»   » ജനങ്ങള്‍ എന്നെ വിശ്വസിച്ചില്ലെങ്കില്‍ ഞാന്‍ വേറെ എന്തെങ്കിലും പണിക്ക് പോയേനെ എന്ന് മോഹന്‍ലാല്‍

ജനങ്ങള്‍ എന്നെ വിശ്വസിച്ചില്ലെങ്കില്‍ ഞാന്‍ വേറെ എന്തെങ്കിലും പണിക്ക് പോയേനെ എന്ന് മോഹന്‍ലാല്‍

Posted By: Rohini
Subscribe to Filmibeat Malayalam

പലപ്പോഴും സൂപ്പര്‍താരങ്ങള്‍ നേരിടുന്ന ചോദ്യങ്ങളിലൊന്നാണ്, അഭിനയമല്ലായിരുന്നെങ്കില്‍ താങ്കള്‍ ഏത് മേഖല തിരഞ്ഞെടുക്കുമായിരുന്നു എന്ന്. തീര്‍ച്ചയായും മമ്മൂട്ടിയോട് ചോദിച്ചാല്‍ വക്കീലദ്യോഗം എന്ന് പറയും. അദ്ദേഹം ഒരു അഭിഭാഷകനാണ്. മോഹന്‍ലാലോ?

കൃത്യമായി പറഞ്ഞാല്‍ 15 ഡിഗ്രി... ശരിക്കും മോഹന്‍ലാലിന്റെ വലത്തേ തോളിനാണോ ഇടത്തേ തോളിനാണോ ആ ചെരിവ്?

അഭിനയിക്കണം എന്ന് വലിയ ആഗ്രഹം ഇപ്പോള്‍ മോഹന്‍ലാലിനെ ഇല്ലത്രെ. അഭിനയം ഇല്ലാത്ത ലോകത്ത് താന്‍ സന്തോഷവാനായിരിയ്ക്കും എന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു. 37 വര്‍ഷത്തെ അഭിനയ ജീവിതത്തെ കുറിച്ച് മോഹന്‍ലാല്‍ പറയുന്നു

അഭിനയമില്ലെങ്കിലും സന്തോഷം

ഓരോ സിനിമ പൂര്‍ത്തിയാക്കിയ ശേഷവും ഒരു പത്ത് ദിവസം അവധി എടുക്കാന്‍ ആഗ്രഹിയ്ക്കുന്ന ആളാണ് ഞാന്‍. ഷൂട്ടിങ് ഷെഡ്യൂളുകള്‍ കാരണം അതിന് സാധിക്കാറില്ല. യാത്ര ചെയ്യാനും പുസ്തകം വായിക്കാനുമൊക്കെയാണ് ഏറെ താത്പര്യം. അഭിനയമില്ലാത്ത ലോകത്ത് ഞാന്‍ പൂര്‍ണമായും സന്തോഷവാനായിരിയ്ക്കും. ഇപ്പോള്‍ ഞാന്‍ അതിന് ശ്രമിച്ചു കൊണ്ടിരിയ്ക്കുന്നുണ്ട്. യാത്രകള്‍ ധാരാളം ചെയ്യുന്നു. ഇതുവരെ ഞാന്‍ എനിക്ക് വേണ്ടി ജീവിച്ചിട്ടില്ല. ഇനി അതിന് വേണ്ടി ശ്രമിക്കണം.

കഥാപാത്രങ്ങളിലെ ആവര്‍ത്തനം

അത് സ്വാഭാവികമായും സംഭവിയ്ക്കും. അതില്‍ എനിക്കൊന്നും ചെയ്യാന്‍ സാധിയ്ക്കില്ല. നിങ്ങള്‍ ഫുട്‌ബോള്‍ കാണാറില്ലേ. ഗോളിലേക്ക് ബോള്‍ അടിച്ചു കയറ്റുന്നതല്ലാതെ അതില്‍ പുതുമ കൊണ്ടു വരാന്‍ സാധിയ്ക്കില്ല. വല്ലപ്പോഴും കിക്ക് ചെയ്യുന്നതില്‍ ഒരു പുതുമ സംഭവിച്ചേക്കാം. അത് പോലെ തന്നെയാണ് സിനിമാഭിനയവും. 37 വര്‍ഷമായി ഒരേ ആളാണ് അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.

