ഞാനൊരു കൂലിപ്പണിക്കാരനാണെന്ന് അജിത്ത്
ഇതൊരു പബ്ലിസിറ്റിയുടെ കാലാമാണ്. പീഡിപ്പിച്ചെന്നും, തല്ലിയെന്നും കൊന്നെന്നും അറസ്റ്റ് ചെയ്‌തെന്നും എന്തിന് നടീ-നടന്മാര്‍ തമ്മില്‍ വിവാഹിതരായെന്ന് പറഞ്ഞ് വരെ പബ്ലിസിറ്റി പിടിച്ച താരങ്ങള്‍ എല്ലാ ഇന്റസ്ട്രിയിലുമുണ്ട്. പക്ഷെ ഇക്കൂട്ടരില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനാണ് തമിഴകത്തിന്റെ തല.
അവാര്‍ഡ് നിശയിലോ, അഭിമുഖങ്ങളിലോ ഒന്നും അജിത്തിനെ അധികം കാണാറില്ല. എന്നിട്ടും അദ്ദേഹത്തിന്റെ ആരാധകര്‍ക്കോ പബ്ലിസിറ്റിയ്‌ക്കോ ഒരു കുറവുമില്ലതാനും. അടുത്തിടെ ഒരു പത്രമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍, പരസ്യങ്ങളിലോ മീഡിയ ഇന്റര്‍വ്യുകളിലോ പങ്കെടുക്കില്ലെന്ന് നിര്‍ബന്ധം പിടിക്കുന്നതെന്തിനാണെന്ന് ചോദിച്ചപ്പോള്‍ അജിത്തിന്റെ മറുപടി വ്യക്തമായിരുന്നു.

പ്രേക്ഷകരെ സ്വാധീനിക്കാനില്ലെന്നാണ് അജിത്ത് പറഞ്ഞത്. ഞാനൊരു കൂലിപ്പണിക്കാരനാണ്. നിര്‍മാതാവില്‍ നിന്ന് ശബളം വാങ്ങി അഭിനയിക്കുന്ന നടന്‍. അതുകൊണ്ട് തന്നെ എന്റെ അഭിപ്രായങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. എനിക്കിഷ്ടപ്പെടുന്നത് ജനങ്ങള്‍ക്കിഷ്ടപ്പെടണമെന്നില്ല. അതുപോലെ അവര്‍ക്കിഷ്ടപ്പെടുന്നത് എനിക്ക് ഇഷ്ടമാകാതെയും പോകാം. അതുകൊണ്ട് തന്റെ വാക്കിന് വിലയില്ലാതെ പോകുമോ എന്ന ഭയം തനിക്കുണ്ടെന്ന് അജിത്ത് പറഞ്ഞു.
പണം നഷ്ടപ്പെട്ടാല്‍ അത് വീണ്ടും സമ്പാദിക്കാം. വിജയങ്ങള്‍ വരാം, വരാതിരിക്കാം. പക്ഷെ വാക്ക് നഷ്ടപ്പെട്ടാല്‍...ഓരോ തവണയും സിനിമ കാണുമ്പോള്‍ ഞാന്‍ പറഞ്ഞത് വിശ്വസിച്ച് നിരാശരാകേണ്ടിവന്നാല്‍, പിന്നെന്ത് മര്യാദയവും വിലയുമാണുണ്ടാകുകയെന്നാണ് അജിത്ത് ചോദിക്കുന്നത്. പ്രേക്ഷകര്‍ വന്ന് സിനിമ കാണട്ടെ. നന്നായിട്ടുണ്ടെങ്കില്‍ അവര്‍ പ്രശംസിക്കണമെന്ന് ആഗ്രഹിക്കുന്നു. അതുകൊണ്ട് പ്രേക്ഷകരെ സ്വാധീനിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് അജിത്തിന്റെ ലൈന്‍.


Click it and Unblock the Notifications











