»   » നിശ്ചയിച്ചുറപ്പിച്ച വിവാഹം വേണ്ടെന്ന് വയ്ക്കാനുള്ള യഥാര്‍ത്ഥ കാരണമെന്താണെന്ന് വൈക്കം വിജയലക്ഷ്മി

നിശ്ചയിച്ചുറപ്പിച്ച വിവാഹം വേണ്ടെന്ന് വയ്ക്കാനുള്ള യഥാര്‍ത്ഥ കാരണമെന്താണെന്ന് വൈക്കം വിജയലക്ഷ്മി

Posted By: Rohini
Subscribe to Filmibeat Malayalam

ജീവിതത്തില്‍ എല്ലാ തീരുമാനങ്ങളും ചടുലമായി എടുക്കാന്‍ കെല്‍പുള്ള ഗായികയാണ് വൈക്കം വിജയലക്ഷ്മി. അതുകൊണ്ട് തന്നെയാണ് പരിമിതികളെ മറികടന്നും അവര്‍ ഇന്നത്തെ നിലയില്‍ എത്തിയത്. അതുപോലൊരു ശക്തമായ തീരുമാനമായിരുന്നു നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നുള്ള പിന്മാറ്റം.

ഗായത്രി വീണയില്‍ ചരിത്രം രചിക്കാന്‍ വൈക്കം വിജയലക്ഷ്മി, ലക്ഷ്യം ഗിന്നസ് റെക്കോര്‍ഡ്!

വിവാഹത്തില്‍ നിന്ന് പിന്മാറിയ വിജയലക്ഷ്മി ഇപ്പോള്‍ പണ്ടത്തേതിലും ശക്തമായി സംഗീത രംഗത്ത് എത്തുകയാണ്. ഗായത്രി വീണയില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ 50 ഗാനങ്ങള്‍ മീട്ടി ഗിന്നസ് റെക്കോഡ് സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് വൈക്കം വിജയലക്ഷ്മി. അതിനിടയില്‍ തന്റെ വിവാഹം മുടങ്ങാനുണ്ടായ കാരണത്തെ കുറിച്ച് വിജയലക്ഷ്മി പറയുന്നു.

വാക്ക് മാറ്റി

വിവാഹത്തിന് മുന്‍പ് ഞങ്ങള്‍ ചില കാര്യങ്ങളില്‍ നിബന്ധനകള്‍ വച്ചിരുന്നു. അതിലൊന്ന് എനിക്കെന്റെ സംഗീത ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയണം എന്നായിരുന്നു. പൂര്‍ണ പിന്തുണയോടെ അദ്ദേഹവും കൂടെ ഉണ്ടാവും എന്ന് പറഞ്ഞു. എന്നാല്‍ വിവാഹ നിശ്ചയത്തിന് ശേഷം അദ്ദേഹം ആ വാക്ക് പാലിച്ചില്ല. ഞാന്‍ പാടാന്‍ പോകുന്നതിനോട് അദ്ദേഹത്തിന് എതിര്‍പ്പായിരുന്നു.

ടീച്ചറാകാന്‍ പറഞ്ഞു

സംഗീത കച്ചേരിയ്ക്കും മറ്റും പോകുന്നത് നിര്‍ത്താനും, സിനിമാ പിന്നണി ഗാനത്തിന് മാത്രം പോയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. എത്രകാലം ഈ സിനിമയും കച്ചേരിയുമൊക്കെ ഉണ്ടാകും. അത് കഴിഞ്ഞും ജീവിയ്ക്കണ്ടേ. ഒരു സംഗീത അധ്യാപികയായാല്‍ ശിഷ്ടകാലം പെന്‍ഷനെങ്കിലും പറ്റാം എന്ന് അദ്ദേഹം പറഞ്ഞു.

അച്ഛനും അമ്മയ്ക്കും കൊടുത്ത വാക്ക്

എന്റെ അച്ഛനോടും അമ്മയോടും അദ്ദേഹം പറഞ്ഞത്, ഒരു മകനെ പോലെ കൂടെയുണ്ടാവും എന്നാണ്. അതില്‍ എനിക്ക് അതിയായ സന്തോഷവും അഭിമാനവും തോന്നി. എന്റെ വീട്ടില്‍ നിന്ന് മാറി നില്‍ക്കാന്‍ എനിക്ക് കഴിയില്ല. കാഴ്ചയില്ലാത്തതും പഠനവുമൊക്കെയാണ് കാരണം. അത് അദ്ദേഹം സമ്മതിച്ചിരുന്നു. എന്നാല്‍ നിശ്ചയത്തിന് ശേഷം അദ്ദേഹത്തിന്റെ നാടായ തൃശ്ശൂരിലേക്ക് മാറണം എന്ന് പറഞ്ഞു. എനിക്കുള്ള അംഗവൈകല്യം അതിന് ഏറെ ബുദ്ധിമുട്ടാണ്.