ജനങ്ങള്‍ അംഗീകരിയ്ക്കുന്നു

ജനങ്ങള്‍ക്കറിയാം ഒപ്പത്തിലോ പോലെ ഞാന്‍ അന്ധനല്ല, പുലിമുരുകനെ പോലെ അമാനുഷിക ശക്തിയുള്ള ആളുമല്ല. എന്നിട്ടും ജനങ്ങള്‍ എന്റെ കഥാപാത്രത്തെ അംഗീകരിയ്ക്കുന്നു. ജനങ്ങളുടെ ഈ അംഗീകാരമാണ് എനിക്ക് ലഭിയ്ക്കുന്ന ഏറ്റവും വലിയ പിന്തുണ. അതില്ലായിരുന്നുവെങ്കില്‍ ഞാന്‍ മറ്റെന്തെങ്കിലും ജോലി നോക്കി പോയേനെ.

പുതുമ സംഭവിയ്ക്കുന്നത്

ആവര്‍ത്തനം സംഭവിക്കാതിരിയ്ക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. പക്ഷെ അത് കഥാപാത്രങ്ങളെ ആശ്രയിച്ചിരിയ്ക്കും. അതേ സമയം 1971 ബിയോണ്ട് ദ ബോര്‍ഡര്‍ എന്ന ചിത്രത്തിലെ മേജര്‍ മഹാദേവന്‍ എന്നെ സംബന്ധിച്ച് പുതുമയുള്ള കഥാപാത്രമാണ്. അയാള്‍ വികാരങ്ങള്‍ പുറത്ത് കാണിയ്ക്കുന്നില്ല. സഹപ്രവര്‍ത്തകന്‍ യുദ്ധത്തില്‍ വെടികൊണ്ട് മരിയ്ക്കുമ്പോള്‍ തളരാതെ വീണ്ടും യുദ്ധം ചെയ്യുന്നു. ഉള്ളില്‍ വിങ്ങിപ്പൊട്ടി, കണ്ണ് അല്‍പമൊന്ന് നിറയുന്ന സാഹചര്യങ്ങളില്‍ ഗ്ലിസറിനില്ലാതെ അഭിനയിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ എന്നെ സംബന്ധിച്ച് അതൊരു മാറ്റമാണ്.

ആരാധകര്‍ക്ക് വേണ്ടില്ല സിനിമ

ഞാന്‍ ഒരു സിനിമ പോലും ആരാധകരെ മാത്രം മനസ്സില്‍ കണ്ട് ചെയ്യുന്നതല്ല. അത് എഴുത്തുകാരുടെയും സംവിധായകന്റെയും സ്വാതന്ത്രമാണ്. മീശപിരിയ്ക്കുന്നതും പോ മോനെ ദിനേശാ എന്ന് പറയുന്നതുമൊക്കെ ആരാധകര്‍ക്ക് വേണ്ടി ഉള്‍പ്പെടുത്താന്‍ ഞാന്‍ ആരോടും പറയാറില്ല. അത്തരം അന്ധമായ ആരാധനയൊക്കെ മലയാള സിനിമയില്‍ കഴിഞ്ഞുപോയി. തമിഴില്‍ വിജയ് യുടെ ഇന്‍ട്രോയില്‍ ഒരു ഡാന്‍സും പാട്ടും നിര്‍ബന്ധമാണ്. അതില്ലെങ്കില്‍ ആരാധകര്‍ക്ക് നിരാശയാണ്. മലയാളത്തില്‍ ആ അവസ്ഥയില്ല. ആരാധകര്‍ക്ക് വേണ്ടി സിനിമ ചെയ്യുന്നത് വിജയ്ക്കില്ല എന്നാണ് എന്റെ വിശ്വാസം. എല്ലാതരം പ്രേക്ഷകര്‍ക്കുമുള്ളതാണ് സിനിമ. നമ്മള്‍ എല്ലാം ആരാധകര്‍ക്ക് വേണ്ടി മാത്രം ചെയ്യുകയാണെങ്കില്‍, അവര്‍ നമ്മളെ അല്ല നമ്മള്‍ അവരെ ആരാധിയ്ക്കുന്നു എന്നാണ് അര്‍ത്ഥം

English summary
I am completely fine if I don't act says Mohanlal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam