുഖത്തിൽ നേരറിയും നേരത്ത് സംവിധായകൻ രഞ്ജിത് ജി.വി. തന്റെ ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്നു. തുടർന്ന് വായിക്കുക...
ഒരു സംവിധായകൻ എന്ന നിലയിൽ താങ്കളുടെ ആദ്യത്തെ ചിത്രമാണ് നേരറിയും നേരത്ത്. എങ്ങിനെയാണ് ഈ പ്രോജെക്ടിലേക്ക് എത്തിയത്?
ഈ സിനിമ നമ്മുടെ സൗത്ത് ഇന്ത്യയിൽ നടന്ന ചെറിയൊരു സംഭവത്തെ ആസ്പദമാക്കിയിട്ടുള്ള ഒരു കഥയാണ് പറയുന്നത്. ഈ കഥ ഒന്ന് ഫോം ആയി, അതിന്റെ ഫുൾ സ്ക്രിപ്റ്റ് എഴുതി കഴിഞ്ഞപ്പോഴത്തേക്കും എന്തോ ഇത് സ്വയം ഡയറക്ട് ചെയ്യുന്നതായിരിക്കും നല്ലതെന്നൊരു ഒരു ഫീൽ കിട്ടി. കാരണം വേറൊരു സംവിധായകനെ ഏൽപ്പിക്കുമ്പോൾ എത്രമാത്രം ആ പ്രോസസ്സിൽ ഭാഗമാവാൻ അവസരം കിട്ടും എന്നുള്ള കാര്യത്തിൽ ഒരു ഡൗട്ട് ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇത് ചിത്രം സംവിധാനം ചെയ്യാൻ തീരുമാനിച്ചത്.

ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുമ്പോൾ ഒരു വ്യക്തി എന്നുള്ള നിലയിൽ നേരിട്ട പ്രധാന വെല്ലുവിളികൾ എന്തൊക്കെയായിരുന്നു?
പ്രധാനപ്പെട്ട വെല്ലുവിളി എന്നത്, നമ്മൾ ഈ സംവിധാനം എന്ന് പറയുന്ന ഒരു പ്രോസസ്സിലൂടെ ഒരു ലീഡർ എന്ന നിലയ്ക്ക് അങ്ങനെ കടന്നു പോയിട്ടില്ല എന്നതായിരുന്നു. കാരണം, കഴിഞ്ഞ ഏറ്റവും കൂടുതൽ സിനിമകളും ഒരു എഴുത്തുകാരൻ എന്നുള്ള നിലയിൽ തന്നെ ആയിരുന്നു. പക്ഷേ ഇപ്പോഴും ലൊക്കേഷനുകളിൽ ഉണ്ടാവാറുള്ളത് കൊണ്ട് തന്നെ സംവിധാനത്തിന്റെ രീതികളുമായി പരിചയപ്പെട്ടിരുന്നു. പിന്നെ ചില ഷോർട്ട് ഫിലിംസ് ഒക്കെ സംവിധാനം ചെയ്തിട്ടുള്ള ചെറിയ എക്സ്പീരിയൻസ് ഉണ്ടായിരുന്നു.

പിന്നെ, വളരെ നല്ലൊരു ക്രൂ കൂടെ ഉണ്ടായിരുന്നു. എല്ലാ സപ്പോർട്ടിനും ക്രൂ ഉണ്ടായിരുന്നു അപ്പൊൾ ശരിക്കും ഒരു ഒരു ടീം എഫർട്ട് എന്ന് തന്നെയാണ് ഇതിനെ പറയാനാവുക. എല്ലാവരുടെയും ഒരു സഹായം ഉണ്ടായിരുന്നു. ആദ്യത്തെ സിനിമ എന്നുള്ള രീതിയിൽ എല്ലാ ഡിപ്പാർട്ട്മെന്റിൽ നിന്നും അകമഴിഞ്ഞ ഒരു കോപ്പറേഷൻ ഉണ്ടായിരുന്നു. പ്രത്യേകിച്ച്, ഈ സിനിമ പ്രൊഡ്യൂസ് ചെയ്യുന്നത് ആദ്യമായിട്ട് സിനിമ നിർമ്മാണം ചെയ്യുന്ന ഒരാളാണ് - എസ് ചിദംബര കൃഷ്ണൻ എന്നാണ് അദ്ധേഹത്തിന്റെ പേര്.
അദ്ധേഹത്തിന്റെ ഭാഗത്തുനിന്നും ഒരു പുതിയ പ്രൊഡ്യൂസർ എന്നുള്ള ആശങ്കകളും സംശയങ്ങളും ഒന്നും കാണിക്കാതെ, തന്നെ വളരെ നല്ല രീതിയിൽ, നമുക്ക് ഫുൾ ഫ്രീഡം തരികയായിരുന്നു. അത് പ്രൊഡ്യൂസറിന് സബ്ജക്റ്റിൽ ഉള്ള കോൺഫിഡൻസ് തന്നെ ആയിരുന്നു. മെയിൻ ആയിട്ട് ഇതിനു മുന്നേ ഞാൻ എഴുതിയിട്ടുള്ള മമ്മുക്കയുടെ ഫയർമാൻ പോലുള്ള സിനിമകളൊക്കെ അദ്ദേഹം കണ്ടിട്ടുണ്ട്. അതിന്റെ ഒരു കോൺഫിഡൻസ് അദ്ദേഹത്തിന് ഉണ്ടായിരുന്നു.
എങ്ങനെയാണ് ഫറ ഷിബില നേരറിയും നേരത്തിന്റെ ഭാഗമാവുന്നത്?
ഈ സിനിമയിൽ നായികയുടെത് വളരെയധികം പ്രാധാന്യമുള്ള ഒരു വേഷമാണ്. അത്രമാത്രം ഇന്റെൻസ് ആയിട്ടുള്ള കുറെ ഇമോഷൻസ് ഉള്ളതുകൊണ്ട് ഇത് ആരെക്കൊണ്ട് ചെയ്യിക്കും എന്നുള്ളത് ഒരു വല്ലാത്തൊരു ചലഞ്ച് തന്നെ ആയിരുന്നു. ഏകദേശം ഒരു പത്തോളം നായികമാരുടെ അടുത്ത് ഞാൻ ഇത് കഥ പറഞ്ഞിട്ടുണ്ട് അവർക്കെല്ലാവർക്കും തന്നെ സബ്ജക്റ്റ് ഇഷ്ടപ്പെട്ടു. പക്ഷേ പലർക്കും പല പ്രശ്നങ്ങൾ ആയിരുന്നു.

ചിലർ പറയുന്ന പ്രതിഫലം ഞങ്ങൾക്ക് താങ്ങാൻ ആവുന്നതല്ലായിരുന്നു. പിന്നെ ചിലർക്ക് ആ സമയത്തുള്ള ഡേറ്റ് ക്ലാഷ് ആയിരുന്നു പിന്നെ ചിലർക്ക് വ്യക്തിപരമായ കാര്യങ്ങൾ, അങ്ങനെ പല പല ചെറിയ ചെറിയ കാരണങ്ങൾ കൊണ്ട് നടന്നില്ല. ഒരു ലെവൽ കഴിഞ്ഞപ്പോഴത്തേക്ക് ഇത് ആരെക്കൊണ്ട് ചെയ്യിക്കും എന്ന് അറിയാതെ വല്ലാത്തൊരു ഒരു ബുദ്ധിമുട്ട് തോന്നി. കാസ്റ്റിംഗ് ഒരു വല്ലാത്തൊരു ടാസ്ക് ആയി തോന്നി പിന്നെ എല്ലാവരും കൂടി ഇരുന്നിട്ടുള്ള ഒരു ചർച്ചയിലാണ് ഫറാ ഷിബിലയുടെ പേര് വന്നത്.
ഞാൻ അവരുടെ മുമ്പത്തെ സിനിമകളൊക്കെ കണ്ടിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഒരു ഒരു പ്രതീക്ഷയുണ്ടായിരുന്നു. അത് സബ്ജെക്ട് കറക്റ്റ് ആയിട്ട് കമ്മ്യൂണിക്കേറ്റ് ചെയ്തു, കമ്മ്യൂണിക്കേറ്റ് ചെയ്തപ്പോൾ ഫറയ്ക്കും ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു. വളരെ കോപ്പറേറ്റീവ് ആയിട്ട് അവർ മുന്നോട്ട് വരികയായിരുന്നു. ഞങ്ങൾ ഉദ്ദേശിച്ചതിലും ഭംഗിയായാണ് ഫറ പെർഫോം ചെയ്തത്.
അഭിരാം രാധാകൃഷ്ണനെ ഈ ചിത്രത്തിൽ കാസറ്റ് ചെയ്യാൻ തീരുമാനിച്ചത് എങ്ങനെയാണ്?