സംഗീതമോ വിവാഹമോ?

ഞാന്‍ ശരിയ്ക്കും വിഷയത്തെ കുറിച്ച് ചിന്തിച്ചു നോക്കി. സംഗീതമാണ് എനിക്കെല്ലാം. എന്റെ ശ്വാസവും നിശ്വാസവുമെല്ലാം. ഇന്ന് ഞാന്‍ എന്താണോ അതിന് കാരണം സംഗീതമാണ്. സംഗീതമില്ലെങ്കില്‍ ഞാനില്ല. സംഗീതമാണോ വിവാഹമാണോ വലുത് എന്ന ചോദ്യം വന്നപ്പോള്‍ സംഗീതം എന്ന ഉത്തരം ഞാന്‍ തിരഞ്ഞെടുത്തു. അതില്‍ എനിക്കൊട്ടും നിരാശയില്ല. എന്റെ തീരുമാനത്തോട് എന്റെ രക്ഷിതാക്കള്‍ പൂര്‍ണ്ണമായും യോജിച്ചു.

ഞാനിപ്പോള്‍ ആശ്വാസവതിയാണ്

വ്യക്തമായ ഒരു തീരുമാനം എടുക്കുന്നത് വരെ ഞാനനുഭവിച്ച മാനസിക സമ്മര്‍ദ്ദം എത്രമാത്രമാണെന്ന് പറയാന്‍ കഴിയില്ല. ബുധനാഴ്ച അദ്ദേഹത്തിന്റെ കുടുംബത്തെ നേരിട്ട് കണ്ട് വിവാഹത്തില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചു. ഇപ്പോള്‍ എനിക്ക് നല്ല ആശ്വാസമുണ്ട്. സ്വാതന്ത്രം കിട്ടിയത് പോലെ... ജീവിതത്തില്‍ എനിക്കൊരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്.

വിവാഹത്തെ കുറിച്ചുള്ള കാഴ്ചപ്പാട്

രണ്ട് വ്യക്തികള്‍ തമ്മിലുള്ള കൂടിച്ചേരലാണ് വിവാഹം, അല്ലാതെ ഒരു അടിമയും ഉടമയും തമ്മിലുള്ള കൂടിച്ചേരലല്ല. രണ്ട് പേര്‍ക്കും അവരുടേതായ സ്വപ്‌നങ്ങളുണ്ട്. വിവാഹ ശേഷം പെണ്ണ് അവളുടെ സ്വപ്‌നങ്ങള്‍ ഉപേക്ഷിക്കണം എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. അവളുടെ സ്വപ്‌നങ്ങളെയും നേട്ടങ്ങളെയും പിന്തുണയ്ക്കുന്നയാളായിരിക്കണം കൂടെയുള്ളത്. അത് എന്റെ ബന്ധത്തില്‍ എനിക്ക് കിട്ടില്ലെന്ന് തോന്നി. ഇത്തരം കാര്യങ്ങളില്‍ വെറുതേ സമയവും ഊര്‍ജ്ജവും കളയാന്‍ വയ്യാത്തത് കൊണ്ടാണ് പിന്മാറിയത്.

കാഴ്ചയുടെ ചികിത്സ നടക്കുന്നു

കണ്ണിന്റെ ചികിത്സ നടന്നുകൊണ്ടിരിയ്ക്കുകയാണ്. നൂറ് ഘട്ടങ്ങള്‍ ഓരോന്ന് ഓരോന്നായി പിന്നിടേണ്ടതുണ്ട്. ഇപ്പോള്‍ പതിനൊന്ന് ഘട്ടത്തിന്റെ ചികിത്സ കഴിഞ്ഞു. എനിക്കിപ്പോള്‍ ചില നിഴലുകളൊക്കെ കാണാന്‍ കഴിയുന്നുണ്ട്. നല്ല വെളിച്ചമടിയ്ക്കുന്നുണ്ട്. ചികിത്സ പൂര്‍ണമാകുമ്പോള്‍ ഇതില്‍ മാറ്റമുണ്ടാകുമെന്ന് വിശ്വസിയ്ക്കുന്നു- വിജയലക്ഷ്മി പറഞ്ഞു.

English summary
I have no regrets for choosing music over marriage: Vaikom Vijayalakshmi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam