എക്സ്ക്ലൂസിവ്: നീലക്കുയിൽ ഇന്നും കാലിക പ്രസക്തിയുള്ള കഥ; സിതാര ബാലകൃഷ്ണൻ പറയുന്നു
1954ൽ പുറത്തിറങ്ങിയ ക്ലാസ്സിക്ക് ചിത്രം നീലക്കുയിൽ അടുത്തിടെ ഒരു നാടക രൂപത്തിൽ അരങ്ങേറിയിരുന്നു. ഉറൂബിന്റെ രചനയിൽ രാമു കാര്യാട്ടും, പി ഭാസ്കരനും ചേർന്നു സംവിധാനം ചെയ്ത്, സത്യനും മിസ്സ് കുമാരിയും നായിക-നായകന്മാരായി എത്തിയ ചിത്രത്തെ, നാടകമായി സംവിധാനം ചെയ്തത് സി.വി പ്രേംകുമാർ ആണ്. പ്രശസ്ത നർത്തകിയും, സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ സിതാര ബാലകൃഷ്ണനും, ജേർണലിസ്റ്റ് ജിതേഷ് ദാമോദറുമാണ്, മിസ് കുമാരിയും സത്യനും ചെയ്ത കഥാപാത്രങ്ങളായി സ്റ്റേജിൽ എത്തിയത്.
അടുത്തിടെ ഫില്മിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ, നീലക്കുയിൽ നാടകത്തിൽ നീലിയായി എത്തിയ നർത്തകിയും അഭിനേത്രിയുമായ സിതാര ബാലകൃഷ്ണൻ, തന്റെ സ്റ്റേജ് അനുഭവങ്ങൾ പങ്കു വച്ചു. തുടർന്ന് വായിക്കുക...
നീലക്കുയിൽ സിനിമ പ്ലേ ആക്കി, അത് വേദികളിൽ അവതരിപ്പിച്ച് ഇപ്പോ വളരെയധികം അപ്രീസിയേഷൻ കിട്ടിക്കൊണ്ടിരിക്കുന്ന ഒരാളാണ്. എങ്ങനെയാണ് ഇങ്ങനെ നാടകത്തിലേക്ക് എത്തിയത്?
എന്നെ നീലക്കുയിൽ നാടകത്തിന്റെ ഡയറക്ടർ വിളിക്കുമ്പോഴാണ് അതിലേക്ക് എത്തുന്നത്. ഞാൻ ബേസിക്കലി ഞാൻ നർത്തകിയാണ്. അപ്പൊ ഒരു 35 വർഷമായിട്ട് ഞാൻ നൃത്ത രംഗത്താണ്. ഇടയ്ക്ക് സീരിയൽസിലും ഒക്കെ അഭിനയിച്ചിട്ടുണ്ട് - 50 ഓളം സീരിയലുകൾ ചെയ്തിട്ടുണ്ട്. പക്ഷേ അത് വളരെ വർഷങ്ങൾക്ക് മുമ്പാണ്. 2005 ൽ ഞാൻ ആക്ടിങ് നിർത്തി പൂർണ്ണമായിട്ടും നൃത്തത്തിലോട്ടാണ് ശ്രദ്ധ കൊടുത്തു തുടങ്ങി. അതുകൊണ്ട് ഇതിനെക്കുറിച്ച് എനിക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല.