ചിത്രത്തിലെ മെയിൻ ക്യാരക്ടർ ആണ് സണ്ണി, അത് ആര് ചെയ്യും എന്നൊക്കെയുള്ള ഒരു ഒരു വല്ലാത്തൊരു കൺഫ്യൂഷൻ ഉണ്ടായിരുന്നു. കാരണം, സണ്ണിയുടെ സ്ക്രീൻ സ്പേസ് അങ്ങനെ ഒരു ത്രൂ ഔട്ട് ഇല്ല. എന്നാൽ വളരെയധികം പ്രാധാന്യം ഉണ്ട്, അഭിനയിക്കാനുണ്ട്. നല്ല ടാലന്റഡ് ആയിട്ടുള്ള ഒരു നായകൻ ആയിരിക്കണം എന്നുണ്ടായിരുന്നു.
അങ്ങനെയൊക്കെ കുറെ ആലോചിച്ചപ്പോഴത്തേക്കും പെട്ടെന്നാണ് അഭിരാമിനെ ഓർമ്മ വന്നത്. കാരണം ഒത്തിരി സിനിമകളിൽ അദ്ദേഹത്തെ നോട്ട് ചെയ്തിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ ഫസ്റ്റ് ഓപ്ഷൻ തന്നെ അഭിരാം രാധാകൃഷ്ണൻ ആയിരുന്നു അദ്ദേഹത്തോട് ഫോണിലാണ് ആണ് കഥ പറഞ്ഞത്. അപ്പൊ തന്നെ അഭിരാമിന് ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു. അപ്പൊ പുള്ളി പറഞ്ഞ ഒരു കാര്യം, ആദ്യമായിട്ടാണ് ഒരു ഡ്യുവറ്റ് സോങ്ങ് ഒക്കെ വരുന്നത് സിനിമയിൽ എന്നായിരുന്നു.
അങ്ങനെ പെട്ടെന്ന് പുള്ളി ഇതിലേക്ക് ക്യാരക്ടറിലേക്ക് വരികയായിരുന്നു. പിന്നെ ഷൂട്ടിങ് സമയത്തുമൊക്കെ പുള്ളിയുടെ ഇൻവോൾവ്മെന്റ് വളരെ നല്ല രീതിയിലായിരുന്നു. കാരണം പല സ്ഥലങ്ങളിലും നമ്മൾ സ്ക്രിപ്റ്റ് വായിക്കുമ്പോൾ ഏതെങ്കിലും പോയിന്റ്സ് വിട്ടിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ എന്തെങ്കിലും ഒരു ചെറിയ പ്രോബ്ലം ഉണ്ടെങ്കിൽ അത് ചർച്ച ചെയ്യുമായിരുന്നു. അത് വളരെ നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു.
അഭിരാം രാധാകൃഷ്ണനെ ഇന്റർവ്യൂ ചെയ്തപ്പോൾ, പ്രതിബദ്ധതയുള്ള ഒരു സംവിധായകനാണ് രഞ്ജിത്ത് ജി.വി. എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനെ എങ്ങിനെ നോക്കിക്കാണുന്നു?
അത് ശരിയാണ്. കാരണം വേറൊന്നുമല്ല, ഈ ജാതി മതം എന്നതിനൊന്നും അമിത പ്രാധാന്യം കൊടുക്കുന്ന ഒരു വ്യക്തിയല്ല ഞാൻ. അപ്പോൾ ആ ഒരു ആശയം കഥയിൽ പലയിടത്തും റിഫ്ലക്ട് ചെയ്യുന്നത് കാണാൻ സാധിക്കും. പല കഥാസന്ദർഭങ്ങളിലും, ചില ഡയലോഗ്സിലൊക്കെ നമ്മൾ ഇൻഡയറക്റ്റ്ലി നമ്മൾ അത് പറഞ്ഞു വെച്ചിട്ടുണ്ട്. പിന്നെ ഈ പറഞ്ഞ പോലെ മെയിൻ ആയിട്ട് ഞാൻ ഉദ്ദേശിച്ചത് ഇന്നത്തെ തലമുറയിലെ മാതാപിതാക്കൾക്കുള്ള ഒരു ഒരു ചെറിയ ഒരു ഒരു സന്ദേശം കൂടി ഈ ചിത്രത്തിൽ ഉണ്ട്. നേരിട്ട് ഫീൽ ചെയ്യിക്കാൻ ശ്രമിച്ചിട്ടില്ലെങ്കിലും, അതിനുള്ളിൽ നിന്ന് വായിച്ചെടുക്കാവുന്ന ചില കാര്യങ്ങൾ നേരറിയും നേരത്തിൽ പറഞ്ഞിട്ടുണ്ട്.
നേരറിയും നേരത്ത് തിയേറ്ററിൽ എത്തുമ്പോൾ, പ്രേക്ഷകരോട് എന്താണ് പറയാനുള്ളത്?
സത്യസന്ധമായിട്ട് പറഞ്ഞാൽ ഇതൊരു വളരെ നോർമൽ ആയിട്ടുള്ള ഒരു സ്റ്റോറി ലൈൻ ആണ്. നമ്മൾ പലപ്പോഴും പലവട്ടം കണ്ടുപോയ കഥാപാത്രങ്ങളും കഥാപരിസരവും ഒക്കെയാണ്. പക്ഷെ, മലയാള സിനിമയിൽ ഇതുവരെ ചർച്ച ചെയ്യപ്പെടാത്ത ചെയ്യാത്ത ഒരു കാര്യം നമ്മൾ ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ സിനിമയിൽ ആ ഒരു ട്രാക്കിൽ പോയിട്ടില്ല. അത് തന്നെയായിരുന്നു പ്രൊഡ്യൂസറിനെ ഇതിലേക്ക് ആകർഷിച്ച ഒരു ഘടകവും. അങ്ങനെ ഒരു ഫ്രഷ് ആയ ഒരു കാര്യം നമ്മൾ ചെയ്യുന്നുണ്ട്. ബാക്കിയെല്ലാം ഇനി ദൈവത്തിന്റെ കയ്യിലും പ്രേക്ഷകരുടെ കയ്യിലുമാണ്.
വളരെക്കാലമായി സിനിമ രംഗത്തുള്ളയാളാണ് താങ്കൾ. മലയാള സിനിമയിലെ ഇപ്പോഴുള്ള നവ തരംഗത്തെ കുറിച്ച് എന്താണ് പറയാനുള്ളത്?
ഒരു മാറ്റം വരുമ്പോൾ ജനങ്ങൾ അത് ഇഷ്ടപ്പെടുമല്ലോ. നമ്മൾ ഒരു സെറ്റ് ആൾക്കാരുടെ സ്ഥിരം ഒരു ട്രാക്ക് സിനിമകൾ ഇങ്ങനെ കണ്ടുകൊണ്ടിരിക്കുമ്പോൾ, പുതിയതായിട്ട് അതിനൊരു മാറ്റം ഉണ്ടാക്കുന്ന സബ്‌ജക്റ്റും, പുതിയ ഒരു താരനിരയും വരുമ്പോൾ അത് എന്തായാലും ശ്രദ്ധിക്കപ്പെടും. ഉദാഹരണത്തിന്, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമ വന്ന കാലത്ത്, അതൊരു വലിയ മാറ്റമായിരുന്നു സിനിമയിൽ അക്കാലത്തുള്ള പ്രേം നസീർ സർ, മധു സർ, തുടങ്ങിയവരുടെ കയ്യിൽ നിന്നും വേറൊരു ട്രാക്കിലേക്ക് പോവുകയായിരുന്നു സിനിമ. അപ്പൊ അങ്ങനെ ഒരു മാറ്റം എല്ലായിപ്പോഴും സംഭവിച്ചിട്ടുണ്ട്. പുതിയ ആൾക്കാർ വരുന്നത് എന്തായാലും സിനിമയ്ക്ക് നല്ലതാണ്.
നേരറിയും നേരത്ത് റിലീസാവുകയാണ്. ഇനി പുതിയ സിനിമകൾ ചർച്ചയിലുണ്ടോ?
ഒരു രണ്ടോ മൂന്നോ സ്ക്രിപ്റ്റുകൾ എഴുതി പൂർത്തിയാക്കിയിട്ടുണ്ട് അതിന് അതിൽ പലതും ചർച്ചയിലാണ്. ഏതായിരിക്കും അടുത്തത് എന്ന് കറക്റ്റ് ആയിട്ട് പറയാൻ പറ്റുന്ന ഒരു സാഹചര്യമല്ല. ഇപ്പോ മൂന്നോളം തിരക്കഥകളുണ്ട്, ഇത് കാസ്റ്റിംഗ് അടക്കം സംസാരിച്ചു വെച്ചിട്ടുണ്ട്. നേരറിയും നേരത്ത് റിലീസ് കഴിഞ്ഞിട്ടായിരിക്കാം അത് തീരുമാനിക്കുന്നത്.


Click it and Unblock the Notifications











