'എനിക്കാരെയും പേടിയില്ല, ആര്‍ക്കും എന്നെ പേടിപ്പിക്കാനാവില്ല'
ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ എന്ന സിദ്ദിഖ് ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള തന്റെ തിരിച്ചുവരവിനെ റി എന്‍ട്രി എന്നാണ് ഹരിശ്രീ അശോകന്‍ വിശേഷിപ്പിച്ചത്. കുറേ ഇടവേളകള്‍ക്ക് ശേഷം ലഭിയ്ക്കുന്ന നല്ല വേഷം ആളുള്‍ ഓര്‍മിച്ച് വയ്ക്കും. അങ്ങനെ ഒരു റി എന്‍ട്രി കിട്ടിയ ചിത്രമാണ് ഇതേ കൂട്ടുകെട്ടില്‍ പിറന്ന ക്രോണിക് ബാച്ചിലര്‍. ഇപ്പോള്‍ അത് ഭാസ്‌കര്‍ ദ റാസ്‌ക്കലിലൂടെ വീണ്ടും സംഭവിയ്ക്കും എന്ന പ്രതീക്ഷയിലാണ് ഹരിശ്രീ.
ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഹരിശ്രീ അശോകന്‍ വീണ്ടും മലായാള സിനിമയില്‍ എത്തുന്നത്. വീടു പണി തീര്‍ക്കുന്നതിന്റെ തിരക്കിലായിരുന്നത്രെ നടന്‍. രണ്ട് വര്‍ഷത്തിനിടയില്‍ ഏഴോളം ചിത്രങ്ങള്‍ വേണ്ടെന്ന് വയ്‌ക്കേണ്ടി വന്നെങ്കിലും തന്റെ മനസ്സിന് ഇഷ്ടപ്പെടുന്ന ഒരു വീടു വച്ച സംതൃപ്തിയുണ്ട് മലയാളത്തിന്റെ ഹരിശ്രീയുടെ സംസാരത്തില്‍. കൊച്ചിയിലെ കക്കനാട് പണിതീര്‍ത്ത വീടിന്റെ പേര് പഞ്ചാബി ഹൗസ് എന്നാണത്രെ.

ഹരിശ്രീ അശോകന്‍ മാറി നിന്ന സമയത്ത് മലയാളത്തില്‍ ഒത്തിരി പുതിയ ഹാസ്യതാരങ്ങള്‍ എത്തി. അവരെ പേടിയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ താനെന്തിന് പേടിക്കണം എന്നായിരുന്നു നടന്റെ പ്രതികരണം. എനിക്കാരെയും പേടിയില്ല. എനിക്ക് ദൈവം തന്നിട്ടുള്ള കല ഉള്ളിടത്തോളം കാലം എന്നെ ആര്‍ക്കും പേടിപ്പിക്കാനാവില്ല. അഭിനയം മോശമാകുമ്പോഴാണ് നമ്മള്‍ ആളുകളെ പേടിക്കേണ്ടതെന്ന് ഹരിശ്രീ അശോകന്‍ പറയുന്നു.
തമാശയുള്ള വേഷങ്ങള്‍ക്കിടയിലും അനിയത്തിപ്രാവില്‍ എല്ലാ ഇമോഷന്‍സിനും പ്രധാന്യമുള്ള വേഷമായിരുന്നു എനിക്ക് കിട്ടിയത്. രഞ്ജിത്തിനെ പോലൊരു സംവിധായകന്‍ ബാവൂട്ടിയുടെ നാമത്തില്‍ എന്നെ ഒരു വില്ലനായിട്ടവതരിപ്പിച്ചത് എന്നിലുള്ള വിശ്വാസം മൂലമായിരുന്നു. ഇങ്ങനെ തമാശയുടെ പരിധികടന്ന് പ്രകടനം കാഴ്ചവയ്‌ക്കേണ്ട കഥാപാത്രങ്ങള്‍ എനിക്ക് സിനിയില്‍ അവതരിപ്പിക്കാനായി- ഹരിശ്രീ അശോകന്‍ പറഞ്ഞു.


Click it and Unblock the Notifications