നീലക്കുയിൽ നാടകത്തിന്റെ ഡയറക്ടർ സി വി പ്രേംകുമാർ സാർ വിളിക്കുമ്പോഴാണ് എനിക്ക് ആദ്യമായിട്ട് ഇങ്ങനെ ഒരു ഒരു തോട്ട് വരുന്നത്. അപ്പൊ വിളിച്ചപ്പോൾ ഞാൻ പറഞ്ഞത്, എനിക്കറിയില്ല, നാടകം ഞാൻ ചെയ്തിട്ടേയില്ല, എന്നാണ്. അതും നീലി എന്ന കഥാപാത്രമാണ്. അതിനുവേണ്ടി കുറച്ച് തയ്യാറെടുക്കേണ്ടതുണ്ട്. നമ്മൾ ആ കാലത്തിലേക്ക് - 1950 ആണ്. ആ സമയത്തെ മുഖം, നോട്ടം, ഭാവം ഒക്കെ ഉണ്ടല്ലോ, അതൊന്ന് കിട്ടാൻ വേണ്ടിയിട്ട് കുറച്ചൊന്ന് ട്രൈ ചെയ്യേണ്ടതുണ്ട്. ഞാൻ പറഞ്ഞു, സംശയമാണ്, നോക്കാം എന്ന്. അപ്പൊ സാർ പറഞ്ഞു, സ്ക്രിപ്റ്റ് തരാം, സ്ക്രിപ്റ്റ് നോക്കിയിട്ട് തീരുമാനിക്കാം എന്ന് പറഞ്ഞിട്ട്, സ്ക്രിപ്റ്റ് തന്നു, വായിച്ചു, ചെയ്യാമെന്ന് ഏറ്റു. അങ്ങനെ റിഹേഴ്സൽസ് തുടങ്ങി, ഇവിടെ വരെ എത്തി.
ഒരുപാട് പ്രിപ്പറേഷൻസ് ഉണ്ടായിരുന്നു എന്ന് പറഞ്ഞു. നീലി എന്ന് പറയുന്ന കഥാപാത്രത്തിനോട് നീതി പുലർത്താനായി വരുത്തിയ ഏറ്റവും വലിയ ഒരു മാറ്റം, അല്ലെങ്കിൽ പഠിച്ചെടുത്ത ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു കാര്യം എന്തായിരുന്നു?
ഞാൻ പറഞ്ഞല്ലോ, എന്റെ ബേസ് എന്ന് പറയുന്നത് നൃത്തമാണ്. ഒരു അഞ്ചു വയസ്സു മുതൽ നൃത്തം പഠിച്ചു തുടങ്ങി, ആയിരത്തോളം വേദികളിൽ നൃത്തം ചെയ്തു. മോഹിനിയാട്ടമാണ് ഞാൻ കോൺസെൻട്രേറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. മോഹിനിയാട്ടിലാണ് പോസ്റ്റ് ഗ്രാജുവേഷൻ ചെയ്തത്. അതിലാണ് 2023ൽ സംഗീത നാടക അക്കാദമിയുടെ സംസ്ഥാന പുരസ്കാരം ലഭിച്ചത്. എനിക്ക് നൃത്തം എന്ന് പറയുന്നതാണ് പ്രൊഫഷൻ ആയിട്ടുള്ളത്. നൃത്ത അധ്യാപികയും കൊറിയോഗ്രാഫറും ഒക്കെയാണ്.

നൃത്തത്തിൽ നമ്മൾ ഡയലോഗ്സ് പറയേണ്ട ഒരു അവസരം ഇല്ല. സിനിമയിൽ ആണെങ്കിൽ നമുക്ക് കട്ട് ചെയ്ത് ഷോട്ട് എടുക്കാൻ പറ്റും. നാടകത്തിൽ തുടർച്ചയായി ഒരു കഥാപാത്രം തുടങ്ങി തീരുന്നത് വരെ, നീലി എന്ന് പറയുന്ന കഥാപാത്രം സ്റ്റേജിൽ വന്നിട്ട് അവരുടെ മരണം വരെയുള്ള സംഭവം ഒരൊറ്റ സ്ട്രെച്ചിലാണ് പോകുന്നത്. അതിനിടയിൽ ബ്രേക്ക് ഇല്ല. അപ്പൊ ഡയലോഗ്സ് പറയാനുള്ള പ്രിപ്പറേഷൻ, ആണ് കുറച്ച് ബുദ്ധിമുട്ടായിട്ട് തോന്നിയത്. അപ്പൊ ഡയറക്ടർ പറഞ്ഞത്, നമ്മൾ മുഖത്ത് അഭിനയം കൊണ്ടുവരുന്നതോടൊപ്പം തന്നെ പ്രധാനമുള്ള കാര്യമാണ്, നാടകത്തിൽ നമ്മൾ വോയിസ് മോഡുലേഷനിലൂടെ ഭാവം പ്രകടിപ്പിക്കുക എന്നുള്ളത്. അത് എക്സ്പീരിയൻസ് ചെയ്തത് ഒരു പുതിയൊരു കാര്യമായിരുന്നു.
