സമാധാനമായി ജീവിക്കാനുള്ള അവകാശം എനിക്കുണ്ട്: ലിസി
പ്രിയദര്‍ശനൊപ്പമുള്ള 24 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കാന്‍ ഇടയായ കാരണം പുറത്തു പറയാനുള്ള ഒരു സാഹചര്യം ഉണ്ടാകരുതേ എന്നാണ് ലിസിയുടെ ഇപ്പോഴത്തെ പ്രാര്‍ത്ഥന. ദാമ്പത്യത്തില്‍ സംഭവിയ്ക്കുന്നതെന്തും സ്വകാര്യമായിരിക്കണം എന്നാഗ്രഹിയ്ക്കുന്ന ആളാണ് താനെന്നും അതെന്നും അങ്ങനെ ആകാന്‍ ശ്രമിയ്ക്കുമെന്നും ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ലിസി പറഞ്ഞു.
എന്നാലും ഒരു കാര്യം ഞാന്‍ നിശ്ചയമായും പറയും. ഇനിയുള്ള ജീവിതം മനസ്സമാധാനത്തോടെയും അന്തസ്സോടെയും ആത്മാഭിമാനത്തോടെയും സര്‍വോപരി ജീവന് ഭയമില്ലാത്ത രീതിയിലും ജീവിച്ചു തീര്‍ക്കാന്‍ ഞാനാഗ്രഹിക്കുന്നു- ലിസി പറഞ്ഞു.

16 വയസ്സു മുതല്‍ അധ്വാനിച്ചു തുടങ്ങിയതാണ്. ആറു വര്‍ഷം കൊണ്ടു നാലു ഭാഷകളിലായി 93 സിനിമകളില്‍ അഭിനയിച്ചു, ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ വിവാഹിതയായി. രണ്ടു കുട്ടികളെ വളര്‍ത്തി വലുതാക്കി. ഒന്നില്‍ നിന്നു തുടങ്ങി എത്രയോ ബിസിനസ്സുകള്‍ കെട്ടിപ്പടുത്തു. കഴിഞ്ഞ 15 വര്‍ഷമായി അവയെല്ലാം നോക്കി നടത്തി. തുടര്‍ന്നങ്ങോട്ടുള്ള ജീവിതം സമാധാനമായി ജീവിക്കാനുള്ള അവകാശം എനിക്കുണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നു- ലിസി ആത്മ വിശ്വാസത്തോടെ പറയുന്നു
'ജീവിതത്തില്‍ ഒത്തിരി വളവും തിരിവും ഉയര്‍ച്ചയും താഴ്ചയുമൊക്കെ ഉണ്ടാകുമല്ലോ. നമ്മുടെ വ്യക്തിത്വം നഷ്ടമാകാതെ നോക്കുകയാണ് ഇതിനിടയിലും നമുക്ക് ചെയ്യാനുള്ളത്. നമ്മുടെ വീടിന്റെ വലുപ്പമോ ഇട്ടിരിക്കുന്ന ആഭരണങ്ങളുടെ തൂക്കമോ അല്ല കാര്യം. നമുക്ക് ഭയമില്ലാതെ ജീവിക്കാനാവുന്നുണ്ടോ, എന്നും രാത്രി പേടിയില്ലാതെ ഉറങ്ങാന്‍ സാധിക്കുന്നുണ്ടോ എന്നതൊക്കെയാണ്. ഇന്ന് എനിക്ക് പേടിയില്ലാതെ ജീവിക്കാന്‍ പറ്റുന്നുണ്ട്. അതു കൊണ്ടു തന്നെ ഞാന്‍ സന്തോഷവതിയാണ്. അതിലേറെ മനഃസമാധാനത്തിലും'


Click it and Unblock the Notifications