അപ്പൊ അതെക്കുറിച്ച് പഠിക്കാൻ കുറച്ച് പ്രിപ്പറേഷൻസ് വേണ്ടി വന്നിരുന്നു. ഡയലോഗ്സ് ഉറക്കെ പറയുക, പല പല വേരിയേഷൻസ്, വോയിസ് മോഡുലേഷൻസ് ചെയ്തു നോക്കുക, ഉറക്കെ കരഞ്ഞുകൊണ്ട്, ദേഷ്യപ്പെട്ട് ഡയലോഗ്സ് പറഞ്ഞുകൊണ്ട് അഭിനയിക്കുക, അങ്ങനെ അതിനൊരു തുടർച്ചയും ഉണ്ടല്ലോ നാടകത്തിൽ ആകുമ്പോൾ. സിനിമയിലെ പോലെ അല്ലെങ്കിൽ സീരിയലിലെ പോലെ ഒരു ഷോട്ട് എടുത്തിട്ട്, ബ്രേക്ക് ചെയ്ത്, കുറച്ചുനേരം സംസാരിച്ചിട്ട് - അങ്ങനെയല്ല. തുടർച്ചയായിട്ട് ആ കഥാപാത്രത്തിൽ തന്നെ നിന്നുകൊണ്ട്, ബ്രേക്ക് ഇല്ലാതെ, ഡയലോഗ്സ് തെറ്റുകയും ചെയ്യരുത്. അപ്പൊ അങ്ങനെ അതൊരു പുതുമയുള്ള അനുഭവമാണ്.

പിന്നെ ഇതിൽ വേറൊരു പ്രധാനമായിട്ടുള്ള ഒരു പ്രിപ്പറേഷൻ എന്ന് പറഞ്ഞാൽ - ഒരു കഥാപാത്രം നമ്മൾ ബ്രേക്ക് ഇല്ലാതെ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്, അങ്ങനെ പോകുമ്പോൾ ഒരു നാലോ അഞ്ചോ മിനിറ്റ് കഴിയുമ്പോൾ നമുക്ക് വേദിയിൽ വെച്ച് തന്നെ, നമുക്ക് ചിലപ്പോൾ ആ കഥാപാത്രത്തിലേക്ക് കുറച്ചു കൂടുതൽ ഇൻവോൾവഡ് ആകും. അങ്ങനെ ഇൻവോൾവഡ് ആയി പോകാനും പാടില്ല. അമിതമായി ഇൻവോൾവഡ് ആയി പോയിക്കഴിഞ്ഞാൽ നമുക്ക് ആ പ്രസന്റ് സിറ്റുവേഷനെ കൈകാര്യം ചെയ്യാൻ പറ്റില്ല. സ്വയം മറന്ന് അഭിനയിക്കാൻ പറ്റില്ല നമുക്ക്. കാരണം ഒന്ന്, സ്റ്റേജ് ആണ്, സ്റ്റേജിന് ഒരു പരിമിതിയുണ്ട്, സ്റ്റേജിന് മൈക്ക് വെച്ചിരിക്കുന്ന പൊസിഷൻസ് നമ്മൾ നോക്കണം, നമ്മൾ ലൈറ്റ്സിന്റെ ഏരിയ കടന്നു മുന്നിലേക്ക് പോകാൻ പാടില്ല. അപ്പൊ ആ ബോധവും വേണം, എന്നാൽ സിത്താര എന്നുള്ള വ്യക്തിയെ മറന്നിട്ട് അതിനേക്കാൾ അധികം കഥാപാത്രം കേറി വരികയും വേണം. എന്നാൽ നമ്മൾ റിയൽ നമ്മൾ ആവുകയും വേണം. അതിനെ കറക്റ്റ് ആയിട്ട്, നമ്മൾ ആ ഒരു ബാലൻസിൽ നിർത്തിക്കൊണ്ടുപോവുക എന്നുള്ളത് നാടകത്തിലെ ഒരു റിസ്ക് ആണ്.
നാടകത്തിൽ ആ കഥാപാത്രം, ആ കഥാപാത്രം മാത്രമായിട്ടാണ് വരുന്നത്. അതിനിടയിൽ, ഇപ്പൊ എനിക്ക് അതിനിടയിൽ വന്ന്, ഡയറക്ടറുടെ ഒരു ഒരു നറേഷൻ ഒന്നും പറയേണ്ട ആവശ്യമില്ല. നൃത്തത്തിൽ അങ്ങനെയല്ല, അടുത്ത ഇനത്തെക്കുറിച്ചുള്ള നറേഷൻ ഞാൻ തന്നെ വന്ന് പറയുന്നു. അപ്പൊ നമുക്ക് കഥാപാത്രമായിട്ട് നിൽക്കാൻ പറ്റില്ല, നമ്മൾ വീണ്ടും ബോധത്തിൽ വരും, ആ നിൽക്കുന്ന സ്റ്റേജിലും ടൈമിലും സ്പേസിലും നമ്മൾ എത്തും. അപ്പൊ അതിനൊരു, അപ്പൊ അതിനുവേണ്ടിയിട്ട്, നാടകത്തിന് ഒരു നല്ലൊരു പ്രിപ്പറേഷൻ ഉണ്ടായിരുന്നു. അത് ഒരു ഒന്നോ രണ്ടോ മാസത്തോളം ഉള്ള റിഹേഴ്സൽ ക്യാമ്പുകളിലൂടെയാണ് ആ ഒരു ട്രാൻസ്ഫോർമേഷൻ സാധിച്ചത്.
നീലക്കുയിൽ മലയാളത്തിലെ ലാൻഡ്മാർക്ക് എന്നറിയപ്പെടുന്ന സിനിമകളിൽ ഒന്നാണ്. നാടകം ചെയ്തു തുടങ്ങുന്നതിനു മുൻപോ, റിഹേഴ്സൽസിനിടയിലോ, ആ സിനിമ കണ്ടിട്ടുണ്ടോ?
ആ സിനിമ ഞാൻ യൂട്യൂബിൽ കണ്ടിരുന്നു, മുഴുവനായിട്ടല്ല. ഇടയ്ക്കുള്ള പാട്ടുകളും, മിസ് കുമാരിയുടെ ആ വേഷവും, സംസാരവും, രീതികളും ഒക്കെ കണ്ടിട്ടുണ്ടായിരുന്നു. പിന്നെ പൊതുവേ ആ കാലഘട്ടം മുതലുള്ള സിനിമകൾ ഞാൻ കാണും. സിനിമ എനിക്ക്, സിനിമ ആസ്വാദകയാണ്, എല്ലാ സിനിമകളും കഴിയുന്നത്ര കാണാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് എനിക്കിതൊരു വലിയ അകലം പോലെ തോന്നിയിട്ടില്ല. കാര്യം, അന്നത്തെ ഈ കഥ ഇന്നും എന്നും ലോകത്ത് ഏത് സ്ഥലത്തും ഇത് റെലവന്റ് ആണ്.

ഒരു ദളിത് പെൺകുട്ടിയെ പറ്റിക്കുന്നു, അതിനുശേഷം ഉണ്ടാകുന്ന സംഭവവികാസങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടല്ലോ, കേരളത്തിലും, തമിഴ്നാട്ടിലും, ഗുജറാത്തിലും, ബീഹാറിലും ഒക്കെ. അപ്പൊ നമുക്ക് ഈ കഥാപാത്രങ്ങളെ അങ്ങനെ മാറ്റി കഴിഞ്ഞാൽ, അത് കാലിക പ്രസക്തിയുള്ള ഒരു കഥയാണ്, എല്ലാ കാലത്തും ഓടുന്ന ഒരു കഥയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അപ്പൊ അതുകൊണ്ട് എനിക്കത് വലിയ അകലമായിട്ട് തോന്നിയില്ല. പിന്നെ, ഡയറക്ടർ പറയുന്നതും ഒക്കെ കൂടെ ചേർത്തിട്ടാണ് അത് ഞാൻ ചെയ്തത്.
നീലക്കുയിൽ വേദിയിൽ അവതരിപ്പിച്ചതിനുശേഷം, ഏറ്റവും സംതൃപ്തി തോന്നിയ ഒരു കോംപ്ലിമെൻറ് അല്ലെങ്കിൽ ഒരു ഓഡിയൻസ് റിയാക്ഷൻ എന്തായിരുന്നു?
"എല്ലാരും ചൊല്ലണ്" എന്ന് പറഞ്ഞ പാട്ട് ചെയ്യുമ്പോൾ റിഹേഴ്സൽ ക്യാമ്പിൽ തന്നെ എല്ലാവരും നന്നായിട്ട് ആസ്വദിക്കുന്നുണ്ടായിരുന്നു. ആദ്യത്തെ ദിവസം അത് ഞാൻ ചെയ്തു കാണിച്ചപ്പോൾ തന്നെ, റിഹേഴ്സൽ ക്യാമ്പിൽ നമ്മുടെ കൂടെയുള്ളവരുടെ ഒരു റിയാക്ഷൻ കാണുമ്പോൾ അറിയാം എങ്ങനെയാണെന്നുള്ളത്. അത് എനിക്ക് വലിയൊരു സന്തോഷം തന്നു. അതുപോലെ, "മാനെന്നും വിളിക്കില്ല" എന്നുള്ള പാട്ടിലും ഞാൻ കൊണ്ടുവരാൻ ശ്രമിച്ചത്, ആ ഒരു നിഷ്കളങ്കതയും, സ്റ്റൈലൈസ്ഡ് നൃത്തം പഠിച്ചിട്ടില്ലാത്ത ഒരാളുടെ ഡാൻസ് ആണ്. അപ്പൊ അങ്ങനെയുള്ള ഒരു ഓട്ടവും നടത്തവും, ആക്ഷൻസും ഒക്കെയാണ് വേണ്ടത്.
ഒരു നർത്തകി ആയിരുന്നിട്ട്, അങ്ങനെയുള്ള ഒരു ഒരു നൃത്തം ചെയ്തതിൽ ഒരുപാട് പേര് അഭിനന്ദിച്ചിട്ടുണ്ടായിരുന്നു. പ്രത്യേകിച്ച്, നാടക നടൻ ഗിരീഷ് സോപാനം - അദ്ദേഹം പറഞ്ഞു, "സിത്താര നൃത്തം ചെയ്യുന്നത് കണ്ടാൽ ഒരു നർത്തകി ചെയ്യുന്നു എന്നൊന്നും തോന്നില്ല, ഒരു ഒരു സാധാരണ ഒരു പെണ്ണ് ഇങ്ങനെ പാടത്തും പറമ്പിലും ഒക്കെ തുള്ളുന്ന പോലെയെ തോന്നുകയുള്ളൂ," എന്ന്. അതിൽ നൃത്തത്തിന്റെ ഒരു സ്റ്റെപ്പ് പോലും വന്നിട്ടില്ല, എന്നാൽ പ്രത്യേക താളമുണ്ട് താനും. അത് വലിയ സന്തോഷം തന്നു.
പിന്നെ, രണ്ടാമത്തെ വേദിയിൽ, കാർത്തിക തിരുനാൾ തിയേറ്ററിൽ ചെയ്തപ്പോൾ, നായകൻ ഉപേക്ഷിച്ചു പോകുന്ന രംഗമുണ്ട്. ആ സമയത്ത് ശരിക്കും കണ്ണിൽ നിന്ന് കൂടുകൂടെ വെള്ളം വന്ന്, കരഞ്ഞ്, കാല് പിടിച്ചപ്പോൾ, അദ്ദേഹം തട്ടിയിട്ടിട്ട് പോകുന്നുണ്ട്. ഞാൻ ഇങ്ങനെ എണീറ്റ് വരികയും, പുള്ളി അങ്ങ് പോവുകയും ചെയ്തു. ഞാൻ ശരിക്കും അവിടെ, കൈയടിച്ചങ്ങ് വീണു പോയി. അപ്പൊ സദസ്സിൽ നിന്ന് വലിയൊരു കയ്യടി വന്നു.
വിമർശനങ്ങളും ഉണ്ടായിരുന്നു കേട്ടോ. ഒന്ന് രണ്ട് വിമർശനങ്ങൾ ഉണ്ടായത്, ഒന്ന് തലമുടിയുടെ ഒരു പാറ്റേണിലാണ്, അത് പറന്നു കിടക്കുന്നു, അല്ലെങ്കിൽ അങ്ങനെയൊക്കെയുള്ള ചില കാഴ്ചയിലുള്ള വിമർശനങ്ങൾ ഒന്ന് രണ്ടെണ്ണം ഉണ്ടായിട്ടുണ്ടായിരുന്നു, വേറെ അത്രയധികം ഇത് വന്നില്ല. ആ കഥാപാത്രത്തിന്റെ നിഷ്കളങ്കത പൂർണമായും ഉൾക്കൊണ്ട് ചെയ്തു എന്നുള്ള അഭിനന്ദനങ്ങളാണ് ഒരുപാട് വന്നിട്ടുണ്ടായിരുന്നത്.
അപ്പോ ഇനി അഭിനയ രംഗത്ത് സജീവമായിട്ട് ഞങ്ങൾക്ക് പ്രതീക്ഷിക്കാമോ?
അതെക്കുറിച്ച് അറിയില്ല. എനിക്ക് അഭിനയ രംഗത്തെക്കുറിച്ച് എപ്പോഴും ഒരു അവ്യക്തതയാണ്. അത് വരുന്നതനുസരിച്ച് ചെയ്യുന്നു എന്നുള്ളതേയുള്ളൂ. എന്റെ ശ്രദ്ധ നൃത്തരംഗത്താണ്. അപ്പൊ 2005 ഒക്കെ ആയപ്പോഴേക്കും, അഭിനയ രംഗത്തുനിന്ന് ഞാൻ പോയത് തന്നെ, മോഹിനിയാട്ടത്തിൽ പോസ്റ്റ് ഗ്രാജുവേഷൻ ചെയ്യാൻ വേണ്ടിയിട്ടാണ്. അത് മുംബൈയിലെ നളന്ത യൂണിവേഴ്സിറ്റിയിലാണ് ചെയ്തത്. അപ്പൊ അവിടെ താമസിച്ച് തന്നെ അത് ചെയ്യണം. ഇനി എനിക്ക് നൃത്തത്തിൽ പിഎച്ച്ഡി ചെയ്യണം. അങ്ങനെയൊക്കെയാണ് എന്റെ കരിയർ മുന്നോട്ട് പോകുന്നത്. അതോടൊപ്പം, നൃത്ത പരിപാടികൾ ഒരുപാടുണ്ട്. അതിനെ ആഗ്രഹിക്കുകയും, അതിനുവേണ്ടി അങ്ങോട്ട് സമീപിക്കുകയും, അപ്ലൈ ചെയ്യുകയും ഒക്കെ ചെയ്താണ് നർത്തകരുടെ ജീവിതം പൊയ്ക്കൊണ്ടിരിക്കുന്നത്. അപ്പൊ അഭിനയത്തിന്റെ കാര്യം അറിയില്ല, ഇതുപോലെ പുതിയതായിട്ട്, എന്തെങ്കിലും വന്നാൽ ചെയ്യും എന്നുള്ളതേയുള്ളൂ.


Click it and Unblock the Notifications











